ഓണം- ഒരോര്‍മ്മപ്പെടുത്തല്‍


[വെള്ളനാട്,'ആചാര്യ'യില്‍ 'തൂലിക'യുടെ ഓണപ്പതിപ്പില്‍ 2013 സെപ്റ്റംബര്‍ 5-നു പ്രസിദ്ധീകരിച്ചത്]    ഇപ്രാവശ്യം ഇടവപ്പാതിയില്‍  ഇടഞ്ഞപ്രകൃതിയെ ആണ് നമ്മള്‍ കണ്ടത്. അതിന്‍റെ കഷ്ടതകള്‍ കര്‍ക്കിടകത്തിലും തുടര്‍ന്നൂ. ഏതൊരു കഷ്ടതയിലും മലയാളികളെ എക്കാലവും മുന്നോട്ടു നയിക്കുന്ന ഒരു കാര്യമുണ്ട്. ഇടവപ്പാതിയുടെ ഈറനുമായി കര്‍ക്കിടകത്തിന്‍റെ പടവുകള്‍ കയറി ചെല്ലുമ്പോള്‍ അവിടെ വരുംവര്‍ഷത്തിന്‍റെ മുഴുവന്‍ ഐശ്വര്യവുമായി ചിങ്ങവും ഓണവും കാത്തുനില്‍ക്കുന്നുണ്ടാകുമെന്ന പ്രതീക്ഷ. പക്ഷെ ഇക്കൊല്ലം ചിങ്ങം വന്നിട്ടും ഓണം വന്നില്ല. മനുഷ്യനും പ്രകൃതിയും എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ഒരു നൂലില്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന പോലെ,ഓണവും ചിങ്ങത്തിന്‍റെ വാലില്‍ തൂങ്ങി കന്നിയുടെ കൂടെ പോയി. നഷ്ടപ്പെട്ടുപോകുന്ന, കൈവിട്ടുപോകുന്ന എന്തോ ഒന്നിനെ ഓര്‍മ്മിപ്പിക്കും പോലെ.
    
         ജന്മംകൊണ്ട് അസുരനെങ്കിലും കര്‍മ്മംകൊണ്ട് ദേവകളെക്കാളും ആദരിക്കപ്പെട്ടിരുന്ന മഹാബലി എന്ന മഹാരാജാവിന്‍റെ കഥ, വെറും കഥമാത്രമാണ്. പക്ഷെ ഒരസുരന്‍ ഭരിച്ചിരുന്ന രാജ്യം പോലും കള്ളവും ചതിയുമില്ലാതെ, കൊള്ളയും അഴിമതിയുമില്ലാതെ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ വിഭാവനം ചെയ്യപ്പെട്ടിരുന്നു എന്നത്, ഇന്നത്തെ കാലത്ത് നിന്ന് നോക്കുമ്പോള്‍ അതിശയോക്തി തന്നെയല്ലേ? എല്ലാ അതിശയോക്തികള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറം ഓണം ഇന്നും ആഘോഷിക്കപ്പെടുമ്പോള്‍, ആ നന്മയുടെ നുറുങ്ങുവെട്ടം നമ്മുടെയൊക്കെ മനസ്സുകളില്‍ ഇനിയും ശേഷിക്കുന്നുണ്ട് എന്ന് ചേര്‍ത്തു വായിക്കണോ? അതോ ഇഹലോകത്തിലെ അവസാനനന്മയും ഏതോ ഒരു ബാലന്‍ തന്‍റെ കാലടികളാല്‍ ചവിട്ടിത്താഴ്ത്തിയതിന്‍റെ ആണ്ടോര്‍മ്മയോ ഓണം?
     
           ഓണം നന്മയുടെ മാത്രമല്ല, ഒരായിരം വര്‍ണങ്ങളുടെ, ഗന്ധങ്ങളുടെ, രുചിയുടെ ആഘോഷം കൂടിയാണ്. തുമ്പപ്പൂവിലും ചിങ്ങനിലാവിലും പ്രകൃതി നന്മയുടെ പൂക്കളം വരയ്ക്കുമ്പോള്‍, നൂറായിരം വര്‍ണപുഷ്പങ്ങള്‍ കൊണ്ട് പൂക്കളമൊരുക്കി നമ്മള്‍ പ്രകൃതിയെയും അതിശയിപ്പിക്കും. പച്ചനിറത്തിലുള്ള തൂശനിലയില്‍ വിവിധ വര്‍ണങ്ങളില്‍, നാവൂറുന്ന ഗന്ധങ്ങളില്‍, വിവിധ രുചിഭേദങ്ങളില്‍ വിഭവസദ്യയൊരുക്കി, കളിച്ചും ചിരിച്ചും പങ്കുവച്ചും നമ്മള്‍ ഓണം കൊണ്ടാടുന്നു.
     
            ഒരുപാട് പ്രായമൊന്നും ആയില്ലെങ്കിലും എനിക്കിപ്പോള്‍ ഓണം പഴയ ഓര്‍മകളുടെ ഒരു മേളമാത്രമാണ്. ഇന്നേത് ഓണംകേറാമൂലയിലും ഓണമുണ്ട്. പക്ഷെ യഥാര്‍ത്ഥ ഓണത്തിനു കേറാന്‍മാത്രം മൂലയില്ലാ. അതിന്‍റെ സ്ഥാനം ടി.വി. ചാനലുകളും, വസ്ത്ര-ആഭരണ-ഗൃഹോപകരണ ശാലകളും കയ്യടക്കി. ഓണക്കാലത്ത് ഏറ്റവും തിരക്കുള്ള ഹാസ്യതാരമായി മാവേലിയും മാറി. ഓണം ഓണവും, ആഘോഷങ്ങള്‍ ആഘോഷങ്ങളായും രണ്ടു ധ്രുവങ്ങളില്‍ മിഴിച്ചു നില്‍ക്കുന്നു. മുഴച്ചു നില്‍ക്കുന്നു.
     
         എങ്കിലും ഓണം ഓരോര്‍മ്മപ്പെടുത്തലാണ്.. മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്‍റെ, ഇനിയും വറ്റാത്ത നന്മയുടെ, പങ്കുവക്കലിന്‍റെ, ഒരുമയുടെ ഒക്കെ ഒരു ഓര്‍മ്മപ്പെടുത്തല്‍. ഓരോ ആഘോഷവും അതിന്‍റെ ശരിയായ അര്‍ത്ഥം ഉള്‍ക്കൊണ്ട് ഘോഷിക്കുമ്പോഴാണ്, അര്‍ത്ഥവത്താകുന്നത്. ജീവിതമൊട്ടുക്കും ഓര്‍ത്തിരിക്കാവുന്ന നല്ലനല്ല ഓര്‍മ്മകളുടെ പ്രഭവകേന്ദ്രമാകണം ഓരോ ഓണക്കാലവും. 

'വെള്ളനാടന്‍ ഡയറി'യുടെ ഓരോ വായനക്കാര്‍ക്കും സര്‍വൈശ്വര്യ സമ്പൂര്‍ണമായ ഒരോണക്കാലം ആയിരിക്കട്ടെ ഇത് എന്ന പ്രാര്‍ത്ഥനയോടെ, എന്‍റെ ഒരായിരം ഓണാശംസകള്‍`. 


                                                                       

മറ്റൊരു ഓണവിശേഷം വായിക്കാന്‍
ഓണത്തിന്‍റെ ഓര്‍മ്മപ്പെരുക്കം

©മനോജ്‌ വെള്ളനാട്

23 comments:

 1. സത്യം. ഒരോര്‍മ്മപ്പെടുത്തലാണ് ,ഒരു പ്രതീക്ഷയാണ് ,ഒരുമയാണ് നമ്മുടെ ഓണം :).നല്ലോണം എന്നും ഓര്‍മയില്‍ . നന്മനിറഞ്ഞ ഓണശംസകള്‍

  ReplyDelete
 2. ഓണം ഓര്‍മ്മകള്‍ വില്‍ക്കുന്ന ഒരാഘോഷമായി മാറിയിരിക്കുന്നു..വാങ്ങിയ ഓര്‍മ്മകള്‍ക്ക് നടുവില്‍ നിന്നുകൊണ്ട്,, ഓണാശംസകള്‍

  ReplyDelete
 3. ഓണക്കാലം എന്നെ സംബന്ധിച്ചിടത്തോളം, കുട്ടിക്കാലത്തേക്കുള്ള മടങ്ങിപ്പോക്കാണ്.. പാടവരമ്പത്തൂടെയും, വെട്ടിതെളിക്കാത്ത ഇളം വനങ്ങളിലൂടെയും പൂ പറിച്ചു നടന്ന കാലം... ഞങ്ങള്‍ കുട്ടികള്‍ ചേര്‍ന്നുള്ള ഓണക്കളികള്‍.. കുമ്മാട്ടിക്കളി.... അങ്ങനെയങ്ങനെ ഒരുപാട്... ഹൃദ്യമായ ഓര്‍മ്മകള്‍ മാത്രമാണ് മരിക്കാതെ ഇന്നും മനസ്സിലവശേഷിക്കുന്നത്... നഷ്ട്ടപ്പെട്ടു പോയ നല്ല കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍...

  ഓണാശംസ്സകള്‍, ഡോക്ട്ടര്‍ ജി

  ReplyDelete
 4. കാണം വിറ്റ് ഓണം ഉണ്ണാം

  ReplyDelete
 5. മനസ്സ് നിറഞ്ഞു വര്‍ണ്ണങ്ങളുടെ ഉത്സവത്തെ നമുക്ക് വരവേല്‍ക്കാം ...

  ഒരായിരം ഓണാശംസകള്‍ കൂടെ ..
  അസ്രൂസാശംസകള്‍ :)

  ReplyDelete
 6. ഓര്‍മ്മയുടെ ഓണം എല്ലാ മനസ്സുകളും കൊണ്ടാടുന്നുണ്ട്.ഈ എഴുത്ത് മനസ്സിനെ ഓണത്തിന്റെ ഓര്‍മ്മകളിലേക്ക് എത്തിക്കുന്നു.

  ReplyDelete
 7. സന്തോഷത്തിന്‍റെ സമൃദ്ധിയുടെ ഒരു നല്ല ഓണാശംസകള്‍ !!

  ReplyDelete
 8. നന്മനിറഞ്ഞ ഓണാശംസകള്‍

  ReplyDelete
 9. നല്ല പോസ്റ്റ്
  ഓണാശംസകള്‍

  ReplyDelete
 10. ഓണം ആശംസകള്‍....അതൊരു ഒര്മാപെടുത്തല്‍ തന്നെ ....................

  ReplyDelete
 11. വായിക്കുകയും ഓണാശംസകള്‍ നേരുകയും ചെയ്ത ഏവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ ഓണാശംസകള്‍..,.. നന്ദി.. ഇനിയും വരിക..

  ReplyDelete
 12. തന്നെ.. തന്നെ. ഓണാശംസകള്‍

  ReplyDelete
 13. നന്നായി എഴുതി

  ReplyDelete
 14. സ്നേഹത്തോടെ ഒരു നല്ല ഓണം ആശംസിക്കുന്നു ... :)

  ReplyDelete
 15. ഓണം ഓണവും, ആഘോഷങ്ങള്‍ ആഘോഷങ്ങളായും രണ്ടു ധ്രുവങ്ങളില്‍ മിഴിച്ചു നില്‍ക്കുന്നു..നന്നായി എഴുതി

  ഓണാശംസകള്‍.....

  ReplyDelete
 16. നല്ല പോസ്റ്റ്‌ വൈകിയാണകിലും
  ഓണാശംസകൾ

  ReplyDelete
 17. മനോഹരമായ രചന .....

  തൂലികയുടെ വായനക്കാരും ആചാര്യയും സന്തോഷിക്കുന്നുണ്ടാകും .....

  ഒപ്പം ഞാനും ......

  ReplyDelete
 18. വറ്റാത്ത നന്മയുടെ ,പങ്കുവെക്കലുകളുടെയൊക്കെ
  ഓർമ്മപ്പെടുത്തലിന്റെ പ്രതീകമായ പൊന്നോണം

  ReplyDelete