Tuesday, 22 July 2014

ചില നട്ടെല്ല് ചിന്തകള്‍ (ആരോഗ്യം)

നടുവേദന, കഴുത്തുവേദന, ഇരിക്കാന്‍ വയ്യ , നിക്കാന്‍ വയ്യ, ഇരുന്നാല്‍ എണീക്കാന്‍ വയ്യ, നടക്കാന്‍ വയ്യ തുടങ്ങിയ പ്രായമായവരില്‍ മാത്രം കണ്ടിരുന്ന നിരവധി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഇന്ന് ചെറുപ്പക്കാരില്‍ പോലും സുലഭം. പക്ഷെ ഇവരാരും തന്നെ മണ്‍വെട്ടിയെടുത്ത് കിളക്കുന്നവരോ, തെങ്ങുകയറ്റക്കാരോ ഒന്നും അല്ല. മിക്കവരും അധികം മേലനങ്ങാതെ ജീവിക്കുന്നവര്‍ ആണ്.


സ്കൂളില്‍ എന്‍റെ സഹപാഠിയായിരുന്ന രാജി ഇടയ്ക്കിടയ്ക്ക് നടുവേദന വരുന്നു, കാലില്‍ പെരുപ്പുണ്ട് എന്നൊക്കെ പറഞ്ഞു വിളിക്കാറുണ്ടായിരുന്നു.  അതുപോലെ സ്കൂളില്‍ പഠിപ്പിച്ചിരുന്ന എന്‍റെ പഴയ ടീച്ചര്‍ക്ക് കഴുത്തിലായിരുന്നു വേദന. അത് വലത് കയ്യിലേക്കും വ്യാപിക്കുന്നുണ്ടായിരുന്നു. രണ്ടുപേര്‍ക്കും  എം.ആര്‍.ഐ.സ്കാന്‍ ചെയ്തപ്പോള്‍, രാജിക്ക് നടുവിലും, ടീച്ചര്‍ക്ക് കഴുത്തിലും രണ്ടു സ്ഥലങ്ങളില്‍ നട്ടെല്ലിന്‍റെ ഭാഗമായ ഡിസ്ക് പുറത്തേക്ക് തള്ളിയിട്ടുള്ളതായി കണ്ടെത്തി. നടുവിലോ കഴുത്തിലോ ഉണ്ടാകുന്ന വേദനകളുടെ ഏറ്റവും പ്രധാനകാരണം ഈ പറഞ്ഞ "ഡിസ്ക് പ്രോട്രുഷന്‍" ആണ്.


നാലുകാലില്‍ നടന്നിരുന്ന നമ്മള്‍ ഇരുകാലികളായി മാറിയപ്പോള്‍ ഏറ്റവും അധികം പരിണാമം സംഭവിച്ചത് നട്ടെല്ലിനാണ്. വിവിധ വലിപ്പത്തിലും പ്രകൃതത്തിലും ഉള്ള ഇരുപത്തിയാറ് കശേരുക്കള്‍ (VERTEBRA) ഒന്നിന് മുകളില്‍ ഒന്നായി അടുക്കിവച്ചുണ്ടാക്കിയ അല്പസ്വല്പം വളവും തിരിവുമൊക്കെയുള്ള ഒരു മുളവടി പോലെയാണ് നമ്മുടെ നട്ടെല്ല്. ഈ കശേരുക്കള്‍ക്കിടയില്‍ അല്പം മൃദുവായ ഡിസ്ക്കുകളും ഉണ്ട്. അതുള്ളത് കൊണ്ടാണ് നമുക്ക് മുന്നിലേക്കും പിന്നിലേക്കും വശങ്ങളിലേക്കുമൊക്കെ നട്ടെല്ലുവളയ്ക്കാന്‍ പറ്റുന്നത്. ഈ ഡിസ്ക് കാര്‍ട്ടിലേജ് എന്ന് പറയുന്ന വസ്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിന്‍റെ പുറന്തോട് കട്ടിയുള്ളതും (ANNULUS FIBROSUS)  അകഭാഗം മൃദുവായതും ( NUCLEUS PULPOSUS)ആണ്.
എന്തെങ്കിലും കാരണത്താല്‍ ആനുലസില്‍ പൊട്ടലോ വിള്ളലോ ഉണ്ടായാല്‍ അകത്തുള്ള ന്യൂക്ളിയസ് പുറത്തേക്ക് തള്ളി വരാം. ഇതിനെയാണ് IVDP (INTERVERTEBRAL DISC PROLAPSE) എന്ന് പറയുന്നത്. രാജിക്കും ടീച്ചര്‍ക്കും ഇതേ അസുഖം ആയിരുന്നു. രാജി കുറച്ചുദിവസം വേദനസംഹാരികളും മറ്റും കഴിക്കുകയും ഫിസിയോതെറാപ്പി ചെയ്തും രോഗത്തിന്‍റെ അസ്വസ്ഥതകളില്‍ നിന്നും മുക്തയായി. പക്ഷെ ടീച്ചര്‍ക്ക് 'ഡിസ്കെക്റ്റമി' എന്ന ശസ്ത്രക്രിയ തന്നെ വേണ്ടി വന്നു. പക്ഷെ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ, പഴയപോലെ കുനിഞ്ഞു ചോക്കെടുക്കാനും, കൈ ഉയര്‍ത്തി ബോര്‍ഡില്‍ എഴുതാനും ഒക്കെ നിഷ്പ്രയാസം സാധിക്കുന്നു.


നമ്മള്‍ മിക്കപ്പോഴും നട്ടെല്ലിനു ചാര്‍ത്തിക്കൊടുക്കുന്ന ഒരു ആലങ്കാരികതയാണ് 'ആരുടെ മുന്നിലും വളയാത്ത നട്ടെല്ല്' എന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ എല്ലാവരുടെയും നട്ടെല്ലിനു നാല് വളവുകള്‍ ഉണ്ട്. അതുള്ളത് കൊണ്ടാണ് നമുക്ക് ഇതുപോലെ നടക്കാനും ഇരിക്കാനും കിടക്കാനും ഒക്കെ കഴിയുന്നത്. ചിലര്‍ക്ക് നട്ടെല്ലിന്‍റെ ഏതെങ്കിലും ഭാഗത്ത് കുറച്ചു കശേരുക്കള്‍ ചേര്‍ന്നു വശങ്ങളിലേക്കും വളഞ്ഞിട്ടുണ്ടായിരിക്കും. ഇങ്ങനെ നട്ടെല്ല് വശങ്ങളിലേക്ക് വളയുന്ന അവസ്ഥയ്ക്ക് പറയുന്നത് "സ്കോളിയോസിസ് (SCOLIOSIS)" എന്നാണ്. അതുപോലെ നട്ടെല്ല് അസാധാരണമായി പുറകിലേയ്ക്കും വളയാം. ഇതിനു കൈഫോസിസ് (KYPHOSIS) എന്നും പറയും. ഇങ്ങനെ നട്ടെല്ലിനു ആകൃതിയില്‍ വ്യത്യാസം ഉള്ളവര്‍ നടുവിന് ആയാസം ഉണ്ടാകുന്ന കാര്യങ്ങള്‍ (അധികനേരം തുടര്‍ച്ചയായി ഇരിക്കുക, ദീര്‍ഘദൂര ബൈക്ക് യാത്ര, ഭാരം ഉയര്‍ത്തുക തുടങ്ങിയവ) ചെയ്യുമ്പോള്‍ നടുവേദനയും, നട്ടെല്ലിനു ചുറ്റും കഴപ്പും ഒക്കെ തോന്നാം. നടുവിന്‍റെ ആയാസം കുറക്കാനുള്ള ചില വ്യായാമമുറകള്‍, ഫിസിയോതെറാപ്പി എന്നിവ കൊണ്ട് ഈ ബുദ്ധിമുട്ടുകള്‍ മാറാവുന്നതെ ഉള്ളു. ആ വളവ് അധികമാണെങ്കില്‍ ശസ്ത്രക്രിയതന്നെ വേണ്ടി വരാം.
നട്ടെല്ലിന്‍റെ അധികം അനങ്ങുന്ന ഭാഗങ്ങള്‍ കഴുത്തിലെയും, ഇടുപ്പിന്‍റെ ഭാഗത്തെയും കശേരുക്കള്‍ ആയതിനാലാണ് കൂടുതലും ബുദ്ധിമുട്ടുകള്‍ ആ ഭാഗങ്ങളില്‍ വരുന്നത്. ഡിസ്ക് സംബന്ധമായതോ, ആകൃതിയിലെ പ്രശ്നങ്ങളോ മാത്രമല്ല നടുവേദനക്ക് കാരണം. പ്രായമായവരില്‍ ഈ ഭാഗങ്ങളില്‍ തേയ്മാനം വരികയും, തത്ഫലമായി സുഷുമ്നാനാഡിയുടെയോ, അതില്‍ നിന്നും പുറത്തേക്ക് വരുന്ന മറ്റു ഞരമ്പുകളുടെയോ സഞ്ചാരപാത ഇടുങ്ങിയതാകുന്നതും (CANAL STENOSIS) വേദനയ്ക്ക് കാരണം ആകാറുണ്ട്. ഈ അവസ്ഥയ്ക്കും രോഗത്തിന്‍റെ തീവ്രത അനുസരിച്ച് ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടി വരാറുണ്ട്. ചിലര്‍ക്ക് അധികനാള്‍ ബെല്‍റ്റോ കോളറോ ധരിച്ചും വേദനകളില്‍ നിന്നും ആശ്വാസം കണ്ടെത്താവുന്നതാണ്.


നടുവിനെ ബാധിക്കുന്ന ക്ഷയം, കാന്‍സര്‍ എന്നിവയും അത്ര അസാധാരണം അല്ല നമുക്കിടയില്‍. ഇവയും നടുവേദനയും കൈകാല്‍ പെരുപ്പുമൊക്കെയായി തന്നെയാണ് തുടങ്ങുന്നത് എങ്കിലും രോഗം ദിവസം തോറും കൂടിവരികയും മൂത്രതടസം, കാലുകള്‍ക്ക് ബലക്ഷയം എന്നിവയും ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. മിക്കപ്പോഴും ശസ്ത്രക്രിയയും, ദീര്‍ഘനാളത്തെ വിശ്രമവും ഈ രോഗികള്‍ക്ക് വേണ്ടിവരും.


നട്ടെല്ലിലൊക്കെ ഓപറേഷന്‍ ചെയ്യുന്നു, എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ഒരു ഭയമാണ്. എന്നാല്‍ മറ്റേതൊരു ശസ്ത്രക്രിയയും പോലെ മാത്രമേ ഉള്ളു ഇതും. ഇന്നിപ്പോ അതൊക്കെ തന്നെയും "കീഹോള്‍" വഴി ആയതിനാല്‍ പിറ്റേദിവസം മുതല്‍ രോഗിക്ക് എണീറ്റ് നടക്കാനും, മൂന്നോ നാലോ ദിവസത്തിനകം ആശുപത്രി വിടാനും കഴിയും.


മേല്‍പറഞ്ഞവയേക്കാള്‍ നമ്മുടെ ചെറുപ്പക്കാരില്‍ ഇന്ന് കൂടുതലായി കാണുന്ന നടുവേദനയ്ക്ക് പ്രധാനകാരണം കൂടുതലും ജീവിതചര്യയിലെ പ്രശ്നങ്ങളാണ്, പ്രത്യേകിച്ചും ഐ.ടി. മേഖലയിലെ യുവാക്കളില്‍. ഇങ്ങനെ ഉണ്ടാകുന്ന അസ്വാസ്ഥ്യങ്ങള്‍ ഒഴിവാക്കാന്‍ സാധാരണയായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ മാത്രം സൂചിപ്പിച്ചുകൊണ്ട് ലേഖനം അവസാനിപ്പിക്കാം.


1.നടത്തം, ഓട്ടം, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങള്‍ ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും ചെയ്യണം.


2. ശരിയായ രീതിയില്‍ അല്ലാതെയുള്ള ഇരിപ്പ്, കിടപ്പ്, ഭാരമുയര്‍ത്തല്‍ (പ്രത്യേകിച്ചും ജിമ്മിലൊക്കെ പോകുന്നവര്‍) എന്നിവ ഒഴിവാക്കണം.


3.ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തുമ്പോള്‍ , അത് ശരീരത്തോട് ചേര്‍ത്ത് പിടിച്ച്, വയര്‍ മുറുക്കിയും മുതുക് നിവര്‍ത്തിയും വേണം അത് ചെയ്യാന്‍. ഭാരം ശരീരത്തിന്‍റെ ഒരു ഭാഗത്ത് വരുന്ന രീതിയില്‍ ഉയര്‍ത്താന്‍ പാടില്ല.


4.ദീര്‍ഘനേരം ഒരിടത്തും ഇരിക്കാതിരിക്കുക. ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് നടക്കണം. ഇരിക്കുമ്പോള്‍ കാല്‍മുട്ടുകളും നിതംബവും ശരിയായ രീതിയില്‍ ആയിരിക്കണം.


5.താഴ്ന്നുപോകാത്ത, ദൃഡതയുള്ള കിടക്ക വേണം ഉപയോഗിക്കാന്‍, മുതുകിനെ സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലുള്ളത്.


6.അമിതവണ്ണവും പുകവലിയും മാനസികപിരിമുറുക്കങ്ങളും നടുവേദനയ്ക്ക് കാരണമാകും എന്നും മറക്കരുത്.

അതുകൊണ്ട്, ശരിയായ ജീവിതചര്യകളിലൂടെ നട്ടെല്ലിനു അത് അര്‍ഹിക്കുന്ന പരിഗണനയും പരിചരണവും നല്‍കി, ജീവിതത്തിലും ഒരു രോഗത്തിന്‍റെ മുന്നിലും വളയാത്ത നട്ടെല്ലോടെ ജീവിക്കൂ.. മറ്റുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കൂ..


     

ആരോഗ്യപത്മം മാസിക , ജൂലൈ 2014

തുടർന്ന് വായിക്കുക...