Thursday, 15 August 2013

ഡെത്ത് ഡിക്ലറേഷന്‍


         ഐ.സി.യു. മുറിയിലെ ആദ്യബെഡിൽ വെന്റിലേറ്റർ സഹായത്തോടെ ശ്വസിച്ചുകൊണ്ട് കിടക്കുന്ന ആ പയ്യനെ ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് നല്ല മുഖപരിചയം തോന്നി. പക്ഷെ എവിടെയാണ് കണ്ടിട്ടുള്ളതെന്നോ ആരാണെന്നോ ഒരു ഊഹവും കിട്ടുന്നില്ല. കേസ് ഷീറ്റ് എടുത്തു പേരും അഡ്രസ്സും നോക്കി. 18 വയസ്സ് മാത്രം പ്രായമുള്ള അവനെ ഇലക്ട്രിക്‌ ഷോക്കേറ്റാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞാന്‍ കഴിഞ്ഞ രണ്ടു ദിവസം ലീവ് ആയിരുന്നതിനാല്‍ ഇന്നാണ് കാണുന്നത്. രണ്ടുവട്ടം ഹൃദയസ്തംഭനം വന്നതിനാല്‍ മരുന്നിന്‍റെ സഹായത്തിലാണ് ഹൃദയം പ്രവര്‍ത്തിക്കുന്നത്. അവന്‍റെ തലച്ചോറിന്‍റെ പ്രവര്‍ത്തനം എത്രത്തോളമുണ്ടെന്ന് പരിശോധിക്കുന്ന EEG ടെസ്റ്റ്‌ നടക്കുകയായിരുന്നു അപ്പോഴവിടെ. ഞാനാ ലാപ്‌ടോപ്പിന്‍റെ മോണിട്ടറില്‍ മിഴിനട്ടു നിന്നൂ. ഇല്ലാ, അവന്‍റെ തലച്ചോറില്‍ നിന്നും ജീവന്‍റെ തരംഗങ്ങള്‍ ഒന്നുംതന്നെ ആ ജീവമാപിനിയില്‍ തെളിയുന്നില്ല. അവന്‍റെ തലച്ചോര്‍ മരിച്ചിരിക്കുന്നു. ബ്രയിൻ ഡഡ്. ഇനി  എപ്പോള്‍ വേണമെങ്കിലും ഹൃദയവും നില്‍ക്കാം. പക്ഷെ മരണത്തിന്‍റെ വാതില്‍പ്പടിയില്‍ ഒരുകാല്‍ അപ്പുറത്തും മറ്റൊന്ന് ഇപ്പുറത്തുമായി അബോധനായി കിടക്കുന്ന ഈ പരിചിതമുഖം ആരുടേതാണെന്നു മാത്രം എനിക്ക് ഓര്‍മ്മ വരുന്നില്ലാ. ഞാനങ്ങനെ ഓര്‍ത്ത് മറ്റ് രോഗികളുടെ അടുത്തേക്ക് പോകുമ്പോള്‍ വാതില്‍ക്കല്‍ കരഞ്ഞു വീര്‍ത്ത കണ്ണുകളോടെ ഒരു സ്ത്രീ നിൽക്കുന്നത് കണ്ടു. ഒരു ഞെട്ടലോടെ ഞാനവരെ തിരിച്ചറിഞ്ഞു. ഒരു മാസം മുമ്പ് റോഡപകടത്തില്‍ തലയ്ക്കുപരിക്കേറ്റ് ഈ ആശുപത്രിയില്‍ കിടന്നു മരിച്ച ഒരാളുടെ ഭാര്യ. അന്നും ഞാന്‍ തന്നെയാണ് ആ മരണവും അവരോടു വെളിപ്പെടുത്തിയത്. അന്ന് ഞാനത് പറയുമ്പോള്‍ കൂടെ അവരുടെ മകനും ഉണ്ടായിരുന്നു. എന്‍റെ മനസ്സിനുള്ളില്‍ ആരോ ഒരുപിടി തീക്കനല്‍ വാരി വിതറിയത് പെട്ടന്നായിരുന്നു. ഞാനാ പയ്യന്‍ കിടക്കുന്ന കട്ടിലിലേക്ക് വീണ്ടും നോക്കി. ആ മകനാണ് മരിച്ചിട്ടും മരിക്കാതെ എന്‍റെ മരണപ്രഖ്യാപനവും കാത്ത് ഈ കിടക്കുന്നത്.


        ഒരുപറ്റം ബലിക്കാക്കകള്‍ അന്നം തേടി അലയുന്ന ഒരു ബലിപറമ്പ് ആണ്  ന്യൂറോ സര്‍ജറി ഐ.സി.യു.കള്‍ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പലരും മരണത്തെ തൊട്ടു തൊട്ടില്ലാ എന്ന മട്ടില്‍ കിടക്കുന്നവര്‍. ജീവനുള്ള കുറെ യന്ത്രങ്ങള്‍ മാത്രമാണ് പലരും. ഐ.സി.യു.വിനുള്ളിലെ ഓരോ സ്പന്ദനത്തിലും മരണം ഒളിച്ചിരിക്കുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ പ്രാണന്‍ ഡോക്ടറെ ഏല്‍പ്പിച്ചു പ്രതീക്ഷയും നിരാശയും സമംചേര്‍ത്ത മുഖഭാവത്തോടെ ഒരുകൂട്ടം ബന്ധുക്കള്‍ ഐ.സി.യു.വിനു പുറത്തും ചുറ്റിലുമായി എപ്പോഴും ഉണ്ടാകും. പലപ്പോഴും അവരോടാണ് നമുക്ക് വിളിച്ചു പറയേണ്ടത്,"നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ഇനി തിരികെ വരില്ലാ" എന്ന്. ജോലിയുടെ ഭാഗമായി എന്നെ ഏറ്റവും ധര്‍മ്മസങ്കടത്തിലാക്കുന്ന സാഹചര്യവും ഇത് തന്നെ. മരണം പ്രഖ്യാപിക്കുക. ഡെത്ത് ഡിക്ലറേഷന്‍.. ഓരോ മരണത്തിലും ഈ ബലിക്കാക്കകള്‍ എന്‍റെ തലച്ചോറിന്‍റെ ഒരംശവും കൂടി ആര്‍ത്തിയോടെ കൊത്തിവലിയ്ക്കാറുണ്ട്.

  മരിച്ചുകിടക്കുന്ന മകന് വേണ്ടി ഒരു തൂക്കുപാത്രത്തില്‍ കരിക്കിന്‍വെള്ളവുമായി വന്ന എഴുപതുവയസുള്ള അമ്മ എന്നോട് പറഞ്ഞു, "അവനു ബോധം വരുമ്പോ കൊടുക്കണേ മക്കളെ..." എന്ന്. ഞാന്‍ സ്തബ്ധനായി, നിസ്സഹായനായി  നിന്നൂ. മരണത്തെക്കാള്‍  വലിയൊരു സത്യമില്ലെങ്കിലും, പലപ്പോഴും അതിനു നമ്മുടെ അംഗീകാരത്തിനായി ക്ഷമയോടെ കാത്തിരിക്കേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പതറരുതെന്നു  പലവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും  ചിലപ്പോഴെങ്കിലും പതറിപ്പോകാറുണ്ട്. ഞാന്‍ ആ പാത്രം വാങ്ങി നേഴ്സിനെ ഏല്‍പ്പിച്ചിട്ട്, ആ മകന്‍റെ അടുത്തേക്ക് വച്ചേക്കാന്‍ പറഞ്ഞു. അവിവാഹിതനായ ആ മകന് അമ്മയും , അമ്മയ്ക്ക് മകനും മാത്രമേ ഉള്ളു. അയാള്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലായെന്നും, ഏതുനിമിഷവും മരണം സംഭവിക്കാമെന്നും പലവട്ടം പറഞ്ഞു മനസ്സിലാക്കിയതാണെങ്കിലും ഒരമ്മ മനസ്സിന് അത് അംഗീകരിക്കാന്‍ കഴിയാത്തതില്‍ എനിക്ക് അത്ഭുതമില്ലാ. പക്ഷെ ഒരമ്മയുടെ പ്രാര്‍ത്ഥനക്കും വിശ്വാസ്സത്തിനും അപ്പുറം, പരമമായ സത്യം മരണമാണെന്ന് ഞാനെന്നേ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട് എനിക്കത് അവരോട് പറഞ്ഞേ പറ്റൂ. പിന്നെയും രണ്ടുമണിക്കൂറിലധികം സമയമെടുത്ത്‌, പല പ്രാവശ്യമായി, മകന്‍റെ അവസ്ഥ പറഞ്ഞു മനസ്സിലാക്കി, ഇനി അയാള്‍ തിരിച്ചുവരില്ലാ എന്ന് പറയാതെ പറഞ്ഞു ഞാന്‍.

 ജനനവും മരണവും ജീവിതവും-മൂന്നും മൂന്നു അത്ഭുതങ്ങളായി തന്നെ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ഓരോന്നിനെ പറ്റിയും കൂടുതല്‍ അറിയുന്തോറും അത്ഭുതവും ഏറി വന്നു. എത്രയെത്ര ജനനങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. അതിലും എത്രയോ അധികം മരണങ്ങള്‍ക്ക് കഴിഞ്ഞ രണ്ടുകൊല്ലത്തെ ന്യൂറോ സര്‍ജറിയിലെ അനുഭവം എന്നെ സാക്ഷിയാക്കിയിട്ടുണ്ട്. പക്ഷെ ഇപ്പോഴും ഓരോ മരണത്തിനും മുന്നിലും പിന്നിലും ജീവിതമെന്ന അത്ഭുതം അതിന്‍റെ എരിയുന്ന കണ്ണുകളുമായി എന്നെ തുറിച്ചുനോക്കി നില്‍ക്കാറുണ്ട്. കാരണം, ഒരു മരണവും ഒരാളുടേത് മാത്രം അല്ലല്ലോ.

 ഇരുപതുവയസ്സുള്ള മകനെ ബൈക്കപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ്, വെന്‍റിലേറ്ററില്‍ ഐ.സി.യു.വിലേക്ക് മാറ്റുന്നതിനിടയില്‍  അവന്‍റെ അച്ഛന്‍ കണ്ണീരോടെ വന്നു പറഞ്ഞു,

      

           "ഡോക്ടര്‍,അവനെ രക്ഷപ്പെടുത്താന്‍ സാധിക്കില്ലെങ്കില്‍ അവന്‍റെ അയവങ്ങള്‍ ആര്‍ക്കെങ്കിലും  ദാനം ചെയ്യണം.. അവന്‍റെ ആഗ്രഹമായിരുന്നു അത്. അതെങ്കിലും ഡോക്ടര്‍ ചെയ്ത് തരണം.."

        അയാള്‍ക്ക് സാരമായ പരിക്കുണ്ട്. എന്നാലും മരിച്ചുപോകും എന്ന് ഉറപ്പും പറയാന്‍ പറ്റില്ല. ഞാന്‍ പറഞ്ഞു,
          
"ജീവന്‍ രക്ഷിക്കാന്‍ പറ്റുമോന്നു പരമാവധി ശ്രമിക്കാം. മാത്രമല്ല ഇന്‍റേണല്‍ ഓര്‍ഗന്‍സിനും കാര്യമായ ക്ഷതമുണ്ട്. ദാനം ചെയ്യുന്നതിനെ പറ്റി ഇപ്പോഴേ ചിന്തിക്കണ്ടാ. മാക്സിമം നോക്കാം."

            മികച്ച ചികിത്സയില്‍  ആ പയ്യനെ രക്ഷിക്കാന്‍ നമുക്ക് സാധിച്ചു. അപ്രതീക്ഷിതമായി പലരെയും സ്വീകരിക്കുമ്പോഴും, പ്രതീക്ഷിച്ചിരുന്ന ചിലരെ തന്‍റെ കോമാളിച്ചിരിയോടെ ഉപേക്ഷിച്ചു പോകുന്ന മരണമെന്ന പാറാവുകാരനെയും ഐ.സി.യു.വിന്‍റെ വാതിലില്‍ ഞാന്‍ കണ്ടിട്ടുണ്ട്. മരുന്നിനുള്ളിലെ രസതന്ത്രത്തോട് നിര്‍ദ്ദയം തോറ്റു പിന്മാറുന്ന മരണത്തെ എത്രയോ വട്ടം അതിശയത്തോടെ ഞാന്‍ നോക്കി നിന്നിട്ടുമുണ്ട്. അപ്പോഴൊക്കെയും ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു. മരണത്തില്‍ നിന്നും ഒരുവനെ രക്ഷിക്കുന്നതിലും എത്രയോ വലിയ പരീക്ഷണമാണ് ഈ "ഡെത്ത് ഡിക്ലറേഷന്‍ "

       നാലിന്‍റെ ബാല്യവും ഇരുപത്താറിന്‍റെ യൌവനവും ഒരേ ആര്‍ത്തിയോടെ കൊത്തിപ്പറക്കുന്ന മരണത്തിനു മുന്നില്‍ നിസ്സഹായനായി നില്‍കേണ്ടി വന്ന ഒരു വൈകുന്നേരം, ഞാന്‍  ആശുപത്രിയില്‍ നിന്നിറങ്ങി അടുത്തുള്ള വിമാനത്താവളത്തിന്‍റെ കവാടം നോക്കി നടന്നു. ഇതുപോലെ അസ്വസ്ഥനാകുന്ന ചില ദിവസങ്ങളില്‍ അവിടെ പോയിരിക്കുക പതിവാണ്. അഴുക്കുവെള്ളത്തിനു മുകളില്‍ ഓര് പടര്‍ന്നു തിളങ്ങുന്നത് പോലെ , ഒഴുക്ക് നിലച്ച മനസ്സിനു മുകളില്‍ ദുര്‍ബലമായ ചിരിയുടെ മുഖംമൂടിയും അണിഞ്ഞു ഞാന്‍ നടന്നു.

   അപ്പോള്‍ ആകാശത്തിന്‍റെ അരുകിലൊരു ചെരുവില്‍  അര്‍ക്കന്‍ അന്ത്യശ്വാസം വലിച്ചു തുടങ്ങിയിരുന്നു. മുഖത്തേക്ക് രക്തം ഇരമ്പി ചുവന്നു തുടുത്തിരിക്കുന്നു. വൈകാതെ കടലിനുള്ളിലേതോ പട്ടടയില്‍ ദഹിച്ചസ്തമിച്ചു. ആകാശം അരയില്‍ ചെമ്പട്ട് ചുറ്റി കര്‍മ്മങ്ങള്‍ ചെയ്തു. ആ ചുമപ്പിനെ നെടുകെ ഭേദിച്ചുകൊണ്ട് ഒരുകൂട്ടം ബലിക്കാക്കകള്‍ അടുത്ത ഇരയെയും തേടി പറന്നു. ഒരു മരണവും ഒന്നിന്‍റെയും അവസാനം അല്ലെന്നു ഓര്‍മ്മിപ്പിച്ചു പ്രപഞ്ചം പതിയെ കണ്ണടച്ചു, പുതിയൊരു നാളെ ഉണരാനായി. ഈ  മങ്ങിയ ഇരുട്ടിലും, ബാക്കിയായ ബലിച്ചോറുകള്‍ ആകാശപ്പറമ്പില്‍ ചിതറിക്കിടക്കുന്നതും നോക്കി ഞാന്‍ നിന്നു. അപ്പോഴും കൂടണയാന്‍ മടിക്കുന്ന ഒരുപറ്റം ബലിക്കാക്കകള്‍  എന്‍റെ നെഞ്ചിനുള്ളില്‍ ചിറകിട്ടടിച്ചു കൊണ്ടേയിരുന്നു.


 
(ആരോഗ്യപത്മം മാഗസിന്‍, ഏപ്രില്‍ 2014)

തുടർന്ന് വായിക്കുക...