അപരിചിതനായ സഹമുറിയന്‍
അനുഭവങ്ങളും അവയുടെ ഓര്‍മ്മകളും ഉപ്പിലിട്ട മാങ്ങ പോലെയാണ്. അനുഭവങ്ങളെ അച്ചാറിടുമ്പോള്‍ വൈകാരികതയുടെ വിനാഗിരി ചേര്‍ന്നിട്ടില്ലെങ്കില്‍ നാളുകള്‍ കഴിയുമ്പോള്‍ മറവിയുടെ പൂപ്പല്‍ പിടിച്ചു നശിച്ചുപോയേക്കും. മറവിയുടെ വെളുത്തപാട മൂടിത്തുടങ്ങിയ ചില നേരനുഭവങ്ങളെ ഓര്‍മ്മയുടെ തുരുമ്പിച്ച കരണ്ടിയാല്‍ ചുരണ്ടി അനാവൃതം ചെയ്തെടുക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ എത്ര ചുരണ്ടിയിട്ടും വെളിപ്പെടാതെ മറവി കട്ടിപിടിച്ചിരിക്കുന്നത് ആ മുഖത്തിന് മീതെയാണ്. അതോര്‍ക്കാനേ കഴിയുന്നില്ല. ഒരേ ലക്ഷ്യത്തിനായി വന്നു, ഒരു രാത്രിയില്‍ ഒരു മുറിയില്‍ ഒരേ ഭയത്തോടെ ഉറങ്ങുകയും ഉണരുകയും ചെയ്ത എന്‍റെ ആദ്യത്തെ സഹമുറിയന്‍റെ മുഖം. ഒരു പേരിനപ്പുറം അന്നും ഇന്നും അപരിചിതനായി തന്നെ തുടരുന്ന ആ സുഹൃത്തിനെ പറ്റി ആകെയുള്ള ഓര്‍മ്മകളാണീ കുറിപ്പ്. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ എന്‍റെ ആദ്യത്തെ 24 മണിക്കൂര്‍..


ഉച്ചവെയിലില്‍ വെന്തുകിടന്ന ആ പൊടിപാറുന്ന മണ്ണിലേക്ക്, മെഡിക്കല്‍കോളേജിന്‍റെ കവാടത്തിനടുത്തുള്ള ആ മട്ടക്കോണ്‍ വളവില്‍ ഞാനും ആന്‍റോ ജോണും ഒരേ ബസില്‍ വന്നിറങ്ങി. പരസ്പരം അപരിചിതരായിരിക്കുക എന്നത് നിയോഗമായതിനാല്‍ ആന്‍റോയുടെ പേരും സ്ഥലവും മാത്രമേ ചോദിച്ചുള്ളൂ. ആന്‍റോ അധികം സംസാരിച്ചില്ല. ഞാന്‍ പണ്ടേ അങ്ങനെ തന്നെ. ഹോസ്റ്റല്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ നമ്മള്‍ രണ്ടുപേരുടെയും മുഖത്ത് നിഴലിച്ചു നിന്നത് ഒരേ ഭയം തന്നെയായിരുന്നിരിക്കണം.


അഡ്മിഷന്‍ ആകാന്‍ ചെന്ന ദിവസം, ഞങ്ങള്‍ ഒരുമിച്ച് തന്നെയാണ് ഹോസ്റ്റല്‍ കാണാന്‍ പോയത്.  അപ്പോള്‍ മുതല്‍ ഈ ഭയപ്പാട് നെഞ്ചിനുള്ളില്‍ ഒരു ഭാരം കണക്ക് വിങ്ങിക്കൂടിയതാണ്. ആദ്യവര്‍ഷ അധ്യയനം തുടങ്ങിയിട്ട് രണ്ടാഴ്ചയോളം കഴിഞ്ഞിരുന്നു. ദൂരെ നിന്നേ കാണത്തക്ക വിധത്തില്‍ ഹോസ്റ്റലിനു മുകളില്‍ ''കയറി വാ മക്കളേ.." എന്നെഴുതിയ ഒരു ഫ്ലെക്സ് ബാനര്‍. രക്തമൊലിക്കുന്ന ദംഷ്ട്രകളുമായി വാ പിളര്‍ന്ന ഒരു ഭീകരസത്വത്തിന്‍റെ ചിത്രത്തിന് മുകളില്‍ ആയിരുന്നു അതെഴുതിയിരുന്നത്. അമൃതം ഗമയ സിനിമയും അതിലെ റാഗ്ഗിംഗ് രംഗങ്ങളും  ഞാന്‍ ഒരാഴ്ച മുന്നേ കണ്ടതേ ഉണ്ടായിരുന്നുള്ളു. പല നിലകളില്‍ നിന്നും ഭീതി വമിക്കുന്ന തുറിച്ചു നോട്ടങ്ങള്‍, കൈ ചൂണ്ടിയുള്ള പരിഹാസങ്ങള്‍. ഹോസ്റ്റല്‍ മുറികള്‍ കാണാന്‍ ചെല്ലുന്നതിനിടയില്‍ എനിക്കൊരു താക്കീതും കിട്ടിയിരുന്നു, ഒരു സീനിയര്‍ ചേട്ടന്‍റെ വക, "ഇനി കാണുമ്പോ ആ മീശ അവിടെ കണ്ടാലാണ്‌..!!" പറഞ്ഞിട്ടയാള്‍ പല്ലിറുമ്മി നടന്നു പോയി. ആന്‍റോയ്ക്ക് മീശ പൊടിച്ചിട്ടില്ലെങ്കിലും അയാളുടെ കണ്ണുരുട്ടലില്‍ അവന്‍ വെറുതെ നിന്നങ്ങു പേടിച്ചു.


അതിനു രണ്ടുദിവസം കഴിഞ്ഞിട്ടാണ് ഇതാ ഞങ്ങള്‍  പെട്ടിയും കിടക്കയുമൊക്കെയായി ഈ സിംഹക്കൂട്ടില്‍ സ്ഥിരം പൊറുതിക്ക് വന്നിരിക്കുന്നത്. 113-ആം നമ്പര്‍ മുറിയില്‍, സാധനങ്ങള്‍ ഒരു വശത്ത് ഒതുക്കി വച്ച് കതകടച്ച് ഞാനും ആന്‍റോയും പേടിയോടെ ഇരുന്നു. പുറത്തു കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ എന്‍റെ നെഞ്ചിടിപ്പ് എനിക്ക് തന്നെ അസഹ്യമാകും വിധം ഉച്ചത്തിലായി. ആന്‍റോ വിയര്‍ത്ത് കുളിച്ച്, കണ്ണുകള്‍ തുറിപ്പിച്ച്‌ എന്നെ നോക്കി. കാലൊച്ചകള്‍ നിലച്ചയുടനെ കതകില്‍ മുട്ട് തുടങ്ങി. എനിക്കും ശ്വാസം വിങ്ങുന്നുണ്ടായിരുന്നു. എന്നാലും ധൈര്യം സംഭരിച്ച് പോയി കതക് തുറന്നു. പൊക്കം കുറഞ്ഞു, ലേശം കറുത്ത ഒരു ഭീകരന്‍റെ നേതൃത്വത്തില്‍ മൂന്നാല് തടിയന്മാര്‍ മുന്നില്‍. പൊക്കം കുറവെങ്കിലും നേതാവ് ഏന്തിവലിഞ്ഞു എന്‍റെ ഉടുപ്പിന്‍റെ കോളറില്‍ പിടുത്തമിട്ട്, എന്നെ വാതിലിനു പുറത്തേക്ക് മാറ്റി നിര്‍ത്തി. എന്നിട്ട് ഒട്ടും ആസ്വാദ്യകരമല്ലാത്ത ഏതോ ഭാഷയില്‍ അലറി,


"എന്താടാ, _____മോനെ നിന്‍റെ പേര്..?"


ഞാന്‍ നിന്ന് വിയര്‍ത്തു. വിറച്ചുകൊണ്ട് പേര് പറഞ്ഞു.


"മുഴുവന്‍ പേര് പറയെടാ.."  കൂടെ നിന്നയാള്‍ പല്ല് ഞെരിച്ചുകൊണ്ട് എന്നെ ചുമരിനോട് ചേര്‍ത്തു നിര്‍ത്തി. ബഹുഭാഷാ പണ്ഡിതരായ വൈദ്യവിദ്യാര്‍ത്ഥികളെ കണ്ടെന്‍റെ കണ്ണുനിറഞ്ഞു. ഓരോ വാചകത്തിലും എന്‍റെ പിതാമഹന്മാര്‍ ചുടലപ്പറമ്പില്‍ എഴുന്നേറ്റ് നിന്ന് തുമ്മി. ഈ സമയം ആന്‍റോ അകത്ത് എന്ത് ചെയ്യുകയായിരുന്നു എന്നെനിക്കറിയില്ല. അവനെ പിന്നീടാണ്‌ അവര്‍ പിടികൂടിയത്. ഞങ്ങളെ രണ്ടുപേരെയും പുറത്തെ വരാന്തയില്‍ ചുമരിനോട് ചേര്‍ത്തു നിര്‍ത്തി ചോദിച്ചു,


"മെഡിക്കല്‍ സല്യൂട്ട് ചെയ്യാന്‍ അറിയുമോടാ..?"


അറിയില്ല എന്ന് പറഞ്ഞപ്പോ എന്‍റെ നാവ് വായ്ക്കുള്ളില്‍ ഒട്ടുന്നുണ്ടായിരുന്നു, ഉണങ്ങിയിട്ട്.


"----- മോനെ നീ പിന്നെ എന്തറിഞ്ഞിട്ടാടാ മെഡിക്കല്‍ കോഴ്സിനു വന്നത്..?"


ആരൊക്കെയോ പല്ല് ഞെരിച്ചു. ആരൊക്കെയോ പൊട്ടിച്ചിരിച്ചു. ഞാനും ആന്‍റോയും വിയര്‍ത്തു കുളിച്ചു. ആന്‍റോയുടെ നെഞ്ചിന്‍കൂട് ബലാല്‍സംഗത്തിനു ഉമ്മറിന്‍റെ മുന്നില്‍ നിന്നുകൊടുക്കുന്ന ജയഭാരതിയുടേത് പോലെ ആവശ്യത്തിലധികം പൊങ്ങുകയും താഴുകയും ചെയ്തു.


"ഒരു പ്രാവശ്യം.. ഒരിക്കല്‍ മാത്രം പറഞ്ഞു തരും.. ഊം.. രണ്ടു പേരും നീങ്ങി നില്‍ക്ക്.." കുള്ളനായ ഭീകരന്‍ ആജ്ഞാപിച്ചു.


ഞങ്ങളെ അല്‍പം അകലത്തില്‍ നീക്കി നിര്‍ത്തി. ഇടതു കൈ പുറകോട്ടു വളച്ചു പൃഷ്ഠവിടവില്‍ അമര്‍ത്തി വയ്ക്കാന്‍ പറഞ്ഞു. വലതുകൈകൊണ്ട് ജനനേന്ദ്രിയത്തില്‍ പിടിക്കാനും. രണ്ടുകാലും ഒരുമിച്ചുയര്‍ത്തി അന്തരീക്ഷത്തില്‍ ഒരു വട്ടം കറങ്ങി നിലത്തുനിന്ന ശേഷം വലതു കൈകൊണ്ട് സല്യൂട്ട് വയ്ക്കണം. ഒപ്പം 'കോക് സര്‍..' എന്നും ഉറക്കെ പറയണം. നാലഞ്ചുവട്ടം ശ്രമിച്ച ശേഷമാണു എനിക്കത് ഭംഗിയായി ചെയ്യാന്‍ കഴിഞ്ഞത്. ആന്‍റോ അപ്പോഴും ശ്രമിക്കുന്നുണ്ട്.


"എപ്പോ, എവിടെ വച്ച് സീനിയേഴ്സിനെ കണ്ടാലും ചെയ്തോണം.. കേട്ടോടാ.. " അയാള്‍ പിന്നെയും അലറി. ഞാന്‍ ശരിയെന്നു തലകുലുക്കി.


"നിനക്കെന്താടാ വായില്‍ നാക്കില്ലേ.. ചെയ്യുമെന്ന് പറയെടാ.."


വിയര്‍ത്തു, നമ്രശിരസ്കനായി നില്‍ക്കുന്ന ആന്‍റോയോടാണ്. അവന്‍ പേടിയോടെ തലയുയര്‍ത്തി നോക്കിയിട്ട് പറഞ്ഞു, "ചെയ്യാം ചേട്ടാ.."


"ചേട്ടനോ.. (പിന്നേം തെറി) . സര്‍ എന്ന് വിളിച്ചോണം.. അവന്‍റെ ഒരു ചേട്ടന്‍..!!!"


ആന്‍റോയുടെ കണ്‍പോളകള്‍ക്ക് അപ്പോഴേക്കും ഒരു  അണക്കെട്ടിനെ താങ്ങിനിര്‍ത്താനുള്ള ശേഷി നശിച്ചിരുന്നു. അടുത്തെന്താണ് ഇവര്‍ ചെയ്യാന്‍ പോകുന്നതെന്നോര്‍ത്ത് ഞാന്‍ വിറച്ചു. കൂടുതല്‍ വിയര്‍ത്തു. പിന്നെ കേട്ടത് ഒരു കൂട്ടച്ചിരി ആയിരുന്നു. ഞാന്‍ അത്ഭുതത്തോടെ തലയുയര്‍ത്തി നോക്കുമ്പോള്‍ അത്രയുംനേരം കണ്ണുകളില്‍ ഇറച്ചിവെട്ടുകാരന്‍റെ ക്രൌര്യം നിറച്ചുനിന്നവര്‍  മുഖംമൂടികള്‍ വലിച്ചെറിഞ്ഞ് ചുണ്ടുകളില്‍ സൗഹൃദത്തിന്‍റെ പുഞ്ചിരിയും ഘടിപ്പിച്ചു നില്‍ക്കുന്നു. അതിനിടയില്‍ ഒരുവന്‍ തോളില്‍ തട്ടിയിട്ട് പറഞ്ഞു,


"അളിയാ.. ഞങ്ങള്‍ സീനിയേഴ്സ് ഒന്നും അല്ല.. ഒരേ ബാച്ചാ.. ഒന്ന് പേടിപ്പിക്കാന്‍ നോക്കിയതല്ലേ.. ഹ.. ഹ.. ഹ. "


അടുത്തയാള്‍,
"ഇതൊരു സാമ്പിള്‍ മാത്രം. നീയൊക്കെ ഇങ്ങനെ പേടിച്ചാല്‍ കുറച്ചു പാടുപെടും..!!"


എന്തൊക്കെ ആയാലും എനിക്കല്‍പം ആശ്വാസം തോന്നി. ശ്വാസഗതി നേരെയായി തുടങ്ങി. ആന്‍റോ അപ്പോഴും ഭയന്ന് നിക്കുകയായിരുന്നു, ഇതൊക്കെ സത്യമാണോ എന്നറിയാതെ. കുറച്ചുനേരം എല്ലാവരും പരസ്പരം പരിചയപ്പെട്ടശേഷം  പിരിഞ്ഞു.


രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ മെസ് ഹാളില്‍ ചെന്നപ്പോള്‍ ഒന്ന് രണ്ടു സീനിയര്‍ ചേട്ടന്മാര്‍ വന്നു പേര് ചോദിക്കുകയും പരിചയപ്പെടുകയും ഒക്കെ ചെയ്തു. ഞാനും ആന്‍റോയും പേടിച്ച പോലൊന്നും അപ്പോള്‍ സംഭവിച്ചില്ല. പക്ഷെ ആന്‍റോയെ വല്ലാത്തൊരു ഭയം പിടികൂടിയിരുന്നു. തിരിച്ചു മുറിയില്‍ എത്തിയിട്ടും കനത്ത മുഖഭാവത്തോടെ ഒന്നും മിണ്ടാതെ ഇരുന്നു. ഞാനെന്തൊക്കെയോ ചോദിച്ചപ്പോഴും മറുപടി ചെറിയ മൂളലുകളില്‍ ഒതുക്കി. ഉത്തരങ്ങള്‍ മൂളലുകള്‍ മാത്രമായപ്പോള്‍ ചോദ്യങ്ങള്‍ മൌനത്തിന്‍റെ പുതപ്പുമായി ഉറങ്ങാന്‍ കിടന്നു. പക്ഷെ രാത്രിയില്‍ ആരെങ്കിലും കതകില്‍ തട്ടി വിളിക്കുമെന്നും, വെളുക്കുവോളം റാഗിങ്ങ് ഉണ്ടാകുമെന്നും ഞങ്ങള്‍ ഭയന്നിരുന്നു, ആധി പരസ്പരം പങ്കുവച്ചില്ലെങ്കിലും.


രാവിലെ എട്ടുമണി ആയിരുന്നു ക്ലാസ് തുടങ്ങുന്ന സമയം. ഞാന്‍ കുളിച്ചു വന്നപ്പോഴേക്കും ആന്‍റോ പതിയെ കുളിക്കാന്‍ തയ്യാറാകുന്നതെ ഉള്ളു. വേഗം പോയി കുളിച്ചിട്ട് വാ, ഒരുമിച്ചിറങ്ങാം എന്ന് പറഞ്ഞു ഞാന്‍ ഡ്രസ്സ്‌ ചെയ്യാന്‍ തുടങ്ങി. ആന്‍റോ കുളിച്ച് വന്നപ്പോഴേക്കും സമയം 7.55 ആയി.


"നീ പൊയ്ക്കോ, ഞാന്‍ വന്നോളാം .." എന്നും പറഞ്ഞു അവന്‍ തയ്യാറാകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ നോട്ടുപുസ്തകങ്ങളുമായി ഇറങ്ങി. മെഡിക്കല്‍ കോളേജിലെ എന്‍റെ ആദ്യക്ലാസിലേക്ക്. ആദ്യദിവസം തന്നെ വൈകിയെത്തുന്നത്  ഐശ്വര്യക്കേട്‌ ആയതിനാല്‍ റൂം പൂട്ടി താക്കോല്‍ എടുക്കാന്‍ മറക്കരുതെന്നോര്‍മ്മിപ്പിച്ചു ഞാന്‍ ഓടി. ക്ലാസ് തുടങ്ങി മിനുട്ടുകള്‍ കഴിഞ്ഞിട്ടും ആന്‍റോ ക്ലാസില്‍ വന്നില്ല. വെളുത്തു ചുവന്നു തുടുത്തു സുന്ദരിയായ രാജശ്രീ മാഡത്തിന്‍റെ ഹിന്ദി കലര്‍ന്ന ഇംഗ്ലീഷില്‍ മനുഷ്യരക്തത്തിന്‍റെ അഴകളവുകള്‍ കേട്ട് പഠിക്കുമ്പോഴും എന്‍റെ മനസ്സ് ആന്‍റോയെ തേടുകയായിരുന്നു. തുടര്‍ന്ന് അനാട്ടമി ക്ലാസ്സിലെ ശവംകീറിപഠനസ്ഥലത്തും ഞാന്‍ അവനെ കണ്ടില്ല. ഒന്ന് വിളിച്ചന്വേഷിക്കാന്‍ അന്ന് ആരുടേയും കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ല. എല്ലാം കഴിഞ്ഞു ഉച്ചയൂണിനു ഹോസ്റ്റലില്‍ എത്തിയപ്പോള്‍ മുറി പുറത്തുനിന്നും കൊളുത്തിട്ടിട്ടുണ്ട്, പൂട്ടിയിട്ടില്ല. ആന്‍റോയുടെ സാധനങ്ങള്‍ അകത്തുണ്ട്. ആന്‍റോ ഇല്ല.


ഊണ് കഴിക്കാനുള്ള സമയം മാത്രമേ ഉള്ളു. ഉടനെ അടുത്ത ക്ലാസ് തുടങ്ങും. ചോറുണ്ട് ഉടനെ ക്ലാസ്സിലേക്കോടി. അപ്പോഴും മനസ്സിലെ തെളിച്ചം മങ്ങിയ ഇരട്ട സ്ക്രീനുകളില്‍ ഒന്നില്‍ ഞാന്‍ ആന്‍റോ ജോണിനെ അന്വേഷിക്കുകയായിരുന്നു.. ക്ലാസൊക്കെ കഴിഞ്ഞു വീണ്ടും ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു, ആന്‍റോ റാഗിംഗ് പേടിച്ചു വീട്ടില്‍ പോയിട്ടുണ്ടായിരിക്കും എന്ന്. ഇരുപത്തിനാല് മണിക്കൂര്‍ മുമ്പ് എന്നോടൊപ്പം ഈ പടി കയറി വന്ന ആന്‍റോയെ കാണാന്‍ ഇല്ലാ എന്ന് ഞാന്‍ സുഹൃത്തുക്കളെയും തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനെയും വിവരം അറിയിച്ചു. വാര്‍ഡന്‍ ആന്‍റോയുടെ വീട്ടില്‍ വിളിച്ചു. പക്ഷെ, ആന്‍റോ വീട്ടില്‍ എത്തിയിട്ടില്ല..!!


ആന്‍റോ എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിയില്ല. വീട്ടുകാരും പോലീസും സംശയദൃഷ്ടിയോടെ പലവട്ടം എന്നെ ചോദ്യം ചെയ്തു. പക്ഷെ അവര്‍ക്ക് ഉപയോഗമുള്ള വിവരങ്ങള്‍ ഒന്നും തന്നെ എന്‍റെ കയ്യില്‍ ഉണ്ടായിരുന്നില്ല. അപ്പോഴേക്കും ഞാന്‍ മറ്റൊരു മുറിയില്‍ മറ്റു രണ്ടു പേരോടൊപ്പം താമസം തുടങ്ങിയിരുന്നു. ഒരാഴ്ചയോളം കഴിഞ്ഞു ആരോ പറഞ്ഞറിഞ്ഞു, ആന്‍റോ കോഴിക്കോട് എവിടെയോ ഒളിവില്‍ കഴിയുക ആയിരുന്നു എന്ന്. തിരിച്ചു വിളിച്ചുകൊണ്ടുവന്നെങ്കിലും, വീട്ടുകാര്‍ എത്ര ശ്രമിച്ചിട്ടും കോളേജിലേക്ക് തിരിച്ചുവരാന്‍ അവന്‍ തയ്യാറായില്ല. പിന്നെയും കുറച്ചു നാള്‍ കഴിഞ്ഞു അവന്‍റെ അച്ഛന്‍ വന്നു ഹോസ്റ്റലില്‍ നിന്നും സാധനങ്ങള്‍ എടുത്തുകൊണ്ടുപോയി, അതും വാര്‍ഡന്‍ പറഞ്ഞാണറിയുന്നത്. മറ്റൊന്ന് കൂടി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരോ പറഞ്ഞറിഞ്ഞു, ആന്‍റോ ഇനി പഠിക്കാന്‍ പോകുന്നില്ലത്രേ.!!


വൈദ്യപഠനത്തിന്‍റെ ആദ്യനാളുകളിലെ വിശ്രമമില്ലാതെയുള്ള ഓട്ടപ്പാച്ചിലിനിടയില്‍ ആന്‍റോയെ പറ്റി അന്വേഷിക്കാന്‍ സമയം കിട്ടിയില്ല. പിന്നെ പതിയെ അവനെ അങ്ങ് മറന്നു.
ആദ്യ ദിവസം ഞങ്ങളെ മോക്ക്റാഗിംഗ് നടത്തി വിരട്ടിയ ആ 'ഭീകരന്‍', എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തും പിന്നീടുള്ള വര്‍ഷങ്ങളില്‍ എന്‍റെ സഹമുറിയനും ഒക്കെയായി മാറിയെന്നത് രസകരമായ യാദൃച്ഛികത തന്നെ. അന്ന് ആ കൂട്ടത്തിലുണ്ടായിരുന്നവര്‍ ഒക്കെയും ഇപ്പോഴും എന്‍റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ തന്നെ, ആന്‍റോ ജോണ്‍ ഒഴികെ.


വര്‍ഷങ്ങള്‍ കൊഴിഞ്ഞു. പഠനം കഴിഞ്ഞു. എല്ലാവരും പലവഴി പിരിഞ്ഞു.  വെറുമൊരു അരമുറി ഓര്‍മ്മയ്ക്കപ്പുറം വ്യക്തിപരമായി ആന്‍റോ ജോണിന് എന്‍റെ ജീവിതത്തില്‍ ഒട്ടുംതന്നെ സ്വാധീനം ചെലുത്താന്‍ സാധിക്കാത്തത് കൊണ്ടുകൂടി ആകണം ആ മുഖമോ അവനെ സംബന്ധിക്കുന്ന മറ്റെന്തെങ്കിലുമോ ഓര്‍ത്തെടുക്കാന്‍ എനിക്കിന്ന് കഴിയാത്തത്. പല സുഹൃത്തുക്കള്‍ വഴിയും, ഫേസ്ബുക്കിലൂടെയും ഒക്കെ ആന്‍റോയിലേക്കെത്താനുള്ള വഴികള്‍ ഞാന്‍ തേടി. ഒടുവില്‍ കോളേജിലെ പഴയ രജിസ്റ്ററില്‍ നിന്നും അവന്‍റെ അഡ്രെസ്സ് തേടിപ്പിടിച്ചു, ഒരു കത്തെഴുതി. കുറച്ചുനാളായെങ്കിലും, മറുപടിക്കായി ഇപ്പോഴും കാത്തിരിക്കുന്നു.


സത്യത്തില്‍ റാഗിങ്ങ് ഭയന്നിട്ടാണോ ആന്‍റോ അന്ന് നാടുവിട്ടത്? ആഗ്രഹിച്ചു പഠിച്ചു മികച്ച റാങ്കും വാങ്ങി ഡോക്ടര്‍ ആകാന്‍ വന്നവന്‍ ആ ഒരൊറ്റ രാത്രികൊണ്ട് അതെല്ലാം വേണ്ടാന്നു വയ്ക്കാന്‍ മാത്രം കാരണം മറ്റെന്തെങ്കിലും ആയിരിക്കും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അങ്ങനെ എങ്കില്‍ അതെന്തായിരിക്കും? അന്ന് എനിക്ക് ഏതെങ്കിലും വിധത്തില്‍ ഈ വിഷയത്തില്‍ ഇടപെട്ട് അവനെ തിരികെ കൊണ്ടുവരാന്‍ കഴിയുമായിരുന്നോ?!  ഒരു മെഡിക്കല്‍ സീറ്റ്‌ നഷ്ടപ്പെടുത്തിയതിന് സര്‍ക്കാര്‍ അവനില്‍ നിന്നും നഷ്ടപരിഹാരം വാങ്ങിക്കാണുമോ..? ഒരുപക്ഷെ ഇതിനൊക്കെ ഉത്തരം തരാന്‍ കഴിയുന്ന ഒരേ ഒരാള്‍ ആന്‍റോ ജോണ്‍ മാത്രമായിരിക്കും.


ഓര്‍മ്മകള്‍ക്കും മറവിക്കും ഒരേ ഭാഷയും ഒരേ ശബ്ദങ്ങളുമാണ്. ഗുരുതരമായ അക്ഷരത്തെറ്റ് വന്നു എഴുതിയവന് പോലും തിരിച്ചറിയാനാവാത്തവിധം വികൃതമായ ഓര്‍മ്മകള്‍ തന്നെയാണ് മറവി. ഒരു ഓര്‍മ്മത്തെറ്റ്‌.
അതെ, ആ പേരിനും ഈ ഓര്‍മ്മകള്‍ക്കും അപ്പുറം ആന്‍റോ എനിക്കപരിചിതനാണ്.  മനപ്പൂര്‍വമായൊരു ഓര്‍മ്മത്തെറ്റ്‌. ഇന്നിതെഴുതുമ്പോള്‍ അന്ന് ആന്‍റോയെ മറന്നു, ആ സംഭവങ്ങള്‍ എല്ലാം മറന്നു സ്വാര്‍ത്ഥനായി എന്നിലേക്ക് മാത്രം ഒതുങ്ങി കഴിഞ്ഞിരുന്ന എന്നെത്തന്നെയും എനിക്കൊരപരിചിതനായി തോന്നുന്നു.

ആന്‍റോയുടെ അപരിചിതനായ സഹമുറിയന്‍.!!

26 comments:

 1. ആദ്യ സഹമുറിയനെ കുറിച്ചുള്ള നര്‍മ്മം മേമ്പൊടി ചെര്‍ത്തിട്ടും നൊമ്പരം തെളിഞ്ഞു നില്‍ക്കുന്ന ഈ കുറിപ്പ് മനോജിന്റെ എഴുത്തിന്റെ കയ്യടക്കവും ഭാഷയുടെ ലാളിത്യവും കൊണ്ട് എന്റെ മനസ്സിലേക്ക് ചേക്കേറി. അതൊരു റാഗിംഗ് അല്ല എന്നറിഞ്ഞിട്ടും ആന്റോക്ക് ആഘാതത്തില്‍ നിന്ന് കരകയറാനായില്ല എന്ന് വേണം വിശ്വസിക്കാന്‍. ഒരു ദിവസം മാത്രം നീണ്ടു നിന്ന സൌഹൃദത്തിന് ഇത്രയും സ്വാധീനം ഉണ്ടാക്കിയെന്കില്‍ വര്‍ഷങ്ങള്‍ മനോജിന്റെ കൂടെ ഉള്ളവരെ കുറിച്ച് എന്തൊക്കെ എഴുതും. നര്‍മ്മം താങ്കള്‍ക്ക് വഴങ്ങില്ല എന്നൊരു മിഥ്യാധാരണ ഉണ്ടായിരുന്നു അത് പോയികിട്ടി. അങ്ങിനെ എന്റെ എന്തൊക്കെ ധാരണകള്‍ ഡോക്ടര്‍ പോളിച്ചടക്കാന്‍ പോകുന്നു അല്ലെ. നല്ല എഴുത്ത് ഡോക്ടര്‍. സ്നേഹത്തോടെ...

  ReplyDelete
 2. ഒരുമാത്ര കണ്ട ഒരാളെ ഡോക്ടര്‍ ഓര്‍ത്തിരിക്കുന്നത് തന്നെ വലിയ കാര്യമാണ്.
  ഹോസ്റല്‍ ജീവിതത്തിലെ പലതും ഓര്‍മ്മിപ്പിച്ച പോസ്റ്റ്‌. മനോഹരമായ ഭാഷയില്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.

  ReplyDelete
 3. ഓരോ ജീവിതഗതികള്‍. അത്രയേ പറയേണ്ടു.

  ReplyDelete
 4. മെഡിക്കൽ ബിരുദത്തിനു ചേർന്ന് പഠനം തുടരാതെ തിരിച്ചുപോന്ന ചിലരെ എനിക്കറിയാം - ക്ളാസ് പോലും അറ്റൻഡ് ചെയ്യാതെ തിരിച്ചുപോയ ആ കൂട്ടുകാരന്റെ പ്രവൃത്തി ദുരൂഹമായിരിക്കുന്നു..... എന്നെങ്കിലും നിങ്ങൾ തമ്മിൽ കാണുമെന്ന് വിശ്വസിക്കുന്നു.....

  നന്നായി അവതരിപ്പിച്ചു......

  ReplyDelete
 5. ആന്‍റോയുടെ നെഞ്ചിന്‍കൂട് ബലാല്‍സംഗത്തിനു ഉമ്മറിന്‍റെ മുന്നില്‍ നിന്നുകൊടുക്കുന്ന ജയഭാരതിയുടേത് പോലെ ആവശ്യത്തിലധികം പൊങ്ങുകയും താഴുകയും ചെയ്തു.

  ദുരൂഹമായ അപ്രത്യക്ഷമാകല്‍. എങ്ങിനെ വേണമെങ്കിലും സംശയിക്കാവുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.
  വളരെ രസമായി അവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete
 6. എന്നെങ്കിലും ആന്‍റോയെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാം... എഴുത്ത് നന്നായിട്ടോ

  ReplyDelete
 7. ഗതിമാറി ഒഴുകുന്ന നദികള്‍...
  അറിയാതെ പിരിഞ്ഞുപോയമ്പോഴുണ്ടാകുന്ന മനസ്സിലെ നൊമ്പരം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.
  ആശംസകള്‍ ഡോക്ടര്‍

  ReplyDelete
 8. ആന്റൊയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണങ്കില്‍ തീര്‍ച്ചയായും ഡോക്ടര്‍ ഒരു കുറിപ്പ് കൂടി എഴുതണം അയാള്‍ മിസ്സിംഗ് ആയതിനു ശേഷമുള്ള കാരണം മനോജ്‌ പറയുന്നത് പോലെ തന്നെ പലതാവാം,കയ്യില്‍ ഉള്ള ആ അഡ്രസ്സ് വെച്ച് ഒന്ന് അന്വേഷിച്ചുകൂടെ ? നന്നായി എഴുതി.

  ReplyDelete
 9. വാഹ്.. ഹൃദയത്തിൽ തട്ടുന്ന എഴുത്ത്..

  ആന്റോ മറുപടി എഴുതുമെന്ന്, അല്ലെങ്കിൽ പലരിൽ നിന്നും കറങ്ങി ഒടുവിൽ ഈ പോസ്റ്റ്‌ ആന്റോയിൽ എത്തുമെന്നും,ഒടുവിൽ ഒരു കമന്റിന്റെ പ്രൊഫൈൽ ഫോട്ടോയിൽ മീശ വളർന്ന ആന്റോ വരുമെന്നും ആഗ്രഹിച്ചു പോകുന്നു. :)

  ReplyDelete
 10. മനസ്സില് തട്ടിയ അവതരണം.. ആശംസകൾ..

  ReplyDelete
 11. വല്ലാത്തൊരു ദുഖമാണ് ഈ പോസ്റ്റ് തന്നത്.എത്ര കഷ്ടപ്പെട്ടാലാണ് ഒരു മെഡിക്കല്‍ സീറ്റ് കിട്ടുക. അതും സീറ്റ് കുറവുള്ള അന്നത്തെ കാലത്ത്. പാവം കുട്ടി.

  ReplyDelete
 12. നല്ല കുറിപ്പ് ഡോക്ടർ .

  ഒരു ചിരിയും അതേപോലെ ചെറിയൊരു നൊമ്പരവും ഉള്ള അനുഭവം .

  ആന്റോ ഒരിക്കൽ ചിരിച്ചു കൊണ്ട് മുന്നിൽ നിൽക്കും .

  ReplyDelete
 13. "ഓർമ്മകൾ ഓർമ്മകൾ
  ഓലോലം തകരുമീ തീരങ്ങളിൽ
  ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ
  മറക്കാനെളുതാമോ !"
  ......................................................
  ആന്റോ ജോണിന്റെ ഒരു മുഖം
  എന്റെ മനസ്സില് സൃഷ്ടിക്കപ്പെട്ടു !
  അത് നിന്റെ സഹ-മുറിയൻ ആന്റോ തന്നെ ആണോ?
  എനിക്കറിയില്ല !
  ...................................
  പക്ഷെ വരും ഒരിക്കൽ
  ആന്റോ
  ഈ ദുരൂഹത ഒക്കെ പൊളിച്ചടുക്കാൻ
  വരാതിരിക്കില്ല!!

  ReplyDelete
 14. ആന്റോ ജോണ്‍ ഇത് കാണട്ടെ...
  ഹൃദയസ്പര്‍ശിയായ കുറിപ്പ്...

  ReplyDelete
 15. Nannayittundu...
  Anto varum..ente manasu parayunnu..
  😃

  ReplyDelete
 16. തമാശ പോലും ചിലർക്ക് താങ്ങാനാവില്ല ..
  പിന്നെ മനസ്സ് പാകപ്പെട്ടു വരണം.പാകപ്പെട്ടു കഴിഞ്ഞാൽ ജീവിതത്തിൽ അവനെ തളര്താനാവില്ല..ആന്റോ ഏതോ വിജയ തീരതുണ്ട് .അത് ഒരു പക്ഷെ അവൻ പോലും സ്വപ്നത്തിൽ കണാതിടം തന്നെയാവും ..അവൻ നിങ്ങളെ തേടി വരും .ഓർമ്മകൾ മരിക്കരുതല്ലോ ...
  ഇത്തരമൊരു അനുഭവമുണ്ടെന്ന് കൂട്ടിക്കൊളുട്ടോ..

  ReplyDelete
 17. സമ്മർദ്ദങ്ങൾ താങ്ങാൻ കെൽപ്പില്ലാത്തവർക്ക് ഒളിച്ചോടാനേ കഴിയൂ.

  ReplyDelete
 18. Good. .....heart touching narrations......congrats

  ReplyDelete
 19. ഒരു പഴയ ചിരിയും ഒപ്പം നൊമ്പരവും....

  ReplyDelete
 20. ആൻ്റേ ജോൺ മറുപടി എഴുതും എന്ന് പ്രതീക്ഷിക്കുന്നു...

  ReplyDelete
 21. തുടക്കം ഏതൊരു എഴുത്തുകാരനോടും കിട പിടിയ്ക്കുന്ന രീതിയിൽ.
  ബാക്കി വാക്കുകളുടെ അനുസ്യൂതപ്രവാഹം....താങ്കൾ നൊല്ലൊരു എഴുത്തുകാരനാണു ഡോക്ടർ!!

  ആന്റോയെ കണ്ടുപിടിയ്ക്കാൻ കഴിയുമെന്ന് കരുതുന്നു.

  ReplyDelete
 22. തുടക്കം എത്ര ഗംഭീരം.വാക്കുകളുടെ ഒരു മായജാലം തന്നെ.

  ആന്റൊയെ കണ്ടുപിടിയ്ക്കാൻ കഴിയട്ടെന്ന് ആശംസിയ്ക്കുന്നു.

  ReplyDelete