ഒരു പച്ച പട്ടുപാവാടയുണ്ടായിരുന്നു അവള്‍ക്ക്. മുമ്പ് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും കല്ലുവാരന്തോട് കരമനയാറ്റില്‍ ചേരുന്ന മുനമ്പിലെ കൈതക്കാട് പോലെ തിളങ്ങുന്ന ആ പച്ചയില്‍ അന്ന് അവളെ കണ്ട നിമിഷം, അക്കാലം വരെ പെണ്‍കുട്ടികളുടെ പുറകെ നടക്കുന്നത് എന്തോ കുറച്ചിലായി കണ്ടിരുന്ന ഞാന്‍ ഒറ്റ സെക്കന്റില്‍ ആ തീരുമാനം മാറ്റി. ആള് സ്കൂളിലെ തന്നെ വലിയ സുന്ദരിയൊക്കെ ആയിരുന്നിട്ടും അതുവരെ ആരുടേയും ചൂണ്ടയില്‍ കുടുങ്ങിയിട്ടുണ്ടായിരുന്നില്ല.. :)
പിന്നങ്ങോട്ട് വെള്ളനാട് സ്കൂളിലെ +2 ബ്ലോക്കിന്റെ വരാന്തയിലൂടെ, കാറ്റേറ്റാല്‍ പോലും കയ്ക്കുന്ന കാഞ്ഞിരമരത്തിന്റെ മധുരിക്കുന്ന തണലിലൂടെ അവള്‍ക്ക് പിന്നാലെ കുറുകിക്കുറുകി നടന്ന ദിനങ്ങള്‍. കുളത്തില്‍ ചൂണ്ടയിട്ടും തോര്‍ത്തില്‍ മീനരിച്ചും ഉണ്ടാക്കിയ അനുഭവസമ്പത്തൊന്നും അവളുടെ അടുത്ത് വിലപോയില്ല. പിന്നവസാനം....(മോഹന്‍ലാല്‍ വന്ദനത്തില്‍ ഗാഥയുടെ പുറകെ നടക്കുന്നതിലും ലെങ്തി ആയതിനാല്‍ ഇവിടെ എഴുതി ബോറടിപ്പിക്കുന്നില്ല.. :) )
ഒടുവില്‍, അനുരാഗത്തിന്റെ സുന്ദരസുരഭില ദിനങ്ങള്‍.. സ്കൂളിലെ മറ്റുള്ളവരുടെ ക്ലീഷേ പ്രണയങ്ങളില്‍ നിന്നും എന്തെങ്കിലും വെറൈറ്റി നമ്മുടെ പ്രണയത്തിനു വേണം എന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു. അടുത്ത വീട്ടില്‍ ഒരു മഞ്ചാടിമരം ഉണ്ടായിരുന്നു. ചുമന്നു തിളങ്ങുന്ന മഞ്ചാടി മണികളെക്കാള്‍ പ്രണയം വിങ്ങുന്ന മനസ്സിനെ പ്രതിഫലിപ്പിക്കാന്‍ വേറെന്തുണ്ട്. അങ്ങനെ ദിവസവും അഞ്ചു മഞ്ചാടിമണികള്‍ വീതം ഞാനവള്‍ക്ക് കൊടുത്തുകൊണ്ട് ഓരോ ദിവസത്തെയും ഞങ്ങളുടെ പ്രണയത്തെ ലോകത്തിലെ ഒരേയൊരു സത്യമാക്കി മാറ്റി. അതെ, ഈ ഭൂമിയിൽ മറ്റൊന്നും തന്നെ സംഭവിക്കുന്നില്ലായിരുന്നു. പകൽ മായുന്നില്ല. സൂര്യനുദിക്കുന്നില്ല, അസ്തമിക്കുന്നില്ല. മഴ പെയ്യുന്നില്ല. എന്തിന് കാറ്റും കിളികളും വാഹനങ്ങളും അമ്പലമണികൾ പോലും നിശ്ചലമായിരുന്നു അക്കാലത്ത്. ഒരു ദിവസം പോലും മുടങ്ങാതെ, അവധി ദിനങ്ങളില്‍ പോലും മഞ്ചാടി മണികള്‍ അവളുടെ കയ്യില്‍ എത്തിക്കൊണ്ടിരുന്നു. നമ്മുടെ പ്രണയത്തിനു പിന്തുണയെന്നോണം മരം മഞ്ചാടിമഴ തന്നെ പെയ്തു.
അവളത് ഒരു പ്ലാസ്റ്റിക് ഡപ്പിയില്‍ സൂക്ഷിച്ചു. ക്ലാസ്സിന്റെ ഓരോ ഇടവേളകളിലും, വീട്ടില്‍ ആരും കാണാതെയും വെറുതെ അതിന്റെ എണ്ണമെടുത്തു സ്വപ്നജീവിയായി. എന്തുകൊണ്ട് അഞ്ചെണ്ണം എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. എന്തിന് എന്റെ കുഞ്ഞമ്മ വരെ.. :) പക്ഷെ അതിനു പിന്നിലെ രഹസ്യം അവളോട് പോലും പറഞ്ഞിട്ടില്ല. അതിപ്പോഴും രഹസ്യം. പ്രണയിനി പോലും അറിയാത്ത പ്രണയരഹസ്യം.
ആ രഹസ്യം പോലെ, അവള്‍ക്കറിയാത്ത മറ്റൊരു രഹസ്യം കൂടിയുണ്ട്. ഒരു സുന്ദരിപ്പാവക്കുള്ളില് (വെള്ളനാട് അമ്പലത്തിലെ ഉത്സവത്തിന് വാങ്ങിയത്) അന്നു ഞാന്‍ ശേഖരിച്ച മഞ്ചാടി മണികളില്‍ അവള്‍ക്ക് നല്കിയ ശേഷം ബാക്കിയുള്ളവ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ചരിച്ചു വച്ചാല്‍ കണ്ണടയ്ക്കുകയും നിവര്ത്തുമ്പോള് കണ്ണ് തുറക്കുകയും ചെയ്യുന്ന നീല ഫ്രോക്കിട്ട പാവ. :) ഞാനിപ്പോഴും ഇടയ്ക്കൊക്കെ അതെടുത്ത് വെറുതെ നോക്കും. വെറും വെറുതെ. എന്നിട്ട് പൊടിയടിക്കാതെ പ്ലാസ്റ്റിക് കവറിലാക്കി തിരികെ വക്കും.
അതിനകത്തിപ്പോള്‍ എത്ര മഞ്ചാടി മണികളുണ്ടെന്നോ? ഹ.. ഹ.. പ്രണയമണിമുത്തുകള്‍ എണ്ണാന്‍ കഴിയുമോ? <3 <3
No comments:
Post a Comment