Thursday, 18 September 2014

ചുംബനശാസ്ത്രം (കുറിപ്പുകള്‍)
(ഈ കുറിപ്പ് എഴുതിയത് ജൂലൈ 6,2014- ലോകചുംബനദിനം)            

ഒരിക്കലെങ്കിലും ആരെയെങ്കിലും ഉമ്മ വച്ചിട്ടില്ലാത്തവര്‍ ഉണ്ടോ..? ഒരുമ്മ ആഗ്രഹിക്കാത്തവര്‍..? കൊടുക്കണം എന്നാഗ്രഹിക്കാത്തവര്‍..? ഉണ്ടാകില്ല അല്ലെ..

ചുംബനം എന്നാല്‍ വെറും ചുണ്ടുകള്‍ കൊണ്ടുള്ള സ്പര്‍ശനം മാത്രം അല്ല. ഒരാളുടെ നിറം, ശബ്ദം, ഗന്ധം, സ്പര്‍ശം എല്ലാം ഒരുമിച്ചു 'രുചി'ച്ചറിയാനാകുന്ന സര്‍വേന്ദ്രിയങ്ങളുടെയും പരമമായ പ്രവര്‍ത്തനക്ഷമതയുടെ അടയാളപ്പെടുത്തല്‍ ആണ്. പ്രണയത്തിന്‍റെ ഭാഷയാണ്. ആത്മാവിന്‍റെ അക്ഷരങ്ങളില്ലാത്ത ലിപിയാണ്.

ചുംബനങ്ങള്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ ഉണ്ടെന്നതിനു ധാരണകള്‍ ഒന്നുമില്ല. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പക്ഷികളും ചുംബിക്കാറുണ്ടത്രേ..!! എന്നാല്‍ ചുംബനത്തെ പറ്റി കേട്ടിട്ടുകൂടിയില്ലാത്ത ജനതയും ഉണ്ട്. ആഫ്രിക്കയിലെ തോംഗി ഗോത്രവര്‍ഗ്ഗത്തിലും ചില ആമസോണ്‍ ഗോത്രക്കാരിലും ചുംബനമേയില്ലാ!! അതുപോലെ ഓരോ സംസ്കാരത്തിലെയും, ദേശത്തിലെയും ചുംബനരീതികള്‍ തമ്മിലും കാര്യമായ വ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്. നാക്കും നാക്കും തമ്മിലുള്ളത് ഫ്രഞ്ച് കിസ്സും, മൂക്കും മൂക്കും തമ്മിലുള്ളത് കിവി കിസ്സുമൊക്കെ ആകുന്നത് ആ വ്യത്യാസം ഉള്ളതുകൊണ്ടാണ്. നമ്മുടെ കാമസൂത്രത്തിലും പഴയനിയമത്തിലെ ഉത്തമഗീതത്തിലുമെല്ലാം വിവിധതരം ചുംബനരീതികളെ പറ്റി വിശദമായി പറയുന്നുണ്ട്. ചുംബനത്തിന്‍റെ രസതന്ത്രം, ജീവശാസ്ത്രം , മനശാസ്ത്രം തുടങ്ങിയ പഠനങ്ങളെല്ലാം കാലങ്ങളായി പ്രണയചുംബനങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയിട്ടുണ്ടെന്നും തോന്നുന്നു. സ്നേഹചുംബനം, സൗഹൃദചുംബനം , വാത്സല്യചുംബനം , അന്ത്യചുംബനം തുടങ്ങി എന്തുമാത്രം ചുംബനങ്ങള്‍ നിലവിലുണ്ട്! ജീവന്‍ രക്ഷിക്കാനായി കൃത്രിമ ശ്വാസം കൊടുക്കുന്നത് പോലും ചുംബനത്തില്‍ പെടുമത്രേ.!! 'ജീവന്‍റെ ചുംബനം' (KISS OF LIFE) ".

ഇങ്ങനെ നിരവധിയായ ചുംബനങ്ങളെ പറ്റി പഠിക്കുന്ന (പഠിക്കാന്‍ എന്ത് രസായിരിക്കും അല്ലേ?) ശാസ്ത്രശാഖയാണ്‌ "ചുംബനശാസ്ത്രം അഥവാ ഫിലമറ്റോളജി (PHILEMATOLOGY)". അത്രയ്ക്ക് പഠിയ്ക്കാന്‍ മാത്രം ഇതിലെന്താണെന്നു തോന്നിയെങ്കില്‍ തെറ്റി. ചുംബനം അത്ര നിസാരമായ ഒരു പ്രവൃത്തിയല്ല. തലച്ചോറില്‍ നിന്നും പുറപ്പെടുന്ന അഞ്ചുജോഡി ക്രേനിയല്‍ നാഡികളും മുപ്പതോളം പേശികളും നിരവധിയായ ഗ്രന്ഥികളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാണ് ചുംബനം സാധ്യമാക്കുന്നത്. ചുംബനവേളയില്‍ ഡോപ്പമിന്‍ എന്ന നാഡീരസത്തിന്‍റെ അളവ് തലച്ചോറില്‍ കൂടുകയും അതുവഴി സവിശേഷമായ അനുഭൂതികള്‍ നമുക്കുണ്ടാകുകയും ചെയ്യും. ഉമ്മ തരുന്ന ആളോട് നമുക്കുണ്ടാകുന്ന അടുപ്പം ഈ ഡോപ്പമിന്‍ ഹോര്‍മോണിന്‍റെ കളിയാണ്. ഒപ്പം കോര്‍ട്ടിസോള്‍ എന്ന 'സ്‌ട്രെസ് ഹോര്‍മോണി'ന്‍റെ അളവ് ചുംബിക്കുമ്പോള്‍ കുറയുന്നതായും ഫിലമറ്റോളജിസ്റ്റുകള്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഉമ്മകള്‍ക്ക് ടെന്‍ഷന്‍ കുറയ്ക്കാനും കഴിവുണ്ടെന്ന് അവര്‍ വാദിക്കുന്നു.

ചുംബനം എന്ന് കേള്‍ക്കുമ്പോള്‍ ചുണ്ടുകള്‍ കൊണ്ടുള്ളത് അല്ലെ നമ്മുടെ മനസ്സില്‍ ആദ്യം വരിക. അത് മാത്രമല്ലല്ലോ ചുംബനങ്ങള്‍. കാമസൂത്രത്തില്‍ വിരലുകള്‍ തമ്മില്‍ ഉരുമ്മുന്നത് പോലും ചുംബനമായി കണക്കാക്കണം എന്നാണ് പറയുന്നത്. പ്രണയിക്കുന്നവര്‍ നോട്ടം കൊണ്ടുപോലും ചുംബിക്കും. ഇന്നത്തെ കാലത്ത് ഏറ്റവും അധികം ഉമ്മകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടാവുക മൊബൈലിന്‍റെ ഹെഡ്സെറ്റുകള്‍ക്ക് ആയിരിക്കും.

എവിടെയോ വായിച്ചറിഞ്ഞതും ഓര്‍മ്മയില്‍ പെട്ടന്ന് വന്നതുമായ രണ്ടു വെറൈറ്റി ഉമ്മകള്‍ ഇതാ.

1. എസ്കിമോ ചുംബനം- കണ്ണുകള്‍ അടച്ചു പരസ്പരം "മൂക്കുകള്‍" മുന്നോട്ടും പിന്നോട്ടും ഉരസുന്ന ചുംബനം.

2.ചിത്രശലഭ ചുംബനം - ഇണകള്‍ പരസ്പരം ചേര്‍ന്ന് നില്‍ക്കണം. ഇരുവരുടെയും "കണ്‍പീലികള്‍" തമ്മില്‍ സ്പര്‍ശിക്കണം. ഇമ ചിമ്മുമ്പോള്‍ അവ പൂമ്പാറ്റചിറകുകള്‍ പോലെ ചലിക്കും.

ഇനിയുമുണ്ട് ഇതുപോലെ ധാരാളം വെറൈറ്റി ഉമ്മകള്‍. എല്ലാവരും പോയി ഇതുപോലെ പുതിയ പുതിയ ഉമ്മകള്‍ പരീക്ഷിക്കൂ. കണ്ടെത്തൂ. ഉമ്മശാസ്ത്രത്തിന്‍റെ വളര്‍ച്ചയില്‍ പങ്കാളിയാകൂ. എല്ലാ സുഹൃത്തുക്കള്‍ക്കും ഉമ്മ ദിനാശംസകള്‍.. ഒപ്പം ഓര്‍ക്കുക, ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം പൊതുവഴിയില്‍ വച്ച് ഉമ്മ വയ്ക്കുന്നത്, ഐ.പി.സി. 294 പ്രകാരം കുറ്റകരമാണ്. ചുംബനശാസ്ത്രം മാത്രമല്ല, ചുംബനനിയമങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.


(ഫിലമറ്റോളജിയിലെ മറ്റു ചില വസ്തുതകള്‍ ഇവിടെ ക്ലിക്കി വായിക്കാം )

(മാതൃഭൂമിയില്‍ ചുംബനത്തെ പറ്റി വന്ന ഒരു ആര്‍ട്ടിക്കിള്‍ വായിക്കാന്‍ ചുംബനം:പ്രണയത്തിന്‍റെ ഓട്ടോഗ്രാഫ് ക്ലിക്ക് ചെയ്യൂ.. )പ്രണയത്തിന്‍റെ, ചുംബനത്തിന്‍റെയും ജീവശാസ്ത്രത്തെ പറ്റി വിശദമായി വായിക്കാന്‍ ഈ ബ്ലോഗിലെ പ്രണയത്തിന്‍റെ ജീവശാസ്ത്രം എന്ന ലേഖനം വായിക്കൂ..
3 comments:

  1. എത്രതരം ചുംബനങ്ങള്‍

    ReplyDelete
  2. ഇതിനും ശാസ്ത്രശാഖകള്‍... കൊള്ളാം

    ReplyDelete
  3. ചുംബന ശാസ്ത്രം തന്നെ ഇപ്പോൾ ഉണ്ടല്ലോ അല്ലേ

    ReplyDelete

ഇവിടെ കുറിയ്ക്കുന്ന ഓരോ വാക്കിനും നന്ദി.. വീണ്ടും വരണം..