ഡെത്ത് ഡിക്ലറേഷന്‍


         ഐ.സി.യു. മുറിയിലെ ആദ്യബെഡിൽ വെന്റിലേറ്റർ സഹായത്തോടെ ശ്വസിച്ചുകൊണ്ട് കിടക്കുന്ന ആ പയ്യനെ ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് നല്ല മുഖപരിചയം തോന്നി. പക്ഷെ എവിടെയാണ് കണ്ടിട്ടുള്ളതെന്നോ ആരാണെന്നോ ഒരു ഊഹവും കിട്ടുന്നില്ല. കേസ് ഷീറ്റ് എടുത്തു പേരും അഡ്രസ്സും നോക്കി. 18 വയസ്സ് മാത്രം പ്രായമുള്ള അവനെ ഇലക്ട്രിക്‌ ഷോക്കേറ്റാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞാന്‍ കഴിഞ്ഞ രണ്ടു ദിവസം ലീവ് ആയിരുന്നതിനാല്‍ ഇന്നാണ് കാണുന്നത്. രണ്ടുവട്ടം ഹൃദയസ്തംഭനം വന്നതിനാല്‍ മരുന്നിന്‍റെ സഹായത്തിലാണ് ഹൃദയം പ്രവര്‍ത്തിക്കുന്നത്. അവന്‍റെ തലച്ചോറിന്‍റെ പ്രവര്‍ത്തനം എത്രത്തോളമുണ്ടെന്ന് പരിശോധിക്കുന്ന EEG ടെസ്റ്റ്‌ നടക്കുകയായിരുന്നു അപ്പോഴവിടെ. ഞാനാ ലാപ്‌ടോപ്പിന്‍റെ മോണിട്ടറില്‍ മിഴിനട്ടു നിന്നൂ. ഇല്ലാ, അവന്‍റെ തലച്ചോറില്‍ നിന്നും ജീവന്‍റെ തരംഗങ്ങള്‍ ഒന്നുംതന്നെ ആ ജീവമാപിനിയില്‍ തെളിയുന്നില്ല. അവന്‍റെ തലച്ചോര്‍ മരിച്ചിരിക്കുന്നു. ബ്രയിൻ ഡഡ്. ഇനി  എപ്പോള്‍ വേണമെങ്കിലും ഹൃദയവും നില്‍ക്കാം. പക്ഷെ മരണത്തിന്‍റെ വാതില്‍പ്പടിയില്‍ ഒരുകാല്‍ അപ്പുറത്തും മറ്റൊന്ന് ഇപ്പുറത്തുമായി അബോധനായി കിടക്കുന്ന ഈ പരിചിതമുഖം ആരുടേതാണെന്നു മാത്രം എനിക്ക് ഓര്‍മ്മ വരുന്നില്ലാ. ഞാനങ്ങനെ ഓര്‍ത്ത് മറ്റ് രോഗികളുടെ അടുത്തേക്ക് പോകുമ്പോള്‍ വാതില്‍ക്കല്‍ കരഞ്ഞു വീര്‍ത്ത കണ്ണുകളോടെ ഒരു സ്ത്രീ നിൽക്കുന്നത് കണ്ടു. ഒരു ഞെട്ടലോടെ ഞാനവരെ തിരിച്ചറിഞ്ഞു. ഒരു മാസം മുമ്പ് റോഡപകടത്തില്‍ തലയ്ക്കുപരിക്കേറ്റ് ഈ ആശുപത്രിയില്‍ കിടന്നു മരിച്ച ഒരാളുടെ ഭാര്യ. അന്നും ഞാന്‍ തന്നെയാണ് ആ മരണവും അവരോടു വെളിപ്പെടുത്തിയത്. അന്ന് ഞാനത് പറയുമ്പോള്‍ കൂടെ അവരുടെ മകനും ഉണ്ടായിരുന്നു. എന്‍റെ മനസ്സിനുള്ളില്‍ ആരോ ഒരുപിടി തീക്കനല്‍ വാരി വിതറിയത് പെട്ടന്നായിരുന്നു. ഞാനാ പയ്യന്‍ കിടക്കുന്ന കട്ടിലിലേക്ക് വീണ്ടും നോക്കി. ആ മകനാണ് മരിച്ചിട്ടും മരിക്കാതെ എന്‍റെ മരണപ്രഖ്യാപനവും കാത്ത് ഈ കിടക്കുന്നത്.


        ഒരുപറ്റം ബലിക്കാക്കകള്‍ അന്നം തേടി അലയുന്ന ഒരു ബലിപറമ്പ് ആണ്  ന്യൂറോ സര്‍ജറി ഐ.സി.യു.കള്‍ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പലരും മരണത്തെ തൊട്ടു തൊട്ടില്ലാ എന്ന മട്ടില്‍ കിടക്കുന്നവര്‍. ജീവനുള്ള കുറെ യന്ത്രങ്ങള്‍ മാത്രമാണ് പലരും. ഐ.സി.യു.വിനുള്ളിലെ ഓരോ സ്പന്ദനത്തിലും മരണം ഒളിച്ചിരിക്കുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ പ്രാണന്‍ ഡോക്ടറെ ഏല്‍പ്പിച്ചു പ്രതീക്ഷയും നിരാശയും സമംചേര്‍ത്ത മുഖഭാവത്തോടെ ഒരുകൂട്ടം ബന്ധുക്കള്‍ ഐ.സി.യു.വിനു പുറത്തും ചുറ്റിലുമായി എപ്പോഴും ഉണ്ടാകും. പലപ്പോഴും അവരോടാണ് നമുക്ക് വിളിച്ചു പറയേണ്ടത്,"നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ഇനി തിരികെ വരില്ലാ" എന്ന്. ജോലിയുടെ ഭാഗമായി എന്നെ ഏറ്റവും ധര്‍മ്മസങ്കടത്തിലാക്കുന്ന സാഹചര്യവും ഇത് തന്നെ. മരണം പ്രഖ്യാപിക്കുക. ഡെത്ത് ഡിക്ലറേഷന്‍.. ഓരോ മരണത്തിലും ഈ ബലിക്കാക്കകള്‍ എന്‍റെ തലച്ചോറിന്‍റെ ഒരംശവും കൂടി ആര്‍ത്തിയോടെ കൊത്തിവലിയ്ക്കാറുണ്ട്.

  മരിച്ചുകിടക്കുന്ന മകന് വേണ്ടി ഒരു തൂക്കുപാത്രത്തില്‍ കരിക്കിന്‍വെള്ളവുമായി വന്ന എഴുപതുവയസുള്ള അമ്മ എന്നോട് പറഞ്ഞു, "അവനു ബോധം വരുമ്പോ കൊടുക്കണേ മക്കളെ..." എന്ന്. ഞാന്‍ സ്തബ്ധനായി, നിസ്സഹായനായി  നിന്നൂ. മരണത്തെക്കാള്‍  വലിയൊരു സത്യമില്ലെങ്കിലും, പലപ്പോഴും അതിനു നമ്മുടെ അംഗീകാരത്തിനായി ക്ഷമയോടെ കാത്തിരിക്കേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പതറരുതെന്നു  പലവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും  ചിലപ്പോഴെങ്കിലും പതറിപ്പോകാറുണ്ട്. ഞാന്‍ ആ പാത്രം വാങ്ങി നേഴ്സിനെ ഏല്‍പ്പിച്ചിട്ട്, ആ മകന്‍റെ അടുത്തേക്ക് വച്ചേക്കാന്‍ പറഞ്ഞു. അവിവാഹിതനായ ആ മകന് അമ്മയും , അമ്മയ്ക്ക് മകനും മാത്രമേ ഉള്ളു. അയാള്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലായെന്നും, ഏതുനിമിഷവും മരണം സംഭവിക്കാമെന്നും പലവട്ടം പറഞ്ഞു മനസ്സിലാക്കിയതാണെങ്കിലും ഒരമ്മ മനസ്സിന് അത് അംഗീകരിക്കാന്‍ കഴിയാത്തതില്‍ എനിക്ക് അത്ഭുതമില്ലാ. പക്ഷെ ഒരമ്മയുടെ പ്രാര്‍ത്ഥനക്കും വിശ്വാസ്സത്തിനും അപ്പുറം, പരമമായ സത്യം മരണമാണെന്ന് ഞാനെന്നേ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട് എനിക്കത് അവരോട് പറഞ്ഞേ പറ്റൂ. പിന്നെയും രണ്ടുമണിക്കൂറിലധികം സമയമെടുത്ത്‌, പല പ്രാവശ്യമായി, മകന്‍റെ അവസ്ഥ പറഞ്ഞു മനസ്സിലാക്കി, ഇനി അയാള്‍ തിരിച്ചുവരില്ലാ എന്ന് പറയാതെ പറഞ്ഞു ഞാന്‍.

 ജനനവും മരണവും ജീവിതവും-മൂന്നും മൂന്നു അത്ഭുതങ്ങളായി തന്നെ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ഓരോന്നിനെ പറ്റിയും കൂടുതല്‍ അറിയുന്തോറും അത്ഭുതവും ഏറി വന്നു. എത്രയെത്ര ജനനങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. അതിലും എത്രയോ അധികം മരണങ്ങള്‍ക്ക് കഴിഞ്ഞ രണ്ടുകൊല്ലത്തെ ന്യൂറോ സര്‍ജറിയിലെ അനുഭവം എന്നെ സാക്ഷിയാക്കിയിട്ടുണ്ട്. പക്ഷെ ഇപ്പോഴും ഓരോ മരണത്തിനും മുന്നിലും പിന്നിലും ജീവിതമെന്ന അത്ഭുതം അതിന്‍റെ എരിയുന്ന കണ്ണുകളുമായി എന്നെ തുറിച്ചുനോക്കി നില്‍ക്കാറുണ്ട്. കാരണം, ഒരു മരണവും ഒരാളുടേത് മാത്രം അല്ലല്ലോ.

 ഇരുപതുവയസ്സുള്ള മകനെ ബൈക്കപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ്, വെന്‍റിലേറ്ററില്‍ ഐ.സി.യു.വിലേക്ക് മാറ്റുന്നതിനിടയില്‍  അവന്‍റെ അച്ഛന്‍ കണ്ണീരോടെ വന്നു പറഞ്ഞു,

      

           "ഡോക്ടര്‍,അവനെ രക്ഷപ്പെടുത്താന്‍ സാധിക്കില്ലെങ്കില്‍ അവന്‍റെ അയവങ്ങള്‍ ആര്‍ക്കെങ്കിലും  ദാനം ചെയ്യണം.. അവന്‍റെ ആഗ്രഹമായിരുന്നു അത്. അതെങ്കിലും ഡോക്ടര്‍ ചെയ്ത് തരണം.."
        അയാള്‍ക്ക് സാരമായ പരിക്കുണ്ട്. എന്നാലും മരിച്ചുപോകും എന്ന് ഉറപ്പും പറയാന്‍ പറ്റില്ല. ഞാന്‍ പറഞ്ഞു,
          
"ജീവന്‍ രക്ഷിക്കാന്‍ പറ്റുമോന്നു പരമാവധി ശ്രമിക്കാം. മാത്രമല്ല ഇന്‍റേണല്‍ ഓര്‍ഗന്‍സിനും കാര്യമായ ക്ഷതമുണ്ട്. ദാനം ചെയ്യുന്നതിനെ പറ്റി ഇപ്പോഴേ ചിന്തിക്കണ്ടാ. മാക്സിമം നോക്കാം."

            മികച്ച ചികിത്സയില്‍  ആ പയ്യനെ രക്ഷിക്കാന്‍ നമുക്ക് സാധിച്ചു. അപ്രതീക്ഷിതമായി പലരെയും സ്വീകരിക്കുമ്പോഴും, പ്രതീക്ഷിച്ചിരുന്ന ചിലരെ തന്‍റെ കോമാളിച്ചിരിയോടെ ഉപേക്ഷിച്ചു പോകുന്ന മരണമെന്ന പാറാവുകാരനെയും ഐ.സി.യു.വിന്‍റെ വാതിലില്‍ ഞാന്‍ കണ്ടിട്ടുണ്ട്. മരുന്നിനുള്ളിലെ രസതന്ത്രത്തോട് നിര്‍ദ്ദയം തോറ്റു പിന്മാറുന്ന മരണത്തെ എത്രയോ വട്ടം അതിശയത്തോടെ ഞാന്‍ നോക്കി നിന്നിട്ടുമുണ്ട്. അപ്പോഴൊക്കെയും ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു. മരണത്തില്‍ നിന്നും ഒരുവനെ രക്ഷിക്കുന്നതിലും എത്രയോ വലിയ പരീക്ഷണമാണ് ഈ "ഡെത്ത് ഡിക്ലറേഷന്‍ "

       നാലിന്‍റെ ബാല്യവും ഇരുപത്താറിന്‍റെ യൌവനവും ഒരേ ആര്‍ത്തിയോടെ കൊത്തിപ്പറക്കുന്ന മരണത്തിനു മുന്നില്‍ നിസ്സഹായനായി നില്‍കേണ്ടി വന്ന ഒരു വൈകുന്നേരം, ഞാന്‍  ആശുപത്രിയില്‍ നിന്നിറങ്ങി അടുത്തുള്ള വിമാനത്താവളത്തിന്‍റെ കവാടം നോക്കി നടന്നു. ഇതുപോലെ അസ്വസ്ഥനാകുന്ന ചില ദിവസങ്ങളില്‍ അവിടെ പോയിരിക്കുക പതിവാണ്. അഴുക്കുവെള്ളത്തിനു മുകളില്‍ ഓര് പടര്‍ന്നു തിളങ്ങുന്നത് പോലെ , ഒഴുക്ക് നിലച്ച മനസ്സിനു മുകളില്‍ ദുര്‍ബലമായ ചിരിയുടെ മുഖംമൂടിയും അണിഞ്ഞു ഞാന്‍ നടന്നു.

   അപ്പോള്‍ ആകാശത്തിന്‍റെ അരുകിലൊരു ചെരുവില്‍  അര്‍ക്കന്‍ അന്ത്യശ്വാസം വലിച്ചു തുടങ്ങിയിരുന്നു. മുഖത്തേക്ക് രക്തം ഇരമ്പി ചുവന്നു തുടുത്തിരിക്കുന്നു. വൈകാതെ കടലിനുള്ളിലേതോ പട്ടടയില്‍ ദഹിച്ചസ്തമിച്ചു. ആകാശം അരയില്‍ ചെമ്പട്ട് ചുറ്റി കര്‍മ്മങ്ങള്‍ ചെയ്തു. ആ ചുമപ്പിനെ നെടുകെ ഭേദിച്ചുകൊണ്ട് ഒരുകൂട്ടം ബലിക്കാക്കകള്‍ അടുത്ത ഇരയെയും തേടി പറന്നു. ഒരു മരണവും ഒന്നിന്‍റെയും അവസാനം അല്ലെന്നു ഓര്‍മ്മിപ്പിച്ചു പ്രപഞ്ചം പതിയെ കണ്ണടച്ചു, പുതിയൊരു നാളെ ഉണരാനായി. ഈ  മങ്ങിയ ഇരുട്ടിലും, ബാക്കിയായ ബലിച്ചോറുകള്‍ ആകാശപ്പറമ്പില്‍ ചിതറിക്കിടക്കുന്നതും നോക്കി ഞാന്‍ നിന്നു. അപ്പോഴും കൂടണയാന്‍ മടിക്കുന്ന ഒരുപറ്റം ബലിക്കാക്കകള്‍  എന്‍റെ നെഞ്ചിനുള്ളില്‍ ചിറകിട്ടടിച്ചു കൊണ്ടേയിരുന്നു.


 
(ആരോഗ്യപത്മം മാഗസിന്‍, ഏപ്രില്‍ 2014)


©മനോജ്‌ വെള്ളനാട്


46 comments:

 1. മരണത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിലും എത്രയോ വലിയ പരീക്ഷണമാണ് 'ഡെത്ത് ഡിക്ളറേഷന്‍'.....

  ReplyDelete
 2. ഈ അവസ്ഥ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു മനസ്സിന്റെ വികാരവിചാരങ്ങളെല്ലാം ഒട്ടും ചോര്‍ന്നുപോകാതെ വരികളില്‍ പകര്‍ത്താന്‍ കഴിഞ്ഞു.അതുകൊണ്ടുതന്നെ വായനക്കാരനും ആ അവസ്ഥ അനുഭവിക്കാന്‍ കഴിയുന്നു.എഴുത്തിന്റെ വിജയം.ആശംസകള്‍

  ReplyDelete
 3. അനുഭവത്തിന്റെ തീഷ്ണത ആഴത്തിലെത്തിയ്കുന്ന ആഖ്യാനം

  ഡെത്ത് ഡിക്ലറേഷൻ .......

  :(

  ReplyDelete
 4. അനുഭവക്കുറിപ്പ് നന്നായി; ജീവിതവും മരണവും തമ്മില്‍ ഒരു 'ഡെത്ത് ഡിക്ലറേഷന്‍റെ' വ്യത്യാസം മാത്രം അല്ലെ !!

  ReplyDelete
 5. ചില നേരം നമ്മള്‍ നിസാരമനുഷ്യനാവും .....ഇതു വല്ലാത്തൊരു അവസ്ഥയാണ് ഡോക്ടറെ

  ReplyDelete
 6. ഓരോ മരണത്തെ കുറിച്ച് കേൾകുമ്പോഴും അവരുടെ ബന്ധുക്കളുടെ മാനസിക അവസ്ഥയെ കുറിച്ച് മാത്രമേ ഇത് വരെ ചിന്തിച്ചിരുന്നുള്ളൂ . അത് പറയേണ്ടി വരുന്ന ഡോക്ടറുടെ മനസ്സിന്റെ സ്ഥിതി എങ്ങനെ ആയിരിക്കും എന്നതു മനസ്സിലേക്ക് വന്നിരുന്നില്ല . ഒരു ജീവിതത്തിലെ സേവനത്തിനിടയിൽ എത്രയോ മരണങ്ങൾക്ക് സാക്ഷ്യം നിക്കേണ്ടി വരുന്ന ഒരു ഡോക്ടറുടെ മനസ്സിനെ ഒട്ടും കലർപ്പില്ലാതെ തന്നെ താങ്കൾക്ക് വരച്ചു കാണിക്കാൻ കഴിഞ്ഞിരിക്കുന്നു .

  ReplyDelete
 7. കുറിപ്പ് നന്നായി - അനുഭവിക്കാൻ കഴിയുന്നുണ്ട്.

  ReplyDelete
 8. നൊമ്പരമുണര്‍ത്തുന്ന രചന.
  അപ്പോള്‍ ഡോക്ടര്‍ ഉള്ളിലനുഭവിക്കുന്ന വിങ്ങല്‍ എത്രത്തോളമായിരിക്കും!!!

  ReplyDelete
 9. നേരനുഭവങ്ങൾ പകർത്തുമ്പോൾ വാക്കുകൾ മാത്രമാണ് തേടേണ്ടി വരിക. ഉള്ളിലെ നീറ്റൽ ഒപ്പിയെടുക്കെണ്ട വാക്കുകൾ ! അവ നന്നായി ഉപയോഗിച്ചിട്ടുണ്ട്.
  ഒരിക്കൽ അപകടത്തെ തുടർന്ന് മരിച്ച സ്നേഹിതന്റെ മരണ വാര്ത്ത അയാളുടെ സഹോദരനോട് പറയേണ്ടി വന്ന അവസ്ഥ ഇന്നുമോര്ക്കുന്നു. അപ്പൊ എത്രയോ മരണങ്ങളെ പ്രഖ്യാപിക്കുന്ന അവസ്ഥയോ ? ഒര്ക്കാൻ തന്നെ വയ്യ..

  ReplyDelete
 10. ജീവിതത്തിന്റെ പുസ്തകം
  ഒടുക്കത്തെ താള്‍ എപ്പോള്‍ വേണമെങ്കിലും മറിയാം!
  വളരെ ഹൃദയസ്പര്‍ശിയായി എഴുതി

  ReplyDelete
 11. പലപ്പോഴും തോന്നിയിട്ടുണ്ട്, ഒരു ഡോക്‌ടർ ഏറ്റവും അധികം മാനസീക സംഘർഷം അനുഭവിക്കുന്നത് ഒരു രോഗിയുടെ ബന്ധുക്കളോട് രോഗിയുടെ മരണവിവരം അറിയിക്കുമ്പോഴാണെന്ന്. പക്ഷെ ചിലപ്പോഴൊക്കെ രോഗിയുടെ ആരോഗ്യനില പെരുപ്പിച്ചുകാട്ടി ബന്ധുക്കളെ വെറുതെ ആശങ്കയുടെ മുൾമുനയിൽ നിറുത്താനും ചില ഡോക്‌ടർമാരെങ്കിലും ശ്രമിക്കാറില്ലെ.

  ReplyDelete
 12. ഒരു മരണവും ഒന്നിന്‍റെയും അവസാനം അല്ലെന്നു ഓര്‍മിപ്പിച്ചു പ്രപഞ്ചം പതിയെ കണ്ണടച്ചു, പുതിയൊരു നാളെ ഉണരാനായി...

  ReplyDelete
 13. വായിച്ചു അല്പ്പം നൊമ്പരം ബാക്കിയായി

  ReplyDelete
 14. മരണം അത് എപ്പോഴും ആർകും സംഭവിക്കാം എങ്കിലും നമ്മൾക്ക് ഇതൊന്നും ബാദകം അല്ല എന്ന ഒരു attitude ആയിരുന്നു എനിക്ക്. എന്നാൽ ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ എന്തോ മനസ്സിൽ ഒരു പേടി പോലെ..മനസ്സിൽ എവിടെയോ ഒരു നൊമ്പരം ... വായിച്ചു തീർനിട്ടും കഥയോ കഥാപാത്രങ്ങളോ അനുവാചകനെ വിട്ടു പോകുന്നില്ല എങ്കിൽ എഴുത്തുകാരൻ വിജയിച്ചു എന്നർഥം ...So hatz off Dr.manoj !
  ഇനിയും ഒത്തിരി കഥകൾ തങ്ങളുടെ തൂലികയിൽ നിന്ന് ജന്മം എടുക്കട്ടെ എന്ന് ആശംസിക്കുന്നു

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി വിജിത്ത്.. പക്ഷെ ഇത് കഥയായിരുന്നില്ല.. ഇതെല്ലാം എന്റെ അനുഭവങ്ങള്‍ മാത്രം.. കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരും,ജീവിച്ചിരുന്നവരുമാണ്..

   Delete
 15. ജീവിതാനുഭവങ്ങൾ വായനാനുഭവമാക്കി നൽകിയതിനു നന്ദി അറിയിക്കട്ടെ..
  ഈ പങ്കു വെയ്ക്കലുകൾ ഒരു തരത്തിൽ ആശ്വാസമേകുമെന്നതും നേരാണു..
  ഒരുപാട്‌ നൊമ്പരപ്പെടുത്തി..!

  ReplyDelete
 16. മനസ്സിനകത്ത് ഒരു നീറല്‍
  നൊമ്പരം..

  ReplyDelete
 17. നൊമ്പരം മാത്രം ബാക്കി .......

  ReplyDelete
 18. നാട്ടില്‍ നിന്നും വളരെ ദൂരെ, ഈ ആഫ്രിക്കയില്‍ യു.ആര്‍.ടി.ഐ കൂടി ആശുപത്രിയില്‍ കിടക്കുന്ന ഞാന്‍ തന്നെ.. അതും ഇന്ന് തന്നെ ഇത് വായിക്കണം.ഉം എന്‍റെ ബെസ്റ്റ് ടൈം.

  അനുഭവങ്ങളുടെ തീഷ്ണത എഴുത്തില്‍ അറിയുന്നു.

  ReplyDelete
 19. ബ്ലോഗിന്റെ graphical side കുറച്ചു കൂടി നന്നക്കിയിരുന്നെങ്ങിൽ കൊള്ളാമായിരുന്നു . Template ഒന്ന് മാറ്റി നോക്കു . എൻറെ help എന്തേലും വേണേൽ ചോദിയ്ക്കാൻ മടിക്കരുത്.
  ssvijith@hotmail.com

  ReplyDelete
 20. സാറിന്റെ ഇ ബ്ലോഗ്‌ വെള്ളനട്ടുകർക്ക് ഒരു അഭിമാനമാണ് . ഞാൻ എന്റെ രണ്ടു മൂന്നു സുഹൃത്തുക്കള്ക്ക് വെള്ളനാടൻ ഡയറി recommend ചെയ്തിട്ടുണ്ട്.

  ReplyDelete
  Replies
  1. താങ്ക്യു സര്‍.. ,.. :) സ്വന്തം നാട്ടുകാരില്‍ നിന്ന് ലഭിക്കുന്ന പ്രോത്സാഹനം തന്നെയല്ലേ ഏറ്റവും വലുത്...

   Delete
 21. ഇത് വായിച്ചപ്പോൾ, വെള്ളിയാഴ്ച ഞങ്ങൾ കാണാൻ പോയ ഒരാളെ ഓർത്തു പോയി...ജോലിക്കിടെ കുഴഞ്ഞു വീണു ആശുപതിയിൽ ആസന്ന നിലയില കിടക്കുന്ന ഒരാള്. .ഞങ്ങളുടെ സംഖടനയുടെ എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യാം എന്ന് കരുതി ചെന്നതായിരുന്നു ഞങ്ങൾ. അയാളുടെ അനുജൻ നാട്ടിലേക്ക് അയാളെ കൊണ്ടുപോകാനായി ഐ സി യു വിന്റെ മുന്നില് ഉണ്ടായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലേക്ക് പോകാം എന്നയാൾ പറഞ്ഞു. എന്നാൽ അയാള്ക്ക് ഈ ലോകത്തിൽ ഏറിയാൽ രണ്ടു ദിവസം എന്ന് അനുജനെ അറിയിച്ചിട്ടില്ല എന്ന് ഐ സി യു വിൽ ഉണ്ടായിരുന്ന പരിചയക്കാരൻ പറഞ്ഞത് ഞങ്ങൾ ആ അനുജനോട് പറഞ്ഞില്ല. അയാളുടെ പ്രതീക്ഷ തെറ്റിക്കാൻ ഞങ്ങൾക്കായില്ല എന്നതായിരുന്നു സത്യം.

  നല്ല അനുഭവക്കുറിപ്പ്. അഭിനന്ദനങ്ങൾ.

  ReplyDelete
 22. ഒരുപാട് പ്രതീക്ഷകള്‍ക്ക് വിരാമവുമായാണ് മരണമെത്തുക. മരണപ്പെട്ടവന്റെ അമ്മയുടെ മുഖത്തു നോക്കി സമാധാനിക്കാന്‍ പറയുക എന്നതു എത്ര ബുദ്ധിമുട്ടുള്ള കാര്യമാണ്. അതു തീക്ഷ്ണമായ വരികളിലൂടെ നന്നായി എഴുതിയിരിക്കുന്നു.

  ReplyDelete
 23. ഒരു ഡോക്ടറുടെ മനസ്സ് അറിഞ്ഞത് ഇപ്പോഴാണ് .....

  ReplyDelete
 24. സ്വന്തം മകന്‍ ഇതുപോലെ മരണത്തിനായി കാത്തു കിടന്നപ്പോള്‍ ഉണ്ടായ അതെ നൊമ്പരം ഇതു വായിച്ചപ്പോലും ഉണ്ടായി ,ഹൃദയ സ്പര്‍ശിയായി എഴുതി ആശംസകള്‍

  ReplyDelete
 25. മരണം ആസന്നമാണെന്ന് തീര്ച്ചയായ ചിലരുടെ അടുത്ത് പോകുമ്പോളും അവരോടു സംസാരിക്കുമ്പോഴും അവരുടെ അവശത നമ്മോടു പറയുമ്പോഴും ഒക്കെ ഇതേ സംഘര്‍ഷം നാം അനുഭവിക്കുന്നു. മരിക്കും എന്ന് അറിഞ്ഞിട്ടകൂടി മരിക്കില്ല എന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നവരെ സമാധാനിപ്പിക്കുന്നതും ഇതേപോലെ വേദനാജനകം തന്നെ. ചിന്തനീയമായ കുറിപ്പ്. മുന്നും പിന്നും നോക്കാതെ അഹങ്കാരത്തിന്‍റെ പുറത്ത് ജീവിക്കുന്നവര്‍ ഇതൊരുവട്ടം വായിച്ചാല്‍ താങ്കളുടെ എഴുത്തിനു മറ്റൊരു തലത്തിലെ അര്‍ത്ഥം കൈവരും. ആശംസകള്‍.

  ReplyDelete
 26. where did you get this template

  ReplyDelete
 27. ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങള്‍ ,, ഒരു ഡോക്ടറുടെ അനുഭവങ്ങള്‍ നന്നായി എഴുതി

  ReplyDelete
 28. നെഞ്ചത്ത് കുത്തിയിറങ്ങുന്ന വാക്കുകള്‍ കൊണ്ടാണല്ലോ എഴുതിയത്. അവസാനം ഒരു വലിയ ഭാവന കൂടി പറഞ്ഞപ്പോള്‍ ... നന്നായി!

  :-(

  ReplyDelete
 29. ::::::::::::::::::
  എന്റെ വാക്കുകളുടെ ചെപ്പ് ശൂന്യമായിരിക്കുന്നു ! :(

  അസ്രൂസാശംസകള്‍

  ReplyDelete
 30. വായനയ്ക്കും അഭിപ്രായത്തിനും ഓരോരുത്തര്‍ക്കും എന്റെ സ്നേഹം.. ഇനിയും വരിക..
  നന്ദിപൂര്‍വ്വം- മനോജ്‌

  ReplyDelete
 31. marakkan aagrahikkunnathu palathum ormayil varunnu... still good one da..

  ReplyDelete
 32. ഈ എഴുത്തിലെ മഷി ഓർമ്മകളെ നനയിച്ചു.അമ്ലലായനി കൊണ്ട് കരൾ നിറച്ചു. മരണമെന്നത് ദയാരഹിതമായ സത്യം തന്നെ. ഒരു കാരണവും ബോധിപ്പിക്കാതെ ആ കൊലയാളി ഒരാളെ കഴുത്തുഞെരിച്ചുകൊല്ലുന്നത് നിസ്സഹായതയോടെ കണ്ടുനില്ക്കേണ്ടി വരുന്നതുപോലെ അസഹനീയമായ വേദന വേറെയില്ല. ആ ഒരാൾ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടയാൾ കൂടിയാണെങ്കിൽ? ഒരു തത്ത്വചിന്തയ്ക്കും കൈടിച്ചുകയറ്റാനാവാത്ത ആ ആഘാതത്തിന്റെ കരയിലാണ് മരണം അറിയിക്കുന്നയാളുടെ നില. ഡോ.മനോജിനപ്പോലുള്ള മനുഷ്യജാതിയിലെ ഡോക്ടർമാർ ഓരോ ആശുപത്രിയിലും ഉണ്ടായിരുന്നെങ്കിൽ എന്നു കൊതിച്ചുപോകുന്നു.നന്ദി.

  ReplyDelete
 33. സുഹൃത്തേ ....

  ഹൃദയം കൊണ്ട് വായിച്ചു ....

  വേദനയോടെ അവസാനിപ്പിച്ചു .....

  ഇപ്പൊ എന്റെ മിഴികൾ പറയുന്നു അഭിപ്രായം ..........

  ReplyDelete
 34. നന്നായിരിക്കുന്നു മനോജ്‌.........

  ReplyDelete
 35. ഓപ്പറേഷന്‍ തീയറ്ററില്‍ ഡോക്ടര്‍ക്കൊപ്പം കയറുന്ന മരണത്തെപ്പറ്റി, വാര്‍ഡിനു വെളിയില്‍ കാത്തിരിക്കുന്ന മരണത്തെപ്പറ്റി, കട്ടിലിനു ചുറ്റും സ്ക്രീന്‍ വെയ്ക്കാന്‍ കാത്തു നിന്ന മരണത്തെപ്പറ്റി... ഡെത്ത് ഡിക്ലറേഷന്‍ കൊടുക്കേണ്ടി വരുന്ന ഡോക്ടറുടെ മനസ്സിനെപ്പറ്റി ... ഡോക്ടറായിരുന്ന അച്ഛന്‍ പറഞ്ഞു തന്നിട്ടുണ്ട്...
  മനോജ് എല്ലാം ഓര്‍മ്മിപ്പിച്ചു.

  ReplyDelete
 36. " ഒരു മരണവും ഒരാളുടേത് മാത്രം അല്ലല്ലോ. "

  ReplyDelete
 37. നെഞ്ചിടിപ്പോടെയാണ് വായിച്ചു തീര്‍ത്തത് .

  ReplyDelete
 38. ഇത് പഴയ പോസ്റ്റാണല്ല. ഞാനിത് ഇപ്പോഴാണ് കാണുന്നത്. ചില സത്യങ്ങൾ വായിച്ചപ്പോൾ എന്തോ വല്ലാതെ സങ്കടം വരുന്നു.ഒരു മരണവും ഒരാളുടേത് മാത്രം അല്ലല്ലോ.

  ReplyDelete