Monday, 2 December 2013

യക്ഷികള്‍ നഗ്നരാണ് (കഥ)പറഞ്ഞുപഴകിയ മറ്റേതൊരു യക്ഷിക്കഥയിലെയും പോലെതന്നെയാണ് വടക്കേപ്പുരയിലും യക്ഷികള്‍ ഉണ്ടായതെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉണ്ണി മനസ്സിലാക്കിയിട്ടുണ്ട്. അതിനും മുമ്പ് യക്ഷികള്‍ ഉണ്ണിയുടെ കുസൃതിത്തരങ്ങള്‍ക്ക് തടയിടാന്‍ അച്ഛമ്മയും ചിറ്റമ്മയും ചിലപ്പോഴെങ്കിലും അമ്മയും ഉണ്ടാക്കുന്ന  കരാറുകളിലെ പണയവസ്തുവായിരുന്നു. അസല്‍ വില്ലത്തി. ഒരുരുള ചോറിന്‍റെ കരാറില്‍ അച്ഛമ്മ പറഞ്ഞ കഥകളിലെ വെള്ളവസ്ത്രം ധരിച്ചു, മുടിയഴിച്ചിട്ട് കണ്ണുകളില്‍ അഗ്നിയുമായി ചോറുണ്ണാത്ത കുട്ടികളെ തേടി നടക്കുന്ന ഭയങ്കരി. അല്ലെങ്കില്‍ കുളിയ്ക്കാന്‍ മടിയുള്ള, തുണിയുടുക്കാന്‍ മടിയുള്ള കുട്ടികളുടെ കണ്ണുകുത്തിപ്പൊട്ടിക്കുകയും രക്തം കുടിക്കുകയും ചെയ്യുന്ന ആര്‍ത്തിപ്പണ്ടാരം. പക്ഷെ ഉണ്ണി ചോറുണ്ടും, കുളിച്ചും, അനുസരണയോടെ നിന്നും യക്ഷികളെ എന്നും അപ്രത്യക്ഷരായി തന്നെ നിര്‍ത്തി.

വീട്ടിലെ കറമ്പിപ്പശു പെട്ടന്നൊരു ദിവസം നിന്ന നില്‍പ്പില്‍ ദീനംവന്നു ചത്തതുമുതലാണ് യക്ഷികള്‍ കരാറുകളില്‍ നിന്നും കഥകളില്‍ നിന്നും പുറത്തിറങ്ങി കുറെയധികം സംശയങ്ങളുമായി ഉണ്ണിയെ പിന്തുടരാന്‍ തുടങ്ങിയത്. 

"രാത്രീല് ഓള് പേടിപ്പിച്ചതാ.." അച്ഛമ്മ പശു ചത്ത വിവരമറിഞ്ഞമാത്രയില്‍ തന്നെ വിധിപറഞ്ഞു.

യക്ഷികള്‍ എന്താ അദൃശ്യരായിരിക്കുന്നേ..? അവരെന്താ നടക്കുമ്പോ നിലം തോടാത്തേ..? എന്തിനാ അവര്‍ക്ക് ചുണ്ണാമ്പ്? എന്തിനാ അവരെ പൂട്ടിയിട്ടേക്കുന്നേ..? കറമ്പിപ്പശുവിന്‍റെ വളഞ്ഞ വാലുകണക്കെ ഉത്തരമില്ലാത്ത അസംഖ്യം ചോദ്യചിഹ്നങ്ങളായി യക്ഷികള്‍ ഉണ്ണിയുടെ ചിന്തയുടെ പിന്നാമ്പുറത്തങ്ങനെ തൂങ്ങിക്കിടന്നു. രാവും പകലും.

അജ്ഞാതമായ ഏതോ മന്ത്രത്താല്‍ മാത്രം തുറക്കുന്ന ഒരടഞ്ഞ മുറിപോലെ, വടക്കേപ്പുരയുടെ ചായ്പ്പിനുള്ളില്‍ യക്ഷികള്‍ ഉണ്ണിക്ക് പിടികൊടുക്കാതെ കഴിച്ചുകൂട്ടി. പിന്നെപ്പലപ്പോഴായി ചില ചോദ്യങ്ങള്‍ക്ക് അവനുത്തരം കണ്ടെത്തി.

"നെലം തൊടാതെ ചാകണോരാ പിന്നെ യക്ഷിയാകണേ.. അതോണ്ടാ ഓര് നടക്കുമ്പോ കാല് നെലത്ത് തൊടാത്തേ.."

രാഘവമ്മാമയാണ് ഉണ്ണി ആറാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യമായി അല്‍പമെങ്കിലും വിശ്വനീയവും ആധികാരികവുമായ ഒരുത്തരം നല്‍കിയത്.

"പെണ്ണുങ്ങക്കേ പകേണ്ടാവൂ.. ആണുങ്ങള് ശുദ്ധരാ.."


പിന്നീടൊരിക്കല്‍അച്ഛന്‍അമ്മ കേള്‍ക്കാതെ പറഞ്ഞു കൊടുത്തതാണ്ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഒരൊറ്റ ഉത്തരം പോലെ. http://www.vellanadandiary.com/2013/12/blog-post.html
വര- വിജിത്ത്ഉണ്ണി ഇപ്പോള്‍ താമസ്സിക്കുന്ന വീട്ടില്‍നിന്ന് നോക്കിയാല്‍കാണുന്ന അകലത്തിലാണ് വടക്കേപ്പുര എന്ന് വിളിക്കുന്ന തറവാട് വീട്. അത് അച്ഛന്‍റെ തറവാടാണ്. ഒരുപാട് പഴയത്. പഴയ ചെങ്കല്ലു കൊണ്ടുള്ള തറയോടുകളും തലയോടുകളും പൊട്ടിപ്പൊളിഞ്ഞ വീട്. തടികൊണ്ട് തറയുടെയും ചുമരിന്‍റെയും അതിര്‍ത്തികള്‍ നിശ്ചയിച്ചിരുന്ന നീണ്ട വരാന്തയുടെ ഒരു വശത്ത് പഴയ പത്തായം ഇപ്പോഴും വലിയകേടുപാടൊന്നും കൂടാതെ പൊടിപിടിച്ചു കിടക്കുന്നുണ്ട്. മുഖം തിരിച്ചറിയാന്‍നന്നേ പാടുള്ള തെളിച്ചം മങ്ങിയ  കുറേ ബ്ലാക്ക്ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍‍, അതിഥികള്‍ എത്തിനോക്കാത്ത വീട്ടില്‍ ആതിഥേയരായി ചുമരില്‍ തൂങ്ങുന്നുണ്ട്. തറവാടിന്‍റെ കിഴക്ക് ഭാഗത്ത് പഴയ പശുത്തൊഴുത്തും അതിന്‍റെ വടക്ക് ചത്തകിണറിന്‍റെ അസ്ഥിത്തറ കണക്ക്  വെട്ടുകല്ല് കൊണ്ടുള്ള കൈവരിയും. പക്ഷേ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ യക്ഷികള്‍ സ്വൈരജീവിതം നയിച്ചിരുന്നതിനാല്‍, വരാന്തയില്‍ നിന്നകത്തേക്കുള്ള വാതില്‍ആരും തുറക്കാറില്ലാ, പുറത്തു നിന്നു പൂട്ടാറില്ലെങ്കിലും.

എല്ലാവരും ആ തറവാട് പൊളിക്കാന്‍പറഞ്ഞതാണ്. ബാക്കി വരുന്നിടത്ത് വച്ച് കാണാമെന്നും. പക്ഷെ അച്ഛന്‍സമ്മതിച്ചില്ല.  അച്ഛനിപ്പോഴും പറയും 'ഒന്നല്ല, മൂന്നെണ്ണമാ അതിനകത്ത് ആത്മാവിനു ഗതികിട്ടാതെ മുറവിളിക്കൂട്ടിക്കഴിയണത്. ഒരു പൂജയും ഇനി ഫലിക്കില്ല. എന്നെ പറമ്പിലേക്കെടുത്തശേഷം എന്താന്നുവച്ചാ ആയിക്കോ..' പിന്നെ ആരും ഒന്നും മിണ്ടില്ല.

അച്ഛന്‍റെ കുറ്റങ്ങള്‍പറയാനായി മാത്രം രാഘവമ്മാമ ഇടയ്ക്കിടെ ഷോര്‍ണൂറുനിന്ന് ട്രെയിന്‍പിടിച്ചു അങ്ങാടിപ്പുറത്ത് വരാറുണ്ട്. തിരിച്ചുപോകുമ്പോ റെയില്‍വേ സ്റ്റേഷന്‍വരെ ഉണ്ണിയും ചെല്ലും. അങ്ങാടിപ്പുറം സ്റ്റേഷനു മുന്നിലെ ബഷീറിക്കാടെ കടയില്‍ നിന്ന് ഉണ്ണിക്കേറ്റവും ഇഷ്ടമുള്ള അവിലോസുണ്ടയും നാരങ്ങവെള്ളവും വാങ്ങിക്കൊടുക്കും. നടക്കുമ്പോള്‍ ഉണ്ണി നൂറുനൂറു ചോദ്യങ്ങള്‍ ചോദിക്കും. രാഘവമ്മാമ എല്ലാറ്റിനും ക്ഷമയോടെ മറുപടി പറയും.

ഒമ്പതാംക്ലാസില്‍പഠിക്കുമ്പോഴാണ് ഉണ്ണിയെ ഏറ്റവും അധികം കുഴക്കിയ സംശയം മനസ്സിന്‍റെ പൂമുഖത്ത് കേറി ഇരുപ്പുറപ്പിച്ചത്.

"യക്ഷികള്‍എന്തുകൊണ്ടാണ് വെള്ളവസ്ത്രങ്ങള്‍മാത്രം ധരിക്കുന്നത്..? ആരാണവര്‍ക്കതൊക്കെ തുന്നികൊടുക്കുന്നത്..?!!"


ഉണ്ണി പലരോടും ചോദിച്ചു. ആര്‍ക്കുമറിയില്ല. രാഘവമ്മാമയോട് മൂന്നുവട്ടം ചോദിച്ചു.


"ങാ.. ഓര് പണ്ടേ അങ്ങനാ.."


വ്യക്തമായ ഒരുത്തരം ഒരിടത്തുനിന്നും കിട്ടിയില്ല. ഉണ്ണി അവധിദിവസങ്ങളില്‍പകല്‍സമയത്ത് ആരും കാണാതെ വടക്കേപ്പുരയുടെ വരാന്തയില്‍ പോയി വെറുതെ അകത്തേക്ക് നോക്കി നിയ്ക്കും. അല്ലെങ്കില്‍ അവിടെ ചുറ്റിത്തിരിയും. വരാന്തയില്‍തറയിലും തടിപ്പടിയിലും പത്തായത്തിനു മുകളിലും വരിവരിയായി ഘോഷയാത്ര ചമയുന്ന കുഞ്ഞനുറുമ്പുകളെ ഊതിപ്പറത്തും. അവ വീണ്ടും വരിപണിയുമ്പോള്‍ പിന്നെയും ഊതുംപൊട്ടിയ തറയോടുകള്‍ക്കിടയിലെ കുഴിയാനയുടെ കൊട്ടാരം മണ്ണിട്ടുമൂടും. പക്ഷെ എത്ര കാത്തിരുന്നിട്ടും യക്ഷികളെ മാത്രം കണ്ടില്ല.


മലയാറ്റൂരിന്‍റെ യക്ഷി ആയിടയ്ക്കാണ് കയ്യില്‍ കിട്ടുന്നത്. ഉണ്ണിയത് ആര്‍ത്തിയോടെ വായിച്ചു. പക്ഷെ വായനയ്ക്കപ്പുറം 'യക്ഷി'യില്‍യക്ഷിയുണ്ടോ എന്ന് തന്നെ ഉണ്ണിക്കാശങ്കയായി. മാത്രമല്ല, രാഗിണി പലവര്‍ണങ്ങളിലുള്ള വസ്ത്രങ്ങള്‍മാറിമാറി ധരിച്ചു ഉണ്ണിയെ ആശയക്കുഴപ്പത്തിലാക്കി. രാഘവമ്മാമ തന്നെയാണ് മധുസൂദനന്‍നായര്‍യക്ഷിയെ പറ്റിയും ഒരു കവിത എഴുതിയിട്ടുണ്ടെന്ന് ഉണ്ണിക്ക് പറഞ്ഞു കൊടുത്തത്. പക്ഷെ കടുകട്ടിക്കവിത ഉണ്ണിയെ ബോധം കെടുത്തിയില്ലാ എന്നെ ഉള്ളൂപിന്നെക്കുറച്ചു ദിവസം നാറാണത്ത് ഭ്രാന്തന്‍റെ ആദ്യത്തെ നാലുവരികള്‍ഇടയ്ക്കിടെ മൂളിക്കൊണ്ട് നടന്നു.


ഉണ്ണിയുടെ സംശയത്തിനു മുന്നില്‍എല്ലാവരും തോറ്റു. മലയാറ്റൂരും മധുസൂദനന്‍ നായരും രാഘവമ്മാമയും അച്ഛനും കൂട്ടുകാരും എല്ലാം. പക്ഷെ, യക്ഷികള്‍വായനയുടെ പുതിയൊരു ലോകം തന്നെ ഉണ്ണിക്ക് മുന്നില്‍തുറന്നിട്ടു. അപ്പോഴും കെട്ടുകഥകളുടെ കാളവണ്ടിയില്‍, നുകത്തണ്ടില്‍ബന്ധിക്കപ്പെട്ട കാളകളെ പോലെ യക്ഷികള്‍കൊട്ടിയടയ്ക്കപ്പെട്ട നാലുകെട്ടിനുള്ളില്‍ ജീവിച്ചിരിക്കുന്ന സകലരോടുമുള്ള പ്രതികാര ചിന്തകള്‍ അയവിറക്കിക്കൊണ്ട് കഴിയുകയായിരുന്നു, വെള്ളവസ്ത്രവും ധരിച്ച്.


ഉണ്ണിയുടെ സ്കൂളിലെ ശശികുമാര്‍സാറിന്‍റെയും ഉച്ചക്കഞ്ഞി വയ്ക്കാന്‍ വരുന്ന ഭാര്‍ഗവിയുടെയും ശവങ്ങള്‍ സ്കൂളിലെ കിണറ്റില്‍പൊന്തിയ ദിവസം സ്കൂളിനു അവധിയായിരുന്നു. അന്ന് വൈകുന്നേരം രാഘവമ്മാമ പൂമുഖത്ത് അമ്മയുമായി അച്ഛന്‍റെ കുറ്റം പറഞ്ഞിരുന്നപ്പോള്‍ഉണ്ണി ഒരു പുസ്തകവുമായി വടക്കേപ്പുരയുടെ വരാന്തയില്‍പോയിരുന്നു. അന്നാ സന്ധ്യാനേരത്ത്, ശൂന്യതയില്‍ നിന്ന് ദൈവം ഭൂമിയും ആകാശവും മനുഷ്യരെയും യക്ഷികളെയും സൃഷ്ടിച്ചത് പോലെ  ഉണ്ണി തന്‍റെ ചോദ്യത്തിനുള്ള ഉത്തരവും സ്വമേധയാ കണ്ടെത്തി. അപ്പോള്‍യൌവനയുക്തയായ സന്ധ്യക്ക് നേരെ തന്‍റെ വെള്ളമുണ്ട് വലിച്ചെറിഞ്ഞു ആകാശത്ത് പൂര്‍ണ്ണനഗ്നനായി നിന്ന് ഇക്കിളിച്ചിരി ചിരിക്കുകയായിരുന്നു, ചന്ദ്രന്‍.


പടയാളികള്‍ ആരുമില്ലാതെ ഒറ്റയ്ക്ക് യുദ്ധം ജയിച്ചു തിരിച്ചുവന്ന സേനാനായകനെ പോലെ ഉണ്ണിക്ക് അവനോടു തന്നെ ബഹുമാനം തോന്നി. 'യൂറേക്കാ' എന്ന് ഉറക്കെ വിളിച്ചുപറയാന്‍അവന്‍റെ മനസ് വെമ്പി. പക്ഷെ ഉണ്ണി, താന്‍ലോകം കീഴടക്കിയവിവരം ഉള്ളിലൊതുക്കി ഗമയോടെ രാഘവമ്മാമയോടൊപ്പം റെയില്‍വേ സ്റ്റേഷന്‍വരെ നടന്നുനാരങ്ങാവെള്ളവും അവിലോസുണ്ടയുമൊന്നുമായിരുന്നില്ലാ അന്നത്തെ ആ വരവിന്‍റെ പ്രേരണ. 

കടക്കാരന്‍  ബഷീറിക്കയെ ഒന്നുകാണാന്‍വേണ്ടി മാത്രമായിരുന്നു ഉണ്ണിയന്ന് കൂടെച്ചെന്നത്. അയാളുടെ പേര് ബഷീര്‍ എന്നായതുകൊണ്ട് മാത്രം. ഉണ്ണി ബഷീറിക്കയെ ഏറെ നേരം വെറുതെ നോക്കി നിന്നു.

ടിക്കറ്റ്കൌണ്ടറില്‍നിന്നും ഷോര്‍ണൂര്‍ക്ക് നാലുരൂപയുടെ കട്ടട്ടിക്കറ്റും വാങ്ങി രാഘവമ്മാമയോടൊപ്പം പ്ലാറ്റ്ഫോമിലേക്ക് നടന്നു. അങ്ങാടിപ്പുറം സ്റ്റേഷനില്‍ നിലമ്പൂര്‍‍-ഷോര്‍ണൂര്‍പാസ്സഞ്ചറും കാത്തുനിന്നപ്പോള്‍ ഉണ്ണി പതിയെ രാഘവമ്മാമയോട് പറഞ്ഞു,


"ഭാര്‍ഗവി ജീവിച്ചിരുന്നപ്പോഴും വെള്ള മാത്രേ ധരിച്ചിരുന്നൊള്ളൂ.. ഭാര്‍ഗവിയുടെ കാമുകന് വെള്ളവസ്ത്രം മാത്രേ ഇഷ്ടായിരുന്നൊള്ളൂ, അതോണ്ടാ.."


"എന്താ..?!!" കാര്യം മനസിലാകാതെ അന്ധാളിച്ചു നില്‍ക്കുന്ന രാഘവമ്മാമയുടെ മുഖത്തിനപ്പോള്‍ പയ്യന്‍കഥകളിലെ പയ്യന്‍റെ മുഖമാണെന്നോര്‍ത്ത്  ഉണ്ണി ഉള്ളില്‍ചിരിച്ചു.


തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോള്‍ഉണ്ണിയുടെ ചിന്ത മുഴുവന്‍വൈക്കം മുഹമ്മദ്ബഷീര്‍എന്ന മഹാപ്രതിഭയെ പറ്റി ആയിരുന്നു. തന്‍റെ യക്ഷിക്ക് ആദ്യമായി വെള്ളസ്സാരിയും ബ്ലൌസും തയ്ച്ചു കൊടുത്ത തുന്നല്‍ക്കാരന്‍‍. മലയാളത്തിലെ ആദ്യ യക്ഷി സിനിമയുടെ കഥാകാരന്‍. പക്ഷെ ചിന്തകള്‍കൂടുതല്‍സങ്കീര്‍ണമായ മറ്റൊരു ചോദ്യത്തിലേക്കാണ് ഉണ്ണിയെ നയിച്ചത്. 


" തയ്യല്‍ക്കാരന്‍ബേപ്പൂര്‍സുല്‍ത്താനെങ്കില്‍യക്ഷികള്‍യഥാര്‍ത്ഥത്തില്‍എന്തായിരിക്കും ധരിച്ചിരിക്കുക..?"


പുറത്ത് പകലും അകത്ത് അടുപ്പുകളും എരിയുന്ന ഒരു നട്ടുച്ചനേരത്ത്, തലേന്ന് ക്ലാസ്സിലെ മറ്റൊരുണ്ണി നല്‍കിയ  'കൊച്ചുപുസ്തകം' ഉണ്ണി ബാഗില്‍നിന്നും പുറത്തെടുത്തു മുറ്റത്തേക്കിറങ്ങി. പൊള്ളുന്ന വെയില്‍അല്‍പ്പം തണല്‍ തേടി വൃക്ഷത്തലപ്പുകള്‍ക്കിടയിലും വടക്കേപ്പുരയുടെ വരാന്തയിലും കയറി ഒളിച്ചിരുന്നു. ഒളിപ്പിക്കാന്‍സ്ഥലമില്ലാതെ കൊച്ചുപുസ്തകം ഉണ്ണി പലതായി മടക്കി കയ്യില്‍പിടിച്ചു.


ആരെങ്കിലും കാണുമെന്നുള്ള ഭയം കൊണ്ട് ഓടിക്കയറിയതാണ് വടക്കേപ്പുരയുടെ നാലുകെട്ടിനുള്ളിലേക്ക്. ആദ്യമായി കാണുകയാണ് അതിനകവശം. ഉള്ളില്‍കയറിക്കഴിഞ്ഞ ശേഷമാണു അകത്ത് കാലങ്ങളായി നിശബ്ദരായി കഴിയുന്ന യക്ഷികളെ കുറിച്ചോര്‍ത്തത്. ഉള്ളിലുറഞ്ഞു കൂടിയ ഭയത്തോടെ ചുറ്റും കണ്ണോടിച്ചു. മാറാലകള്‍മാത്രം. ഉടഞ്ഞ തലയോടിനുള്ളിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികളില്‍തട്ടി, അന്തരീക്ഷത്തില്‍അലഞ്ഞു നടന്ന ധൂളികളില്‍കുഞ്ഞുസൂര്യന്മാര്‍ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. യക്ഷികളെ മാത്രം കണ്ടില്ല. കൊച്ചുപുസ്തകം ഇടതുകയ്യില്‍ അമക്കിപ്പിടിച്ചു പതിഞ്ഞ പാദസ്പര്‍ശങ്ങളോടെ ഉള്ളിലേക്ക് നടന്നു. ഉള്ളിലെ ഭയത്തിന്‍റെ തോത് ഏതാണ്ട് പൂര്‍ണമായും കുറഞ്ഞു. ആരുടേയും ശല്യമില്ലാതെ കൊച്ചുപുസ്തകം വായിക്കാന്‍ ഇതിലധികം സൗകര്യമുള്ള സ്ഥലം ഈ ലോകത്ത് തന്നെ വേറെയുണ്ടാകില്ല.


ഉണ്ണി അകത്ത് മറ്റൊരു മുറിയിലേക്കുള്ള വാതിലിന്‍റെ കട്ടളപ്പടിയിലെ പൊടിതട്ടിക്കളഞ്ഞു അതിന്മേല്‍ഇരുന്നു. അടഞ്ഞ വാതിലില്‍ നടുചാരിയിരുന്ന് പുസ്തകം നിവര്‍ത്തി. നഗ്നമായ സ്ത്രീശരീരങ്ങളുടെ ക്ലോസപ്പ് ചിത്രങ്ങളില്‍‍ ഉണ്ണിയുടെ കണ്ണുകള്‍‍ ആര്‍ത്തിയോടെ ഒഴുകി നടന്നു. തോട്ടില്‍നിന്നും കരയിലേക്ക് എടുത്തെറിഞ്ഞ രണ്ടു മാനത്തുകണ്ണി മീനുകളെപോലെ ,അവന്‍റെ കൃഷ്ണമണികള്‍ ഒരേ താളത്തിലും വേഗത്തിലും പിടച്ചുകൊണ്ടിരുന്നു. സ്വന്തം കൈകള്‍അരയിലെ കൈലിയുടെ അയഞ്ഞ പിരിമാറ്റി, താഴേക്കരിച്ചിറങ്ങിയത് അവന്‍ അറിഞ്ഞില്ല. അണ്ണാക്കില്‍കൊരുത്ത ചൂണ്ടക്കൊളുത്തില്‍ നിന്നും ജീവന്‍ രക്ഷിക്കാന്‍പിടയുന്ന വരാല്‍മീനുകളെ പോലെ കൈകള്‍ചലിച്ചു തുടങ്ങിയപ്പോള്‍ ഉണ്ണി തന്‍റെ കണ്ണുകള്‍മുറുക്കിയടച്ചു.


അപ്പോള്‍ നാലുകെട്ടിനുള്ളിലെ അടഞ്ഞമുറികളിലെവിടെ നിന്നോ, മിനുത്ത കാലുകളുള്ള ഒരു സ്ത്രീ ഉണ്ണിക്ക് നേരെ നടന്നു വന്നു. അവള്‍‍ ധരിച്ചിരുന്നത് വെള്ള വസ്ത്രങ്ങള്‍ആയിരുന്നില്ല. വസ്ത്രങ്ങളേ ഉണ്ടായിരുന്നില്ല. ഉണ്ണിയവളുടെ വിരിഞ്ഞ മാറിലെ കറുത്ത പൊട്ടില്‍ ചുംബിച്ചു. കുഴിയാനയുടെ കൊട്ടാരങ്ങള്‍ക്കിടയിലൂടെ കുഞ്ഞുറുമ്പുകള്‍ വരിവരിയായി ഘോഷയാത്ര പോകുന്നത് കണ്ടപ്പോള്‍, നാഭിചുഴിയില്‍‍ നിന്നും താഴേക്കരിച്ചിറങ്ങിയ നനുത്ത രോമരാജിയെ ഉണ്ണി ഊതിപ്പറത്തി. യക്ഷി ഇക്കിളിപൂണ്ട് വിറച്ചു. എപ്പോഴോ കൈയില്‍ നിന്നും പുസ്തകം താഴെ വീണു. കണ്ണുതുറന്നപ്പോള്‍ അരയ്ക്കു താഴെ നഗ്നനായി പടിചാരി ഇരിക്കുന്ന താന്‍ മാത്രമേ അവിടുണ്ടായിരുന്നുള്ളുവെന്നു കണ്ട് ആദ്യം അതിശയവും പിന്നെ ആശ്വാസവും തോന്നി. ആദ്യാനുഭവത്തിന്‍റെ തളര്‍ച്ചയില്‍ വിയര്‍പ്പോടെ ഉണ്ണി വാതിലില്‍ചാരിയിരുന്നു.


തളര്‍ച്ചയുടെ കിതപ്പുകള്‍പതിയെ കുറ്റബോധത്തിന്‍റെ ദീര്‍ഘനിശ്വാസങ്ങളിലേക്ക് താളം തെറ്റി. ചെയ്യാന്‍പാടില്ലാത്തതെന്തോ ചെയ്തുപോയെന്ന ചിന്തയില്‍പിന്നെയും തളര്‍ന്നു. പിന്നെ പതിയെ അത് കെട്ടടങ്ങി, സ്വയമറിഞ്ഞ രതിമൂര്‍ച്ചയുടെ സുഖമുള്ള ഓര്‍മ്മകളിലേക്ക് മടങ്ങി വന്നു. വടക്കെപ്പുരയുടെ വാതില്‍ ചാരി പുറത്തേക്ക് നടക്കുമ്പോള്‍, ചുണ്ടില്‍ ചെറിയ ചിരിയോടെ ഉണ്ണി ഓര്‍ക്കുകയായിരുന്നു,


"സത്യത്തില്‍, യക്ഷികള്‍നഗ്നരാണല്ലേ..."


************
പെണ്ണിന് മാത്രമല്ലാ ആണിനുമുണ്ട് , വയസ്സറിയിക്കുന്ന ഒരു ദിവസംയക്ഷികള്‍ നഗ്നരാണെന്ന് തിരിച്ചറിയുന്ന ദിവസം.

2013 നവംബര്‍ ലക്കം ഇ-മഷിയില്‍ വന്ന കഥ

57 comments:

 1. പെണ്ണിന് മാത്രമല്ലാ ആണിനുമുണ്ട് , വയസ്സറിയിക്കുന്ന ഒരു ദിവസം.. യക്ഷികള്‍ നഗ്നരാണെന്ന് തിരിച്ചറിയുന്ന ദിവസം..

  കടപ്പാട്- വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്ന അതുല്യപ്രതിഭയുടെ തൂലികയില്‍ പിറക്കാന്‍ ഭാഗ്യം സിദ്ധിച്ച പ്രിയയക്ഷി ഭാര്‍ഗവിക്കും, അവളെ എനിക്ക് പരിചയപ്പെടുത്തിയ സുഹൃത്ത് വിജിത്തിനും, ഞാനറിയുന്ന സകല യക്ഷികള്‍ക്കും...

  ReplyDelete
 2. അങ്ങട് ശരിക്കിനും രസിച്ചിരിക്കണൂ ..
  പുതിയ രചനകൾ ഇ മെയിലിൽ കിട്ടാൻ ന്താ ഒരു വഴി ന്റെ കുട്ട്യേ.. ?? :)

  ReplyDelete
  Replies
  1. ബ്ലോഗിന്‍റെ വലതുഭാഗത്ത് അങ്ങനെ ഒരു പെട്ടിയുണ്ട്, "പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ വരാന്‍" എന്നും പറഞ്ഞു.. മെയില്‍ ഐഡി ആ പെട്ടിയിലിട്ടെക്കൂ... :)

   Delete
  2. This comment has been removed by the author.

   Delete
  3. സന്തോഷം. ഇനി കുശാലായി.. ഹ ഹ..
   ആ പെട്ടി ഏറ്റവും മുകളിൽ കൊണ്ട് വയ്ക്ക്യാ ഉചിതം എന്ന് തോന്നുന്നു...

   Delete
 3. ഇമഷിയില്‍ വായിച്ചിരുന്നു ഡോക്ടറെ :). വിശദമായ ഒരു അഭിപ്രായം നേരിട്ട് പറഞ്ഞിരുന്നു -മറന്നില്ലല്ലോ അല്ലെ? ;)

  ReplyDelete
  Replies
  1. ഹ.. ഹ.. ഓര്‍മ്മയുണ്ട്.. :)

   Delete
 4. ഈ മഷിയില്‍ വായിച്ചു പേടിച്ചു രസിച്ചു :) ഇവിടേം അവതരണമാണ് എനിക്ക് പിടിച്ചത്ട്ടോ..ഇങ്ങള് ഡോക്ടര് തന്നെല്ലേ :)

  ReplyDelete
 5. നല്ല അവതരണ ശൈലി മനോജ്‌...

  ReplyDelete
 6. നല്ല കഥയും വിവരണവും

  ആശംസകള്‍

  ReplyDelete
 7. ഓരോ ആണ്‍കുട്ടിയും പ്രായമറിയിക്കുന്ന ഒരു ദിവസമുണ്ടാകും.
  മനോഹരമായി അത് അവതരിപ്പിച്ചു ... നല്ല എഴുത്ത് ... അഭിനന്ദനങ്ങള്‍ !!

  ReplyDelete
 8. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല ബഷീറിനും മുന്‍പേ എഴുതപ്പെട്ടതാണ്. അതില്‍ യക്ഷികളെ തളക്കുന്ന വിരുതന്മാരെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഓര്‍മ്മ ശരിയാണെങ്കില്‍ ശുഭ്രവസ്ത്രവും, ചുണ്ണാബും അന്നേ അവരുടെ വീക്നെസ് ആണ്.

  അവതരണം നന്നായി. പറയാന്‍ ഉദ്ദേശിച്ച വിഷയത്തിലേക്ക് എത്താന്‍ അല്പം കാടുകയറിപ്പോയോ എന്നൊരു സംശയം.

  ReplyDelete
  Replies
  1. ശങ്കുണ്ണിയുടെ യക്ഷിയെ അറിയില്ല.. ചിലപ്പോള്‍ ശുഭ്രവസ്ത്രധാരി ആയിരുന്നിരിക്കാം.. പക്ഷെ ബഷീറിന്‍റെ ഭാര്‍ഗ്ഗവി മരണശേഷം വെള്ളയിലേക്ക് മാറിയതല്ല, അവള്‍ ജീവിച്ചിരുന്നപ്പോഴും വെള്ള മാത്രമേ ധരിക്കുമായിരുന്നുള്ളൂ.. കാരണം അവളുടെ കാമുകനായ ശശികുമാറിന് വെള്ളവസ്ത്രം മാത്രേ ഇഷ്ടമായിരുന്നുള്ളൂ.. മലയാള സിനിമയിലെ യക്ഷികള്‍ പിന്നീട് വെള്ളമാത്രം ധരിച്ചത് ചിലപ്പോള്‍ ഇതിനെ പിന്തുടര്‍ന്നായിരിക്കണം.. :)

   Delete
 9. യക്ഷികഥ ഇങ്ങനെ അവസാനിക്കും എന്ന്, വായിച്ചു തുടങ്ങിയപ്പോള്‍ കരുതിയില്ല; ഈ ഉണ്ണിയുടെ ഒരു കാര്യം .. !! ഹെ ഹെ...

  ReplyDelete
 10. mnr abdullatheef2 December 2013 at 18:28

  നമ്മുടെ മിത്തുകളില്‍ നിലനില്‍ക്കുന്ന സുന്ദരിയായ യക്ഷിയെ അന്വേഷിക്കുന്ന ആണ്‍കുട്ടി സ്വന്തം ശരീരത്തിന്റെ ലൈംഗിക തൃഷ്ണയെ കണ്ടെത്താനാണ്‌ ശ്രമിക്കുന്നത് .പെണ്കുട്ടിക്കുമുണ്ട് ഈയൊരവസ്ഥ ;അവള്‍ ഗന്ധര്‍വന്‍ എന്ന പുരുഷമിത്തിലേയ്ക്കാകര്ഷിക്കപ്പെട്ടേക്കാം .കുട്ടിയുടെ പ്രായപരിധിയില്‍ നിന്നുകൊണ്ട്, ,അവന്റെ ചെറിയ ലോകത്തിലൂടെ, അവന്റെ ജിജ്ഞാസയെ പിന്തുടരുകയാണ് മനോജ്‌ ;കൌമാരത്തിലെത്തിയ കുട്ടിക്ക് ,ബാഹ്യലോകവും അതിലെ വിശ്വാസങ്ങളും തന്നിലേ ക്കെത്തിച്ചേരാനുള്ള കൌതുകകരമായ വഴിയാണ് .ഈ ഒരവസ്ഥയെ യാതൊരു തന്ത്രവുമില്ലാതെ മനോജ്‌ നന്നായെഴുതുന്നു .

  ReplyDelete
  Replies
  1. ഈ കഥക്ക് ചേർന്ന നല്ല നിരീക്ഷണം...

   Delete
 11. ഒരു ‘യക്ഷി‘ക്കഥ

  ReplyDelete
 12. കഥ ഏറെ ഇഷ്ടമായി ഡോക്ടർ. കഥ ആദ്യഭാഗത്ത് അൽപ്പം പാളിപ്പോവുന്നതായി തോന്നിയെങ്കിലും പിന്നീട് അത് ശരിയായ ട്രാക്കിലൂടെ കൃത്യമായി അവസാനിക്കുന്നു. ഡോക്ടറിൽ നല്ലൊരു കഥാകൃത്ത് കൂടിയുണ്ട്. ജോലിത്തിരക്കിനിടയിൽ ആ സിദ്ധി കൈമോശം വരാതിരിക്കട്ടെ.....

  ReplyDelete
 13. അപ്പോള്‍ യൌവനയുക്തയായ സന്ധ്യക്ക് നേരെ തന്‍റെ വെള്ളമുണ്ട് വലിച്ചെറിഞ്ഞു ആകാശത്ത് പൂര്‍ണനഗ്നനായി നിന്ന് ഇക്കിളിച്ചിരി ചിരിക്കുകയായിരുന്നു, ചന്ദ്രന്‍.

  കഥ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. യക്ഷിയുടെ ഉത്ഭവത്തെക്കുറിച്ച നിരീക്ഷണവും (ജോസ്ലെറ്റ് സൂചിപ്പിച്ചെങ്കിലും ) ബഷീറിനെ കുട്ടി മനസ്സിലാക്കുന്നതും കഥക്കനുയോജ്യമായി ചേര്‍ത്തത് നന്നായി. കൃത്യമായ അഭിപ്രായം mnr abdullatheef നല്‍കിയിട്ടുണ്ട്.
  നന്നായി ബോധിച്ചു.

  ReplyDelete
 14. ശുഭവസ്ത്രം ഊരിയെറിഞ്ഞവൾ വന്നൂ ..
  നൂൽബന്ധമില്ലാത്ത തന്റെ മേനിയഴകിൽ കൂടീ
  ഒരു കൌമാരക്കരന്റെ വയസ്സറിയിക്കൽ ചടങ്ങ് നടത്തുവാനായിട്ട്...
  അതെ മന:ശാസ്ത്ര വിശകലനങ്ങളോടെ വായിക്കാവുന്ന ഒരു ഒറിജിനാലിറ്റി ‘യക്ഷിക്കഥ’
  അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

  ReplyDelete
 15. നല്ല എഴുത്ത്
  യക്ഷികൾ നഗ്നരാണ്
  ബാല്ല്യത്തിൽ നിന്നും കൗമാരത്തിലേക്കുള്ള യാത്രയിൽ സ്വപ്നത്തിൽ നിറയെ നഗ്ന യക്ഷികൾ ആയിരുന്നു

  ReplyDelete
 16. കഥയും അത് പറഞ്ഞ രീതിയും വളരെ ഇഷ്ടപ്പെട്ടു.
  ക്രാഫ്റ്റ് എന്ന മാജിക്ക്‌ ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു.

  ReplyDelete
 17. കഥ വളരെ ഇഷ്ടപ്പെട്ടു. ഉണ്ണിയുടെ യക്ഷിയെക്കുറിച്ചുള്ള സംശയങ്ങളും, യക്ഷി നഗ്നയാണെന്ന് തിരിച്ചറിവുണ്ടാകുന്ന സന്ദര്‍ഭവും മികച്ചരീതിയില്‍ തന്നെ ആവിഷ്ക്കരിച്ചിരിക്കുന്നു.

  ReplyDelete
 18. "അവധിദിവസങ്ങളില്‍ പകല്‍ സമയത്ത് ആരും കാണാതെ വടക്കേപ്പുരയുടെ വരാന്തയില്‍ പോയി വെറുതെ അകത്തേക്ക് നോക്കി നിക്കും. അല്ലെങ്കില്‍ അവിടെ ചുറ്റിത്തിരിയും. വരാന്തയില്‍ തറയിലും തടിപ്പടിയിലും പത്തായത്തിനു മുകളിലും വരിവരിയായി ഘോഷയാത്ര ചമയുന്ന കുഞ്ഞനുറുമ്പുകളെ ഊതിപ്പറത്തും. അവ വീണ്ടും വരിപണിയുമ്പോള്‍ പിന്നെയും ഊതും.. പൊട്ടിയ തറയോടുകള്‍ക്കിടയിലെ കുഴിയാനയുടെ കൊട്ടാരം മണ്ണിട്ടുമൂടും. " ഈ പ്രായത്തിലുള്ള ഉണ്ണി മലയാറ്റൊരിന്റെ 'യക്ഷി' വായിച്ചോ? അതോ കുറെ കൂടി കഴിഞ്ഞിട്ടാണോ? മധുസൂദനന്‍ നായരുടെ കവിതയുമൊക്കെ ആസ്വദിക്കുന്ന ഉണ്ണി കൌമാരത്തിന്റെ മൂര്ധന്യതിലല്ലേ? അവിടെ ഒരു കൊച്ചു പോരുത്തക്കെടില്ലേ?
  പതിവ് പോലെ കഥയുടെ ഭാഷയും ശൈലിയും നന്ന്. ക്രാഫ്റ്റില്‍ ഓരോ കഥയും മികച്ചു തന്നെ വരുന്നു എന്നതില്‍ സന്തോഷവും അഭിമാനവും..തെല്ലു അഹങ്കാരവും..
  കൂടുതല്‍ വരട്ടെ...

  ReplyDelete
  Replies
  1. ഹ.. ഹ.. ആ സംശയം ആസ്ഥാനത്താണ് അന്‍വര്‍ക്കാ.. ഉണ്ണി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണിത് എന്ന് കഥയില്‍ പറഞ്ഞിട്ടുണ്ട്.. മലയാറ്റൂരിന്റെ 'യക്ഷി' ആ പ്രായത്തില്‍ വായിക്കാന്‍ പറ്റില്ലേ? ഞാനാ സമയത്താ വായിച്ചത്.. ഉണ്ണി ഒരു സാഹിത്യകുതുകി ആയതുകൊണ്ടല്ല, ആ പുസ്തകത്തിന്റെ പേര് യക്ഷി ആയത് കൊണ്ടാണ് അവനത് വായിക്കാന്‍ കാരണം.. അവനതില്‍ യക്ഷിയുടെ വസ്ത്രത്തിന്‍റെ നിറം കണ്ടുപിടിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുകയാണ്..മധുസൂദനന്‍ നായരുടെ കവിത അവന്‍ ആസ്വദിച്ചില്ല, അവനു ദഹിച്ചില്ല എന്നകാര്യവും അവിടെ പറഞ്ഞിട്ടുണ്ട്..

   എന്തായാലും അന്‍വര്‍ക്കായുടെ സൂക്ഷ്മനിരീക്ഷണങ്ങളെ നമിക്കുന്നു..

   Delete
 19. വായിച്ചു തുടങ്ങിയപ്പോള്‍ തോന്നി ഒരു സമയംകൊല്ലി യക്ഷി കഥ ആയിരിക്കും എന്ന്. പക്ഷേ രസകരമായ അവതരണ ശൈലി കഥ മുഴുവനും വായിപ്പിച്ചു ! :-)

  ഇനിയും നല്ല രചനകള്‍ പിറക്കട്ടെ :-)

  ReplyDelete
 20. നല്ല രചനാശൈലി.അടുത്തകാലത്ത് വായിച്ച നല്ല കഥകളിൽ ഒന്ന്.യക്ഷികൾ പണ്ടേ വെള്ള വസ്ത്രധാരികളാണു. ഇപ്പൊൽ ഒരു ചാനലിൽ വരുന്ന ഒരു ഐതീഹ്യമാല കഥകളെ തിരക്കഥ ആക്കുന്ന തിരക്കിലാണ് ഞന്നീ കഥ വായിച്ചത്...കുറെ യക്ഷി കഥകൾ അവിടെ വീണ്ടും വായിച്ചു. ഒന്നു രണ്ട് യക്ഷികൾ ഒഴിച്ച് ബക്കി ഉള്ളവരെല്ലാം നല്ല വരാ കേട്ടോ..................... ആശംസകൾ

  ReplyDelete
  Replies
  1. ഹ.. ഹ.. ആരാ ചന്തുവേട്ടാ ഈ ഒന്നുരണ്ടു മോശക്കാരായ യക്ഷികള്‍..? :) :)

   Delete
  2. കള്ളിയങ്കാട്ട് നീലി...പന മരനീലി ഒക്കെ ഇത്തിരി മോശമാണേ.....അവർക്കാനെങ്കിൽ ബ്രാഹ്മണരുടെ രക്തമാ ഇഷ്ടം...അതുകൊണ്ട് നമ്മെപോലുള്ളവരൊക്കെ രക്ഷപ്പെട്ടൂ...ഹ..ഹ

   Delete
 21. Valare nalla kadha...
  "mnr abdullatheef" inte niroopanavum nannaayi

  ReplyDelete
 22. കുട്ടികളില്‍ ചെറുപ്രായം മുതല്‍ ഓരോ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കിവെക്കാനുള്ള ജിജ്ഞാസ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.
  ക്രമാനുഗതമായി കുട്ടികളിലുണ്ടാകുന്ന മാറ്റത്തിന്‍റെ ചിത്രം തന്മയത്വത്തോടെ
  ഈ കഥയിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
  വായനാസുഖം നല്‍കുന്ന ഒഴുക്കുള്ള ശൈലി.
  ആശംസകള്‍

  ReplyDelete
 23. മികച്ച ഒരു വായനാനുഭവം പകരാന്‍ സാധിച്ച കഥ!..നിഷ്കളങ്കതയുടെ നര്‍മ്മത്തില്‍ ചാലിച്ച ചിന്തകളുടെ തിരയിളക്കം.

  ReplyDelete
 24. ഇത് സംഗതി കലക്കിയല്ലോ മാഷെ
  വളരെ രസകരമായ വർണ്ണന, ഉദ്വേഗം ജനിപ്പിക്കും വിധം
  കഥ പറയുന്നതിൽ താങ്കള് വിജയിച്ചിരിക്കുന്നു ഇവിടെ
  പക്ഷെ കാലം മാറിപ്പോയല്ലോ മാഷെ, ഇന്നിപ്പോൾ
  ഇത്തരം കൊച്ചു കഥ പുസ്തകങ്ങൾ നോക്കാൻ കൗമാരക്കാർക്കു
  എവിടെ സമയം അല്ലെങ്കിൽ അതിനിന്നു മാർക്കറ്റും ഇല്ല എന്നു തോന്നുന്നു,
  പകരം, ഡസ്ക് ടോപ്പിലോടെയും ലാപ്പിയിലൂടെയും ടീവീയിലൂടെയും
  ഒഴുകിയെത്തുന്ന അതിരസകരമായ ജീവൻ വെച്ച യെക്ഷികളുടെ നൃത്തം
  അഥവാ ആ ചിത്ര സൃഗലകളിൽ ആനന്ദ നിർവൃതി കണ്ടെത്തുന്ന
  യുവ ലോകം, പുതിയൊരു കഥക്കുള്ള ഒരു തന്തു ഇവിടെ കുടുങ്ങി കിടക്കുന്നു
  പുതിയൊരു കഥക്കുള്ള വക ഇവിടെ കിട്ടാതിരിക്കില്ല
  വൈകാതെ അതിവിടെത്തും അല്ലേ മാഷെ!!!
  ആശംസകൾ

  ReplyDelete
  Replies
  1. ഹ.. ഹ.. എത്തുമായിരിക്കും... സന്തോഷം മാഷെ..

   Delete
 25. അഭിനന്ദനങ്ങൾ ഇ മഷിയിൽ നേരത്തെ തന്നെ വായിച്ചതാ യക്ഷി എന്ന പേടിപെടുത്തുന്ന മിത്തിലൂടെ പേടിപ്പിച്ചു ചിരിപ്പിച്ചു പിന്നെ ചിന്തിപ്പിച്ചു .

  ReplyDelete
 26. ഉത്കണ്ഠയോടെയും സങ്കോചത്തോടേയും ഒരു പെൺകുട്ടി ഋതുമതിയാവുമ്പോൾ ഒരു ആൺകുട്ടിയുടെ വളർച്ചാഘട്ടം ചിലപ്പോൾ ഒരു യക്ഷിയിലൂടെ തുടക്കം കുറിക്കുന്നു..
  കഥയും പറഞ്ഞ രീതിയും ഇഷ്ടായി..ആശംസകൾ

  ReplyDelete
 27. ഈ ഉണ്ണി ന്നാ കേക്കണോ ... ആകെ വിജുംബ്രിപ്പിച്ചു കളഞ്ഞു .. ശ്ശൊ .. സംഭവം എനിക്കിഷ്ടമായി .. പറഞ്ഞു വന്ന രീതി മികച്ചു നിന്നു . ചില മസാല പ്രയോഗങ്ങളൊക്കെ ഒന്ന് കുറക്കാമായിരുന്നു എന്നൊരഭിപ്രായം ഉണ്ട് . രതി നിർവേദം സിനിമ മികച്ചതാണ് എന്ന് പറയുന്ന അതേ സമയത്ത് തന്നെ ചില കൂട്ടരിൽ ആ സിനിമ നെറ്റി ചുളിപ്പിക്കുന്നുമുണ്ട് എന്ന പോലെയാണ് ചില കഥകൾ വായിക്കുമ്പോൾ. ഈ കഥ അങ്ങിനെ രണ്ടു തരത്തിൽ വ്യഖ്യാനിക്കാൻ സാധിക്കും എന്ന് തോന്നുന്നു. പുറമേ നിന്ന് നോക്കുമ്പോൾ ചില്ലറ മസാലയൊക്കെ തോന്നുമെങ്കിലും കഥയുടെ ആന്തരിക ഭാവം എന്താണെന്ന് മനസിലാക്കാൻ ശ്രമിച്ചാൽ മാത്രം കഥ നന്നായി തോന്നാം. അല്ലാത്ത പക്ഷം വായിക്കുന്നവന് ചെറിയൊരു ഇക്കിളി കഥ വായിച്ച സുഖത്തോടെ മടങ്ങുകയും ചെയ്യാം. ഈ കഥയുടെ മാനം വിസ്താരമുള്ളതാണോ എന്ന് ചോദിച്ചാൽ, അത് കഥ വായിക്കുന്നവന്റെ ആസ്വാദന ശൈലിക്ക് അനുസരിച്ചിരിക്കും എന്ന് മാത്രമേ പറയാനുള്ളൂ. എന്തായാലും കഥ എഴുതുന്ന ശൈലി നിരീക്ഷിക്കാൻ താൽപ്പര്യമുള്ള ബ്ലോഗർ സമൂഹത്തിലേക്ക് നിരീക്ഷണ വിധേയമാക്കാനും വേണമെങ്കിൽ ഒരു വലിയ ചർച്ചക്കും വരെ സ്കോപ്പുള്ള ഒരു കഥയാണ്‌ ഡോക്ടറുടെ ഈ കഥ.

  ആശംസകളോടെ ..

  ReplyDelete
  Replies
  1. അവസാന ഭാഗത്തെ മസാലയാണോ..? എഴുതുമ്പോള്‍ ഞാനും അതിനെ പറ്റി ആലോചിച്ചു.. പക്ഷെ അത്രയെങ്കിലും പറഞ്ഞില്ലേല്‍ ആ ഭാഗം കൈവിട്ടുപോകും എന്നുതോന്നി..

   മികച്ച നിരീക്ഷണം പ്രവീണ്‍.. സന്തോഷം..

   Delete
 28. ആദ്യം ഒന്ന് ബെര്‍തെ ബേജാരാക്കിയ കഥ.....പിന്ന്യോ?...മാണ്ട....ഞാന്‍ പ റെ ന്നില്ല ................ആശംസകള്‍

  ReplyDelete
 29. കഥയുടെ ലിങ്കിനോടൊപ്പം ''പെണ്ണിന് മാത്രമല്ലാ ആണിനുമുണ്ട് , വയസ്സറിയിക്കുന്ന ഒരു ദിവസം.. യക്ഷികള്‍ നഗ്നരാണെന്ന് തിരിച്ചറിയുന്ന ദിവസം..'' എന്ന് കണ്ടപ്പോള്‍ വലിയ ആകാംക്ഷയോടെ വായിച്ചു..തികച്ചും മനോഹരമായ അവതരണം തന്നെ..ഇതല്ലാതെ മറ്റൊരു രീതിയും ഇതിനു അനിവാര്യമല്ല എന്ന് പോലും തോന്നിപ്പിച്ചു...

  ReplyDelete
 30. അവതരണം ഇഷ്ടപ്പെട്ടു.
  പക്ഷേ കൗമാരപ്രായത്തിൽ തന്നെ യക്ഷികൾ മനസ്സിന്റെ സൃഷ്ടിയാണെന്ന തിരിച്ചറിവ് ഉണ്ടാകുമോ എന്നൊരു സംശയമുണ്ട്. ഭാർഗ്ഗവീനിലയം ആ പ്രായത്തിൽ വായിക്കുമ്പോൾ, യക്ഷി/പ്രേതം ഉണ്ട് എന്ന വിശ്വാസത്തിനു തന്നെയല്ലേ പിന്തുണ കിട്ടാൻ സാധ്യത ? ചുറ്റുമുള്ള യക്ഷി വിശ്വാസികൾക്കിടയിൽ, ഒരാളെങ്കിലും അതിനെ തള്ളി കളയുന്നതായി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് തോന്നി.

  രാഘവമ്മാമ്മയുടെ അച്ഛനെ കുറ്റം പറയലും, അച്ഛന്റെ യക്ഷിപ്പേടിയും എല്ലാം, ചുരുക്കം വാചകങ്ങളിൽ ഒരു വലിയ കഥ പറയുന്നുണ്ട്.

  'വെള്ളസാരീം ബ്ലൌസും ധരിച്ച ഒന്നല്ല, മൂന്നു പേരാ അതിനകത്ത് ആത്മാവിനു ഗതികിട്ടാതെ മുറവിളിക്കൂട്ടിക്കഴിയണത്. ഒരു പൂജയും ഇനി ഫലിക്കില്ല. എന്നെ ആ പറമ്പില് കുഴിച്ചിട്ട ശേഷം എന്താന്നുവച്ചാ ആയിക്കോളൂ.'

  എന്ന അച്ഛന്റെ ഡയലോഗിൽ,' വെള്ളസാരിയും ബ്ലൗസും ധരിച്ച' ഒഴിവാക്കാമെന്ന് തോന്നി. അച്ഛനെ സംബന്ധിച്ചിടത്തോളം അതിനൊട്ടും പ്രാധാന്യമില്ലല്ലൊ.

  ReplyDelete
  Replies
  1. ആ നിരീക്ഷണം വളരെ ശരിയാണ്.. അച്ഛൻറെ സംഭാഷണത്തിൽ അൽപം കൃത്രിമത്വം എനിക്കും തോന്നിയിരുന്നു. കഥകളിൽ മാത്രമല്ല, നമ്മുടെ വിശ്വാസങ്ങളിലും യക്ഷികൾ വെള്ളസാരീം ധരിച്ചാണ് നടക്കുന്നത് എന്ന് സൂചിപ്പിക്കാന് അത് അങ്ങനെ തന്നെ നിലനിർത്തിയത്.

   Delete
 31. This comment has been removed by the author.

  ReplyDelete
 32. ഇഷ്ടായി ...ഒത്തിരി

  ReplyDelete
 33. "വരികള്‍ക്കിടയില്‍ കണ്ടു" കൊണ്ടുഇവിടെ വന്നു കയറി.
  ചില സ്ഥലങ്ങളില്‍ വരികള്‍ എന്റെ നെറ്റി ചുളിപ്പിച്ചു എന്നത് മറക്കുന്നില്ല. എങ്കിലും ഒന്ന് പറഞ്ഞേ തീരൂ.
  അടുത്തകാലത്ത്‌ വായിച്ച കഥകളില്‍ ഈ രചനാ രീതി ഏറെ ഹൃദ്യം.

  ReplyDelete
 34. വിലയേറിയ അഭിപ്രായങ്ങള്‍ പറഞ്ഞ ഓരോരുത്തര്‍ക്കും വെള്ളനാടന്‍ ഡയറിയുടെ നന്ദിയും സ്നേഹവും... ഇനിയും വരികയും പ്രോത്സാഹിപ്പിക്കുക്കയും ചെയ്യണം..

  ReplyDelete
 35. വളരെ സത്യമാണ് ഈ നിരീക്ഷണം ആ ദിവസം എനിക്കും ഓര്മ യുണ്ട്

  ReplyDelete
 36. വായനാ സുഖം വേണ്ടുവോളം ലഭിച്ചു .ഉണ്ണിയും നാലുകെട്ടും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .കഥാന്ത്യം ഇങ്ങനെയാവും എന്ന് ഒട്ടും നിനച്ചിരുന്നില്ല .എന്തിനാ കഥയില്‍ വയസ്സറിയിക്കുന്ന വിഷയം ചേര്‍ത്തത് എന്ന് തുടക്കത്തില്‍ തോന്നിയെങ്കിലും അധികമാരും പറയാന്‍ മടിക്കുന്ന സത്യം പറഞ്ഞതില്‍ തെറ്റുണ്ട് എന്ന് തോന്നിയില്ല .ആശംസകള്‍

  ReplyDelete
 37. യക്ഷികളെ വെള്ളസാരി ഉടുപ്പിച്ചില്ലെങ്കിൽ രാത്രിവാസികളായ ഇവരെ ഇരുട്ടത്ത് കാണാനാവില്ലെന്നതു കൊണ്ടാകും പണ്ടു മുതലേ വെളുപ്പിൽ നിർത്തിയത്. മറ്റേതു നിറവും ഇരുട്ടത്ത് ഒരു വ്യക്തത കിട്ടില്ല. നേരെ ചൊവ്വെ മനുഷ്യനെ കാണിച്ചാലല്ലെ, അതും ഇരുട്ടത്ത് പേടിപ്പിക്കാൻ പറ്റൂ...!
  പകൽ ഇറങ്ങുന്ന യക്ഷിക്ക് ഏതു കളറും ആകാം.
  കഥയുടെ ആഖ്യാനരീതി ഇഷ്ടപ്പെട്ടു.
  ആശംസകൾ.....

  ReplyDelete
 38. unnikal annum innum ennumundu....... pakshe yakshikal ini ethra nal kudi kanum....... nagnaraya yakshikalllllllll

  ReplyDelete
 39. മ്മടെ വിനയന്‍റെ "യക്ഷിയും ഞാനും" സിനിമയില്‍ യക്ഷി വെള്ള വെഡിംഗ് ഗൌണിലേക്കാ മാറുന്നത്. :)

  നല്ല എഴുത്ത് ഡോക്ടറെ... (Y)
  മുന്‍പും ഇതേ പോസ്റ്റ്‌ വായിച്ചിരുന്നു... കമന്റ് ചെയ്യുന്നത് ഇപ്പോളാനെന്നു മാത്രം.

  ReplyDelete
 40. വായിച്ചു ....ഇഷ്ടായി ....

  ReplyDelete
 41. നേരത്തെ വായിച്ചിരുന്നു , ഇന്ന് ഈ ലിങ്ക് കണ്ടപ്പോള്‍ ഒന്നൂടെ വായിച്ചു , അത് തന്നെയാണ് ഈ കഥയുടെ വിജയവും ,

  ReplyDelete
 42. വളരെ വിത്യസ്തമായാണ് കഥ പറഞ്ഞത്.ഈ ശൈലിയും അവതരണവും വളരെ ഹൃദ്യമായി.ആശംസകള്‍

  ReplyDelete

ഇവിടെ കുറിയ്ക്കുന്ന ഓരോ വാക്കിനും നന്ദി.. വീണ്ടും വരണം..