ഓര്‍ക്കുമ്പോള്‍ എന്റെ കാലുകള്‍ ഇപ്പോഴും വിറക്കുന്നുണ്ട്, രണ്ടുകാലുകളും കൂട്ടിക്കെട്ടിയത് പോലെ മുറുകെ പിടിച്ചിരിക്കുന്ന ആ വിറയാര്‍ന്ന കൈകള്‍ക്കുള്ളില്‍ ഇരുന്ന്. കാലുകളില്‍ വീണു കരയുന്ന മാരിയപ്പനെ, ആ വയസനെ, ഞാനെങ്ങനെ ആശ്വസിപ്പിക്കും. ആരെങ്കിലും ഓടി വന്നു എന്നെ ഒന്ന് രക്ഷപ്പെടുത്തിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല. ഐ.സി.യു.വിന്റെ വാതിലിനടുത്ത് സഹതാപം കൊണ്ട് ഏതോ നേഴ്സ് കൊണ്ടുകൊടുത്ത കസേരയില്‍ അയാള്‍ വിഷണ്ണനായി കുമ്പിട്ടിരിക്കുമ്പോഴായിരുന്നു ഞാനാ വാതില്‍ തുറന്ന് പുറത്ത് വന്നത്. എന്നെ കണ്ടതും അയാള്‍ കാല്ക്കലേക്ക് പതിക്കുകയായിരുന്നു. സെക്യൂരിറ്റി ഓടി വന്ന്, അയാളെ എഴുന്നേല്പിച്ചു വീണ്ടും കസേരയില്‍ കൊണ്ടിരുത്തി. പോകാന്‍ ധൃതി ഉണ്ടായിട്ടും അല്പനേരം ഞാനയാളുടെ വലംകൈ കരഗതമാക്കി നിശബ്ദനായി നിന്നു. പിന്നൊന്നും മിണ്ടാതെ ആ വരാന്തയുടെ അങ്ങേ അറ്റത്തേക്ക് വേഗം നടന്നു.
രണ്ടുകൊല്ലം മുമ്പ് ഓഗസ്റ്റ് മാസം മുപ്പതാം തീയതി വൈകുന്നേരം ആറുമണിയോടടുപ്പിച്ചാണ് ദാസിനെയും കൊണ്ട് അത്രതന്നെ പ്രായം തോന്നിക്കുന്ന രണ്ടു വയസന്മാര് കാഷ്വാല്‍റ്റിയില്‍ എത്തുന്നത്. കൊയമ്പത്തൂരിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ നിന്ന് നേരെ വരികയാണ്. ദാസിനു തലച്ചോറിന്റെ വലതുഭാഗത്ത് രക്തം കട്ടപിടിച്ചു ശരീരത്തിന്റെ ഇടതുവശം തളര്‍ന്നു പോയിരുന്നു. അമിതമായിട്ടുണ്ടായ രക്തക്കട്ട കോയമ്പത്തൂരിലെ ആശുപത്രിയില്‍ തന്നെ ശസ്ത്രക്രിയ ചെയ്ത് നീക്കിയിരുന്നു. വലതുകപാലപകുതി മുറിച്ചുമാറ്റിയിരുന്നതിനാല്‍ തലയുടെ ആകെയുള്ള ആകൃതി ആപ്പിള്‍ കമ്പനിയുടെ ലോഗോ പോലിരുന്നു. ബോധമുണ്ട്. എന്നാല്‍ പറയുന്നത് മനസിലാക്കാനോ പ്രതികരിക്കാനോ സാധിക്കില്ല. തുടര്‍ ചികിത്സയ്ക്ക് നമ്മുടെ ആശുപത്രിയില്‍ കൊണ്ടുവന്നതാണ്.
ദാസിനു പ്രായം എഴുപത്. കൂടെയുള്ളത് ഒന്ന് ചേട്ടന്, കുമരേശന്‍. മറ്റേത് അനിയന് മാരിയപ്പന്. മധുരയ്ക്കടുത്ത് ഏതോ ഒരുള്‍പ്രദേശമാണ് സ്വദേശം. മൂന്നുപേരും അവിവാഹിതര്‍. കുമാരേശന് സര്‍ക്കാര്‍ നല്കുന്ന ചെറിയ പെന്ഷന് തുക കൊണ്ടാണ് മൂന്ന് സഹോദരങ്ങളും കഴിഞ്ഞു വന്നത്. അടുത്ത ബന്ധുക്കള്‍ ആരുംതന്നെ ഇല്ല. അങ്ങനെ പരസ്പരം താങ്ങായി ജീവിതരഥമുന്തിത്തള്ളി നീങ്ങുമ്പോഴാണ് ദാസിന് പ്രഷര്‍ അധികമായി തലച്ചോറില്‍ രക്തസ്രാവം ഉണ്ടായത്.
വന്ന ദിവസം ആദ്യം കണ്ടതും,നമ്മുടെ ഡിപ്പാര്‍ട്ട്മെന്റില്‍ തന്നെ അഡ്മിറ്റ് ആക്കിയതും, പിന്നീടുള്ള കുറച്ച് ദിവസങ്ങളില്‍ സ്ഥിരമായി റൌണ്ട്സിന് കാണുന്നതും എന്നെയായതിനാല്‍ കൂടെയുള്ള രണ്ടുപേര്‍ക്കും എന്നോടൊരു അടുപ്പം കൂടുതലുണ്ടായി. വളരെ താണ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളില്‍ നിന്നാണ് വരുന്നതെന്ന് അറിയാമായിരുന്നതിനാല്‍ അവര്‍ക്ക് മനസിലാകുന്ന വിധം മലയാളവും എന്നാലാകുന്ന തമിഴും ചേര്‍ത്തു കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. അതും അവരോടു എന്നെ കൂടുതല്‍ അടുപ്പിച്ചുവെന്നാണ് കരുതുന്നത്. ആശുപത്രിയ്ക്കകത്തോ പുറത്ത് റോഡിലോ അങ്ങനെ എവിടെ വച്ച് കണ്ടാലും അവരാ സ്നേഹവും ബഹുമാനവും തന്നിരുന്നു.
കൃത്യമായ ചികിത്സയും പരിചരണവും കൊണ്ട് ദാസിന്റെ ആരോഗ്യനില മെച്ചപ്പെടാന്‍ തുടങ്ങി. കൂടെയുള്ളവരെ തിരിച്ചറിയാനും പറയുന്നത് അനുസരിക്കാനുമൊക്കെ സാധിക്കുന്നുണ്ട്. പക്ഷെ തലച്ചോറിലുണ്ടായ ക്ഷതം വലുതായതിനാല്‍ കൈകാലുകളുടെ ബലക്ഷയം പഴയതുപോലെ മെച്ചപ്പെട്ടുവന്നില്ല. എങ്കിലും ദാസിനും ഞങ്ങളെ ഒക്കെ മനസിലാകുന്നുണ്ടായിരുന്നു. ചെറുതായി സംസാരിക്കാനുമൊക്കെ സാധിക്കുന്നുണ്ടായിരുന്നു. നമ്മുടെ പരിചരണം കൂടാതെ, ആ രണ്ടു സഹോദരങ്ങളും ദാസിനെ ശുശ്രൂഷിക്കുന്നത്, സഹോദരസ്നേഹത്തിന്റെ അപൂര്‍വമായ മാതൃകയായിരുന്നു. ഒരാള്‍ ഭക്ഷണം വാരിക്കൊടുക്കുമ്പോള്‍, മറ്റെയാള്‍ തോര്‍ത്തുകൊണ്ട് ചിറിയില്‍ പറ്റിയ വറ്റുകള്‍ തുടച്ചുകൊടുക്കും. ഒരാള്‍ കൈകഴുകിക്കുമ്പോള്‍ മറ്റെയാള്‍ വായ കഴുകിയിട്ട് തുപ്പാനുള്ള പാത്രവും പിടിച്ചു നില്ക്കുന്നുണ്ടാകും. എന്നിട്ടിരുവരും ചേര്‍ന്ന് ദാസിനു ടിവി കണ്ടുകൊണ്ട് ചാരി ഇരിക്കത്തക്കവിധം കട്ടില് ശരിപ്പെടുത്തും.
സാധാരണയായി എത്ര സീരിയസ്സായിട്ടുള്ള രോഗമാണെങ്കിലും ഒരു രോഗിയും മൂന്നോ നാലോ, പരമാവധി ആറുമാസത്തില്‍ കൂടുതല്‍ ആശുപത്രികളില്‍ കിടക്കാറില്ല. എന്നാല്‍ ദാസിനും സഹോദരങ്ങള്‍ക്കും ആശുപത്രി വിട്ടു വീട്ടില്‍ പോകുന്നതിന് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. അവരുടെ സാമ്പത്തികസ്ഥിതിയും ദാസിനു പരമാവധി ഉണ്ടാകാന്‍ സാധ്യതയുള്ള രോഗമുക്തിയും ബോധ്യമുള്ളതിനാല്‍ നമ്മള് പലവട്ടം പറഞ്ഞതുമാണ്, ഇനി ഇതേ പരിചരണം വീട്ടില്‍ കൊടുത്താല്‍ മതിയെന്ന്. പക്ഷെ അവര്‍ ചെവി കൊണ്ടില്ല. മാത്രമല്ല നാട്ടില്‍ ആകെയുണ്ടായിരുന്ന കൊച്ചുവീടും ദാസിന്റെ ചികിത്സക്കായി വില്‍ക്കുകയും ചെയ്തു!!
നെഞ്ചിലൂറുന്ന കഫം ചുമച്ചു തുപ്പാനുള്ള ശേഷിയില്ലാത്തതിനാല്‍ ഇടയ്ക്കിടയ്ക്ക് ന്യുമോണിയ വരാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഐ.സി.യു.വിലേക്കും മാറ്റേണ്ടി വരാറുണ്ടായിരുന്നു. അപ്പോഴൊക്കെയും ഭക്ഷണം പോലും കഴിക്കാതെ കുമരേശനും മാരിയപ്പനും ഐ.സി.യു.വിനു മുന്നില്‍ പ്രതീക്ഷയും സങ്കടവും ഒരേ അളവില്‍ കുടിച്ചിറക്കി നിശബ്ദരായി ഇരിക്കുമായിരുന്നു. വിലയേറിയതെന്തിനോ കാവലിരിക്കുന്നത് പോലെ.
2012 ആഗസ്റ്റ് മുപ്പതിനാണ് ദാസ് നമ്മുടെ ആശുപത്രിയില്‍ എത്തുന്നത്. ഒന്നും രണ്ടുമല്ല, ഇരുപ്പത്തിരണ്ടു മാസം അവര്‍ മൂന്നുപേരും നമ്മുടെ സ്വന്തം വീടിലെ അംഗങ്ങളെപ്പോലെ എങ്ങും പോകാതെ അവിടെ ഉണ്ടായിരുന്നു. രണ്ടുമാസം മുമ്പുവരെ. ദാസ് ഒരുപാട് മെച്ചപ്പെട്ടിരുന്നു അപ്പോള്‍.
ഏതെങ്കിലും രോഗിയുടെ നില പെട്ടന്ന് വഷളാകുമ്പോള്‍ എല്ലാവിഭാഗം ഡോക്ടര്‍മാരെയും മറ്റു സ്റ്റാഫിനെയും വേഗം വിവരം അറിയിക്കാനുള്ള സംവിധാനമാണ് 'കോഡ് ബ്ലു'. ഒരു ദിവസം ഞാന്‍ ഓപിയിലെ തിരക്കില്‍ ഇരിക്കുമ്പോഴാണ് കോഡ് ബ്ലു വിളിക്കുന്നത് കേട്ടത്. നല്ല തിരക്കായതിനാല്‍ പോകാന്‍ സാധിച്ചില്ല. വിളിച്ചു ചോദിച്ചു, ഏതു രോഗിക്കാണ്, എന്താണ് പ്രശ്നമെന്ന്. ഒരാള്‍ പെട്ടന്ന് ഹൃദയസ്തംഭനം വന്നു വീണതാണെന്നും, മറ്റു ഡോക്ടര്‍മാര്‍ എല്ലാം ഉണ്ടെന്നും മറുപടി കിട്ടി. ആരാണെന്നു മനസിലായില്ലെങ്കിലും നമ്മുടെ കീഴിലുള്ള രോഗിയല്ല എന്ന് ഉറപ്പായി. ഞാന്‍ ഓപിയിലെ ജോലി തുടര്‍ന്നു. കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് അവിടുന്ന് ഒരു വിളിവരുന്നത്.
"സര്, നമ്മുടെ ദാസിന്റെ കൂടെയുണ്ടായിരുന്ന ഒരു ബൈസ്റ്റാന്‍ഡര്‍ കാര്‍ഡിയാക് അറെസ്റ്റ് വന്നു കൊളാപ്സ് ചെയ്തു സര്.. ഇപ്പൊ വെന്റിലേറ്ററില്‍ ഐ.സി.യു.വിലേക്ക് മാറ്റി സര്.."
ഞാനാകെ ഞെട്ടി. ആരാണ്, കുമരേശനോ മാരിയപ്പനോ? പുതിയ സ്റ്റാഫ് ഒരാളായിരുന്നു വിളിച്ചത്.
"പേരറിയില്ല സര്.. താടിയുള്ള ആളാണ്.."
'കുമരേശന്‍ !!'
എനിക്ക് ഓപിയില്‍ ഇരുപ്പുറച്ചില്ല. സീനിയര്‍ ഡോക്ടറോട് ഞാനുടനെ വരാമെന്ന് പറഞ്ഞു വേഗം ഐ.സി.യു.വിലേക്ക് ചെന്നു. പുറത്ത് വാതിലിനരികില്‍ ഒരു കസേരയില്‍ കുനിഞ്ഞിരിക്കുകയായിരുന്നു മാരിയപ്പന്. ഞാന്‍ അകത്തേക്ക് കയറുമ്പോള്‍ അയാള്‍ എന്നെ കണ്ടില്ല. നമ്മുടെ എല്ലാ പ്രയത്നങ്ങളും മരുന്നിന്റെ മാന്ത്രികക്കൂടും ഭേദിച്ച്, മാരിയപ്പന്റെ പ്രാര്‍ത്ഥനകളും നിഷ്പ്രഭമാക്കി കുമരേശന്‍ പോയിക്കഴിഞ്ഞിരുന്നു അപ്പോള്‍. കുറച്ചുനേരം ചൂടുമാറാത്ത ആ നിര്‍ജീവശരീരത്തിനടുത്ത് നിന്നശേഷം ഞാന്‍ പുറത്തിറങ്ങി. ഒന്ന് നോക്കിയതേ ഉള്ളു, ഒന്ന് കണ്ടതേ ഉള്ളു, മാരിയപ്പന് നിലവിളിച്ചുകൊണ്ട് എന്റെ കാല്ക്കലേക്ക് വീഴുകയായിരുന്നു.
"എപ്പടിയാവത് കാപ്പാത്തുങ്കോ സര്.. യേ അണ്ണനെ കാപ്പാത്തുങ്കോ സര്.."
അയാള്‍ ഇരുകൈകളും കൊണ്ടെന്റെ കാലുകള്‍ കൂട്ടിപ്പിടിച്ചിരുന്നു. എന്തുപറയണം എന്നറിയാതെ ഞാന്‍ വല്ലാതെ കുഴഞ്ഞു. അപ്പോഴേക്കും ഒരു സെക്യൂരിറ്റി ഓടി വന്നു അയാളെ പിടിച്ചുമാറ്റി. അയാള്‍ കുറച്ചുനേരം കൂടി കരഞ്ഞു.ഞാന്‍ നിശബ്ദനായി ആ കൈകള്‍ പിടിച്ചു നിന്നു. പിന്നെ ഒന്നും പറയാതെ, എങ്ങോട്ടെന്നില്ലാതെ ഞാനാ നീണ്ടുനിവര്‍ന്ന ഇടനാഴിയിലൂടെ വേഗം നടന്നു. ആശുപത്രിയില്‍ നിന്നും വിവരം അറിയിച്ചതനുസരിച്ച് അകന്നബന്ധത്തിലുള്ള ഒരു പയ്യന് വന്നിരുന്നു. അന്ന് രാത്രിയില്‍ കുമരേശന്റെ ശരീരത്തോടൊപ്പം ജീവനുള്ള രണ്ടു ശരീരങ്ങള്‍ കൂടി ആ ആംബുലന്‍സില്‍ കയറി തെക്ക് ദിക്കിലേക്ക് പോയി, ദീര്‍ഘനാളത്തെ ആ കുടുംബജീവിതത്തിന്റെ ഓര്‍മ്മകള്‍ 428 ആം നമ്പര്‍ മുറിയിലും, നമ്മുടെ മനസുകളിലും ബാക്കി വച്ച്. അവരുടെ അവസ്ഥ നന്നായി അറിയുമായിരുന്നതിനാല്‍ അതുവരെയുള്ള ബില്ല് ആശുപത്രി അധികൃതര്‍ വേണ്ടാന്ന് വച്ചു.
അപൂര്‍വസഹോദരങ്ങള്‍.. ജീവിതമെന്ന മരണക്കിണറില്‍ പരസ്പരസ്നേഹവും, കരുതലും അച്ചുതണ്ടാക്കി കറങ്ങിക്കൊണ്ടിരുന്ന മൂന്നുപേര്‍. വിധിയുടെ ഗുരുത്വാകര്‍ഷണബലപരീക്ഷണത്തില്‍ ആ അച്ചുതണ്ടിന്റെ കാമ്പ് തന്നെ നിലംപൊത്തി. സ്വന്തമായി വീടോ, പരിചരിക്കാന്‍ ആളുകളോ ഇല്ലാതെ ദാസും മാരിയപ്പനും പിന്നെത്ര നാള് ആ ബലപരീക്ഷയില്‍ പിടിച്ചു നില്‍ക്കുമെന്നറിയില്ല. എന്റെ മനസ് പറയുന്നു, അവര്‍ ഇതിനകം തന്നെ തോറ്റുപോയിട്ടുണ്ടാകും. കാരണം അവര്‍ അത്രയധികം നിഷ്കളങ്കരായിരുന്നു.
©മനോജ് വെള്ളനാട്
ബന്ധങ്ങള്‍ കുമിളകളായുള്ള ഈ ലോകത്ത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ഈ സാഹോദര്യ ബന്ധം ..എല്ലാറ്റിനും മീതെ വാക്കുകളാല്‍ വരച്ചിട്ട ഗദ്ഗദ ചിത്രം ...നല്ല ആഖ്യാനം ..നന്ദി ഡോക്ടര്‍ ..!
ReplyDeleteവല്ലാത്ത അനുഭവം. ആ സഹോദരന്മാര്ക്ക് കൂടുതല്‍ പ്രയാസങ്ങള്‍ ഉണ്ടാവാതിരുന്നാല്‍
ReplyDeleteമതിയായിരുന്നു.
ReplyDeleteവിധി,ദൗർഭാഗ്യം എന്നൊക്കെ പറയാം നമ്മുക്ക് ആശ്വസിക്കാനായ്...അല്ലേ?
അപൂർവങ്ങളിൽ അപൂർവമായ ബന്ധം....ഇപ്പോഴും ഇതുപോലെ എത്ര പേർ ഇവിടെ ഉണ്ടാകും..സഹോദരസ്നേഹത്തിന്റെ മഹത്വം വിളിച്ചോതുന്ന വരികൾ...എന്ന് സഹോദരനെ വകവരുതിയിട്ടു എങ്ങനെ സൊത്ത് തട്ടിയെടുക്കാം എന്ന് കൂലങ്കഷലമായി ചിന്തിക്കുന്നവരെയെ കാണാൻ കഴിയു..നല്ല വരികൾ, ആശംസകൾ...----പെരുമാതുറ ഔറങ്ങസീബ് - http://seebus.blogspot.com
ReplyDeleteഅറിയുന്തോറും അതിശയിപ്പിക്കുന്ന ജീവിതങ്ങൾ ..
ReplyDelete:(
ReplyDeleteഎന്താ പറയാ....
ReplyDeleteഹൃദയസ്പര്‍ശിയായ ഒരു അനുഭവകുറിപ്പ്.
ReplyDeleteജീവനും മരണവും തമ്മിലുള്ള പകിടകളികള്ക്കിടയില് കാണുന്ന തീവ്രമായ അനുഭവങ്ങള്‍ ഡോക്ടര്‍മാരെപ്പോലെ അടുത്തറിയുന്നവര്‍ വേറേ അധികം കാണാനിടയില്ല. അവര്‍ അത് സത്യസന്ധമായ ഭാഷയില്‍ എഴുതുമ്പോള്‍ കരളുരുകുന്ന വായനയാണ് ഉണ്ടാവുക. ഇതുപോലെ.
ReplyDeleteഇനിയുമെഴുതുക, ഡോക്ടര്‍.
ഒന്നും എഴുതാന്‍ വയ്യല്ലോ.... :(
ReplyDeletevakkukal illa ezhuthan..karanam kandathu jeevithamayathu kondu ..
ReplyDeleteവായിച്ചു
ReplyDeleteഎന്തു പറയണമെന്ന് അറിയില്ല ഡോക്ടർ
ആ പാവങ്ങളോട് ബില്ല് വേണ്ടെന്നുവെച്ച ആശുപത്രി അധികൃതരുടെ പ്രവർത്തി മാതൃകാപരം......
എത്ര സ്നേഹമുള്ള കൂടപ്പിറപ്പുകള്‍. ഡോക്ടറെപ്പോലെ ബാക്കിയുള്ള ആ രണ്ടു പേരുടെ സ്ഥിതിയോര്‍ത്ത് എന്റെയും മനസ്സ് വ്യാകുലപ്പെടുന്നു
ReplyDeleteസഹോദരബന്ധത്തിന്റെ കുളിര്‍മ്മയുള്ള കാഴ്ച!
ReplyDeleteആതുരസേവനത്തിന്റെ മഹത്വം ഉള്‍ക്കൊള്ളുംവിധം പ്രവര്‍ത്തിക്കുന്ന ആശുപത്രി!!
ഡോക്ടര്‍ക്കും,ആശുപത്രി അധികൃതര്‍ക്കും ആശംസകള്‍
ഒരു നൊമ്പരം മാത്രം
ReplyDeleteമറ്റുള്ളവരുടെ വേദന കാണാന്‍ ഹൃദയമുള്ള ഡോക്ടറും പ്രതിഭാധനനായ എഴുത്തുകാരനും ഒരാളില്‍...
ReplyDeleteഈ കുറിപ്പ് ഇതുവരെയുള്ളതില്‍ വേറിട്ടുനില്ക്കുന്നു. ഡോ: ഗംഗാധരനുവേണ്ടി കെ.എസ് അനിയന് എഴുതിയതുപോലെ ഡോ:മനോജ് സ്വയം അത് ചെയ്യുക.
ദാസും,മാരിയപ്പനും മനദ്ദിൽ നിന്നും മാഞ്ഞ്
ReplyDeleteപോകാതെ ഇനി കുറച്ചുനാൾ നൊമ്പരമുണ്ടാക്കി കൊണ്ടിരിക്കും ..
ഇന്നത്തെ പുത്തൻ തലമുറയ്ക്കൊക്കെ
ReplyDeleteഅന്യമായ നൊസ്റ്റാൾജിജ ഉണർത്തുന്ന തുമ്പിതുള്ളലുകളും
മറ്റും ഓർമ്മകളായി ഓടിയെത്തിരിക്കുകയാണ് ഇവിടെ കേട്ടൊ ഡോക്ട്ടർ
മനസ്സിനെ വല്ലാതെ ഉലച്ചു .
ReplyDeleteമൺമറയുന്ന "സാഹോദര്യത്തിൻ്റെ" ജീവനുള്ള സഹോദരന്മാർ....
ReplyDeleteനൊമ്പരപ്പെടുത്തിയ അനുഭവക്കുറിപ്പ്
ReplyDelete:( നൊമ്പരം
ReplyDeleteഎല്ലാമുണ്ടായിട്ടും നിനക്കു ഞാനുണ്ട് എന്നൊരു വാക്കിന്റെ ബലത്തിൽ പോലും അടയാളപ്പേടാത്ത ബന്ധങ്ങൾക്കിടയിൽ അവർ ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമായി ഒരു പ്രപഞ്ചമായിരുന്നിരിക്കണം
ReplyDeleteഎല്ലാമുണ്ടായിട്ടും നിനക്കു ഞാനുണ്ട് എന്നൊരു വാക്കിന്റെ ബലത്തിൽ പോലും അടയാളപ്പേടാത്ത ബന്ധങ്ങൾക്കിടയിൽ അവർ ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമായി ഒരു പ്രപഞ്ചമായിരുന്നിരിക്കണം
ReplyDelete