Tuesday, 28 January 2014

വായനയുടെ കുടുക്കുമായി ആരാച്ചാര്‍ (പുസ്തകാസ്വാദനം)
ആരാച്ചാര്‍- കെ.ആര്‍.മീര
പ്രസാധനം-ഡി.സി.ബുക്സ്
വില- 275
552 പേജുകള്‍
മുമ്പെവിടെയോ വായിച്ചതാണ്, നമ്മുടെ നൂറ്റാണ്ടിലെ രണ്ടോമൂന്നോ സാഹിത്യ തലമുറകളെ വേര്‍തിരിച്ചറിയാനുള്ള ഏറ്റവും നല്ല മാര്‍ഗം മരണമെന്ന യാഥാര്‍ഥ്യത്തോട് അവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കലായിരിക്കും എന്ന്. മരണത്തിനു നേര്‍ക്കുള്ള ഒരു കലാകാരന്‍റെ മനോഭാവത്തില്‍ നിന്ന് പ്രാതിഭാസികപ്രപഞ്ചവുമായുള്ള അയാളുടെ മൊത്തം ബന്ധങ്ങള്‍ നമുക്ക് മനസ്സിലാക്കാനാകും. അസ്ഥിത്വത്തിന്‍റെ പരമമായ ചില മുഹൂര്‍ത്തങ്ങളുമായി അയാള്‍ക്കുള്ള ബന്ധത്തിന്‍റെസ്വഭാവവും ഇതില്‍ നിന്നും തെളിഞ്ഞുകിട്ടും. തുടക്കം മുതല്‍ ഒടുക്കം വരെ മരണത്തെ നിശ്വാസവായുവിലെ സുഖമുള്ള ചൂടുപോലെ കൂടെ നടത്തുന്ന ഒരു നോവല്‍ ഇതിനുമുമ്പ് വായിച്ചിട്ടുള്ളതായി ഓര്‍മ്മയില്ല. മരണമെന്ന സുനിശ്ചിതവും അത്രതന്നെ അനിശ്ചിതവുമായ സത്യത്തെ, ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും മരണം കൊണ്ടുജീവിക്കുന്ന 'ആരാച്ചാര്‍'മാരെ, മനുഷ്യന്‍റെ സഹജമായ പരവൃത്താന്തദാഹത്തെ, അതിനെ ചൂഷണം ചെയ്യുന്ന മാധ്യമമാത്സര്യങ്ങളെ, ആദികാലം മുതല്‍ തുടങ്ങി ഇന്നും തുടരുന്ന ലൈംഗിക അപചയങ്ങളെ, ഭരണകൂട നായാട്ടിനെ, പാര്‍ശ്വവല്‍കരണത്തെ എല്ലാം  അക്ഷരങ്ങളുടെ ഒരൊറ്റ കുടുക്കില്‍ ബന്ധിച്ച് വായനയുടെ നിലവറയിലേക്ക് എറിഞ്ഞു തന്നിരിക്കുകയാണ് "ആരാച്ചാര്‍" എന്ന നോവലില്‍ കെ.ആര്‍.മീര.


ക്രിസ്തുവിനും 400 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഭാരതമോ, ഇന്നത്തെ കൊല്‍ക്കത്തയോ ഉണ്ടാകുന്നതിനു മുമ്പ്, നീതിനിര്‍വഹണത്തിന്‍റെ ഒഴിവാക്കാനാകാത്ത കണ്ണിയായി ഉണ്ടായി വന്ന ആരാച്ചാര്‍ കുലത്തിന്‍റെ അവസാനകണ്ണികളാണ് ഫൊണിഭൂഷണ്‍ ഗൃദ്ദാമല്ലിക്കും മകള്‍ ചേതന ഗൃദ്ദാമല്ലിക്കും കുടുംബവും. ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന വെള്ളത്തിലും, മുഴങ്ങുന്ന ഓരോ ശബ്ദത്തിലും മരണം മാത്രം അനുഭവവേദ്യമാകുന്ന നീംതലഘാട്ടിനും സ്ട്രാണ്ട് റോഡിനും സമീപത്താണ് മരണമില്ലാത്ത ദാരിദ്ര്യവും ദുരന്തങ്ങളും കഥപറയുന്ന അവരുടെ വീട്. സഹസ്രാബ്ദങ്ങളുടെ പാപം മുഴുവന്‍ ഏറ്റുവാങ്ങി കറുത്ത ഗംഗയും സമീപം. എണ്‍പത്തഞ്ചുകാരനായ അച്ഛന് പിന്‍ഗാമിയായി ആരാച്ചാര്‍ ആകേണ്ടിവരുന്ന ചേതന എന്ന ഇരുപത്തിരണ്ടുകാരിയുടെയും അവളുടെ അതിജീവനത്തിന്‍റെയും കഥയാണ് ആരാച്ചാര്‍.


ഈ നോവല്‍ ഒരു പത്തോ ഇരുപതോ വര്‍ഷംമുമ്പ് എഴുതപ്പെട്ടിരുന്നെങ്കിലും ആരാച്ചാരുടെ കഥയില്‍ കാര്യമായമാറ്റം വരുമായിരുന്നില്ല എന്നാണ് തോന്നിയത്. പക്ഷെ സഞ്ജീവ് കുമാര്‍ മിത്രയെന്ന മാധ്യമപ്രവര്‍ത്തകനിലൂടെയും അയാളുടെ സി.എന്‍.സി.ചാനലിലൂടെയും  നോവലിനെ വര്‍ത്തമാനകാലത്തിലേക്ക് ശ്രദ്ധാപൂര്‍വ്വം കൂട്ടിക്കൊണ്ട് വന്നിരിക്കുന്നു. ജാതീയമായ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ജനിതകമായി എങ്ങനെ മനുഷ്യന്‍ തളച്ചിടപ്പെട്ടിരിക്കുന്നു എന്നും ഈ വിശാലമായ നോവല്‍ ചേതനയിലൂടെയും സഞ്ജീവ് കുമാറിലൂടെയും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.


ലോകത്തിലെ ആദ്യ, ഏക വനിതാ ആരാച്ചാറായി ചേതന നിയമിക്കപ്പെടുമ്പോള്‍ ഭാരതീയ സ്ത്രീത്വത്തിന്‍റെ ശക്തിയുടെയും സ്വാഭിമാനത്തിന്‍റെയും പ്രതീകവുമായി പ്രകീര്‍ത്തിക്കപ്പെടുകയും നോവല്‍ പൂര്‍ണമായും ഒരു സ്ത്രീപക്ഷ വായനയായി പരിണമിക്കുകയും ചെയ്യുന്നു. നോവലിന്‍റെ ഓരോ പേജിലും മരണമെന്നതുപോലെ ശക്തമായ  സ്ത്രീപക്ഷ ചിന്തകളും ഓരോ കുടുക്കുകളില്‍ നിലവിളിക്കുന്നത് കാണാം. ഒരിക്കലെങ്കിലും നിന്നെ എനിക്കനുഭവിക്കണം എന്ന് ആദ്യകാഴ്ച്ചയില്‍ സഞ്ജീവ്കുമാര്‍ പറയുമ്പോള്‍ ചൂളിപ്പോകുന്ന ചേതന, ഞെരിഞ്ഞ ഇടതു മാറിടത്തിന്‍റെ പുഴുവരിക്കുന്ന സ്മരണകളുമായി കഥാന്ത്യത്തില്‍ എത്തുമ്പോള്‍ ഒരിക്കലെങ്കിലും നിങ്ങളെ എനിക്കനുഭവിക്കണം എന്നുപറഞ്ഞു അയാളുടെ ആണത്തത്തെ വെല്ലുവിളിക്കുന്ന കരുത്തുറ്റ പെണ്ണായി മാറി സ്വാഭിമാനത്തിന്‍റെയും ശക്തിയുടെയും പ്രതീകമായി സ്വയം മാറുകയാണ്. ഒരേ സമയം ആഗ്രഹിക്കുകയും വെറുക്കുകയും ചെയ്യാനുള്ള സ്ത്രീസഹജമായ വൈകാരികതയെ ഭംഗിയായി നോവലില്‍ പലയിടങ്ങളിലും വരച്ചിടുന്നതും കാണാം. ആരാച്ചാര്‍ ചരിത്രങ്ങളില്‍ നിന്നും നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ ഥാക്കുമായുടെ കഥകളിലൂടെ ഇറങ്ങി വന്നു ചേതനയ്ക്ക് കരുത്തു പകരുന്നുമുണ്ട്.


കൊല്‍ക്കത്തയുടെ ചരിത്രവും വര്‍ത്തമാന ജീവിതചര്യകളും സ്ട്രാണ്ട്റോഡില്‍ നിന്നും സോനാഗച്ചി വഴി, ആലിപ്പൂര്‍ ജയില്‍വഴി, ചാനല്‍ സ്റ്റുഡിയോ വഴി നമ്മെ നടത്തി ഓരോന്നും വ്യക്തമായ ദൃശ്യങ്ങളായി മനസ്സില്‍ പതിപ്പിക്കുന്നു ഈ നോവല്‍. അതേസമയം മരണത്തോടും, അതിന്‍റെ അനിശ്ചിതമായ സുനിശ്ചിതത്വത്തോടും, തൂക്കുകയറിന്‍റെ മെഴുകുപുരണ്ട മിനുപ്പിനോടും നമ്മള്‍ അത്രതന്നെ താതാത്മ്യം പ്രാപിച്ചിട്ടുമുണ്ടാകും. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം, പുരാണങ്ങള്‍, പ്രാദേശികമായ കെട്ടുകഥകള്‍, ടാഗോര്‍, അടിയന്തിരാവസ്ഥ തുടങ്ങി നിരവധി നിരവധി സംഭവങ്ങള്‍, വ്യക്തികള്‍ എല്ലാം തൂക്കുകയറിലെ ചകിരിനാരു കണക്കെ നോവലില്‍ ഇഴപിണഞ്ഞു കിടക്കുന്നുണ്ട്.


മികച്ചൊരു വായന സമ്മാനിച്ച പുസ്തകമാണ് ആരാച്ചാര്‍ എന്ന് പറയാതെ വയ്യ. അഴുക്കുനിറഞ്ഞു കറുത്ത ഗംഗയിലൂടെ ഏതോ ആഡംബരബോട്ടില്‍ മഞ്ഞയും ചുമപ്പും നിറങ്ങള്‍ക്കിടയിലൂടെ ആരാച്ചാര്‍ കുടുംബത്തിലേക്ക് ഒന്ന് എത്തിനോക്കി വായനയിലേക്ക് കടക്കുമ്പോള്‍ വളരെ അനുഭവപാടവമുള്ള ആരാച്ചാരുടെ കരവിരുതോടെ വായനയുടെ കുടുക്ക് നമ്മുടെ കഴുത്തില്‍ കൃത്യമായി മുറുക്കിയിരിക്കും എഴുത്തുകാരി. പലപ്പോഴും അനാവശ്യചരിത്രവര്‍ണ്ണനയുടെയും കെട്ടുകഥകളുടെയും കുത്തൊഴുക്കില്‍ കൈകാലിട്ടടിക്കുകയും തലവെട്ടിക്കുകയും ചെയ്യാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അവസാനം നിയതമായ അവസാനത്തിലേക്ക് ചേതനയോടൊപം കടന്നു ചെല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല..


നോവലവസാനിക്കുമ്പോള്‍ വരണമാല്യമണിയിക്കാന്‍ കൊതിച്ചിരുന്ന പിരടിയില്‍ മരണപാശം മുറുക്കി, പുഴയില്‍ നിന്ന് കടലിലേക്ക് പായുന്ന ഹില്‍സമത്സ്യത്തെ പോലെ  നടന്നിറങ്ങുന്ന ചേതനയോടൊപ്പം നമ്മളും ചെല്ലുന്നു. ആരും തന്നെ തടയില്ലെന്ന അവളുടെ ഉറച്ച വിശ്വാസം നമ്മളിലേക്കും പടരുന്നു.. കാരണം, ചേതനയെ പോലെയുള്ള പെണ്‍കുട്ടികള്‍ ഇന്നിന്‍റെ ആവശ്യമായിത്തീര്‍ന്നിരിക്കുന്നല്ലോ..


തുടർന്ന് വായിക്കുക...

Friday, 17 January 2014

കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് (ആരോഗ്യം)

കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് 
(റീജിയണല്‍ കാന്‍സര്‍ സെന്റര്‍,തിരുവനന്തപുരം)

(ക്ഷമിക്കണം.. ഈ സ്കീം അവര്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.  ഉടന്‍ തന്നെ പുനരാരംഭിക്കും എന്നറിയുന്നു.  വായനക്കാരുടെ അറിവിലേക്കായി ആര്‍ട്ടിക്കിള്‍ അതുപോലെ നിലനിര്‍ത്തുന്നു.. ഡോ.മനോജ്‌, 17/08/2015 )


പ്രായ,ദേശ,ലിംഗഭേദമന്യേ ആര്‍ക്കും പിടിപെടാവുന്ന മാരകമായ അസുഖമാണ് കാന്‍സര്‍. ആദ്യമേ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായി ഭേദമാക്കാവുന്നതും, ദീര്‍ഘകാലം ചികിത്സ ആവശ്യമുള്ളതും, ചികിത്സിക്കാന്‍ പ്രയാസമേറിയതും അങ്ങനെ നിരവധി വകഭേദങ്ങള്‍ തന്നെയുണ്ട്. കാന്‍സര്‍ പലപ്പോഴും നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളര്‍ത്തിക്കളയും, ഒപ്പം നമ്മുടെ സാമ്പത്തിക സുരക്ഷിതത്വത്തെയും.

നമ്മുടെ സാമ്പത്തിക അടിത്തറതന്നെ കാന്‍സര്‍ ചികിത്സയില്‍ തകരാന്‍ സാധ്യതയുണ്ട്. കാന്‍സര്‍ ചികിത്സ വളരെയധികം ചെലവേറിയതാണ്. ഈ ചികിത്സാരംഗം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നും അതുതന്നെ. ശസ്ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി എന്നിങ്ങനെ മൂന്ന് തരം ചികിത്സാരീതികളാണ് കൂടുതലായും അവലംബിക്കുന്നത്. പലപ്പോഴും ഇവയില്‍ രണ്ടോ അതിലധികമോ രീതികള്‍ ഒരു രോഗിയില്‍ തന്നെ ആവശ്യമായി വരാറുണ്ട്. അങ്ങനെ വരുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും ചികിത്സാചെലവ് ലക്ഷങ്ങള്‍ വേണ്ടിവരും.

ഭീമമായ കാന്‍സര്‍ ചികിത്സാചെലവുകളില്‍ നിന്നും ഏത് വിഭാഗത്തില്‍പെട്ട രോഗികള്‍ക്കും അവരുടെ കുടുംബത്തിനും ഒത്തിരി ആശ്വാസം പകരുന്ന തിരുവനന്തപുരം ആര്‍.സി.സി.യുടെ തികച്ചും ഉപയോഗപ്രദമായ ആരോഗ്യപരിരക്ഷാ പദ്ധതിയാണ്, "കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്". ഒരു തവണ മാത്രം കാശ് അടച്ച് മുമ്പ് കാന്‍സര്‍ വന്നിട്ടില്ലാത്ത ആര്‍ക്കും ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. ഇതില്‍ ചേര്‍ന്ന്, രണ്ടുവര്‍ഷം മുതല്‍ ആജീവനാന്തം നമ്മള്‍ ഇതിന്‍റെ ഗുണഭോക്താവായിരിക്കും.

രണ്ടുതരം പ്ലാനുകള്‍

രണ്ടു തരം പ്ലാന്‍ ആണ് ഈ പദ്ധതിയില്‍ ഉള്ളത്. പ്ലാന്‍-A യും പ്ലാന്‍-B യും. ഏറ്റവും കുറഞ്ഞത് 500 രൂപയാണ് അംഗത്വസംഖ്യ. ഓരോ പ്ലാനും ദാ, ഇങ്ങനെയാണ്,

PLAN A- Membership fee is Rs.500/- per person
                Rs.1400/- per family of three persons*
                Rs.1700/- per family of four persons*
                Rs.2000/- per family of five persons*
                          *FAMILY INCLUDES SPOUSE AND DEPENDENT CHILDREN ONLY.

PLAN B- Membership fee is Rs.10000/-per person
         
അഞ്ഞൂറ് രൂപ ഒറ്റത്തവണ അടച്ചു അംഗമായാല്‍ ആജീവനാന്തം 50000 (അമ്പതിനായിരം) രൂപയുടെ കാന്‍സര്‍ ചികിത്സ ലഭിക്കും. ആയിരമാണ് അടയ്ക്കുന്നതെങ്കില്‍ ഒരുലക്ഷത്തിന്‍റെ, 1500 ആണെങ്കില്‍ ഒന്നര ലക്ഷത്തിന്‍റെ,അങ്ങനെ... പ്ലാന്‍-Aയില്‍ മുകളില്‍ പറഞ്ഞപോലെ ഫാമിലി പാക്കേജും ഉണ്ട്.

പ്ലാന്‍-B യില്‍ 10000 രൂപ അടച്ചുകഴിഞ്ഞാല്‍, പരമാവധി അഞ്ചുലക്ഷം രൂപയുടെ ചികിത്സ ലഭിക്കും.


CCLല്‍ എങ്ങനെ ചേരാം

ഇതില്‍ അംഗമാകാന്‍ വളരെ എളുപ്പമാണ്. ആര്‍.സി.സി.യില്‍ നേരിട്ട് ചെല്ലുകയാണെങ്കില്‍ റിസെപ്ഷനില്‍ നിന്നും ഒരു അപേക്ഷാഫോറം വാങ്ങി പൂരിപ്പിച്ചു നല്‍കി, കാശടച്ചാല്‍ അപ്പോള്‍ തന്നെ അതില്‍ അംഗമാക്കിക്കൊണ്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കും. തിരുവനന്തപുരത്തുള്ളവര്‍ നേരിട്ട് പോയി അംഗമാകുന്നതാണ് സൗകര്യം.

നേരിട്ട് പോകാന്‍ കഴിയാത്തവര്‍ക്കും, ജില്ലയ്ക്ക് പുറത്തുള്ളവര്‍ക്കും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്ത്,പൂരിപ്പിച്ച്, കേരളത്തിലെ ഏത് അംഗീകൃത ബാങ്ക് വഴി കാശടച്ചും  CCL ല്‍ അംഗമാകാം. കാശ് "Cancer Care for Life Account, Regional Cancer Centre, Trivandrum" എന്നപേരില്‍ ഡി.ഡി. എടുത്ത് അപേക്ഷയോടൊപ്പം ഈ അഡ്രസ്സില്‍ അയക്കണം.

അഡ്രസ്സ്-       DIRECTOR
                       REGIONAL CANCER CENTRE
                       MEDICAL COLLEGE CAMPUS
                       TRIVANDRUM-695011


കാന്‍സര്‍ വരാതിരിക്കുന്നത് ഭാഗ്യം തന്നെയാണ്. പക്ഷെ വന്നുപോയി എന്നുകരുതി അത് ജീവിതാന്ത്യമല്ല. കാന്‍സര്‍ ചികിത്സ ഇന്ന് ഒരുപാട് മുന്നേറിയിട്ടുണ്ട്. പക്ഷെ കൈയില്‍ കാശ് ഇല്ലാത്തതുകൊണ്ടുമാത്രം വൈദ്യശാസ്ത്രത്തിന്‍റെ ഈ നേട്ടങ്ങള്‍ നമുക്ക് നഷ്ടമാകരുത്. അതുകൊണ്ട് ഇത് വായിക്കുന്ന എല്ലാവരും ഈ "കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍" നിങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അംഗങ്ങളാക്കി  സസന്തോഷം ജീവിക്കുക.. ജീവിക്കാന്‍ പ്രേരിപ്പിക്കുക..

ഞാനുമെടുത്തു ഒരെണ്ണം..


കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം

Administrative officer(CS) 0471 2522324

Public Relations Officer      0471 2522288

email- webmaster@rcctvm.org
ആരോഗ്യപത്മം മാസിക, 2014 ജൂണ്‍RELATED POSTSതുടർന്ന് വായിക്കുക...

Thursday, 16 January 2014

തിരുവനന്തപുരം ബ്ലോഗ്‌ മീറ്റ്‌ - ഫെബ്രുവരി 27, 2014


2014 ഫെബ്രുവരി 27 ന് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ വച്ച് നടന്ന "തിരുവനന്തപുരം ബ്ലോഗ്ഗര്‍ സംഗമ"ത്തെ കുറിച്ചുള്ള സകല വിവരങ്ങളും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പങ്കെടുത്തവരുടെ അനുഭവങ്ങളും പ്രതികരണങ്ങളും ഒക്കെ വായിക്കാന്‍,കാണാന്‍  ഒപ്പം വരൂ.. ദാ, ഈ ലിങ്കിലൂടെ.. 


 തിരുവനന്തപുരം ബ്ലോഗ്‌ സംഗമം 2014


തുടർന്ന് വായിക്കുക...

Thursday, 9 January 2014

പാറാവുകാരന്‍ (കവിത)
http://www.vellanadandiary.com/2014/01/blog-post_9.html
("മഴവില്ല്" മാസിക, 2014 ജനുവരി ലക്കം.)

ഇരുപത്തിനാല് മണിക്കൂറാണ് ജോലി.
അതാ നല്ലത്, അതാകുമ്പോ നാളെ
ഇരുപത്തിനാല് മണിക്കൂര്‍
മനസ്സിനൊപ്പം വീട്ടിലിരിക്കാം


ഐ.സി.യു.വിനു മുന്നിലോ
ലിഫ്റ്റിനകത്തോ
കാഷ്വാല്‍റ്റിയിലോ
ഗേറ്റിലോ
ചിലപ്പോളങ്ങു പാര്‍ക്കിങ്ങ് ഗ്രൌണ്ടിലോ
പോയി നില്‍ക്കാന്‍ പറയും.


പണ്ടു നേവിയിലായിരുന്ന
കാലത്തിന്‍ ശേഷിപ്പുപോലെ
തിരയൊടുങ്ങിയ കണ്ണുകളില്‍
മൌനത്തിന്‍ കപ്പലോടിത്തുടങ്ങും.


ഉച്ചയ്ക്ക് കഴിക്കാന്‍ രാവിലത്തെ
ഇഡ്ഡലി പൊതിഞ്ഞുകൊണ്ടുവരും.
അതാകുമ്പോള്‍ ബാക്കി വച്ചാല്‍
രാത്രിയിലും കഴിക്കാം.


രാത്രിയായാല്‍ പാന്റിനകത്ത് നിന്നും
ഉടുപ്പിനെ സ്വതന്ത്രനാക്കി,
പേശികള്‍ക്ക് അയവ് വരുത്തി,
ഒടിയാറായ ഫൈബര്‍ കസേരയില്‍
നടുവളച്ചിരിക്കാം.


എത്ര ശ്രമിച്ചാലും അറിയാതെ
ഉറങ്ങിപ്പോകും.
ചെറുശബ്ദത്തില്‍ പോലും
ശ്വാനനെപ്പോലെ ഞെട്ടിയുണരും.


ഓരോ ഉണര്‍ച്ചയിലും
ശരീരത്തെ സ്വയം ശാസ്സിക്കും.
മനസ്സിനെ,യങ്ങു ദൂരെ
കണ്ണുതുറന്നുറങ്ങുന്ന പുരയ്ക്ക്
കാവല്‍ നിര്‍ത്തിയിട്ട-
റിയാതെ ഉറങ്ങിപ്പോയതിന്.തുടർന്ന് വായിക്കുക...