Friday, 1 March 2013

പുരുഷന്‍ കണ്ട കാണാക്കാഴ്ചകള്‍ (കഥ)

നിങ്ങളെങ്കിലും ഇത് വിശ്വസിക്കണം. ഞാന്‍ കള്ളം പറയാറില്ല. സത്യം.. അതിന്‍റെ ആവശ്യം എനിക്കില്ലാ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരും കാണാത്തതും കേള്‍ക്കാത്തതുമായ പലതും ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഞാന്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. കാരണം എന്‍റെ കയ്യില്‍ തെളിവില്ല എന്നത് തന്നെ.


         രണ്ടു ദിവസം മുമ്പ് ഞാനൊരു മധ്യവയസ്കയായ സ്ത്രീയെ കണ്ടകാര്യം എന്‍റെ  ആത്മാര്‍ത്ഥ സുഹൃത്തെന്നും മനസാക്ഷി സൂക്ഷിപ്പുകാരനെന്നും ഞാന്‍ കരുതിയവനോട് പറഞ്ഞൂ. സംഭവം ഇതായിരുന്നു.

          അവരൊരു കാന്‍സര്‍ രോഗിയാണ്‌. അവരുടെ ഇടത് സ്തനത്തില്‍ കാന്‍സര്‍ ബാധിച്ചു. പക്ഷെ അവര്‍ ചികിത്സിക്കാന്‍ തയ്യാറല്ല. അവര്‍ പറയുന്നു അവര്‍ കണ്ട കാന്‍സര്‍ ചികിത്സകരെല്ലാം പുരുഷന്മാരാണ്. തന്‍റെ  ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനും തന്‍റെ  മുലകളില്‍ സ്പര്‍ശിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല. എന്തായാലും മരിക്കും. അപ്പോള്‍ ഒരു പതിവ്രതയായി തന്നെ മരിക്കണമെന്ന്.

          ഇത് കേട്ടുകഴിഞ്ഞപ്പോള്‍ എന്‍റെ  മനസാക്ഷി സൂക്ഷിപ്പുകാരനായ സുഹൃത്ത്, ഒരു മനസാക്ഷിയുമില്ലാതെ എന്നെക്കളിയാക്കി. പൊട്ടിച്ചിരിച്ചു. എന്നിട്ട് തീര്‍ത്തും പുച്ഛത്തോടെ എന്നോട് പറഞ്ഞൂ,

      "പോടാപ്പാ.. ഇക്കാലത്തും ഇങ്ങനെ ചിന്തിക്കണ പെണ്ണുങ്ങളാ ?! ഇതെന്താ മഹാഭാരതം സീരിയലാ"

         ഞാന്‍ ഉറപ്പിച്ചു തന്നെ പറഞ്ഞു. അല്ലാ. അങ്ങനൊരാളെ ഞാന്‍ കണ്ടു. എന്നോട് സംസാരിച്ച കാര്യങ്ങളാണിതെല്ലാം. പക്ഷെ , അവരാരാണ്..? എവിടെ വച്ചുകണ്ടു..? എങ്ങനെ കണ്ടു മുട്ടി..? എന്തുകൊണ്ടാണ് അവരെന്നോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.? സത്യത്തില്‍ സ്തനാര്‍ബുദ ചികിത്സകരെല്ലാം ആണുങ്ങളാണോ..? തുടങ്ങിയ അവന്‍റെ  ചോദ്യങ്ങള്‍ക്കൊന്നും എനിക്ക് മറുപടിയില്ലായിരുന്നു.. സത്യം.. എനിക്കൊന്നും ഓര്‍മ്മയില്ലാ. അങ്ങനോരാളെ കണ്ടു. അവരെന്നോട് സംസാരിച്ചു. എവിടെ വച്ച്? എങ്ങനെ? ആര്? എന്നൊന്നും എനിക്ക് ഓര്‍മ്മയില്ല.

         അവനെന്നെ ഒരു മനസക്ഷിയുമില്ലാതെ അവിശ്വസ്സിച്ചു. കളിയാക്കി. പക്ഷെ ഞാന്‍ പറഞ്ഞത് പരമസത്യമാണ്. ഞാന്‍ അങ്ങനൊരു പതിവ്രതയായ സ്ത്രീയെ കണ്ടു. അവരുടെ കാന്‍സര്‍ ബാധിച്ച സ്തനങ്ങള്‍ എന്‍റെ  കണ്ണുകളില്‍ നിന്നുപോലും അവര്‍ മറച്ചുവയ്ക്കുന്നുണ്ടായിരുന്നു. 

         പിന്നീടും ഞാനെത്ര വിചിത്രമായ കാഴ്ചകള്‍ കണ്ടു. തീവ്രവാദിയായ അച്ഛനുപിറന്ന മകനെ അമ്മ വിഷം നല്‍കി കൊന്നതും എന്‍റെ  മുന്നില്‍ വച്ചല്ലേ. അല്ലെങ്കില്‍ അവനും ഒരു തീവ്രവാദിയാകുമെന്നോ , പൊതുജനം അവനെ തീവ്രവാദിയുടെ മകനെന്നു പറഞ്ഞു തല്ലിക്കൊല്ലുമെന്നൊക്കെ അവര്‍ ആ സമയത്ത് പുലമ്പുന്നുണ്ടായിരുന്നു.

        തനിക്ക് കിട്ടിയ എയിഡ്സ് രോഗം , തന്നെ വേശ്യാവൃത്തിയിലെക്ക് വലിച്ചിഴച്ച എല്ലാ കാപാലികന്മാരെയും തേടിപ്പിടിച്ചു അവരോടൊപ്പം അഭിരമിച്ചു അവര്‍ക്കും നല്‍കി പ്രതികാരം ചെയ്ത കഥ, ആ പെണ്‍കുട്ടി എന്നോട് മാത്രമല്ലെ പറഞ്ഞുള്ളൂ.  പക്ഷെ ഇതൊന്നും തെളിവിന്‍റെ  അഭാവം കൊണ്ടും , ഒരിക്കല്‍ എന്നെ അവിശ്വസ്സിച്ചു കളിയാക്കിയ സങ്കടം കൊണ്ടും ഞാന്‍ എന്‍റെ  മനസ്സാക്ഷി സൂക്ഷിപ്പുകാരനോട് പോലും പറഞ്ഞില്ല. 

           പക്ഷെ ഇന്നത്തെ ഈ സംഭവം നിങ്ങള്‍ വിശ്വസിക്കും. കാരണം അതിനുള്ള തെളിവ് ദാ.. എന്‍റെ  അടുത്ത് നില്‍ക്കുന്നു..

           ഇന്ന് കാലത്ത് നടക്കാനിറങ്ങിയ ഞാന്‍ കവലയില്‍ ശങ്കരേട്ടന്‍റെ  മുറുക്കാന്‍ കടയുടെ അടുത്ത് എത്തിയപ്പോള്‍ അതാ.. സുന്ദരിയായ ഒരു പെണ്‍കുട്ടി ആ കടയില്‍ നിന്നും ഇറങ്ങി നടന്നു പോകുന്നു. ഹോ! എന്തൊരു സൌന്ദര്യം! ഞാന്‍ അന്തംവിട്ടു നിന്നു. 

           ശങ്കരേട്ടന്‍. ശങ്കരേട്ടനെ അറിയില്ലേ. E.M.ശങ്കരേട്ടന്‍. പഴയ കമ്മ്യുണിസ്റ്റ്. ഇപ്പോള്‍ മുറുക്കാന്‍ കട നടത്തുന്നാ. ആ ശങ്കരേട്ടന്‍ തന്നെ. ശങ്കരേട്ടന്‍ വെറ്റിലയും അടക്കയും ചുണ്ണാമ്പും പൊകയിലയും ഒക്കെ ചേര്‍ത്ത്, നല്ലവണ്ണം ചവച്ചരച്ച് പതപ്പിച്ചു, നല്ല കടുംചുമപ്പു നിറത്തില്‍ ഒറ്റ തുപ്പല്‍. ബേ.. എനിക്ക് ശര്‍ദ്ദിക്കാന്‍ വന്നൂ. പഴയ വിപ്ലവവീര്യം കറുത്തു കറപിടിച്ച് മോണയിലും പല്ലിലും നാവിലും ഇപ്പോഴും കാണാം.

           ഞാനാ പെണ്‍കുട്ടിയുടെ പിറകേപോയി. എന്‍റെ  കണ്ണുകളെ അവളുടെ സൌന്ദര്യം അടിമയാക്കി കഴിഞ്ഞിരുന്നു. അവള്‍ പോയ വഴിയെ ഞാനും നടന്നൂ.

         തൊട്ടടുത്ത കവലയിലെത്തിയതും ഒരുകൂട്ടം ചെറുപ്പക്കാര്‍ അവള്‍ക്ക് ചുറ്റും കൂടി. എന്‍റെ  കാലുകള്‍ക്ക് ഞാനറിയാതെ വേഗത കൂടി. ഞാന്‍ അവളുടെ അടുത്ത് എത്താറായതും എന്‍റെ  കാതുകളെ എനിക്ക് വിശ്വസിക്കാന്‍ ആയില്ലാ!

          ആ ചെറുപ്പക്കാര്‍ , എന്‍റെ  പ്രായമുള്ളവരോ ഇളയവരോ ഒക്കെയാണ്. അവള്‍ക്ക് ചുറ്റും കൂടി നിന്ന് ഉച്ചത്തില്‍ കുരക്കുന്നു! ബൌ... ബൌ ബൌ... ബൌ...  പലരും പല ഭാഷയില്‍, പല പല ശബ്ദ വ്യതിയാനങ്ങളോടെ കുരച്ചു! അവളുടെ പാദങ്ങള്‍ വളരെ വേഗത്തില്‍ ചലിച്ചു കൊണ്ടിരുന്നു. കണ്‍പീലികള്‍ക്കിടയിലെ സുന്ദര ഗോളങ്ങള്‍ അതിലും വേഗതയില്‍ പല വശങ്ങളിലേക്കും ഓടിക്കൊണ്ടിരുന്നു.

           "നിര്‍ത്തിനെടാ നായിന്‍റെ  മക്കളെ.." എന്ന് ഞാന്‍ ഉച്ചത്തില്‍ ആക്രോശിച്ചു. പക്ഷെ എന്‍റെ  വായില്‍ നിന്നും ഒരു ശീല്കാരം പോലും പുറത്തു വന്നില്ല! ഞാന്‍ അതിശയിച്ചു പോയി. ഞാന്‍ കൈ കൊണ്ട് എന്‍റെ  നാവ് തൊട്ടുനോക്കി. എന്‍റെ  വായില്‍ നാക്ക് ഉണ്ടായിരുന്നില്ലാ! ഞാന്‍ അണ്ണാക്കില്‍ വരെ വിരലുകൊണ്ട് തൊട്ടു. ഇടക്കെങ്ങും എന്‍റെ  നാക്ക് ഉണ്ടായിരുന്നില്ല. എന്‍റെ  തല പെരുത്തു. എന്‍റെ  നാക്ക്. അയ്യോ! കരയാന്‍ എനിക്ക് നാക്കില്ല..

            ആ പെണ്‍കുട്ടി അവരില്‍ നിന്നെങ്ങനെയോ രക്ഷപ്പെട്ട് കുറച്ചകലെ എത്തിയിരുന്നു. യുവാക്കള്‍ കുര നിര്‍ത്തി. ചിലര്‍ മാത്രം ഇടയ്ക്കിടെ മുരളുന്നുണ്ടായിരുന്നു. ചിലര്‍ ഇടം കാലുകൊണ്ട് തറയിലെ മണ്ണ് ചവിട്ടി പിന്നിലേക്ക് തെറിപ്പിച്ചു. ചിലര്‍ വലം കൈകൊണ്ട് തല ചൊറിഞ്ഞു.
എന്നിട്ടവര്‍ ഇലക്ട്രിക്‌ പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് ചത്ത ഒരു കാക്കയുടെ ശവശരീരം എടുത്തുകൊണ്ടുപോയി മാറിയിരുന്നു തീകൂട്ടി ചുടാന്‍ തുടങ്ങി. ഞാന്‍ അതിശയിച്ചു പോയി. ഇപ്പോഴവര്‍ മനുഷ്യരെ പോലെ പാട്ടുപാടുന്നു!

            എന്‍റെ  മനസ്സ് പെട്ടന്ന് ആ പെണ്‍കുട്ടിയെ പിന്തുടര്‍ന്നു. തുടര്‍ന്ന് എന്‍റെ  കാലുകളും. വേഗത്തില്‍ ഓടുന്ന വഴിക്ക് ഞാന്‍ പിന്നെയും വായില്‍ വിരലിട്ടു. അതിശയം, എനിക്ക് പിന്നെയും നാവ് മുളച്ചിരിക്കുന്നു!

            ഞാനോടി , അവളുടെ മുന്നിലെത്തി തടഞ്ഞു നിര്‍ത്തി. അവളൊന്നു ഞെട്ടി. ഞെട്ടലോടെ തന്നെ ചോദിച്ചു,

           "എന്താ!?"

           അവളുടെ മുഖത്തേക്ക് നോക്കിയതും ഞാന്‍ പിന്നെയും അന്തം വിട്ടു പോയി. ഒട്ടും സുന്ദരിയല്ലാത്ത ഒരു പെണ്‍കുട്ടി. ശവത്തിന്‍റെത് പോലെ ഉണങ്ങിയ കണ്ണുകള്‍. കരിവാളിച്ച മുഖം. പൊരിവെയിലത്ത് റോഡ്‌ പണി കഴിഞ്ഞു ക്ഷീണിച്ചു കിതപ്പോടെ വിശ്രമിച്ചിരുന്ന, അന്ന് കണ്ട ആ പൂര്‍ണഗര്‍ഭിണിയെ പോലെ തോന്നിച്ചു അവളുടെ മുഖം. ഞാന്‍ വസ്ത്രങ്ങളിലേക്ക് നോക്കി. അതെ വസ്ത്രം. മുമ്പ് കണ്ട സുന്ദരിക്കുട്ടിയുടെ അതെ വസ്ത്രം. എന്‍റെ  ആശ്ചര്യവും ആപാദചൂഢമുള്ള നോട്ടവും കണ്ടപ്പോള്‍ തന്നെ അവള്‍ പറഞ്ഞു,

           "നിങ്ങള്‍ തേടി വന്നത് എന്നെ തന്നെ.."

      ഞാന്‍ വീണ്ടും അന്തം വിട്ടു ചോദിച്ചു,
           "ഞാന്‍ തേടി വന്നെന്നോ?!"

      അവള്‍ കിതപ്പോടെ വികൃതമായ മോണകള്‍ കാട്ടി പറഞ്ഞു,

          "അതേ.. ശങ്കരേട്ടന്‍റെ  പീടിക മുതല്‍ നിങ്ങളെന്നെ പിന്തുടരുകയല്ലേ..? കവലയിലെ കുരക്കുന്ന യുവാക്കള്‍ക്കിടയിലും ചത്തുമലച്ച കാക്കച്ചിറകിലും നിങ്ങള്‍ കണ്ടത് എന്നെ തന്നെ."

       എന്‍റെ  മനസ്സിനുള്ളില്‍ അപ്പോഴേക്കും ഒരു കാക്ക ഷോക്കേറ്റ് ചത്ത്‌ നിശ്ചലമായി കഴിഞ്ഞിരുന്നു. എന്‍റെ  ശ്വാസം വീണ്ടെടുത്ത് ഞാന്‍ പെട്ടന്ന്‍ ചോദിച്ചു,

          "നിന്‍റെ  പേര്.?"

    അവള്‍ വളരെ ശാന്തയായി പറഞ്ഞു,
         "പെണ്‍കുട്ടി.."

         "എഹ്.. പെണ്‍കുട്ടിയോ!? 

         "അതേ.." അവള്‍ അപ്പോഴും ശാന്തയായിരുന്നു. ഞാന്‍ അവളെ തന്നെ മിഴിച്ചു നോക്കി നിന്നു.

         "ഈ സ്ഥലത്തിന്‍റെ  പേരെന്താ?" അവള്‍ ചോദിച്ചു.

      സത്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല. പക്ഷെ ഞാനെത്ര ആലോചിച്ചിട്ടും ഈ സ്ഥലത്തിന്‍റെ  പേര് എനിക്ക് ഓര്‍മ്മ വന്നില്ല. ഈശ്വരാ! എന്താണിത്? കുറച്ചു മുമ്പ് എന്‍റെ  നാക്ക് കാണാതായി. ഇപ്പോഴെന്‍റെ  ഓര്‍മ്മയും!
ഞാനെന്‍റെ  പേര് ഓര്‍ക്കാന്‍ ശ്രമിച്ചു. പുരുഷന്‍. ശങ്കരേട്ടന്‍റെ  പേര് ഓര്‍ത്തു. പക്ഷെ സ്ഥലത്തിന്‍റെ  പേര് എത്ര ശ്രമിച്ചിട്ടും ഓര്‍മ്മ വന്നില്ല.

       പെണ്‍കുട്ടി തുടര്‍ന്ന് പറഞ്ഞു,

            "ആ പേരിന്‍റെ  കൂടെ പെണ്‍കുട്ടി എന്ന് കൂടി ചേര്‍ത്ത് വിളിച്ചാ മതി. എന്നെ എല്ലാവരും അങ്ങനെയാ വിളിക്കുന്നെ."

       എന്ന് പറഞ്ഞ് അവള്‍ പോകാനൊരുങ്ങി. ഞാനവളെ തടഞ്ഞു.

           "നില്‍ക്കൂ.. സ്ഥലത്തിന്‍റെ  പേര് എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല പെണ്‍കുട്ടീ.. അത് നമുക്ക് പൂര്‍ണബോധമുള്ളവരെ ഏല്‍പ്പിക്കാം. ഇപ്പോള്‍ എന്‍റെ  കൂടെ ഒരു സ്ഥലം വരെ ഒന്ന് വരണം. ഒരു തെളിവിനു വേ.."

         ഞാന്‍ പറഞ്ഞു തീരുന്നതിനു മുന്നേ അവള്‍ സമ്മതിച്ചു

       ഞാന്‍ ആദ്യമേ പറഞ്ഞില്ലേ. ഞാന്‍ കള്ളം പറയില്ലാ. എനിക്ക് അതിന്‍റെ  ആവശ്യം ഇല്ലെന്ന്. അതിനിപ്പോള്‍ എന്‍റെ  പക്കലുള്ള ഏക തെളിവ് ഇവളാണ്‌.. ഞാന്‍ പറഞ്ഞതൊക്കെ സത്യമാണ്. സംശയം ഉണ്ടെങ്കില്‍ ഇവളോട് ചോദിക്കൂ. പറ്റുമെങ്കില്‍ ഇവള്‍ക്കൊരു പേരും നല്‍കൂ..

തുടർന്ന് വായിക്കുക...