ഒരു ചന്ദ്രബിംബത്തെ
മേല്‍ക്കൂരയില്‍
നിലാവു പിടിക്കാന്‍
ഇട്ടിട്ട് ഉറങ്ങാന്‍ പോയതാ.
ഇടയ്ക്കെപ്പൊഴോ
കാക്ക കരയുന്നത് കേട്ട്
ചെന്ന് നോക്കുമ്പോള്‍
നിലാവില്ല, ബിംബവും.
ഒരു കാക്ക മാത്രം നില്ക്കുന്നു!
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.
കാക്കയെ നോക്കാന്‍
ഒരു സൂര്യബിംബത്തെ
മലയിടുക്കില്‍ ചാരിവച്ചിട്ട്
മേലുകഴുകാന്‍ പോയതാ.
കാക്ക കരയുന്നത് കേട്ട്
ചെന്ന് നോക്കുമ്പോഴുണ്ട്
പത്തുമണിക്കുള്ള ചായ
കുടിക്കാനെന്നും പറഞ്ഞത്
മേഘക്കടയില് ചെന്നിരിക്കുന്നു.
കാക്ക അതേ നില്‍പ്പാണ്!!
നാളത്തേക്ക് കുളിക്കാന്‍
പുതിയൊരു പുഴവെട്ടാന്
തോട്ടിലിറങ്ങി രണ്ടുകോരി
മണ്ണ് മാറ്റി നിവരുമ്പോഴുണ്ട്
കാക്ക, മേയാന്‍ പുല്ലില്ലാതെ
മാനം നോക്കി നില്ക്കുന്ന
പയ്യിന്റെ മേലിരുന്നെന്നെ
കടക്കണ്ണെറിയുന്നു!
പുഴ പഴയൊരു ബിംബമല്ലേ,
പച്ചപ്പുല്ലു മേയുന്ന പയ്യെ പോലെ.
ഉച്ചയ്ക്കുണ്ട പിഞ്ഞാണത്തിലെ
അധികം വന്ന വറ്റ് വടക്കേപ്പുറത്ത്
വലിച്ചെറിഞ്ഞപ്പോഴാണ്
എവിടെനിന്നോ പാഞ്ഞെത്തി
ഉച്ചയുറക്കം ശീലമുണ്ടല്ലേ
ഉറങ്ങിക്കോ ഉറങ്ങിക്കോ
എന്നവിടവിടെ കൊത്തി
മുറിച്ചിട്ട് പോയത്.
നേരമിരുട്ടുമ്പോഴും കാക്ക
ഇവിടെയൊക്കെത്തന്നെയുണ്ട്.
ജീവനുള്ള കാക്കയെ
സഹനത്തിന്റെയോ
സമരത്തിന്റെയോ ബിംബമായി
നമ്മള് അംഗീകരിച്ചിട്ടില്ലല്ലോ.
ചത്ത കാക്കയെ കാട്ടി
ഭയത്തിന്റെ ബിംബമാക്കി
ജീവനുള്ളതിനെ പേടിപ്പിക്കുന്ന
കണ്കട്ട് വിദ്യയല്ലേ നമുക്കറിയൂ.
കണ്ണടച്ച് ഇരുട്ടാക്കുമ്പോഴും
ഇരുട്ടത്തും, കാണുന്നില്ലെങ്കിലും
കാക്ക ഇവിടെയൊക്കെ തന്നെയുണ്ട്.
കാക്കക്കൂട്ടില്‍ മുട്ടയിട്ട്, വിരിഞ്ഞ്,
വളര്‍ന്നു കഴിയുമ്പോള്‍
അയ്യേ കാക്കക്കൂടെന്നു പുച്ഛിക്കാന്‍
ഇന്നൊരു ചില്ലപോലുമില്ലാത്ത കാക്ക.
ചന്ദ്രനും നിലാവും സൂര്യനും
പുഴയും പയ്യും പാലുമെല്ലാം
ബിംബങ്ങളെന്ന് സമ്മതിക്കുമ്പോഴും
സ്വന്തമായി കൂടില്ലാത്തതിനാല്‍
അന്യന്റെ കൂട്ടില്‍ അഭയം തേടാതെ
എന്നും ഒരേ ശബ്ദത്തില്‍ നിലവിളിക്കുന്ന
ജീവനുള്ള പക്ഷിയുടെ ബിംബമായി
അംഗീകരിച്ചിട്ടില്ലാത്തതിനാല്‍
കാക്കയിപ്പൊഴും നില്‍പ്പാണ്.
ഓരോ കാക്കയുടെയും
ജന്മാവകാശമാണ് ഒരു ചില്ല.
ചില്ലയ്ക്ക് മേലൊരു കൂട്.
പക്ഷെ കാക്കയുടെ കാര്യം
വരുമ്പോള്‍, ജന്മാവകാശവും
എന്തിനു ചില്ല പോലും
ഒരു ബിംബമല്ലാതാകുന്നു.
കാക്ക ഇപ്പോഴും നില്‍പ്പാണ്.
സകല ബിംബങ്ങളെയും
തച്ചുടയ്ക്കാന്‍ പോന്ന
സഹനവീര്യവുമായി.
ആരും സമ്മതിച്ചില്ലെങ്കിലും
കാക്ക ഒരു ബിംബമാണ്.
കാക്ക ഒരു ബിംബമാണെന്നു
നമ്മള് സമ്മതിക്കണം.
ചുരുങ്ങിയത് നടുറോഡില്‍
മരിച്ചു കിടക്കാത്ത
ഏതോ ഒരു പക്ഷിയുടെ
ബിംബമാണെന്നെങ്കിലും.
കാക്കയേയും ചില്ലയെയും
നമ്മള് ബിംബമായി
അംഗീകരിക്കണം.
അല്ലെങ്കില്‍ കാക്കകള്‍
ബലിക്കാക്കകള്‍ ആകുന്ന
പരിണാമ ചരിത്രത്തില്‍
ഇരകളുടെ ബിംബത്തിന്
നമ്മുടെ ഛായയായിരിക്കും!!
Nilpu samaratthinu abhivaadyangal (y)
ReplyDeleteചേറ് കൊത്തിത്തിന്നുന്നതുകൊണ്ടാകാം, ചേറു പുരണ്ടമനുഷ്യരെ പോലെ തന്നെ നമ്മുടെ സാവര്‍ണ്യ ബിംബകല്പനകളില് ഒരിക്കലും കാകന് വരാത്തത്.
ReplyDeleteകവിത നന്നായി മനോജ്...
ReplyDeletevery nice & series ..sr
ReplyDeleteകുയിലിനെ പോലെ നമ്മള് കാക്കയെ ബിംബമായി അംഗീകരിക്കണം.
ReplyDeleteകാക്ക ബിംബമാണ്. സര്‍വസമ്മതമായ സത്യം
ReplyDeleteനല്ല ചിന്ത.............. ആശംസകൾ
ReplyDeleteകാക്കക്കു ബിംബമാവേണ്ട ...
ReplyDeleteകാക്കയെ കാക്കയാവാൻ അനുവദിച്ചാൽ മതി ...
കാവ്യഭാവനക്ക് കാക്കച്ചന്തം.....
സ്വന്തമായി കൂടില്ലാത്തതിനാല്‍
ReplyDeleteഅന്യന്റെ കൂട്ടില്‍ അഭയം തേടാതെ
എന്നും ഒരേ ശബ്ദത്തില്‍ നിലവിളിക്കുന്ന
ജീവനുള്ള പക്ഷിയുടെ ബിംബമായി
അംഗീകരിച്ചിട്ടില്ലാത്തതിനാല്‍
കാക്കയിപ്പൊഴും നില്‍പ്പാണ്.
ഓരോ കാക്കയുടെയും
ജന്മാവകാശമാണ് ഒരു ചില്ല.
ചില്ലയ്ക്ക് മേലൊരു കൂട്.
പക്ഷെ കാക്കയുടെ കാര്യം
വരുമ്പോള്‍, ജന്മാവകാശവും
എന്തിനു ചില്ല പോലും
ഒരു ബിംബമല്ലാതാകുന്നു.
കാക്ക ഇപ്പോഴും നില്‍പ്പാണ്.
സകല ബിംബങ്ങളെയും
തച്ചുടയ്ക്കാന്‍ പോന്ന
സഹനവീര്യവുമായി.
ആരും സമ്മതിച്ചില്ലെങ്കിലും
കാക്ക ഒരു ബിംബമാണ്.
------------കാക്കയെ ഒരു ശക്തമായ ബിംബമായി ഞാന്‍ അംഗീകരിക്കുന്നു.സ്വന്തമായ ഒരിടത്തിനു വേണ്ടിയുള്ള,ജൈവപരമ്പരയിലെ തിരസ്ക്കരിക്കപ്പെട്ട കറുത്ത പക്ഷികളുടെ സമര ബിംബമായി കാക്കയുടെ നില്പ്പിനെ (നില്‍പ്പ് സമരത്തെ) ഞാന്‍ വായിക്കുന്നു.നമ്മുളുടെ സുഖ കാഴ്ചകളെ ആലോസരപ്പെടുത്തിക്കൊണ്ട് ഗതികിട്ടാത്ത ആത്മാക്കളെപ്പോലെ കാക്കകള്‍ മുന്പിലൊണ്ടെപ്പോഴും.നമുക്കിപ്പോള്‍ കല്ലെറിയുന്നവന്റെ മുഖച്ഛായ.
കാക്കയെ ഒരു ബിംബമായി മലയാളി എന്നേ അംഗീകരിച്ചിട്ടുള്ളതാണ്. സ്വന്തം പിതൃക്കളെ വരെ ചില അവസങ്ങളില്‍ നമ്മള് അവയില്‍ ദര്‍ശിക്കുന്നു....കവി പറയാനുദ്ദേശിച്ചത് അനുയോജ്യമല്ലാത്ത ഒരു തലക്കെട്ടു കാരണം എവിടെയോ വീണുപോയെന്നാണ് എന്റെ അഭിപ്രായം...
ReplyDeleteസുഹൃത്തേ......
ReplyDeleteഅതിമനോഹരം എന്ന് തന്നെ പറയട്ടെ....ഈ വേറിട്ട ചിന്തകള്‍ക്കും വരികള്‍ക്കും......
സത്യം പറഞ്ഞാല്‍ ഈ കവിത ഇന്നത്തെ കാലഘട്ടത്തില്‍ നിലനില്‍ക്കുന്ന അനേകം ഓണ്‍ലൈന്‍ കവികള്‍ക്കുള്ള ഒരു പ്രഹസനം കൂടിയാണ്.....കാരണം ഒരിക്കല്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു....
കടല്‍, മരണം, പ്രണയം, ഭ്രാന്ത്, പ്രവാസം, വിരഹം, അമ്മ എന്നിങ്ങനെ ചുരുക്കം ചില വിഷയങ്ങളില്‍ മാത്രം തട്ടിക്കളിക്കുന്ന മലയാള ഭാഷയെ രക്ഷിക്കണമെങ്കില്‍ നമ്മുടെ ചിന്താസരണികള്‍ അപ്പാടെ മാറ്റേണ്ടതുണ്ട്........
കാക്കയെ മാത്രമല്ല അതുപോലെ തന്നെ നാം വില കല്പ്പിക്കാത്തതും തൊട്ട് തോണ്ടാത്തതുമായ ഒട്ടനവധി നല്ല കാര്യങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്..........
താങ്കളുടെ ഭാവനകള്‍ ഈ സസ്നേഹത്തിനു പുതിയൊരു ഭാവനയുടെ മാര്‍ഗ്ഗം കൂടി തുറന്നു തരും എന്ന് വിശ്വസിക്കുന്നു...........
സസ്നേഹം - ഹരി
വളരെ നന്നായിരിക്കുന്നു.ഒന്ന് ചോദിച്ചോട്ടെ ജയദേവന് നായനാരെ വായിക്കാറുണ്ടോ?ഇമാജറികളില് ഒരു ജയദേവന് ടച്ച്.
ReplyDeleteIt's a wonderfully written poem... good. Nammal udheshichathinum apurathek kavi entho udheshichitundennu thonunu, onu vekthamakamo?
ReplyDeleteകാക്ക ഒരു ബിംബമാണെന്ന് സമ്മതിക്കണം.ഒരു കാക്കയിൽ അനേകം കാഴ്ചകൾ.കവിത ഇതുപോലെ നല്ലോരു ഏറുകല്ലാവണം
ReplyDeleteഹായ് മനോജ്,
ReplyDeleteവളരെ ഹൃദ്യമായ ചിന്തോദ്ദീപകമായ അവതരണം. കണ്ടെത്തിയ ആശയത്തോട് അസൂയ തോന്നിപ്പോകുന്നു. ഒരുപാട് പരത്തിപ്പറഞ്ഞുവെങ്കിലും ആസ്വാദ്യത എവിടെയും നഷ്ടമാകുന്നില്ല!
നിലാവില്ലാ എന്നതാണ് ശരിയെന്നു തോന്നുന്നു. നിലവില്ല എന്നത് അർത്ഥം മാറുന്നപോലെ..
ചാരിവച്ചിട്ട്, ഇവിടൊക്കെത്തന്നെ.. ഇതൊക്കെ ഒറ്റവാക്കായി എഴുതുമ്പോൾ വായനാസുഖം കൂടും. അല്ലേ?
സ്നേഹപൂർവ്വം..
ഭാവന അതീവ ഗംഭീരം
ReplyDeleteഗദ്യ കവിത പൊതുവെ (ഇന്നത്തെ ബുദ്ധി രാക്ഷസർ എഴുതുന്നത് . അവര്കു മാത്രമേ അത് മനസ്സിലാവൂ )എനിക്ക് ഇഷ്ടമല്ല .
പക്ഷെ ഇത് അല്പം ഭേദമുണ്ട് .എഴുത്തിനെ പറ്റി ഞാൻ ഒന്നും പറയുന്നില്ല .
പക്ഷെ ഭാവനോതമാകമായ ചിന്തകള്‍ വ്യർതമായില്ല
എല്ലാവിധ ആശംസകളും
അയ്യേ കാക്കക്കൂടെന്നു പുച്ഛിക്കാന്‍
ReplyDeleteഇന്നൊരു ചില്ലപോലുമില്ലാത്ത കാക്ക
പക്ഷെ കാക്കയുടെ കാര്യം
വരുമ്പോള്‍, ജന്മാവകാശവും
എന്തിനു ചില്ല പോലും
ഒരു ബിംബമല്ലാതാകുന്നു
കാക്കകള്‍
ബലിക്കാക്കകള്‍ ആകുന്ന
പരിണാമ ചരിത്രത്തില്‍
ഇരകളുടെ ബിംബത്തിന്
നമ്മുടെ ച്ഛായയായിരിക്കും
നല്ല ഭാവന. എനിക്ക് ഇഷ്ടായി. നില്ക്കുന്ന കാക്കകൾക്ക് എന്നെങ്കിലും നീതി ലഭിക്കട്ടെ. അവരുടെ അവശാകങ്ങൾ നേടിയെടുക്കട്ടെ. ആശംസകൾ സുഹൃത്തേ
ശ്രീ മനോജ് കുമാറിന്റെ രചന വളരെ ഗംഭീരം. എല്ലാ ജീവ ജാലങ്ങളുടെയും അവകാശമാണ് നില നില്പ്. അതിനു അവനൊരു കൂര വേണം. കൂര വയ്ക്കാൻ മണ്ണ് വേണം. ഇതൊക്കെ നിഷേധിക്കപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ട കുറെ ആത്മാക്കളുടെ നിശ്ശബ്ദ രോദനമാണ്/പ്രതിഷേധമാണ് ഭരണ സിരാകേന്ദ്രത്തിൽ കുറെ നാളായി നാം കേൾക്കുന്നത്/കാണുന്നത്. ചില്ലു മേടകളിൽ ആലക്തിക സുഖ ശീതളിമയിൽ അമർന്നിരുന്നു ഭരണ ചക്രം തിരിക്കുന്നവർ അറിയുന്നില്ല ഇവരാണ് ഈ ഭൂമിയുടെ അവകാശികൾ എന്ന്. ഇവിടെ നാമൊക്കെ അധിനിവേശം നടത്തിയവർ. യഥാർത്ഥ അവകാശികൾ പിന്നാമ്പുറത്തു കൈക്കുമ്പിളുമായി കാത്തു നില്ക്കുന്നു - ഒരിറ്റു ദയയ്ക്കു വേണ്ടി!! അവരുടെ അതിജീവനത്തിനായുള്ള രോദനം കേട്ടില്ലാ എന്ന് നടിക്കുന്ന നാമും ഇവരോടൊപ്പം കുറ്റക്കാരാണ്.
ReplyDeleteകാക്കയേയും ചില്ലയെയും
നമ്മള് ബിംബമായി അംഗീകരിക്കണം.
അല്ലെങ്കില്‍ കാക്കകള്‍
ബലിക്കാക്കകള്‍ ആകുന്ന
പരിണാമ ചരിത്രത്തില്‍
ഇരകളുടെ ബിംബത്തിന്
നമ്മുടെ ഛായയായിരിക്കും!!
എന്റെ കാലുകൾ ഞാൻ ഈ ഹതഭാഗ്യർക്ക് വേണ്ടി സമർപ്പിക്കുന്നു.
ച്ഛായയായിരിക്കും - ഛായ എന്ന് മാറ്റണം. മുഖം+ഛായ = മുഖച്ഛായ എന്ന് ഇരട്ടിപ്പ് വരുമ്പോൾ മാത്രം അങ്ങനെ എഴുതിയാൽ മതി.
തിരുത്തുകള്‍ വരുത്തിയിട്ടുണ്ട് ശ്രീ വിജു നമ്പ്യാര്‍, ശ്രീ ജൊസഫ് വി.ബോബി..
ReplyDeleteനന്ദി എല്ലാര്ക്കും.. സ്നേഹം..
നന്നായിരിക്കുന്നു..... ഈ കവിത.
ReplyDeleteഇരുട്ടിലുടെ ഒഴുകിവരുന്ന ദീപകാഴ്ച!
ReplyDeleteആശംസകള്‍
കാക ബിംബം...!
ReplyDeleteമാഷേ പറയാതിരിക്കാൻ കഴിയുന്നില്ല... കുറെ കാലങ്ങളായി കണ്ടുമടുത്ത പ്രണയം വിരഹം മാതൃസ്നേഹം ഇവയിൽ നിന്നുമുള്ള ഈ വേറിട്ട ചിന്താഗതി...
ReplyDeleteകാക്കകൾ പണ്ട് ബിംബങ്ങള ആയിരുന്നു എന്നാണു ഈ എളിയവന്റെ തോന്നൽ... പിന്നീടവയെ മാറ്റി നിർത്തപ്പെടുകയോ അല്ലെങ്കിൽ പുതിയ സാഹചര്യങ്ങളോട് സമരസ പെടാതെ മാറി പോകുകയോ ആണ് ചെയ്തിട്ടുള്ളത് എന്ന് തോന്നുന്നു...
എന്ത് തന്നെ ആയിരുന്നാലും കൂടുകെട്ടുവാൻ ഒരു ചില്ലയെങ്കിലും അവയ്ക്കായ് നൽകേണ്ടതാനെന്നതിൽ Njanum യോജിക്കുന്നു... കാക്കയെ ബിംബമായി അന്ഗീകരിക്കണം.... കാക്കയുടെ ആ 'നില്പ്' സമൂഹ മനസാക്ഷിയെ ഉണർത്തുന്നതിനും ഐക്യദാർഡ്യം പ്രകടമാക്കുന്നതിലേക്കും നയിക്കട്ടെ....
നിലനില്‍പ്പിനായുള്ള എല്ലാ സമരങ്ങള്‍ക്കും എന്റെയും ഐക്യദാർഡ്യം പ്രക്യാപിക്കുന്നു...
കറുപ്പിന്റെ ദുഃഖ സാദ്ധ്യതകൾ നിലനില്‍പ്പിനു വേണ്ടിയുള്ള നിൽപ്പിൽ ബലിക്കു പുറത്തുകാക്കയുടെ സാധാരണ ജീവിത ബാധ്യതകൾ ഗംഭീരം അവതരണം ഡോക്ടർ
ReplyDelete