Wednesday, 9 October 2013

ജോസ്സൂട്ടിയുടെ ദിവ്യഗര്‍ഭം (കഥ)


        
       "അച്ചോ..കര്‍ത്താവിനെ ഞാന്‍ ആദ്യമായി കാണുന്നത് ഈ പള്ളിയുടെ മുകളില്‍,ആകാശത്ത് നിക്കുന്ന തിരുരൂപമായിട്ടാ.. അതുകൊണ്ട് കര്‍ത്താവെനിക്ക് എല്ലാത്തിനും മേലെ തന്നാ.. പക്ഷേങ്കില് കര്‍ത്താവ് ദിവ്യഗര്‍ഭംപൂണ്ട് പിറന്നവനാണെന്നു ഞാന്‍ വിശ്വസിക്കൂല.. അങ്ങനെ സംഭവിക്കില്ലച്ചോ..!"

      അച്ചന്‍ ചെറുതായൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. ജോസിനോട് തിരിച്ചെന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. അവനൊരു കാര്യം മനസ്സിലുറപ്പിച്ചാല്‍ പിന്നെ മാറ്റാന്‍ പ്രയാസമാണ്. മാത്രമല്ല,കര്‍ത്താവ് ദിവ്യഗര്‍ഭത്തില്‍ പിറന്നവനാണെന്ന് തെളിയിക്കാന്‍ തന്‍റെ കൈയ്യില്‍ തെളിവുമില്ലാ, ബൈബിളില്‍ അങ്ങനെ എഴുതിയിട്ടുണ്ടെങ്കിലും.

         ജോസ് പള്ളിയുടെ വശത്ത്, മുകളിലെ ഗോപുരത്തിലെ തിരുരൂപത്തിനടുത്തേക്കുള്ള കോണിപ്പടിയിലെ ഇളകിയ പലകകളില്‍ ആണി കയറ്റിക്കൊണ്ട് തന്നെ സംസാരം തുടര്‍ന്നൂ,

        "അല്ലെങ്കി അച്ചന്‍ തന്നെ പറ, അങ്ങനെയുണ്ടാകുമോ എന്ന്.? നമ്മുടെ കര്‍ത്താവ് പെഴച്ചുപെറ്റതാണച്ചോ.."


വര- അംബരീഷ് ഹരിദാസ്‌


           കാലപ്പഴക്കം ഉണ്ടെങ്കിലും  നാട്ടിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ആ പള്ളി തന്നെയാണ്. പഞ്ചായത്താഫീസിനും സ്കൂളിനും പഴയ സിനിമാതിയറ്ററിനും അരികിലായി ഉയര്‍ന്ന് നില്‍കുന്ന പള്ളിയുടെ ഗോപുരത്തിന് മുകളില്‍, ഇരുവശങ്ങളിലേക്കും കൈകള്‍ വിടര്‍ത്തി നാടിനെ മുഴുവന്‍ ആശിര്‍വദിച്ചുകൊണ്ട് കര്‍ത്താവിന്‍റെ വെള്ളിപൂശിയ പ്രതിമയുമുണ്ട്. രാത്രിയാകുമ്പോള്‍ ചുറ്റുമുള്ള ഇരുട്ടിനെ നെടുകെകീറി, ആ തിരുരൂപം മാത്രം ആകാശത്ത് തിളങ്ങി നില്‍ക്കും. ഒരു നാടിന്‍റെ തന്നെ വെളിച്ചമായി.

          ജോസും,ഊമയായ സഹോദരി അന്നയും പഞ്ചായത്തീന്നു കിട്ടിയ രണ്ടു ആട്ടിന്‍കുട്ടികളും ഒരു വെളുത്ത പൂച്ചയും ഈയിടെ മരിച്ച അപ്പന്‍ ഔസേപ്പിന്‍റെ ഓര്‍മ്മകളും പള്ളീന്ന്‍ ഒരു കിലോമീറ്റര്‍ മാറി ഒരു കൊച്ചു വീട്ടിലാണ് കുടികിടപ്പ്. അന്ന ജനിച്ചപ്പോള്‍ തന്നെ ജോസിന്‍റെ അമ്മ മരിച്ചു. അന്നയ്ക്ക് സംസാരശേഷി ഉണ്ടാകാന്‍ കേട്ടുകേള്‍വിയുള്ള സകല പുണ്യാളന്മാര്‍ക്കും കര്‍ത്താവിനും മാതാവിനും എന്നുവേണ്ട, നടവരമ്പിനോരത്തെ ആല്‍ത്തറയിലെ നാഗത്താനു പോലും ഔസേപ്പ് നേര്‍ച്ചയിട്ടിട്ടുണ്ട്. ദൈവങ്ങളെല്ലാം ഒരേഭാവത്തില്‍ കൈമലര്‍ത്തി. തള്ളേം കൊന്ന് ജന്മം കൊണ്ടവളെന്ന വിളി നാട്ടുകാരുടെ വക വേറെയും. പക്ഷെ അന്നയുടെ ചെവികളും ജന്മനാ പണിമുടക്കിലായതിനാല്‍ അവള്‍ അതൊന്നും കേട്ടില്ല. കേട്ടത് മുഴുവന്‍ ജോസായിരുന്നു.

        അന്ന ഒരു കുഞ്ഞരുവിയായിരുന്നു. സുന്ദരിയായ ഒരു അരുവിയായി നിശബ്ദമായി അവള്‍ ഒഴുകി നടന്നു. സ്നേഹത്തിന്‍റെ വടവൃക്ഷങ്ങളാലും വാത്സല്യത്തിന്‍റെ വള്ളിച്ചെടികളാലും ജോസെന്ന കാട് അവളെ പൊതിഞ്ഞു നിന്നു. അരുവിയുടെ കുളിരില്‍ ഒരു കാടും കാടിന്‍റെ തണലില്‍ അരുവിയും കാലത്തിന്‍റെ പടവുകള്‍ പതറാതെ കയറി.

      "മനസ്സിലെ നന്മകൊണ്ടും കര്‍മ്മം കൊണ്ടും നീ ദൈവത്തിനു പ്രിയപ്പെട്ടവനാണ് ജോസ്സൂട്ടീ.. നിന്നെപ്പോലൊരാള്‍ കര്‍ത്താവിനെ പറ്റി ഇങ്ങനൊന്നും പറയരുത്.."

        ജോസിനോടുള്ള സ്നേഹവും കൂടെ ഒരു താക്കീതെന്ന പോലെയും അച്ചന്‍ പറഞ്ഞു. ജോസിനെ ജോസ്സൂട്ടി എന്ന് വിളിച്ചിരുന്നതും അച്ചന്‍ മാത്രമായിരുന്നു. ജോസ് അപ്പോഴും കോണിപ്പടിയിലെ പലകയില്‍ ആണി വച്ച്, ചുറ്റിക കൊണ്ട് അടിച്ചു കയറ്റുകയായിരുന്നു. ചെത്തതാണ്. ഉറയ്ക്കുന്നില്ലാ.

        "അച്ചോ.. യുക്തിക്ക് നിരക്കാത്തതൊന്നും ജോസ് വിശ്വസിക്കില്ല.. ജോസ് ദൈവവിശ്വാസിയാ.. അന്ധവിശ്വാസിയല്ല.."

        അച്ചന്‍ തര്‍ക്കിക്കാന്‍ നിന്നില്ല. അല്ലെങ്കിലും യുക്തിയും വിശ്വാസവും പലപ്പോഴും ഒരുമിച്ചു പോകാറില്ലല്ലോ. യുക്തി ഇപ്പോഴും വിശ്വാസത്തിന്‍റെ കുരിശ്ശില്‍ തറയ്ക്കപ്പെട്ട് ഉയിര്‍ത്തെഴുന്നേല്‍ക്കാനാകാതെ മനസ്സിന്‍റെ കല്ലറയില്‍ വീര്‍പ്പുമുട്ടിക്കഴിയുന്നുവെന്നു താനൊരിക്കല്‍ ഞായറാഴ്ചപ്രസംഗം എഴുതുന്ന  ഡയറിയില്‍ കുറിച്ചത് അച്ചന്‍ ഓര്‍ത്തുപോയി. കര്‍ത്താവ്‌ ഉണ്ടായിരുന്നു എന്നത് പോലും വെറും വിശ്വാസമല്ലേ എന്ന് തനിക്കുതന്നെ പലപ്പോഴും തോന്നിയിട്ടുണ്ടല്ലോ.

       ജോസ് കോണിപ്പടിയിലെ ചെത്തപലകകള്‍ മാറ്റി പുതിയ പലക വച്ചു.പള്ളിക്ക് മുകളിലെ കര്‍ത്താവിന്‍റെ അടുത്തെത്താനുള്ള ഈ കോണിപ്പടി ഇരുമ്പുകൊണ്ട് പുതുക്കിപ്പണിയണമെന്നു ജോസും ഇടവകയിലെ പലരും പലപ്രാവശ്യം പറഞ്ഞതാണ്. പക്ഷെ പള്ളി പണിത വിദേശീയരായ പൂര്‍വികരുടെ ഓര്‍മ്മകളില്‍, പഴകിയ വിശ്വാസത്തോടൊപ്പം ആ പടികളും ചിതലരിച്ചു കിടന്നു.

         "ദാവീദ് രാജാവിന്‍റെ പരമ്പരയിലുള്ള കര്‍ത്താവ് എങ്ങനെയാണച്ചോ ഒരു മരപ്പണിക്കാരന്‍റെ മോനായത്‌?! "

കോണിപ്പടിക്കുമേലെ കര്‍ത്താവ് അന്തംവിട്ടുനിന്ന് താഴേക്ക് നോക്കി.

 "പിഴച്ചു ഗര്‍ഭിണിയായ പെണ്ണിനെ ഗതിമുട്ടിയ ഒരു മരപ്പണിക്കാരനെ കൊണ്ട് കെട്ടിച്ചു നാടുവിടുവിച്ചതല്ലേ.?" 

ജോസ് ഒരു നിമിഷം നിര്‍ത്തി എന്തോ ആലോചിച്ച ശേഷം ആത്മഗതംപോലെ പറഞ്ഞു, 

     "അങ്ങനെ ആകാനെ തരോള്ളൂ.. "

      അച്ചന്‍ തെല്ലൊരത്ഭുതത്തോടെ ജോസിനെ നോക്കി നിന്നു. ജോസിന്‍റെ മനസ്സ് സഞ്ചരിക്കുന്ന വഴിയില്‍, തട്ടിയും തടഞ്ഞും അതിന്‍റെ പാതി വേഗതയില്‍ പോലും സഞ്ചരിക്കാന്‍ അച്ചനു കഴിഞ്ഞില്ല. അല്‍പനേരം അച്ചന്‍ ജോസിനെ അങ്ങനെ നോക്കി നിന്നു. പിന്നെ സ്വബോധം വീണ്ടെടുത്ത പോലെ പറഞ്ഞു,

    "നീ വേഗം പണി തീര്‍ത്ത് വീട്ടില്‍ പോകാന്‍ നോക്ക്.. അന്നയ്ക്ക് വയ്യാത്തതല്ലേ..."

     ജോസിന്‍റെ മുഖത്തെ പ്രകാശം പെട്ടന്ന് മങ്ങി. ജോസ് സംസാരം നിര്‍ത്തി. പലകകളില്‍ ആണികള്‍ തുളഞ്ഞു കയറി.

       അന്നയ്ക്ക് ചെറിയ പനിപിടിച്ചു. നിര്‍ത്താതെ ചര്‍ദ്ദിച്ചു. ദിവസം മുഴുവനും ചര്‍ദ്ദിച്ചു. പിന്നെ അതിനുപോലും വയ്യാതെ തളര്‍ന്നുകിടന്നു. അടുത്തുള്ള ആശുപത്രിയില്‍ കാണിച്ച് ജോസ് മരുന്ന്‍ വാങ്ങിക്കൊടുത്തു. അതും ചര്‍ദ്ദിച്ചു. അന്ന തളര്‍ന്ന്‍ വിവശയായി കിടന്നു. 

        ജോസ് കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിലൂടെ വേഗത്തില്‍ നടന്നു. ഒരുപറ്റം തെരുവുപട്ടികളും ലക്ഷ്യമില്ലാതെ അതുവഴി പോകുന്നുണ്ടായിരുന്നു. ഒരു പെണ്‍പട്ടിയും നാലു ആണ്‍പട്ടികളും. അവയെല്ലാം പെണ്‍പട്ടിയെ മാറിമാറി മണപ്പിക്കുന്നു. ഇണചേരാനുള്ള കൊതി അറിയിക്കുന്നു. കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോള്‍ ഒരാണ്‍പട്ടിയെ അത് അതിന്‍റെ ഇണയായി സ്വീകരിക്കുകയും മറ്റുള്ളവ നഷ്ടബോധത്തോടെ പരസ്പരം നോക്കി, പലവഴി പിരിഞ്ഞു പോകുകയും ചെയ്തു. ജോസ് ഒരു കല്ലെടുത്ത് ആ ഇണകളുടെ നേരെ എറിഞ്ഞു. അവ തിരിഞ്ഞുനോക്കാതെ രണ്ടുവഴികളിലായി ഓടി മറഞ്ഞു. 

       ജോസ് വേഗം നടന്നു വീട്ടിലെത്തി. ജോസിന്‍റെ സാന്നിധ്യം അറിഞ്ഞ ആട്ടിന്‍കുട്ടികള്‍ മുന്‍കാലുകള്‍ ഉയര്‍ത്തി സന്തോഷാരവം മുഴക്കി നിന്നു. അന്ന ക്ഷീണിച്ചു കിടക്കുകയാണ്.ഗര്‍ഭിണിയായ പൂച്ചയും. ജോസിനെ കണ്ടപ്പോള്‍ രണ്ടുപേരും എഴുന്നേറ്റു. അന്നയും ജോസും ആട്ടിന്‍കുട്ടികളും പൂച്ചയും പരസ്പരം സംസാരിച്ചു. പുറത്തിറങ്ങുമ്പോള്‍ വാ തോരാതെ സംസാരിക്കുന്ന ജോസിനു വീട്ടില്‍ ഭാഷയേ വേണ്ടായിരുന്നു. എന്തിനു ശബ്ദങ്ങള്‍ പോലും വേണ്ടായിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചു.

        ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ ക്ഷീണിതയായി കാണപ്പെട്ട അന്നയുടെ വയറിന്‍റെ വലിപ്പം കൂടി വരുന്നതായി ജോസ് കണ്ടു. ജോസ് അത്ഭുതത്തോടെയും അരിശത്തോടെയും അന്നയുടെ വയര്‍ കണ്ടുനിന്നു. ജോസിന്‍റെ നെഞ്ചിനുള്ളിലേക്ക് പലപല ചിന്തകളുടെ കൂര്‍ത്ത ആണികള്‍ തുളഞ്ഞുകയറി. മനസ്സില്‍ വെള്ളിപൂശിയ കര്‍ത്താവിനെ നിനച്ചു നിലവിളിച്ചു. മനസ്സ് പറിഞ്ഞുപോയി. ജോസ് ഗര്‍ഭിണിയായ അന്നയെ കണ്ടു. അവള്‍ മുഖം കുനിച്ചു നിന്നു.

        ജോസ് അരിശം പൂണ്ടുനിന്നു വിറച്ചു. ജോസന്നാദ്യമായി അന്നയോട്‌ നാക്കുകൊണ്ടും വാക്കുകൊണ്ടും സംസാരിച്ചു. പക്ഷെ ജോസിന്‍റെ വാക്കുകള്‍ അന്നയുടെ അടഞ്ഞ കാതുകളില്‍ തട്ടിത്തെറിച്ച് അയല്‍പക്കങ്ങളില്‍ ചിതറി വീണു. അടുക്കളപ്പുറത്ത് പെറ്റുകിടന്ന വെളുമ്പിപ്പൂച്ചയും തൊഴുത്തിലെ ആട്ടിന്‍കുട്ടികളും വിറങ്ങലിച്ചു നിന്നു. ജോസ് അലറി. പിന്നെ തലതല്ലി കരഞ്ഞു. ഇടയ്ക്കിടെ അന്നയെ പിടിച്ചു കുലുക്കി എന്തെക്കെയോ ചോദിച്ചു. അന്ന ഒന്നും കേട്ടില്ല. അവളുടെ കണ്ണുകള്‍ അലറിക്കരഞ്ഞു.

       അന്ന ഇരുകൈകളും അഞ്ചാറുമാസം ഗര്‍ഭമുള്ള വയറിനുമുകളില്‍ കൊരുത്തുവച്ച്, കുനിഞ്ഞു നിന്ന് കരഞ്ഞു. അടുക്കളവാതിലില്‍ ഒളിഞ്ഞു നിന്ന പൂച്ച കുട്ടികളുടെ അടുത്ത് പോയി കണ്ണടച്ച് കിടന്നു. ജോസെത്ര ചോദിച്ചിട്ടും അന്ന പ്രതികരിച്ചില്ല. പക്ഷെ അന്ന ഗര്‍ഭിണിയാണ്. ആരാണെന്നാര്‍ക്കറിയാം? ജോസിന്‍റെ മനസ്സിലൂടെ ആരുടേയും മുഖം കടന്നു വന്നില്ല. അന്ന മണിക്കൂറുകളോളം കരഞ്ഞു. ജോസും. പിന്നെ എന്തോ മനസ്സിലോര്‍ത്ത് പെട്ടന്ന് വീടുവിട്ടിറങ്ങി. അയല്‍പക്കങ്ങളിലെ വേലിക്കകത്ത് ഒളിഞ്ഞു കണ്ട കണ്ണുകളിലെ ആകാംക്ഷ ജോസ് കണ്ടില്ലാന്നു നടിച്ചു വേഗം നടന്നു.


വര-വിജിത്ത് വിജയന്‍


       ആകാശം പള്ളിക്ക് മുകളില്‍ പഴുത്ത് പാകമായി നിന്നു. പിന്നെപ്പൊഴോ ഞെട്ടറ്റ് പള്ളിപ്പറമ്പില്‍ വീണു. പള്ളിക്കു മുകളിലെ ഇരുട്ടില്‍ തിളങ്ങുന്ന കര്‍ത്താവിന്‍റെ തിരുരൂപവും താഴത്തെ ഇരുട്ടില്‍ മേലേക്ക് നോക്കി ജോസും നിന്നു. എത്രയോ നേരം നിന്നു. കരഞ്ഞു ചുമന്ന കണ്ണുകളെ സങ്കടനീരുകൊണ്ട് വീര്‍ത്ത പോളകള്‍ പാതിയും അടച്ചുപിടിച്ചു. കാതുകളില്‍ പലകയുടയുന്നതിന്‍റെ ശബ്ദങ്ങള്‍ വീണപ്പോള്‍ ജോസ് ചുറ്റും നോക്കി. കാഴ്ചകള്‍ പാതിയും മങ്ങിക്കഴിഞ്ഞിരുന്നു.

       അവിശ്വസനീയമായ കാഴ്ചകളുടെ ചതുപ്പിലേക്ക് ജോസിന്‍റെ കണ്ണുകള്‍ മുങ്ങിത്താഴുകയായിരുന്നു. പള്ളിമുറ്റത്തെ അരണ്ടവെളിച്ചത്തില്‍, ഇടവഴിയില്‍ താനന്ന് കല്ലെറിഞ്ഞപ്പോള്‍ ഇണചേരാനാകാതെ ഓടിപ്പോയ പെണ്‍നായ വിരിഞ്ഞ വയറും വിടരാറായ മുലക്കണ്ണുകളുമായി നിന്ന്‍ കിതയ്ക്കുന്നു. പെറ്റുകൂട്ടിയ പൂച്ചക്കുട്ടികളോടൊപ്പം വീട്ടിലെ വെളുമ്പിപ്പൂച്ച പള്ളിക്കകത്തുനിന്നും പതിയെ നടന്ന് പള്ളിമുറ്റത്തെ കല്‍പ്പടിയില്‍ വന്നു കിടന്നു. ചുറ്റും ഇരുട്ടേറിവന്നു. കാഴ്ചകള്‍ കൂടുതല്‍ മങ്ങി.

       കര്‍ത്താവിനടുത്തേക്കുള്ള കോണിപ്പടിയിലെ പലകകളില്‍ താനടിച്ച ആണികള്‍ തടിയിലുറയ്ക്കാതെ ഇളകിമാറുന്ന ശബ്ദങ്ങള്‍ ജോസിന്‍റെ കാതുകളെ അലോസരപ്പെടുത്തും വിധം ഉച്ചത്തിലായി. പടികളിലൂടെ വെള്ളിപൂശിയ കര്‍ത്താവിന്‍റെ രൂപം ഇറങ്ങി വന്നു. ചുറ്റുമുള്ള തണുത്ത ഇരുട്ടിലും ജോസിന്‍റെ മങ്ങിയ കണ്ണുകള്‍ ആ കാഴ്ച കണ്ടു. കര്‍ത്താവിന്‍റെ കൈയ്യും പിടിച്ചു സുന്ദരിയായ അന്നയും പടിയിറങ്ങി വരുന്നു. അവളുടെ ഒരു കൈ അപ്പോഴും, നിമിഷംതോറും വികസിക്കുന്ന തന്‍റെ ഗര്‍ഭോദരത്തില്‍ തഴുകിക്കൊണ്ടിരുന്നു.

        ജോസിന്‍റെ കാഴ്ച പൂര്‍ണ്ണമായും മറഞ്ഞു. കുര്‍ബാന വേളയില്‍ കപ്യാരുടെ കൈയ്യിലെ ധൂപക്കുറ്റിയില്‍ നിന്നുയരുന്ന ധവളധൂമത്തിന്‍റെ മറ, പ്രാര്‍ത്ഥനാപൂര്‍ണമായ അസംഖ്യം മൌനനിശ്വാസങ്ങളില്‍ അലിഞ്ഞകലുമ്പോള്‍  ല്‍ത്താരയിലുറപ്പിച്ച വെള്ളിക്കുരിശിന്‍റെ മിനുത്ത പ്രതലത്തില്‍ ഉടയാന്‍ വെമ്പുന്ന മെഴുതിരിനാളത്തിന്‍റെ പ്രഭ പ്രതിഫലിക്കുന്നത് പോലെ, ഉള്‍ക്കണ്ണിലെ നേര്‍ത്ത തിരിവെട്ടത്തില്‍ ജോസ് കണ്ടതൊക്കെ സത്യമായി തീരുകയായിരുന്നു. അതേ, ല്‍ത്താരയിലെ തുറന്നുവച്ച വിശുദ്ധ ഗ്രന്ഥം പോലെ, അച്ചന്‍റെ മുഖത്തെ സ്ഥായിയായ ശാന്തത പോലെ, ആട്ടിന്‍ക്കൂട്ടിലെ മനംപുരട്ടുന്ന മുശിട് ഗന്ധം പോലെ ദിവ്യഗര്‍ഭങ്ങള്‍  അമ്പരപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നു.

ജോസ് മുഷ്ടിചുരുട്ടി സ്വന്തം തുടയിൽ ആഞ്ഞിടിച്ചു. ശേഷം, ആർത്തലറിക്കൊണ്ട് പള്ളിക്കുള്ളിലേയ്ക്ക് ഒറ്റ ഓട്ടമായിരുന്നു.

തുടർന്ന് വായിക്കുക...