"അച്ചോ..കര്‍ത്താവിനെ ഞാന്‍ ആദ്യമായി കാണുന്നത് ഈ പള്ളിയുടെ മുകളില്‍,ആകാശത്ത് നിക്കുന്ന തിരുരൂപമായിട്ടാ.. അതുകൊണ്ട് കര്‍ത്താവെനിക്ക് എല്ലാത്തിനും മേലെ തന്നാ.. പക്ഷേങ്കില് കര്‍ത്താവ് ദിവ്യഗര്ഭംപൂണ്ട് പിറന്നവനാണെന്നു ഞാന്‍ വിശ്വസിക്കൂല.. അങ്ങനെ സംഭവിക്കില്ലച്ചോ..!"
അച്ചന് ചെറുതായൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. ജോസിനോട് തിരിച്ചെന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. അവനൊരു കാര്യം മനസ്സിലുറപ്പിച്ചാല്‍ പിന്നെ മാറ്റാന്‍ പ്രയാസമാണ്. മാത്രമല്ല,കര്‍ത്താവ് ദിവ്യഗര്‍ഭത്തില്‍ പിറന്നവനാണെന്ന് തെളിയിക്കാന്‍ തന്റെ കൈയ്യില്‍ തെളിവുമില്ലാ, ബൈബിളില്‍ അങ്ങനെ എഴുതിയിട്ടുണ്ടെങ്കിലും.
ജോസ് പള്ളിയുടെ വശത്ത്, മുകളിലെ ഗോപുരത്തിലെ തിരുരൂപത്തിനടുത്തേക്കുള്ള കോണിപ്പടിയിലെ ഇളകിയ പലകകളില്‍ ആണി കയറ്റിക്കൊണ്ട് തന്നെ സംസാരം തുടര്‍ന്നൂ,
"അല്ലെങ്കി അച്ചന് തന്നെ പറ, അങ്ങനെയുണ്ടാകുമോ എന്ന്.? നമ്മുടെ കര്‍ത്താവ് പെഴച്ചുപെറ്റതാണച്ചോ.."
![]() |
വര- അംബരീഷ് ഹരിദാസ് |
കാലപ്പഴക്കം ഉണ്ടെങ്കിലും നാട്ടിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ആ പള്ളി തന്നെയാണ്. പഞ്ചായത്താഫീസിനും സ്കൂളിനും പഴയ സിനിമാതിയറ്ററിനും അരികിലായി ഉയര്‍ന്ന് നില്കുന്ന പള്ളിയുടെ ഗോപുരത്തിന് മുകളില്‍, ഇരുവശങ്ങളിലേക്കും കൈകള്‍ വിടര്‍ത്തി നാടിനെ മുഴുവന്‍ ആശിര്‍വദിച്ചുകൊണ്ട് കര്‍ത്താവിന്റെ വെള്ളിപൂശിയ പ്രതിമയുമുണ്ട്. രാത്രിയാകുമ്പോള്‍ ചുറ്റുമുള്ള ഇരുട്ടിനെ നെടുകെകീറി, ആ തിരുരൂപം മാത്രം ആകാശത്ത് തിളങ്ങി നില്ക്കും. ഒരു നാടിന്റെ തന്നെ വെളിച്ചമായി.
ജോസും,ഊമയായ സഹോദരി അന്നയും പഞ്ചായത്തീന്നു കിട്ടിയ രണ്ടു ആട്ടിന്കുട്ടികളും ഒരു വെളുത്ത പൂച്ചയും ഈയിടെ മരിച്ച അപ്പന് ഔസേപ്പിന്റെ ഓര്‍മ്മകളും പള്ളീന്ന് ഒരു കിലോമീറ്റര്‍ മാറി ഒരു കൊച്ചു വീട്ടിലാണ് കുടികിടപ്പ്. അന്ന ജനിച്ചപ്പോള്‍ തന്നെ ജോസിന്റെ അമ്മ മരിച്ചു. അന്നയ്ക്ക് സംസാരശേഷി ഉണ്ടാകാന്‍ കേട്ടുകേള്‍വിയുള്ള സകല പുണ്യാളന്മാര്ക്കും കര്‍ത്താവിനും മാതാവിനും എന്നുവേണ്ട, നടവരമ്പിനോരത്തെ ആല്‍ത്തറയിലെ നാഗത്താനു പോലും ഔസേപ്പ് നേര്‍ച്ചയിട്ടിട്ടുണ്ട്. ദൈവങ്ങളെല്ലാം ഒരേഭാവത്തില്‍ കൈമലര്‍ത്തി. തള്ളേം കൊന്ന് ജന്മം കൊണ്ടവളെന്ന വിളി നാട്ടുകാരുടെ വക വേറെയും. പക്ഷെ അന്നയുടെ ചെവികളും ജന്മനാ പണിമുടക്കിലായതിനാല്‍ അവള് അതൊന്നും കേട്ടില്ല. കേട്ടത് മുഴുവന്‍ ജോസായിരുന്നു.
അന്ന ഒരു കുഞ്ഞരുവിയായിരുന്നു. സുന്ദരിയായ ഒരു അരുവിയായി നിശബ്ദമായി അവള് ഒഴുകി നടന്നു. സ്നേഹത്തിന്റെ വടവൃക്ഷങ്ങളാലും വാത്സല്യത്തിന്റെ വള്ളിച്ചെടികളാലും ജോസെന്ന കാട് അവളെ പൊതിഞ്ഞു നിന്നു. അരുവിയുടെ കുളിരില്‍ ഒരു കാടും കാടിന്റെ തണലില്‍ അരുവിയും കാലത്തിന്റെ പടവുകള്‍ പതറാതെ കയറി.
"മനസ്സിലെ നന്മകൊണ്ടും കര്‍മ്മം കൊണ്ടും നീ ദൈവത്തിനു പ്രിയപ്പെട്ടവനാണ് ജോസ്സൂട്ടീ.. നിന്നെപ്പോലൊരാള്‍ കര്‍ത്താവിനെ പറ്റി ഇങ്ങനൊന്നും പറയരുത്.."
ജോസിനോടുള്ള സ്നേഹവും കൂടെ ഒരു താക്കീതെന്ന പോലെയും അച്ചന് പറഞ്ഞു. ജോസിനെ ജോസ്സൂട്ടി എന്ന് വിളിച്ചിരുന്നതും അച്ചന് മാത്രമായിരുന്നു. ജോസ് അപ്പോഴും കോണിപ്പടിയിലെ പലകയില്‍ ആണി വച്ച്, ചുറ്റിക കൊണ്ട് അടിച്ചു കയറ്റുകയായിരുന്നു. ചെത്തതാണ്. ഉറയ്ക്കുന്നില്ലാ.
"അച്ചോ.. യുക്തിക്ക് നിരക്കാത്തതൊന്നും ജോസ് വിശ്വസിക്കില്ല.. ജോസ് ദൈവവിശ്വാസിയാ.. അന്ധവിശ്വാസിയല്ല.."
അച്ചന് തര്‍ക്കിക്കാന്‍ നിന്നില്ല. അല്ലെങ്കിലും യുക്തിയും വിശ്വാസവും പലപ്പോഴും ഒരുമിച്ചു പോകാറില്ലല്ലോ. യുക്തി ഇപ്പോഴും വിശ്വാസത്തിന്റെ കുരിശ്ശില്‍ തറയ്ക്കപ്പെട്ട് ഉയിര്‍ത്തെഴുന്നേല്‍ക്കാനാകാതെ മനസ്സിന്റെ കല്ലറയില്‍ വീര്പ്പുമുട്ടിക്കഴിയുന്നുവെന്നു താനൊരിക്കല്‍ ഞായറാഴ്ചപ്രസംഗം എഴുതുന്ന ഡയറിയില്‍ കുറിച്ചത് അച്ചന് ഓര്‍ത്തുപോയി. കര്‍ത്താവ് ഉണ്ടായിരുന്നു എന്നത് പോലും വെറും വിശ്വാസമല്ലേ എന്ന് തനിക്കുതന്നെ പലപ്പോഴും തോന്നിയിട്ടുണ്ടല്ലോ.
ജോസ് കോണിപ്പടിയിലെ ചെത്തപലകകള് മാറ്റി പുതിയ പലക വച്ചു.പള്ളിക്ക് മുകളിലെ കര്‍ത്താവിന്റെ അടുത്തെത്താനുള്ള ഈ കോണിപ്പടി ഇരുമ്പുകൊണ്ട് പുതുക്കിപ്പണിയണമെന്നു ജോസും ഇടവകയിലെ പലരും പലപ്രാവശ്യം പറഞ്ഞതാണ്. പക്ഷെ പള്ളി പണിത വിദേശീയരായ പൂര്‍വികരുടെ ഓര്‍മ്മകളില്‍, പഴകിയ വിശ്വാസത്തോടൊപ്പം ആ പടികളും ചിതലരിച്ചു കിടന്നു.
"ദാവീദ് രാജാവിന്റെ പരമ്പരയിലുള്ള കര്‍ത്താവ് എങ്ങനെയാണച്ചോ ഒരു മരപ്പണിക്കാരന്റെ മോനായത്?! "
കോണിപ്പടിക്കുമേലെ കര്‍ത്താവ് അന്തംവിട്ടുനിന്ന് താഴേക്ക് നോക്കി.
"പിഴച്ചു ഗര്‍ഭിണിയായ പെണ്ണിനെ ഗതിമുട്ടിയ ഒരു മരപ്പണിക്കാരനെ കൊണ്ട് കെട്ടിച്ചു നാടുവിടുവിച്ചതല്ലേ.?"
ജോസ് ഒരു നിമിഷം നിര്‍ത്തി എന്തോ ആലോചിച്ച ശേഷം ആത്മഗതംപോലെ പറഞ്ഞു,
"അങ്ങനെ ആകാനെ തരോള്ളൂ.. "
അച്ചന് തെല്ലൊരത്ഭുതത്തോടെ ജോസിനെ നോക്കി നിന്നു. ജോസിന്റെ മനസ്സ് സഞ്ചരിക്കുന്ന വഴിയില്‍, തട്ടിയും തടഞ്ഞും അതിന്റെ പാതി വേഗതയില്‍ പോലും സഞ്ചരിക്കാന്‍ അച്ചനു കഴിഞ്ഞില്ല. അല്പനേരം അച്ചന് ജോസിനെ അങ്ങനെ നോക്കി നിന്നു. പിന്നെ സ്വബോധം വീണ്ടെടുത്ത പോലെ പറഞ്ഞു,
"നീ വേഗം പണി തീര്‍ത്ത് വീട്ടില്‍ പോകാന്‍ നോക്ക്.. അന്നയ്ക്ക് വയ്യാത്തതല്ലേ..."
ജോസിന്റെ മുഖത്തെ പ്രകാശം പെട്ടന്ന് മങ്ങി. ജോസ് സംസാരം നിര്‍ത്തി. പലകകളില്‍ ആണികള്‍ തുളഞ്ഞു കയറി.
അന്നയ്ക്ക് ചെറിയ പനിപിടിച്ചു. നിര്‍ത്താതെ ചര്‍ദ്ദിച്ചു. ദിവസം മുഴുവനും ചര്‍ദ്ദിച്ചു. പിന്നെ അതിനുപോലും വയ്യാതെ തളര്‍ന്നുകിടന്നു. അടുത്തുള്ള ആശുപത്രിയില്‍ കാണിച്ച് ജോസ് മരുന്ന് വാങ്ങിക്കൊടുത്തു. അതും ചര്‍ദ്ദിച്ചു. അന്ന തളര്‍ന്ന് വിവശയായി കിടന്നു.
ജോസ് കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിലൂടെ വേഗത്തില്‍ നടന്നു. ഒരുപറ്റം തെരുവുപട്ടികളും ലക്ഷ്യമില്ലാതെ അതുവഴി പോകുന്നുണ്ടായിരുന്നു. ഒരു പെണ്പട്ടിയും നാലു ആണ്‍പട്ടികളും. അവയെല്ലാം പെണ്‍പട്ടിയെ മാറിമാറി മണപ്പിക്കുന്നു. ഇണചേരാനുള്ള കൊതി അറിയിക്കുന്നു. കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോള്‍ ഒരാണ്പട്ടിയെ അത് അതിന്റെ ഇണയായി സ്വീകരിക്കുകയും മറ്റുള്ളവ നഷ്ടബോധത്തോടെ പരസ്പരം നോക്കി, പലവഴി പിരിഞ്ഞു പോകുകയും ചെയ്തു. ജോസ് ഒരു കല്ലെടുത്ത് ആ ഇണകളുടെ നേരെ എറിഞ്ഞു. അവ തിരിഞ്ഞുനോക്കാതെ രണ്ടുവഴികളിലായി ഓടി മറഞ്ഞു.
ജോസ് വേഗം നടന്നു വീട്ടിലെത്തി. ജോസിന്റെ സാന്നിധ്യം അറിഞ്ഞ ആട്ടിന്‍കുട്ടികള്‍ മുന്‍കാലുകള്‍ ഉയര്‍ത്തി സന്തോഷാരവം മുഴക്കി നിന്നു. അന്ന ക്ഷീണിച്ചു കിടക്കുകയാണ്.ഗര്‍ഭിണിയായ പൂച്ചയും. ജോസിനെ കണ്ടപ്പോള്‍ രണ്ടുപേരും എഴുന്നേറ്റു. അന്നയും ജോസും ആട്ടിന്കുട്ടികളും പൂച്ചയും പരസ്പരം സംസാരിച്ചു. പുറത്തിറങ്ങുമ്പോള്‍ വാ തോരാതെ സംസാരിക്കുന്ന ജോസിനു വീട്ടില്‍ ഭാഷയേ വേണ്ടായിരുന്നു. എന്തിനു ശബ്ദങ്ങള്‍ പോലും വേണ്ടായിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ ക്ഷീണിതയായി കാണപ്പെട്ട അന്നയുടെ വയറിന്റെ വലിപ്പം കൂടി വരുന്നതായി ജോസ് കണ്ടു. ജോസ് അത്ഭുതത്തോടെയും അരിശത്തോടെയും അന്നയുടെ വയര്‍ കണ്ടുനിന്നു. ജോസിന്റെ നെഞ്ചിനുള്ളിലേക്ക് പലപല ചിന്തകളുടെ കൂര്‍ത്ത ആണികള്‍ തുളഞ്ഞുകയറി. മനസ്സില്‍ വെള്ളിപൂശിയ കര്‍ത്താവിനെ നിനച്ചു നിലവിളിച്ചു. മനസ്സ് പറിഞ്ഞുപോയി. ജോസ് ഗര്‍ഭിണിയായ അന്നയെ കണ്ടു. അവള് മുഖം കുനിച്ചു നിന്നു.
ജോസ് അരിശം പൂണ്ടുനിന്നു വിറച്ചു. ജോസന്നാദ്യമായി അന്നയോട് നാക്കുകൊണ്ടും വാക്കുകൊണ്ടും സംസാരിച്ചു. പക്ഷെ ജോസിന്റെ വാക്കുകള്‍ അന്നയുടെ അടഞ്ഞ കാതുകളില്‍ തട്ടിത്തെറിച്ച് അയല്പക്കങ്ങളില് ചിതറി വീണു. അടുക്കളപ്പുറത്ത് പെറ്റുകിടന്ന വെളുമ്പിപ്പൂച്ചയും തൊഴുത്തിലെ ആട്ടിന്കുട്ടികളും വിറങ്ങലിച്ചു നിന്നു. ജോസ് അലറി. പിന്നെ തലതല്ലി കരഞ്ഞു. ഇടയ്ക്കിടെ അന്നയെ പിടിച്ചു കുലുക്കി എന്തെക്കെയോ ചോദിച്ചു. അന്ന ഒന്നും കേട്ടില്ല. അവളുടെ കണ്ണുകള്‍ അലറിക്കരഞ്ഞു.
അന്ന ഇരുകൈകളും അഞ്ചാറുമാസം ഗര്‍ഭമുള്ള വയറിനുമുകളില്‍ കൊരുത്തുവച്ച്, കുനിഞ്ഞു നിന്ന് കരഞ്ഞു. അടുക്കളവാതിലില്‍ ഒളിഞ്ഞു നിന്ന പൂച്ച കുട്ടികളുടെ അടുത്ത് പോയി കണ്ണടച്ച് കിടന്നു. ജോസെത്ര ചോദിച്ചിട്ടും അന്ന പ്രതികരിച്ചില്ല. പക്ഷെ അന്ന ഗര്‍ഭിണിയാണ്. ആരാണെന്നാര്‍ക്കറിയാം? ജോസിന്റെ മനസ്സിലൂടെ ആരുടേയും മുഖം കടന്നു വന്നില്ല. അന്ന മണിക്കൂറുകളോളം കരഞ്ഞു. ജോസും. പിന്നെ എന്തോ മനസ്സിലോര്‍ത്ത് പെട്ടന്ന് വീടുവിട്ടിറങ്ങി. അയല്പക്കങ്ങളിലെ വേലിക്കകത്ത് ഒളിഞ്ഞു കണ്ട കണ്ണുകളിലെ ആകാംക്ഷ ജോസ് കണ്ടില്ലാന്നു നടിച്ചു വേഗം നടന്നു.
![]() |
വര-വിജിത്ത് വിജയന് |
ആകാശം പള്ളിക്ക് മുകളില്‍ പഴുത്ത് പാകമായി നിന്നു. പിന്നെപ്പൊഴോ ഞെട്ടറ്റ് പള്ളിപ്പറമ്പില്‍ വീണു. പള്ളിക്കു മുകളിലെ ഇരുട്ടില്‍ തിളങ്ങുന്ന കര്‍ത്താവിന്റെ തിരുരൂപവും താഴത്തെ ഇരുട്ടില്‍ മേലേക്ക് നോക്കി ജോസും നിന്നു. എത്രയോ നേരം നിന്നു. കരഞ്ഞു ചുമന്ന കണ്ണുകളെ സങ്കടനീരുകൊണ്ട് വീര്‍ത്ത പോളകള്‍ പാതിയും അടച്ചുപിടിച്ചു. കാതുകളില്‍ പലകയുടയുന്നതിന്റെ ശബ്ദങ്ങള്‍ വീണപ്പോള്‍ ജോസ് ചുറ്റും നോക്കി. കാഴ്ചകള്‍ പാതിയും മങ്ങിക്കഴിഞ്ഞിരുന്നു.
അവിശ്വസനീയമായ കാഴ്ചകളുടെ ചതുപ്പിലേക്ക് ജോസിന്റെ കണ്ണുകള്‍ മുങ്ങിത്താഴുകയായിരുന്നു. പള്ളിമുറ്റത്തെ അരണ്ടവെളിച്ചത്തില്‍, ഇടവഴിയില്‍ താനന്ന് കല്ലെറിഞ്ഞപ്പോള്‍ ഇണചേരാനാകാതെ ഓടിപ്പോയ പെണ്‍നായ വിരിഞ്ഞ വയറും വിടരാറായ മുലക്കണ്ണുകളുമായി നിന്ന് കിതയ്ക്കുന്നു. പെറ്റുകൂട്ടിയ പൂച്ചക്കുട്ടികളോടൊപ്പം വീട്ടിലെ വെളുമ്പിപ്പൂച്ച പള്ളിക്കകത്തുനിന്നും പതിയെ നടന്ന് പള്ളിമുറ്റത്തെ കല്‍പ്പടിയില്‍ വന്നു കിടന്നു. ചുറ്റും ഇരുട്ടേറിവന്നു. കാഴ്ചകള്‍ കൂടുതല്‍ മങ്ങി.
കര്ത്താവിനടുത്തേക്കുള്ള കോണിപ്പടിയിലെ പലകകളില്‍ താനടിച്ച ആണികള്‍ തടിയിലുറയ്ക്കാതെ ഇളകിമാറുന്ന ശബ്ദങ്ങള്‍ ജോസിന്റെ കാതുകളെ അലോസരപ്പെടുത്തും വിധം ഉച്ചത്തിലായി. പടികളിലൂടെ വെള്ളിപൂശിയ കര്‍ത്താവിന്റെ രൂപം ഇറങ്ങി വന്നു. ചുറ്റുമുള്ള തണുത്ത ഇരുട്ടിലും ജോസിന്റെ മങ്ങിയ കണ്ണുകള്‍ ആ കാഴ്ച കണ്ടു. കര്‍ത്താവിന്റെ കൈയ്യും പിടിച്ചു സുന്ദരിയായ അന്നയും പടിയിറങ്ങി വരുന്നു. അവളുടെ ഒരു കൈ അപ്പോഴും, നിമിഷംതോറും വികസിക്കുന്ന തന്റെ ഗര്‍ഭോദരത്തില്‍ തഴുകിക്കൊണ്ടിരുന്നു.
ജോസിന്റെ കാഴ്ച പൂര്‍ണ്ണമായും മറഞ്ഞു. കുര്‍ബാന വേളയില്‍ കപ്യാരുടെ കൈയ്യിലെ ധൂപക്കുറ്റിയില്‍ നിന്നുയരുന്ന ധവളധൂമത്തിന്റെ മറ, പ്രാര്‍ത്ഥനാപൂര്‍ണമായ അസംഖ്യം മൌനനിശ്വാസങ്ങളില് അലിഞ്ഞകലുമ്പോള് അല്ത്താരയിലുറപ്പിച്ച വെള്ളിക്കുരിശിന്റെ മിനുത്ത പ്രതലത്തില്‍ ഉടയാന്‍ വെമ്പുന്ന മെഴുതിരിനാളത്തിന്റെ പ്രഭ പ്രതിഫലിക്കുന്നത് പോലെ, ഉള്‍ക്കണ്ണിലെ നേര്‍ത്ത തിരിവെട്ടത്തില്‍ ജോസ് കണ്ടതൊക്കെ സത്യമായി തീരുകയായിരുന്നു. അതേ, അല്ത്താരയിലെ തുറന്നുവച്ച വിശുദ്ധ ഗ്രന്ഥം പോലെ, അച്ചന്റെ മുഖത്തെ സ്ഥായിയായ ശാന്തത പോലെ, ആട്ടിന്‍ക്കൂട്ടിലെ മനംപുരട്ടുന്ന മുശിട് ഗന്ധം പോലെ ദിവ്യഗര്‍ഭങ്ങള്‍ അമ്പരപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നു.
ജോസ് മുഷ്ടിചുരുട്ടി സ്വന്തം തുടയിൽ ആഞ്ഞിടിച്ചു. ശേഷം, ആർത്തലറിക്കൊണ്ട് പള്ളിക്കുള്ളിലേയ്ക്ക് ഒറ്റ ഓട്ടമായിരുന്നു.
©മനോജ് വെള്ളനാട്
ഈ ദിവ്യഗര്‍ഭവും അല്പം അമ്പരപ്പിക്കുന്നുണ്ട്.
ReplyDeleteഒഴുക്കുള്ള ശൈലി. ജോസിന്റെ വിഹ്വലതകള്‍ അര്‍ത്ഥവത്തായ ബിംബകല്പനകളിലൂടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുവാന് കഴിഞ്ഞിരിക്കുന്നു. എനിക്കേറെ ഇഷ്ടപ്പെട്ടു.
ReplyDeleteആശംസകള്‍
ishtamayi
ReplyDeleteനല്ല സുന്ദരമായ രചന
ReplyDeleteജോസു കുട്ടിയും അന്നയും ഒരിക്കലും
തീരാത്ത സമസ്യ ആയി കണ് മുന്നില്‍ അങ്ങനെ
തെളിഞ്ഞു നില്ക്കുന്നു .ആശംസകൾ ..
നല്ല ശൈലി
ReplyDeleteയുക്തിപൂർവ്വം പറഞ്ഞിരിക്കുന്നു. മിണ്ടാപ്രാണി അന്നയ്ക്ക് പശ്ചാത്തലമൊരുക്കാൻ കുറച്ച് മിണ്ടാപ്രാണികളെ തിരഞ്ഞെടുത്തതും ഭംഗിയായി. ചോദ്യം ചെയ്യാനാവാത്ത ചിലകാര്യങ്ങൾ കഥയിലൂടെ പറയാൻ ധൈര്യം കാണിച്ചിരിക്കുന്നു.
ReplyDeleteമനോഹരം..അതിസുന്ദരം. അന്നയും ജോസൂട്ടിയും മനസ്സില്‍ നിന്നും മായുന്നില്ല..
ReplyDeleteനല്ല രചനക്കെന്റെ നല്ല നമസ്കാരം
ReplyDeleteഎഴുത്തിലെ വെത്യസ്തത തന്നെയാണ് ഇതിലെ മികവു ഒപ്പം ജോസ് മനസ്സില്‍ തങ്ങുന്ന ഒരു കഥാപാത്രം ആവുന്നു ആശംസകള്‍ മനോജ് ജി
ReplyDeleteകലക്കി സാറെ .....ജോസിൻറെ മാനസിക വ്യാപാരങ്ങൾ വളരെ നന്നായി കാണാൻ കഴിഞ്ഞു . എന്തോ കഥ വായിച്ചു തുടങ്ങിയപ്പോഴേ ജോസിന്റെ രൂപം ഫഹദ് ഫാസിലായി എന്റെ മനസ്സിൽ കയറിക്കൂടി . എന്നാലും ദിവ്യ ഗർഭം ഇപ്പോഴും ചോദ്യചിഹ്നം ആയി മനസ്സിൽ തങ്ങി നില്ക്കുന്നു. കൂട്ടത്തിൽ orthodox teams നു ഒരു കൊട്ട് കൊടുക്കാൻ dr മറന്നില്ല. I really like it. ഞാനും പലവട്ടം ആലോചിച്ചിട്ടുള്ള , പലരോടും ചോദിച്ചിട്ടുള്ള കാര്യമാണ് ജീസസിന്റെ ജനനം . അത് നമുക്ക് നേരിട്ട കാണുമ്പോ സംസാരിക്കാം. എന്തായാലും ഒരു ഷോര്‍ട്ട് ഫിലിം കണ്ട feeling .
ReplyDeleteവളരെ നല്ല കഥ..
ReplyDeleteജോസ് ചോദിച്ച പല ചോദ്യങ്ങള്‍ക്കും ഇന്നും ഉത്തരമില്ലല്ലോ.
നല്ല ശൈലി - ഒടുവില പാതിരി പണിതു അല്ലെ ? നല്ല കഥയാണ് കേട്ടോ
ReplyDeleteഅന്നക്ക് പ്[അറ്റിയ ജോസ്
ReplyDeleteജോസുട്ടിയുടെ യുക്തിയുള്ള ചോദ്യങ്ങൾ...
നന്നായി അവതരിപ്പിച്ചിട്ടുണ്ട് കേട്ടൊ ഭായ്
കഥ നന്നായിരിക്കുന്നു. നല്ല ശൈലി. അച്ചനെ അല്ലെ അച്ഛൻ എന്ന് എഴുതിയത് എന്ന് തോന്നി.
ReplyDeleteതിരുത്തി സര്,.. താങ്ക്സ്..
Deleteകഥ ഇഷ്ടപ്പെട്ടു... അഭിനന്ദനങ്ങള്‍..
ReplyDeleteസംശ്യങ്ങള്
ReplyDeleteസംശ്യങ്ങള്
തീരാത്ത സംശ്യങ്ങള്
ശിഹാബ് മാത്രം സംശയത്തിന്റെ നെറുകയിലേക്ക് ഒരു ആണിയടിച്ച് കയറ്റി.
ന്നിട്ട് പാവം അച്ചനെ നാട്ടാര് കൊന്നോ ? ആരായിരുന്നു യഥാര്‍ത്ഥ ദിവ്യന് ? കഥ പൊടിച്ചു മച്ചു !
ReplyDeleteനന്നായിട്ട് എഴുതിയിരിക്കുന്നു.. ഇഷ്ട്ടായി..
ReplyDeleteഅവതരണവും ശെയിലിയുംകൊണ്ട് ഉയർന്നു നിൽക്കുന്ന കഥ..
ReplyDeleteനല്ല കഥ...ആശംസകൾ
നല്ലശൈലിയും അവതരണവും.കഥ ഇഷ്ടപ്പെട്ടു.
ReplyDeleteനല്ല ശൈലി -നല്ല അവതരണം . പക്ഷെ, കഥാകൃത്ത് വായനക്കാരെ ചിന്തിക്കാന്‍ വിട്ടല്ലോ! ഇതിലിപ്പോ കര്‍ത്താവിന്റെ ജനനം വിശ്വസിക്കണോ (അന്ധ വിശ്വാസം ആക്കണോ) അതോ അന്നക്കുട്ടിയെ വെറും മനുഷ്യ സ്ത്രീയായി കാണണോ എന്ന് ആകെ കണ്ഫ്യൂഷന് .
ReplyDeleteനല്ല കഥ
ReplyDeleteഅരുവിയും, കാടും എന്ന ഉപമ, "ജോസിന്റെ വാക്കുകള്‍ അന്നയുടെ അടഞ്ഞ കാതുകളില്‍ തട്ടിത്തെറിച്ച് അയല്പക്കങ്ങളില് ചിതറി വീണു..." മുതലായ പ്രയോഗങ്ങൾ ഒക്കെ വായന സുഖം കൂട്ടുന്നു....
കഥ ഇഷ്ടപ്പെട്ടു. അർത്ഥവത്തായ പ്രയോഗങ്ങളും ഉപമകളും.
ReplyDeleteചിലയിടത്ത് പോരായ്മകൾ തോന്നി.
1. അന്നയ്ക്ക് ചെറിയ പനിപിടിച്ചു.. ചര്‍ദ്ദിച്ചു..നിര്‍ത്താതെ ചര്‍ദ്ദിച്ചു..ദിവസം മുഴുവനും ചര്‍ദ്ദിച്ചു..പിന്നെ അതിനുപോലും വയ്യാതെ തളര്‍ന്നുകിടന്നു..അടുത്തുള്ള ആശുപത്രിയില്‍ കാണിച്ച് ജോസ് മരുന്ന് വാങ്ങി കൊടുത്തു.. അതും ചര്‍ദ്ദിച്ചു..അന്ന തളര്‍ന്ന് വിവശയായി കിടന്നു.. >> ഇത് ഒരൊറ്റ വാചകത്തിൽ ഒതുക്കാമായിരുന്നു.
2. അച്ചനാണ് അന്നയുടെ ഗർഭത്തിനുത്തരവാദി എന്ന് ചില സൂചനകളിലൂടെ വ്യക്തമാവുന്നുണ്ട്. ( തെറ്റാണെങ്കിൽ ക്ഷമിക്കണം. ) അങ്ങനെയെങ്കിൽ, കഥയുടെ ആദ്യഭാഗത്ത് അച്ചന്റെ ആത്മഗതങ്ങളിലും അതിനൊരു സൂചന വേണ്ടതായിരുന്നു. കഥയിലുള്ള അച്ചന്റെ ആത്മഗതങ്ങളിൽ നിന്ന്, അങ്ങനെയൊരു തെറ്റ് ചെയ്യാത്ത ആളാണ് അച്ചൻ എന്നാണു തോന്നുക.
പോരായ്മകള്‍ ചൂണ്ടിക്കാണിച്ചതിനു സന്തോഷവും നന്ദിയും വിഡ്ഢിമാന്.. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന വായനക്കാര്‍ ഉണ്ടെങ്കിലേ എഴുത്ത് വളരൂ..
Deleteആദ്യമായിട്ടാണ് ഇതിൽ എന്റെ വായന. നന്നായിരിക്കുന്നു. ആശംസകൾ നേരുന്നു.
ReplyDeleteഈ കഥയിൽ ബിംബങ്ങൾ മനോഹരമായി ഉപയോഗപ്പെടുത്തി എന്നതാണ് ഏറ്റവും വലിയ സവിശേഷത. വിശുദ്ധ മറിയത്തി ന്റെ ദിവ്യ ഗര്‍ഭം ജോസൂട്ടിയെ യുക്തിയുടെ അളവ്കോലി ൽ ചിന്തിപ്പിക്കുംബോഴൊന്നും മറ്റൊരു യാഥാർത്ഥ്യം അവനെ കാത്തിരിക്കുന്നു എന്നറിയുന്നില്ല. വീട്ടിലേക്കു പോകും വഴി അവൻ കാണുന്ന മിണ്ടാ പ്രാണികളും ഇണ ചേരുന്ന നായ്ക്കളെ എ റിയലും ഒക്കെ ഈ ബിംബങ്ങളുടെ സമർത്ഥ മായ ഉപയോഗപ്പെടുത്തൽ ആണ്.
ReplyDeleteഅതോടൊപ്പം മനോഹരമായ ഒത്തിരി വാക്യങ്ങളും. കഥ പലപ്പോഴും കാവ്യമാവുക ഇത്തരം ഭാവനാ സുന്ദരമായ വാക്യങ്ങളിലൂടെ ആണ്.
"അന്ന ഒരു കുഞ്ഞരുവിയായിരുന്നു. സുന്ദരിയായ ഒരു അരുവിയായി നിശബ്ദമായി അവള് ഒഴുകി നടന്നു.. സ്നേഹത്തിന്റെ വടവൃക്ഷങ്ങളാലും വാത്സല്യത്തിന്റെ വള്ളിച്ചെടികളാലും ജോസെന്ന കാട് അവളെ പൊതിഞ്ഞു നിന്നു. അരുവിയുടെ കുളിരില്‍ ഒരു കാടും കാടിന്റെ തണലില്‍ അരുവിയും കാലത്തിന്റെ പടവുകള്‍ പതറാതെ കയറി."
" ആകാശം പള്ളിക്ക് മുകളില്‍ പഴുത്ത് പാകമായി നിന്നു.പിന്നെപ്പോഴോ ഞെട്ടറ്റ് പള്ളിപ്പറമ്പില്‍ വീണു.പള്ളിക്കു മുകളിലെ ഇരുട്ടില്‍ തിളങ്ങുന്ന കര്‍ത്താവിന്റെ തിരുരൂപവും താഴത്തെ ഇരുട്ടില്‍ മേലേക്ക് നോക്കി ജോസും നിന്നു."
കഥാന്ത്യം വായനക്കാരന് വിടുക എന്ന രീതിയാണ് മനോജ് ഇവിടെ അവലംബിച്ചിട്ടുള്ളത് .അപ്പോഴാണ് കഥയും കഥാ പാത്രങ്ങളും നമ്മെ 'ഹോണ്ട് ' ചെയ്യുക. അന്ന മൂകയായി നമ്മോടൊപ്പം ഉണ്ട് എന്ന് തോന്നുന്നത് അതിനാലാണ്. യുക്തിഭദ്രത ക്കപ്പുറം, അച്ച നാണോ അച്ഛൻ എന്ന സന്ദേഹം വായനക്കാരിൽ മാത്രമല്ല കഥാകാരനിലും നില നില്ക്കുന്നു എന്ന് പറയാം.
ജീവിതത്തെ ആണല്ലോ കഥാകാരൻ ഇപ്പോഴും അവതരിപ്പിക്കുക. തെല്ലു സന്ദേഹങ്ങളും ദുരൂഹതകളും ഇല്ലാത്തെ ജീവിതം തന്നെ ഇല്ല.
കേവലം ആശംസകൾ നേരുന്നതിനപ്പുറം ഏറെ അഭിമാനം തോന്നുന്നു .... കഥാകാരനുമായുള്ള ബന്ധം ആ നിലക്കാകുമ്പോൾ
ആദ്യ വായനയില്‍ ഒരുപാട് സംശയങ്ങള്‍; വീണ്ടും ഒന്നുകൂടി വായിച്ചപ്പോള്‍ ചിലതെല്ലാം വ്യക്തമായി. എങ്കിലും ഉറപ്പിക്കാമോ ?
ReplyDeleteകഥയിലെ ഉപമകള്‍ ആണ് ഏറെ ഇഷ്ടപ്പെട്ടത്.
ആശംസകള്‍ ഡോക്ടര്‍.
വളരേ ഇഷ്ട്ടപെട്ടു,,,,,,,
ReplyDeleteഈ ദിവ്യഗര്‍ഭവും അല്പം അമ്പരപ്പിക്കുന്നുണ്ട്.,....
ReplyDeleteകൊള്ളം ഇഷ്ട്ടപെട്ടു , മനോഹരമായ രചന അഭിനന്ദനങ്ങൾ !!!!!
ReplyDeleteമനോഹരം
ReplyDeleteദിവ്യ ഗര്‍ഭങ്ങള്‍ പലരുടെയും ഉറക്കം കെടുത്തുന്നു...
ReplyDeleteമിണ്ടാ പ്രാണിയായ അന്നയെ വീട്ടിലെ മറ്റു മിണ്ടാപ്രാണികളുടെ കൂടെ അവതരിപ്പിച്ചതും,വീട്ടില്‍ വരുമ്പോള്‍ ജോസും ഒരു മിണ്ടാപ്രാണിയായി മാറുന്നതൊക്കെ മനോഹരമായി അവതരിപ്പിച്ചു. നല്ലൊരു കഥ.
പലപ്രാവശ്യം വായിച്ചിട്ടും ഇവിടെ പലരും പറഞ്ഞ ഉത്തരവാദിയെ എനിക്ക് കണ്ടു പിടിക്കാന്‍ പറ്റുന്നില്ല.(വായനയുടെ കുഴപ്പമായിരിക്കും)
ഉപമകള്‍ കൊണ്ടൊരു കൂടാരം തീര്‍ത്തൊരു കഥ!
ReplyDeleteഉത്തരവാദി ആരാണ് എന്നതല്ല ഇവിടത്തെ പ്രശ്നം, ജോസൂട്ടിയുടെ യുക്തിയില്‍ വിരിഞ്ഞ ഒരു സംശയം - ഒരു അവിശ്വസനീയമായ സംഭവം - അത് അവന് ജീവിതത്തില്‍ നേരിടുന്നു എന്നതുതന്നെ! പക്ഷെ അത് അവതരിപ്പിച്ച രീതി മനോഹരമായി.
അന്‍വര്‍ ഇക്കാ പറഞ്ഞതുപോലെ, ഡോക്ടറിന്റെ സുഹൃത്ത് എന്നനിലയില്‍ എനിക്കും അഭിമാനം തോന്നുന്നു!
നല്ല കഥ ....ഹൃദയ സ്പര്‍ശമായ പ്രമേയം .... യുക്തിയുടെ യാഥാര്‍ത്ഥ്യം ഇവിടെ
ReplyDeleteപേടിപ്പെടുത്തുന്ന അനുഭവമാകുന്നു ....ജോസൂട്ടിക്കും അന്നക്കും വേദന നല്കിയ
വില്ലന്‍ അങ്ങ്ജാതനായി ഇരിക്കുമ്പോള്‍ ഇതു സമൂഹത്തിനു നേരെയുള്ള ഒരു
ചോദ്യ ചിഹ്നവുമാകുന്നു .....!!
ജോസൂട്ടിയെ ചിന്താക്കുഴപ്പത്തിൽ ആക്കിയതുപോലെ
ReplyDeleteകഥാകാരൻ വായനക്കാരെയും ചിന്താക്കുഴപ്പത്തിൽ
ആക്കി എന്ന് പറഞ്ഞാൽ മതിയല്ലോ. നല്ല അവതരണ ശൈലി.
ഉപമാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഈ കഥ പറച്ചിൽ മനോഹരമായി
എങ്കിലും അന്നയെ മൂകയാക്കി അവതരിപ്പിച്ചതിന്റെ പിന്നിലെ ഔചിത്യം
കഥാവസാനം മാത്രമാണ് മനസ്സിലാകുന്നത്; ഇഷ്ടായി മാഷെ ഇഷ്ടായി
എഴുതുക അറിയിക്കുക
ആശംസകൾ
വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്കിയ എല്ലാ സുഹൃത്തുക്കള്‍ക്കും വെള്ളനാടന്‍ ഡയറിയുടെ ഹൃദ്യമായ നന്ദിയും സ്നേഹവും.... എല്ലാവരും ഇനിയും വരിക..
ReplyDeleteചില കല്പനകളിൽ നമ്മൾ കാണുന്നത് ജീവിതത്തിൽ ഉണ്ടാകും ചില സമയങ്ങള്ളിൽ ..അത് ദൈവഹിതം. ഒരു മിസ്റ്റ് കഥയാക്കിയത് നന്നായിട്ടുണ്ട്
ReplyDeletemikacha rachana orupad istamaayi...
ReplyDeletedivya garbhangalude porul ver thirikkaan karthaavu thanne venam...
visvaasam athalle ellaam....
ആശംസകൾ
ReplyDeleteഇഷ്ടമായി.
വായനാ സൌകര്യവും സമയവും ഇല്ലാത്തതിനാൽ നല്ല കഥകൾ നഷ്ടപ്പെടുന്നു.
കഥ നന്നായി.
ReplyDeleteവായനക്കാര്‍ അവര്ക്കിഷടമുള്ളത് പോലെ വ്യാഖ്യാനിക്കുന്നു.
അത് കണ്ടു മിണ്ടാതെ ആസ്വദിക്കുകയാണ് കഥാകാരന്. മിണ്ടിയാല്‍ പോയി.......:)
നല്ല ഭാഷ. പ്രത്യേകിച്ചും ചില പ്രയോഗങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteഅന്നയും ജോസും വളര്‍ന്നു എന്നതിന്
ReplyDeleteഅരുവിയുടെ കുളിരിൽ കാടും കാടിന്റെ തണലിൽ അരുവിയും കാലത്തിന്റെ പടവുകൾ കയറി
അന്നയെ വഴക്ക് പറയുന്നത് അന്ന കേട്ടില്ല പക്ഷെ അയൽക്കാർ കേട്ടു എന്നതിന്
ജോസിന്റെ വാക്കുകൾ അന്നയുടെ അടഞ്ഞ കാതുകളിൽ തട്ടിത്തെറിച്ചു അയൽപക്കങ്ങളിൽ ചിതറി വീണു
ഇത്തരം പ്രയോഗങ്ങൾ ഒരു പാട് ഇഷ്ടമായി
നല്ല ഭാഷ
എനിക്കിഷ്ടമായി
അല്ലെങ്കിലും എല്ലാ സ്ത്രീകളും ഉണ്ടായ കാലം മുതൽ ഊമ തന്നെ അല്ലെ
ReplyDeleteഗർഭങ്ങൾ എല്ലാം ദിവ്യവും
ഉള്ളതെല്ലാം സഹോദരന്മാരും ദൈവങ്ങളും പുരോഹിതരും എന്നിട്ടും സംഭവിച്ചു പോകുന്നുണ്ട് ഇത്തരം ഗർഭങ്ങൾ
നല്ല കഥ ഒഴുകിയ രീതി വളരെ നന്നായി ആശംസകൾ
കർത്താവിനു കർത്താവിന്റെ പ്രതിപുരുഷനോടു സാദൃശ്യം ചൊന്നാൽ അതുപമയാകുമോ? :) കഥ വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteവായിച്ചു ...ബാക്കി അവിടെ
ReplyDeleteകഥയുടെ ശൈലിയും, അര്ത്ഥധ്വനികളായ ബിംബകല്പനകളും ഏറെ ആസ്വദിച്ചു ട്ടോ.. വിശ്വാസവും അവിശ്വാസവും ഇരുധ്രുവങ്ങളില്‍ നില്ക്കുന്ന, വൈരുദ്ധ്യാത്മകതയെ ചോദ്യം ചെയ്യാന്‍ എഴുത്തുക്കാരന് കാണിക്കുന്ന ധൈര്യംഅഭിനന്ദനമര്ഹിക്കുന്നു... കഥാന്ത്യത്തിലെ ആശയക്കുഴപ്പം (അതിനെ അങ്ങനെ വിളിക്കാമോ എന്നറിയില്ല ) ഒരുപാടിഷ്ട്ടപ്പെട്ടു .. പ്രേക്ഷകന്റെ ചിന്തയും ബോധധാരയെയും ഉദ്ധീപിപ്പിക്കാന്‍ വണ്ണം മികച്ചു നിന്ന ക്ലൈമാക്സ്
ReplyDeleteനല്ല അസ്സല് കഥ--- ഏതെങ്കിലും അച്ചടി മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുക്കൂ--
ReplyDeleteഈ കഥ വായിക്കാന്‍ ഞാനും മറന്നു, കഥയില്‍ കൂടി ചില നഗ്ന സത്യങ്ങള്‍ വിളിച്ചു പറയാനുള്ള ധൈര്യത്തിനു അഭിനന്ദനങ്ങള്‍ . ഈ കഥ അല്‍പ്പം നിലവാരം പുലര്‍ത്തുന്നു.
ReplyDeleteനല്ല ഭാഷയിൽ കഥ നന്നായി അവതരിപ്പിച്ചതിന് ഭാവുകങ്ങൾ .....
ReplyDeleteസ്നേഹത്തോടെ
മനു.
നല്ല കഥ ....
ReplyDeleteനല്ല ഭാഷ...
നല്ല ആശയം..
നല്ല കഥാ പാത്രങ്ങൾ
നല്ല സംവേദനം
ഈ നല്ലകൾ തുടരുക
ആകാശം പള്ളിക്ക് മുകളില്‍ പഴുത്ത് പാകമായി നിന്നു.പിന്നെപ്പോഴോ ഞെട്ടറ്റ് പള്ളിപ്പറമ്പില്‍ വീണു..... - യുക്തിയുടെ അളവുകോലുകൾകൊണ്ട് ഒരിക്കലും അളക്കാനാവത്ത ഇത്തരം പ്രയോഗങ്ങളും, നിരീക്ഷണങ്ങളുമാണ് കഥകളെ വ്യത്യസ്ഥവും, ആകർഷകവുമാക്കുന്നത്.....
ReplyDeleteകണിശമായ ശാസ്ത്രയുക്തികൾ തൊഴിലിന്റെ ഭാഗമായി ജീവിതത്തിന്റെ സ്പന്ദനതാളമാക്കുന്ന ഭിഷഗ്വരന്മാരുടെ മനസ്സിലും ഇത്തരം ചിന്തകൾക്കു സഥാനമുണ്ട് എന്നറിഞ്ഞത് പുനത്തിൽ കുഞ്ഞബ്ദുള്ളയെ വായിക്കാൻ തുടങ്ങിയപ്പോഴാണ്. ഒരു ഡോക്ടറുടെ യുക്തിബോധത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നിലപാടുകളും, നിരീക്ഷണങ്ങളും പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ രചനകളിൽ കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്.
ഡോക്ടറുടെ കഥയിലൂടെ കടന്നു പോവുമ്പോഴും ഞാൻ ഇതേ മാനസികാവസ്ഥ അനുഭവിക്കുകയായിരുന്നു. എല്ലാ യുക്തികൾക്കും അപ്പുറത്ത് കാഴ്ചകൊണ്ടോ,സ്പർശനം കൊണ്ടോ അറിയാനാവാത്തതും, പ്രവചനങ്ങൾക്കെല്ലാം അതീതവുമായ ചില ഘടകങ്ങൾ കൂടി ചേരുമ്പോഴേ ഓരോ ജീവജാലവും അതിന്റെ പൂർണത കൈവരിക്കുന്നുള്ളു എന്നൊരു വായനകൂടി ഈ കഥയിൽ നടത്താമെന്നു തോന്നി.
കഥ വളർത്തിയെടുത്ത രീതി ഏറെ നന്നായിരിക്കുന്നു. ജീവനുള്ളതും, അല്ലാത്തതുമായ നിരവധി ബിംബകൽപ്പനകളെ ഒട്ടും അരോചകമാവാതെ, കഥാശരീരത്തോട് ചേരുന്ന രീതിയിൽ കഥയിൽ ഉപയോഗിക്കാൻ കഴിഞ്ഞു എന്നതാണ് ഈ കഥയുടെ മികവ്....
കഥ പൂർണമാവേണ്ടത് വായനക്കാരുടെ മനസ്സിലാണ്... ഇവിടെ ചില വായനക്കാരെങ്കിലും കഥയിൽത്തന്നെ അത് പൂർത്തിയാവുന്ന വായന നടത്താനുള്ള പഴുതുകൾ കൂടി അടച്ചിരുന്നെങ്കിൽ കഥയുടെ മികവ് ഒന്നുകൂടി ഉയരുമായിരുന്നു എന്ന് എന്റെ വായനയിൽ തോന്നി......
നല്ലൊരു കഥ. ആശംസകൾ. ദിവ്യഗർഭം അമ്പരപ്പിക്കുന്നു. പ്രയോഗങ്ങൾ, ബിംബകൽപ്പനകൾ ഒ മനോഹരമായി.
ReplyDeleteThis comment has been removed by the author.
ReplyDeleteമനസ്സില്‍ ഓരോ ചിത്രം വരച്ചു വായിക്കാൻ സാധിച്ചു.. എഴുതുകാരാന്റെ മാന്ത്രികത ഒന്ന് കൊണ്ട് മാത്രം.
ReplyDeleteആശയം നന്നായി അവതരിപിച്ചു .....അഭിനന്ദനം സുഹൃത്തേ ........അഭിനന്ദനം.
ReplyDeleteകഥ ഇഷ്ടപ്പെട്ടു... അഭിനന്ദനങ്ങള്‍..
ReplyDeleteവളരെ ഇഷ്ടപ്പെട്ടു.
ReplyDeleteനല്ല എഴുത്ത്.. അവസാന ഭാഗം എത്തിയപ്പോൾ ഒരല്പം കണ്ഫ്യൂഷൻ തോന്നി. എടുത്ത് പറയേണ്ടത് കഥയുടെ സാഹചര്യം, കഥാപാത്രങ്ങൾ കടന്നു പോകുന്ന ചുറ്റുപാടുകൾ ... കാഴ്ചകൾ... എല്ലാം വായനക്കാരന് നല്ല വിഷ്വൽ എഫെക്റ്റ് തരുന്നു.. വെല്ൽ ഗുഡ് !
ReplyDeleteഒരു സംശയം, വൊമിറ്റിങ്ങ് തുടങ്ങിയ അന്നയെ ഡോക്ടറെ കാണിച്ച് മരുന്ന് കൊടുത്ത കാര്യം പറയുന്നു... അപ്പോഴേ ഗര്‍ഭിണി ആണെന്ന് അറിയില്ലേ? പിന്നീട് വയർ വലുപ്പം വക്കുന്നതിലൂടെ ഗർഭം മനസിലാക്കി എന്നതിൽ ഒരു ലോജിക്കൽ കല്ലുകടി ഇല്ലേ? ഹിഹിഹി..
Deleteകഥ വായിച്ചു. ഇഷ്ടമായി. നന്മകള് നേരുന്നു.
ReplyDeleteനല്ല ഇരുത്തം വന്ന ആഖ്യാനം ... ധീരമായ രചന .. മനുഷ്യർ ദൈവങ്ങളാവുന്നതോ അതോ ദൈവങ്ങൾ മനുഷ്യരാവുന്നതാണോ .... ചിന്തിക്കേണ്ടതുണ്ട് ..
ReplyDeleteആരെയും ഭാവ ഗായകരാക്കും ആത്മസൗന്തര്യമാണുനീ......
ReplyDelete