ആരാച്ചാര്‍- കെ.ആര്.മീര
പ്രസാധനം-ഡി.സി.ബുക്സ്
വില- 275
552 പേജുകള്‍
മുമ്പെവിടെയോ വായിച്ചതാണ്, നമ്മുടെ നൂറ്റാണ്ടിലെ രണ്ടോമൂന്നോ സാഹിത്യ തലമുറകളെ വേര്‍തിരിച്ചറിയാനുള്ള ഏറ്റവും നല്ല മാര്‍ഗം മരണമെന്ന യാഥാര്‍ഥ്യത്തോട് അവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കലായിരിക്കും എന്ന്. മരണത്തിനു നേര്‍ക്കുള്ള ഒരു കലാകാരന്റെ മനോഭാവത്തില്‍ നിന്ന് പ്രാതിഭാസികപ്രപഞ്ചവുമായുള്ള അയാളുടെ മൊത്തം ബന്ധങ്ങള്‍ നമുക്ക് മനസ്സിലാക്കാനാകും. അസ്ഥിത്വത്തിന്റെ പരമമായ ചില മുഹൂര്‍ത്തങ്ങളുമായി അയാള്‍ക്കുള്ള ബന്ധത്തിന്റെസ്വഭാവവും ഇതില്‍ നിന്നും തെളിഞ്ഞുകിട്ടും. തുടക്കം മുതല്‍ ഒടുക്കം വരെ മരണത്തെ നിശ്വാസവായുവിലെ സുഖമുള്ള ചൂടുപോലെ കൂടെ നടത്തുന്ന ഒരു നോവല്‍ ഇതിനുമുമ്പ് വായിച്ചിട്ടുള്ളതായി ഓര്‍മ്മയില്ല. മരണമെന്ന സുനിശ്ചിതവും അത്രതന്നെ അനിശ്ചിതവുമായ സത്യത്തെ, ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും മരണം കൊണ്ടുജീവിക്കുന്ന 'ആരാച്ചാര്‍'മാരെ, മനുഷ്യന്റെ സഹജമായ പരവൃത്താന്തദാഹത്തെ, അതിനെ ചൂഷണം ചെയ്യുന്ന മാധ്യമമാത്സര്യങ്ങളെ, ആദികാലം മുതല്‍ തുടങ്ങി ഇന്നും തുടരുന്ന ലൈംഗിക അപചയങ്ങളെ, ഭരണകൂട നായാട്ടിനെ, പാര്‍ശ്വവല്‍കരണത്തെ എല്ലാം അക്ഷരങ്ങളുടെ ഒരൊറ്റ കുടുക്കില്‍ ബന്ധിച്ച് വായനയുടെ നിലവറയിലേക്ക് എറിഞ്ഞു തന്നിരിക്കുകയാണ് "ആരാച്ചാര്‍" എന്ന നോവലില്‍ കെ.ആര്.മീര.
ക്രിസ്തുവിനും 400 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഭാരതമോ, ഇന്നത്തെ കൊല്‍ക്കത്തയോ ഉണ്ടാകുന്നതിനു മുമ്പ്, നീതിനിര്‍വഹണത്തിന്റെ ഒഴിവാക്കാനാകാത്ത കണ്ണിയായി ഉണ്ടായി വന്ന ആരാച്ചാര്‍ കുലത്തിന്റെ അവസാനകണ്ണികളാണ് ഫൊണിഭൂഷണ്‍ ഗൃദ്ദാമല്ലിക്കും മകള്‍ ചേതന ഗൃദ്ദാമല്ലിക്കും കുടുംബവും. ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന വെള്ളത്തിലും, മുഴങ്ങുന്ന ഓരോ ശബ്ദത്തിലും മരണം മാത്രം അനുഭവവേദ്യമാകുന്ന നീംതലഘാട്ടിനും സ്ട്രാണ്ട് റോഡിനും സമീപത്താണ് മരണമില്ലാത്ത ദാരിദ്ര്യവും ദുരന്തങ്ങളും കഥപറയുന്ന അവരുടെ വീട്. സഹസ്രാബ്ദങ്ങളുടെ പാപം മുഴുവന്‍ ഏറ്റുവാങ്ങി കറുത്ത ഗംഗയും സമീപം. എണ്‍പത്തഞ്ചുകാരനായ അച്ഛന് പിന്‍ഗാമിയായി ആരാച്ചാര്‍ ആകേണ്ടിവരുന്ന ചേതന എന്ന ഇരുപത്തിരണ്ടുകാരിയുടെയും അവളുടെ അതിജീവനത്തിന്റെയും കഥയാണ് ആരാച്ചാര്‍.
ഈ നോവല്‍ ഒരു പത്തോ ഇരുപതോ വര്‍ഷംമുമ്പ് എഴുതപ്പെട്ടിരുന്നെങ്കിലും ആരാച്ചാരുടെ കഥയില്‍ കാര്യമായമാറ്റം വരുമായിരുന്നില്ല എന്നാണ് തോന്നിയത്. പക്ഷെ സഞ്ജീവ് കുമാര്‍ മിത്രയെന്ന മാധ്യമപ്രവര്ത്തകനിലൂടെയും അയാളുടെ സി.എന്‍.സി.ചാനലിലൂടെയും നോവലിനെ വര്‍ത്തമാനകാലത്തിലേക്ക് ശ്രദ്ധാപൂര്‍വ്വം കൂട്ടിക്കൊണ്ട് വന്നിരിക്കുന്നു. ജാതീയമായ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ജനിതകമായി എങ്ങനെ മനുഷ്യന് തളച്ചിടപ്പെട്ടിരിക്കുന്നു എന്നും ഈ വിശാലമായ നോവല്‍ ചേതനയിലൂടെയും സഞ്ജീവ് കുമാറിലൂടെയും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
ലോകത്തിലെ ആദ്യ, ഏക വനിതാ ആരാച്ചാറായി ചേതന നിയമിക്കപ്പെടുമ്പോള്‍ ഭാരതീയ സ്ത്രീത്വത്തിന്റെ ശക്തിയുടെയും സ്വാഭിമാനത്തിന്റെയും പ്രതീകവുമായി പ്രകീര്‍ത്തിക്കപ്പെടുകയും നോവല്‍ പൂര്‍ണമായും ഒരു സ്ത്രീപക്ഷ വായനയായി പരിണമിക്കുകയും ചെയ്യുന്നു. നോവലിന്റെ ഓരോ പേജിലും മരണമെന്നതുപോലെ ശക്തമായ സ്ത്രീപക്ഷ ചിന്തകളും ഓരോ കുടുക്കുകളില്‍ നിലവിളിക്കുന്നത് കാണാം. ഒരിക്കലെങ്കിലും നിന്നെ എനിക്കനുഭവിക്കണം എന്ന് ആദ്യകാഴ്ച്ചയില്‍ സഞ്ജീവ്കുമാര്‍ പറയുമ്പോള്‍ ചൂളിപ്പോകുന്ന ചേതന, ഞെരിഞ്ഞ ഇടതു മാറിടത്തിന്റെ പുഴുവരിക്കുന്ന സ്മരണകളുമായി കഥാന്ത്യത്തില്‍ എത്തുമ്പോള്‍ ഒരിക്കലെങ്കിലും നിങ്ങളെ എനിക്കനുഭവിക്കണം എന്നുപറഞ്ഞു അയാളുടെ ആണത്തത്തെ വെല്ലുവിളിക്കുന്ന കരുത്തുറ്റ പെണ്ണായി മാറി സ്വാഭിമാനത്തിന്റെയും ശക്തിയുടെയും പ്രതീകമായി സ്വയം മാറുകയാണ്. ഒരേ സമയം ആഗ്രഹിക്കുകയും വെറുക്കുകയും ചെയ്യാനുള്ള സ്ത്രീസഹജമായ വൈകാരികതയെ ഭംഗിയായി നോവലില്‍ പലയിടങ്ങളിലും വരച്ചിടുന്നതും കാണാം. ആരാച്ചാര്‍ ചരിത്രങ്ങളില്‍ നിന്നും നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ ഥാക്കുമായുടെ കഥകളിലൂടെ ഇറങ്ങി വന്നു ചേതനയ്ക്ക് കരുത്തു പകരുന്നുമുണ്ട്.
കൊല്‍ക്കത്തയുടെ ചരിത്രവും വര്‍ത്തമാന ജീവിതചര്യകളും സ്ട്രാണ്ട്റോഡില് നിന്നും സോനാഗച്ചി വഴി, ആലിപ്പൂര്‍ ജയില്‍വഴി, ചാനല്‍ സ്റ്റുഡിയോ വഴി നമ്മെ നടത്തി ഓരോന്നും വ്യക്തമായ ദൃശ്യങ്ങളായി മനസ്സില്‍ പതിപ്പിക്കുന്നു ഈ നോവല്‍. അതേസമയം മരണത്തോടും, അതിന്റെ അനിശ്ചിതമായ സുനിശ്ചിതത്വത്തോടും, തൂക്കുകയറിന്റെ മെഴുകുപുരണ്ട മിനുപ്പിനോടും നമ്മള് അത്രതന്നെ താതാത്മ്യം പ്രാപിച്ചിട്ടുമുണ്ടാകും. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം, പുരാണങ്ങള്‍, പ്രാദേശികമായ കെട്ടുകഥകള്‍, ടാഗോര്‍, അടിയന്തിരാവസ്ഥ തുടങ്ങി നിരവധി നിരവധി സംഭവങ്ങള്‍, വ്യക്തികള്‍ എല്ലാം തൂക്കുകയറിലെ ചകിരിനാരു കണക്കെ നോവലില്‍ ഇഴപിണഞ്ഞു കിടക്കുന്നുണ്ട്.
മികച്ചൊരു വായന സമ്മാനിച്ച പുസ്തകമാണ് ആരാച്ചാര്‍ എന്ന് പറയാതെ വയ്യ. അഴുക്കുനിറഞ്ഞു കറുത്ത ഗംഗയിലൂടെ ഏതോ ആഡംബരബോട്ടില്‍ മഞ്ഞയും ചുമപ്പും നിറങ്ങള്‍ക്കിടയിലൂടെ ആരാച്ചാര്‍ കുടുംബത്തിലേക്ക് ഒന്ന് എത്തിനോക്കി വായനയിലേക്ക് കടക്കുമ്പോള്‍ വളരെ അനുഭവപാടവമുള്ള ആരാച്ചാരുടെ കരവിരുതോടെ വായനയുടെ കുടുക്ക് നമ്മുടെ കഴുത്തില്‍ കൃത്യമായി മുറുക്കിയിരിക്കും എഴുത്തുകാരി. പലപ്പോഴും അനാവശ്യചരിത്രവര്ണ്ണനയുടെയും കെട്ടുകഥകളുടെയും കുത്തൊഴുക്കില്‍ കൈകാലിട്ടടിക്കുകയും തലവെട്ടിക്കുകയും ചെയ്യാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അവസാനം നിയതമായ അവസാനത്തിലേക്ക് ചേതനയോടൊപം കടന്നു ചെല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല..
നോവലവസാനിക്കുമ്പോള്‍ വരണമാല്യമണിയിക്കാന്‍ കൊതിച്ചിരുന്ന പിരടിയില്‍ മരണപാശം മുറുക്കി, പുഴയില്‍ നിന്ന് കടലിലേക്ക് പായുന്ന ഹില്സമത്സ്യത്തെ പോലെ നടന്നിറങ്ങുന്ന ചേതനയോടൊപ്പം നമ്മളും ചെല്ലുന്നു. ആരും തന്നെ തടയില്ലെന്ന അവളുടെ ഉറച്ച വിശ്വാസം നമ്മളിലേക്കും പടരുന്നു.. കാരണം, ചേതനയെ പോലെയുള്ള പെണ്‍കുട്ടികള്‍ ഇന്നിന്റെ ആവശ്യമായിത്തീര്ന്നിരിക്കുന്നല്ലോ..
പുസ്തകാസ്വാദനം ആദ്യമായാണ് എഴുതി നോക്കുന്നത്.. വായനയുടെ ശക്തികൊണ്ട് എഴുതിയതാണ്.. മികച്ച നോവല്‍.. നിങ്ങളുടെ അനുഭവവും താഴെ കുറിക്കൂ..
ReplyDeleteനന്ദി... മികച്ച വായനാനുഭവം നൽകുന്ന നോവൽ... രണ്ടാഴ്ച് മുമ്പാണ് വായിച്ചു തീര്‍ത്തത്.. മരണവും അതിജീവനവും ചരിത്രവും പുരാണവും ഇഴ ചേർന്ന നല്ല നോവൽ... പങ്കുവെച്ചതിനു ഒരിക്കൽകൂടി നന്ദി...
ReplyDeleteനോവൽ വായിച്ചില്ലാ.... ആസ്വാദനം കണ്ടപ്പോൾ വായിക്കണം എന്ന ആവേശം....
ReplyDeleteseriyanu
Deleteമായാതെ മനസ്സില്‍ നില്ക്കുന്ന ഒരു നല്ല കഥ സമ്മാനിച്ച നോവലാണ് ആരാച്ചാര്‍. പക്ഷേ അസംഖ്യം ചരിത്രകഥകളിലൂടേയും ഉപകഥകളിലൂടെയും വായനയുടെ ക്ഷമ അങ്ങേയറ്റം പരീക്ഷിച്ച നോവലുകൂടിയാണെനിക്ക് ആരാച്ചാര്‍. കെ ആര് മീരയുടെ കഥകളോട് താരതമ്യം ചെയ്യുമ്പോള്‍ നോവലെഴുത്തില്‍ അവരിനിയും ഒരുപാട് മുന്നേറാനുണ്ടെന്നത് എന്റെ അഭിപ്രായം. അത്രയും കഴിവുള്ളൊരു എഴുത്തുകാരിയാണവരെന്ന് ആ ചെറുകഥകള്‍ തെളിയിക്കുന്നുണ്ട്. മനോജ് പുസ്തകത്തെ നന്നായി തന്നെ പരിചയപ്പെടുത്തി.
ReplyDeleteആരാച്ചാര്‍ നല്ലൊരു വായനാനുഭവമായിരുന്നു... ചില സന്ദര്‍ഭങ്ങളില്‍ നോവലില്‍ പരാമര്‍ശിച്ചിട്ടുള്ള ചരിത്ര കഥകള്‍ ആവശ്യമായിരുന്നോ എന്ന തോന്നലുണ്ടാക്കിയിരുന്നു.
ReplyDeleteമനോജ്, പുസ്തക പരിചയം നന്നായിട്ടോ... :)
നോവല്‍ വായിക്കണം എന്ന് തോന്നു പസ്തകം പരിചയപ്പെടുത്തിയതിന് നന്ദി
ReplyDeleteപുസ്തകാസ്വാദനം ഇഷ്ടപ്പെട്ടു.
ReplyDelete"ആരാച്ചാര്‍" 2013 ജനുവരിയില്‍തന്നെ വാങ്ങി വായിച്ചിരുന്നു.വായനയില്‍ ഓട്ടപ്രദക്ഷിണം പറ്റാത്ത നോവലാണ് ആരാച്ചാര്‍.വായനയില്‍ മടുപ്പും തോന്നിയില്ല.നല്ല നോവല്‍.
ആശംസകള്‍
പുസ്തകം എത്രയധികം സ്വാധീനിച്ചെന്നു വ്യക്തമാക്കുന്ന വരികള്‍ . ആസ്വാദനത്തിന്റെ എല്ലാ സ്വാദും പകര്‍ന്നു നല്കാന് ഈ വരികള്ക്കായിരിക്കുന്നു. താങ്കളുടെ തന്നെ ശൈലിയില്‍ പറഞ്ഞാല്‍ , പുസ്തകം വായിക്കാനുള്ള കൊതിയുടെ കുരുക്ക് മനസ്സില്‍ വീണുപോയിരിക്കുന്നു..
ReplyDeleteനല്ല വായന സമ്മാനിച്ച പുസ്തകമാണ് കെ.ആർ മീരയുടെ ആരാച്ചാർ . എന്നാൽ നോവലിസ്റ്റായ കെ.ആർ മീരയെക്കാൾ എനിക്കിഷ്ടം കഥാകാരിയായ കെ.ആർ മീരയെയാണ്. കഥകളിൽ അവർ പ്രകടിപ്പികുന്ന ഏകാഗ്രതയും, മുറുക്കവും നോവലിൽ അവർക്ക് വഴങ്ങാത്തതായി തോന്നിയിട്ടുണ്ട്....
ReplyDeleteപുസ്തകപഠനത്തിന്റെ ഭാഷയും ഡോക്ടർക്ക് വഴങ്ങുന്നുണ്ട്....
വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന സമയത്ത് വായിച്ചിരുന്നു. അവസാനത്തെ എട്ടുപത്ത് അദ്ധ്യായങ്ങള്‍ പക്ഷെ മിസ് ആയി. ബുക്ക് വാങ്ങി വായിക്കാന്‍ തക്കവണ്ണം അത്ര ആകര്‍ഷകമായിത്തോന്നിയില്ല എന്നതാണ് സത്യം
ReplyDeleteപുസ്തകാസ്വാദനം നന്നായി...ആരാച്ചാരെ വായിച്ചിട്ടില്ല...വായിക്കണം...
ReplyDeleteആരാച്ചാര്‍ കയ്യില്‍ കിട്ടിയിട്ട് രണ്ടു ദിവസമേ ആയോള്ളൂ .... അടുത്ത ബുക്ക് ഇതുതന്നെ , ഇതുപോലെയുള്ള അവതരണങ്ങള്‍ ആണ് വായിക്കാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നത് ... നന്ദി മനോജ് ഭായ് .....
ReplyDeleteഒരു നോവല്‍ ങ്ങനെ ജനപ്രിയമാക്കാമെന്നു
ReplyDeleteതെളിയിച്ചു...........rr
പുതിയ എഴുത്തുകാരിൽ ഏറെ വ്യതിരിക്തവും ശക്തവുമായ രചനകളാണ് മീരയുടേത്...
ReplyDelete'ആവേ മരിയ' മുതൽ വേറിട്ട ഒരു ശബ്ദം മലയാള സാഹിത്യത്തിൽ മുഴങ്ങിക്കേൾക്കുകയായിരുന്നു...
ഭാവുകങ്ങൾ...
കഥകള്‍ അല്ല ഉപ കഥകള്‍ കൊണ്ടാണ് ഈ നോവല്‍ വ്യത്യസ്തമാകുന്നത്, കഥകള്‍ക്കുള്ളില്‍ കഥകള്‍ വന്നപ്പോള്‍ വായനയുടെ ഫ്ലോ പല സ്ഥലത്തും മുഷിപ്പ്ണ്ടാക്കി. അവാസനത്തെ കുറച്ചു പേജുകളില്‍ മാത്രമേ ആകാക്ഷ നിലനിര്‍ത്താന്‍ കഥാകാരിക്ക് സാധിച്ചിട്ടുള്ളൂ എന്നാണു എന്റെ വായനയില്‍ തോന്നിയത് ,എന്നാല്‍ ഈ കഥക്ക് വേണ്ടി ഇത്രയും ഉപ കഥകള്‍ മിനഞ്ഞെടുത്ത ആ ഭാവനയെ എത്ര പ്രശംസിച്ചാലും മതി വരില്ല ,,
ReplyDeleteവായിച്ചില്ല.
ReplyDeleteപരിചയപ്പെടുത്തലിന്റെ ശക്തി വായിപ്പിക്കും.
നല്ല ഊന്നലാായി തന്നെ ഈ
ReplyDeleteപുസ്തകത്തെ പരിചയപ്പെടുത്തിയിരിക്കുന്നൂ..
ബ്ലോഗില്‍ എഴുതുന്ന പ്രവാസികള്‍ അധികവും ബ്ലോഗ് എഴുത്ത് തന്നെയാണ് വായിക്കുന്നത് കാരണം അച്ചടിപുസ്തകങ്ങള്‍ നാട്ടിലെപോലെ സുലഭമായി ലഭിക്കുന്നില്ല എന്നത് തന്നെയാണ് കാരണം .നല്ല എഴുത്തിനെ പ്രോത്സാഹിപ്പിക്കുക എന്നത് ഏതൊരു എഴുത്തുകാരന്റെയും കടമയാണ് അല്ലെങ്കിലും ബ്ലോഗെഴുത്ത് അച്ചടിമാദ്ധ്യമങ്ങളിലെ എഴുത്ത് എന്ന വേര്‍തിരിവ് പാടില്ലല്ലോ .ആശംസകള്‍
ReplyDeleteഈ കുറിപ്പ് ഭംഗിയായി.. ഇതില്‍ക്കൂടുതല്‍ ഒന്നും പറയേണ്ടതില്ല..
ReplyDeleteബുക്ക് വായിച്ചു.. ഇലഞ്ഞിയും പ്രദീപ് മാഷും പറഞ്ഞ അഭിപ്രായം എനിക്കും ഉണ്ട്.. എങ്കിലും ആരാച്ചാര്‍ നല്ലൊരു വായന തരുന്നു..
പോസ്റ്റ്, തത്കാലം ഓടിച്ചൊന്നു നോക്കി പോകുന്നു. നോവല്‍ വായിച്ച ശേഷം വരാം.
ReplyDeleteനല്ല അവലോകനം.നന്നായി അവതരിപ്പിച്ചു.
ReplyDeleteനോട്ടം says:
ReplyDeleteആരാച്ചാര്‍ ഇത് വരെ വായിച്ചില്ല. വായിക്കണം.
പുസ്തകാസ്വാദനം നന്നായി വഴങ്ങും , തുടരുക.
വായിച്ചിട്ടില്ല. ഈ കുറിപ്പ് വായിക്കണമെന്ന് തോന്നിപ്പിക്കുന്നു.
ReplyDeleteവായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവര്ക്കും വെള്ളനാടന്‍ ഡയറി യുടെ സ്നേഹവും നന്ദിയും..
ReplyDeleteവായിച്ചില്ല നാട്ടിൽ നിന്നും ഒരു കോപ്പി കൊണ്ട് വരാൻ പറഞു അസ്വാദന നന്നായിട്ടുണ്ട്
Deleteവായന അടയാളപ്പെടുത്തുന്നു
ReplyDeleteആരാച്ചാര്‍ ക്ലാസ്സിക് തന്നെ...ഒട്ടേറെ കഥകളും ഉപ കഥകളുമായി അത് മുന്നേറി...ഞാന്‍ ആസ്വാദനം എഴുതിയാല്‍ ഇത് പോല്‍ തന്നെ ആകും..
ReplyDeleteVayana ivide adayalappeduthunnu. Araachaar kayyilund vayichittu varam..
ReplyDeleteഞാനും ആദ്യമായി പുസ്തകാസ്വാദനമെഴുതിയ കൃതി ആരാച്ചാർ ആണു. അതും വായനയുടെ ശക്തികൊണ്ട് എഴുതിപ്പോയത് :) വായിക്കാൻ താമസിച്ചു. നല്ല ആസ്വാദനം . ആശംസകൾ
ReplyDeleteഞാനും ആദ്യമായി പുസ്തകാസ്വാദനമെഴുതിയ കൃതി ആരാച്ചാർ ആണു. അതും വായനയുടെ ശക്തികൊണ്ട് എഴുതിപ്പോയത് :) വായിക്കാൻ താമസിച്ചു. നല്ല ആസ്വാദനം . ആശംസകൾ
ReplyDeleteലോകത്തിലെ ആദ്യ, ഏക വനിതാ ആരാച്ചാറായി ചേതന നിയമിക്കപ്പെടുമ്പോള്‍....
ReplyDeleteനാലാമത്തെ ഇ പാരഗ്രാഫ് മുഴുവനായും എം. മുകുന്ദന്റെ എഴുത്തിനെ കോപ്പി അടിച്ചതാണ്. കെ ആർ മീരക്ക് ഓടകുഴൽ അവാർഡ് ലഭിച്ചപ്പോൾ അദ്ദേഹം ബുക്കിനെ പറ്റി പറഞ്ഞ റീവ്യൂ ആണത്.