ക്ണാപ്പന്‍


(ഈ കുറിപ്പ് എഴുതിയത്- മെയ്‌ 27,2014)

     
           തിരുവനന്തപുരത്ത് RCC യുടെ പരിസരത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യം വണ്ടി പാര്‍ക്ക്‌ ചെയ്യാനാണ്. പ്രത്യേകിച്ചും രാവിലെ ആണെങ്കില്‍ നല്ല തിരക്കായിരിക്കും. അതുകൊണ്ട് ശ്രീചിത്രയുടെ വശത്തെ മരത്തിന്‍റെ കീഴെ കാര്‍ പാര്‍ക്ക്‌ ചെയ്തിട്ട് ഞാന്‍ പോയി. തിരികെ വന്നപ്പോള്‍ കാറിന്‍റെ വാതിലില്‍ ഒരു പേപ്പര്‍ ഒട്ടിച്ചിരിക്കുന്നു. സാധാരണ ഇങ്ങനത്തെ കലാപരിപാടികള്‍ ട്രാഫിക്‌ പോലീസാണ് നടത്താറ്. അനധികൃതമായി പാര്‍ക്ക് ചെയ്താല്‍ മുമ്പും അവരത് ചെയ്തിട്ടുണ്ട്. പക്ഷെ ഇന്നതു ചെയ്തത് അവരല്ല. മാത്രമല്ല, ആ പേപ്പറില്‍ എന്‍റെ പാര്‍ക്കിംഗ് മികവിനെ അഭിനന്ദിച്ചുകൊണ്ട് ഇങ്ങനെ എഴുതിയിരുന്നു,


"ഏതു ക്ണാപ്പനാടാ നിന്നെ ഡ്രൈവിംഗ് പഠിപ്പിച്ചത്..!!?"


പേരോ ഒപ്പോ ഇല്ലാത്ത ഒരു സപ്രിട്ടിക്കറ്റ്. വെള്ളപ്പേപ്പറില്‍ ചുവന്ന മഷിയില്‍ എഴുതിയ ഈ സാക്ഷ്യപത്രം എന്‍റെ പാര്‍ക്കിംഗ് മികവിനുള്ളതാണെന്ന് പറഞ്ഞു തന്നത് അതിനടുത്തിരുന്ന്‍ ലോട്ടറി വില്‍ക്കുന്ന ഒരു കാലില്ലാത്ത അപ്പൂപ്പനാണ്. എന്താ സംഭവം എന്നുവച്ചാ, എന്‍റെ വണ്ടിയുടെ ഇടത് വശത്ത് മറ്റൊരു കാര്‍ ഉണ്ടായിരുന്നത്രേ!! അതിനകത്ത് ഡ്രൈവിംഗ് സീറ്റില്‍ അകത്തെ എ.സി.യുടെ കുളിരില്‍ ഒരാള്‍ മയങ്ങുന്നും ഉണ്ടായിരുന്നത്രേ..!!! അയാളെപ്പോഴോ ഉണര്‍ന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോ അതിനുമാത്രമുള്ള ഗ്യാപ് ഞങ്ങടെ കാറുകള്‍ക്കിടയില്‍ ഇല്ലായിരുന്നു. ആര്‍ക്കായാലും ദേഷ്യം വരും. പാവം ദേഷ്യം വന്ന് മറുവശത്തെ വാതിലില്‍ കൂടി പുറത്തിറങ്ങി എന്നോടുള്ള ദേഷ്യം തീര്‍ത്തതാ. ഞാന്‍ വലിയ കാര്യത്തില്‍ ഡോക്ടര്‍ ആണെന്നൊക്കെ എഴുതി ഒട്ടിച്ചിട്ടും ഉണ്ട്. എന്നാലും ഒരു നാലഞ്ചു തെറിയെങ്കിലും അയാള്‍ വിളിച്ചിരിക്കും. ഭാഗ്യത്തിന് ഞാന്‍ എത്തും മുന്നേ ആള്‍ സ്ഥലം വിട്ടിരുന്നു.


പണ്ട് വീട്ടുമുറ്റത്ത് കുട്ടീംകോലോ, തലപ്പട്ടമോ കളിക്കുമ്പോ ഒട്ടും ഫോമില്‍ അല്ലാതെ കളിക്കുന്ന സ്വന്തം ടീമുകാരനെ വിളിച്ചിരുന്ന  "എന്തു ക്ണാപ്പനാടാ നീ" എന്ന പ്രയോഗം വര്‍ഷങ്ങള്‍ക്ക് ശേഷം കേള്‍ക്കുവാണ്. അതെന്നെ എപ്പോഴത്തെയും പോലെ ഒരു ഗവേഷകനാക്കി. അതും എന്‍റെ വാഹനനിയന്ത്രണഗുരുവായ അപ്പുക്കുട്ടന്‍ മാഷിനെ അങ്ങനെ വിളിച്ചാല്‍ ഞാന്‍ സഹിക്കുമോ. അന്വേഷിച്ചു ചെന്നപ്പോഴല്ലേ, ഈ ക്ണാപ്പന്‍ വെറും ക്ണാപ്പന്‍ അല്ല, നല്ല ഒന്നാന്തരം സായിപ്പാ.. ആ കഥ ഇങ്ങനെ.. അല്പം ചരിത്രമാണേ..


ടിപ്പു സുല്‍ത്താന്‍ മൈസൂര്‍ ഭരിച്ചിരുന്ന കാലത്ത് മലബാര്‍ പ്രദേശത്ത് നികുതി പിരിക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഭൂമിയുടെ അളവിനേക്കാള്‍ ആദായം അടിസ്ഥാനമാക്കി നികുതി നിശ്ചയിക്കുന്നതും കുടിയാന്മാരില്‍ നിന്നുള്ള നികുതി ഉദ്യോഗസ്ഥര്‍ നേരിട്ട് പിരിവു തുടങ്ങിയതും സാധാരണക്കാരെ സന്തോഷിപ്പിച്ചു. കുടിയാന്മാര്‍ക്കൊക്കെ ഒരു സുരക്ഷിതത്വബോധം ഉണ്ടായി. അതോടെ നാടുവഴികള്‍ക്ക് ആ ബോധം പോവുകയും ചെയ്തു..


പക്ഷെ ബ്രിട്ടീഷുകാരും ടിപ്പുവും തമ്മിലുള്ള യുദ്ധത്തില്‍ അവസാനം ടിപ്പു തോറ്റു. 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പുവിന്‍റെ ഭരണം പോയി. ഭരണമാറ്റം വന്നതോടെ നിശബ്ദരും നിഷ്ക്രിയരും ആയിരുന്ന മാടമ്പിമാരും ചിറ്റരചന്മാരും പഴയപോലെ കുടിയാന്മാര്‍ക്ക് മേല്‍ അധികാരവും അവകാശവും ചെലുത്തി തുടങ്ങി. നാട്ടിലാകെ അസ്വസ്ഥതയും അരക്ഷിതത്വവും നിഴലിച്ചു..


മലബാര്‍ ഗ്രാമങ്ങളില്‍ നാമ്പിട്ട അസ്വസ്ഥതകള്‍ ഒരു സംഘടിതകലാപമായി മാറുന്നത് തടയാന്‍ ഭൂവുടമ ബന്ധങ്ങളെക്കുറിച്ചും അനുബന്ധവ്യവസ്ഥകളെ കുറിച്ചും പഠിച്ചു പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ജനറല്‍ നാപ്പ് (KNAPP) എന്നൊരു പട്ടാളക്കാരനെ നിയമിച്ചു. അയാള്‍ കുറേനാള്‍ ഇവിടെ ജീവിതമൊക്കെ ആസ്വദിച്ച് നടന്നശേഷം ഒരു റിപ്പോര്‍ട്ട്‌ എഴുതിക്കൊടുത്തു. യുക്തിക്ക് നിരക്കാത്തതും, പ്രായോഗികക്ഷമത ഇല്ലാത്തതും, വിഡ്ഢിത്തരങ്ങള്‍ നിറഞ്ഞതുമായ ആ റിപ്പോര്‍ട്ട്‌ പുറത്ത് വന്നതും നാട്ടുകൂട്ടങ്ങള്‍ ശക്തിയായി പ്രതിഷേധിക്കാന്‍ തുടങ്ങി. അത് അവസാനം ഒരു കലാപത്തിന്‍റെ വക്കോളം എത്തിയപ്പോ ഈസ്റ്റ്‌ഇന്ത്യാകമ്പനി അത് പിന്‍വലിച്ചു..


അങ്ങനെ നാപ്പ് (KNAPP), ആയിരുന്ന സായിപ്പിനെ മലബാറിലെ മലയാളികള്‍ ആദ്യം ക്നാപ് എന്ന് വിളിക്കുകയും, അത് പിന്നെ ക്ണാപ്പ് ആയി മാറുകയും ചെയ്തു എന്നാണ് കഥ. അയാളുടെ റിപ്പോര്‍ട്ട്‌ "ക്ണാപ്പന്‍ പരിഷ്കാരങ്ങള്‍" എന്നാണത്രേ അറിയപ്പെട്ടത്..

പക്ഷെ ഇത് കണ്ടെത്തി കഴിഞ്ഞപ്പോ എനിക്ക് ഇന്ന് സപ്രിട്ടികറ്റ് തന്ന ആ അജ്ഞാതനോട് അല്പം ബഹുമാനമൊക്കെ തോന്നി.. അതുകൊണ്ടാണ് ഈ പോസ്റ്റ്‌. പിന്നല്ലാതെ ഇതുപോലെ അപ്പുറവും ഇപ്പുറവും നോക്കാതെ വണ്ടി പാര്‍ക്ക്‌ ചെയ്യുന്നവനെ പിന്നെന്തു വിളിക്കണം.. ക്ണാപ്പന്‍..

(റഫെറന്‍സ്- വാമൊഴി ചരിത്രം.)

4 comments:

  1. ക്ണാപ്പനെ നാം മുമ്പ് കണ്ടാരുന്നു.
    (എന്നാ ഓര്‍മ്മയാ എനിക്ക്!!!!!!!!!)

    ReplyDelete
  2. ഹ ഹ ഹ .... ഇതിഷ്ടമായി ഒരുപാടിഷ്ടം...

    ReplyDelete