Wednesday, 13 February 2013

ഗുരുസ്മരണകള്‍ (ഓര്‍മ്മക്കുറിപ്പ്)

പ്രകൃതിയില്‍ നിശ്ചേഷ്ടമായി കിടക്കുന്ന ഒരു കരിങ്കല്ല്, ആരും ആരാധിക്കുന്ന ഒരു വിഗ്രഹമാക്കി മാറ്റാനും ആര്‍ക്കും ചവിട്ടിയരയ്ക്കാവുന്ന ചവിട്ടുപടി ആക്കാനും, രണ്ടിനുമിടയില്‍ മുള്ളുവേലിയിലെ തൂണോ അതിരുകാക്കുന്ന കുറ്റിയോ ഒക്കെ ആക്കി മാറ്റാനും  സാധിക്കും. ആ കല്ല്‌ ഏതു രൂപത്തില്‍ പ്രകൃതിയില്‍ നിലനില്‍ക്കണമെന്ന് തീരുമാനിക്കുന്നത് ആരാണ്?  ഉള്ളിലാരൂപങ്ങള്‍ പേറിയിരുന്ന കല്ലോ അതോ അതിനെ രൂപപ്പെടുത്തിയ ശില്പിയോ, ആരാണ് കേമന്‍? തീര്‍ച്ചയായും ശില്പി തന്നെ അല്ലെ. അതുപോലെ നമ്മെ ഇന്ന് കാണുന്ന നാമാക്കി മാറ്റുന്നതില്‍ ഏറ്റവുമധികം പങ്കുവഹിച്ചത് നമ്മുടെ മാതാപിതാക്കളോ ഗുരുക്കന്മാരോ സുഹൃത്തുക്കളോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ആയിരിക്കും. ഓരോ ശില്‍പ്പത്തിനും പുറകില്‍ ഒരു ശില്‍പ്പി ഒളിഞ്ഞിരിക്കുന്നതുപോലെ ഓരോ വ്യക്തിത്വത്തിനു പിന്നിലും ഉണ്ടാകും അതിനെ രൂപപ്പെടുത്തുന്ന ഒരു ശില്‍പ്പി. അതാരുമാകാം. എന്‍റെ കാര്യത്തില്‍ തികച്ചും അചഞ്ചലമായി തന്നെ ഞാന്‍ പറയും 'അത് വെള്ളനാട് സ്കൂളിലെ എന്‍റെ ഗുരുക്കന്മാരാണ്' എന്ന്.

വെള്ളനാട് സ്കൂള്‍


              നാലാം തരം വരെ വീടിനടുത്തുള്ള ചാങ്ങ എല്‍.പി.സ്കൂളിലും, ശേഷം പന്ത്രണ്ടാം തരം വരെ വെള്ളനാട് ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളിലും പഠിച്ച ഞാന്‍ പഠിത്തത്തിലോ പാഠ്യേതരവിഷയങ്ങളിലോ കേമനോ അധ്യാപകരുടെ കണ്ണിലുണ്ണിയോ ഒന്നും ആയിരുന്നില്ല. ശിഥിലവും ശുഷ്കവുമായ ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയെയും അല്ലറചില്ലറ കുസൃതിത്തരങ്ങളെയും മാത്രം കാര്യമാക്കിയിരുന്ന ഞാന്‍ , ആദ്യകാലങ്ങളില്‍ പഠനത്തെയോ , അതുകൊണ്ട് തന്നെ അധ്യാപകരെയോ കാര്യമായി ഗൌനിച്ചതുമില്ലാ.


             ജീവിതത്തിന്‍റെ കുറ്റിച്ചെടിയില്‍ അവിടവിടെ പൂക്കള്‍ വിടരുന്ന കൌമാരത്തില്‍, പത്തു വര്‍ഷത്തെ സ്കൂള്‍ ജീവിതത്തിന്‍റെ അവസാന പാദത്തിലാണ് യഥാര്‍ത്ഥ ഗുരുക്കന്മാരെ ഞാന്‍ കണ്ടെത്തുന്നത്. തിരിച്ചറിയുന്നത് എന്ന് പറയുന്നതാകും ശരി. ഞാന്‍ തിരിച്ചറിയാതെ പോയ എത്രയോ നല്ല ഗുരുക്കന്മാര്‍ ഉണ്ടായിരുന്നിരിക്കണം. എന്നെ തിരിച്ചറിഞ്ഞ, ഞാന്‍ തിരിച്ചറിഞ്ഞ ഗുരുക്കന്മാരുടെ ആ സ്നേഹവും അനുഗ്രഹവുമാണ് ഇന്നത്തെ ഞാന്‍.

           സ്നേഹം എത്രത്തോളം ശക്തിമത്തായ ഒന്നാണ്. അത് ആനയെ പോലെ സുദൃഢവും, കടല്‍ പോലെ ആഴമേറിയതും, വന്‍മലയിലെ ഉള്‍ക്കാട് പോലെ ഈ പ്രപഞ്ചം തന്നെ ഉള്‍ക്കൊള്ളുന്നതുമാണെന്ന് തിരിച്ചറിയുകയായിരുന്നു. സ്നേഹം കൊണ്ട് കീഴ്പെടാത്തത് എന്താണ് ഈ ഭൂമിയിലുള്ളത്. ഏതെങ്കിലും വിധത്തിലുള്ള സ്നേഹം ലഭിക്കാതെ ഏതു ജീവിക്കാണ് ഈ ഭൂമിയില്‍ നിലനില്‍ക്കാന്‍ സാധിക്കുക?

          എന്‍റെ കൌമാരത്തില്‍ എന്നെ ഏറ്റവുമധികം ത്രസ്സിച്ചതും, പവിത്രമായ ഏതോ നദീജലം പോലെ മനസ്സിന്‍റെ ആഴങ്ങളില്‍ ഇപ്പോഴും പതഞ്ഞു പൊന്തുന്നതും അധ്യാപകരുടെ സ്നേഹം തന്നെ ആണ്. ആ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഞാന്‍ ഇപ്പോഴും നമ്രശിരസ്കനാണ്. പ്രത്യേകിച്ചും പത്താംതരത്തില്‍ എന്‍റെ ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്ന ബേബി പ്രസന്ന ടീച്ചറുടെ നിസ്വാര്‍ത്ഥവും നിസീമവുമായ സ്നേഹത്തിനു മുന്നില്‍. ടീച്ചറുടേതുപോലെ ചുണ്ടുകളില്‍ പുഞ്ചിരി ഒളിപ്പിച്ച ശാന്തവും സൌമ്യവുമായ ഒരു മുഖം മറ്റൊരധ്യാപകനിലും ഞാന്‍ പിന്നീട് കണ്ടിട്ടില്ല. ഒരിക്കല്‍ ടീച്ചര്‍ ക്ലാസില്‍ എല്ലാപേരോടുമായി പറഞ്ഞു,

          "എപ്പോഴും എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രം ഇടപെടണം. നിങ്ങള്‍ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നവരോട് ചിരിച്ചുകൊണ്ട് മാത്രം പെരുമാറണം, അവര്‍ തിരിച്ചു അങ്ങനെ ചെയ്താലും ഇല്ലെങ്കിലും. രണ്ടാമതും അയാളെ കാണുമ്പോള്‍ പുഞ്ചിരിക്കുക. മൂന്നാമതും നിങ്ങള്‍ പുഞ്ചിരിച്ചിട്ടും അവര്‍ തിരിച്ചു പുഞ്ചിരിക്കുന്നില്ലെങ്കില്‍ , അവരോടു ദേഷ്യം തോന്നരുത്. അവര്‍ക്ക് നിങ്ങളുടെ സൌഹൃദത്തിനു അര്‍ഹതയില്ലാ എന്ന് മാത്രം കരുതുക." തികച്ചും അന്തര്‍മുഖനായിരുന്ന എന്നെ ഇന്നത്തെ ഈ  ബൃഹത് സൌഹൃദങ്ങളിലേക്ക് പിടിച്ചു നടത്തിയ വാക്കുകള്‍.

           ടീച്ചറിന് എന്നോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നത് SSLC പരീക്ഷക്ക് ഒരു മാസം മുമ്പാണ്. ടീച്ചര്‍ എന്‍റെ അമ്മയെ സ്കൂളില്‍ വിളിപ്പിച്ചിട്ടു പറഞ്ഞു, "പരീക്ഷ കഴിയുന്നത് വരെ ഇവനെ ഞാന്‍ എന്‍റെ വീട്ടില്‍ കൊണ്ട് പൊയ്ക്കോട്ടേ..? അതാകുമ്പോള്‍ അവന്‍റെ പഠിത്തത്തില്‍ എനിക്കും ശ്രദ്ധിക്കാം, അവനു സംശയങ്ങള്‍ തീര്‍ക്കാന്‍ അവിടെ രണ്ടു ചേച്ചിമാരുമുണ്ട്.."

          പക്ഷെ എന്തിന്‍റെ പേരിലായാലും ഒറ്റമകനെ, കുറച്ചു കാലത്തെക്കാണെങ്കിലും മറ്റൊരാളുടെ കയ്യിലേല്‍പ്പിക്കാന്‍ അമ്മക്ക് മനസ്സുണ്ടായില്ല . അല്ലെങ്കില്‍ മാതൃസ്നേഹത്തിനു മുന്നില്‍ ശിഷ്യവാത്സല്യം  തോറ്റതുമാകാം.

          അതുപോലെയാണ് ഗീതടീച്ചര്‍. പത്താം ക്ലാസ്സില്‍ എന്നെ പഠിപ്പിച്ചതാണ്. ഞാന്‍ പ്ലസ് 2-വില്‍ എത്തിയപ്പോള്‍ ടീച്ചറും പ്രമോഷനായി അവിടെയെത്തി, അതും ക്ലാസ് ടീച്ചറായിട്ട്. എന്‍റെ സമപ്രായക്കാരനായ ടീച്ചറിന്‍റെ മകനും അതെ സ്കൂളില്‍ പഠിച്ചിരുന്നു. +2 വില്‍ പഠിക്കുമ്പോള്‍ എന്‍ട്രന്‍സ്‌ പരീക്ഷയ്ക്കുള്ള അപേക്ഷ മകനുവേണ്ടി വാങ്ങിയപ്പോള്‍ ടീച്ചര്‍ എന്നെയും മറന്നില്ല. ടീച്ചറിനറിയാം എന്‍റെ കൈയ്യില്‍ കാശൊന്നും ഉണ്ടാകില്ലാന്ന്. അത് വാങ്ങി വന്നതിനു ശേഷമാണു ഞാന്‍ പോലും അറിയുന്നത്. ആ അപേക്ഷ പൂരിപ്പിക്കുന്നതിനായി ഞാന്‍ ടീച്ചറിന്‍റെ വീട്ടില്‍ ഒരു ദിവസം താമസ്സിച്ചിട്ടുമുണ്ട്.

          ഗുരുശിഷ്യബന്ധത്തിനപ്പുറം സൌഹൃദത്തിന്‍റെ ആത്മാംശമുള്ള ബന്ധമായിരുന്നു രാധികടീച്ചറും ഞാനും തമ്മില്‍. സ്വന്തം വീട്ടില്‍ ഒരംഗത്തെപോലെ സ്വാതന്ത്ര്യം തന്ന, ഏതുകാര്യവും എപ്പോ വേണമെങ്കിലും ഒരു സുഹൃത്തിനോടെന്നപോലെ സംസാരിക്കാവുന്ന, എന്‍റെ കെമിസ്ട്രി റെക്കോര്‍ഡ്‌ ബുക്കില്‍ പടങ്ങള്‍ വരച്ചു തന്നിരുന്ന, കണക്ക്  അദ്ധ്യാപിക. ഇടയ്ക്കെപ്പോഴോ അഹങ്കാരത്തിന്‍റെ  കടുകുമണികള്‍ എന്നില്‍ പൊട്ടിത്തുടങ്ങിയ ഒരു വേളയില്‍ ടീച്ചര്‍ എന്നോട് പറയുകയുണ്ടായി - "കൂടുതല്‍ കായ്ക്കുന്ന കൊമ്പ്, എപ്പോഴും ചാഞ്ഞേ നില്‍ക്കൂ." എന്ന്. എന്‍റെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞതും, കുറച്ചു നാള്‍ എന്നെ ഇരുത്തിചിന്തിപ്പിച്ചതുമായ വാക്കുകള്‍. ഇപ്പോഴും ആ വാക്കുകളുടെ ശക്തി എന്നില്‍ നിലനില്‍ക്കുന്നു എന്നത് ആ സ്നേഹം പോലെ സത്യം.


പഴയ +2 ബ്ലോക്ക്‌


           എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്ത മാലിനിടീച്ചറെയും ഞാനീ ഓര്‍മ്മക്കുറിപ്പില്‍ ചേര്‍ക്കട്ടെ. ടീച്ചറിന് എന്നോടുള്ള സ്നേഹം, ആത്മാര്‍ത്ഥത എല്ലാം ഞാന്‍ ഇപ്പോഴും എന്‍റെ ഒരു സ്വകാര്യ അഹങ്കാരമായി തന്നെ കരുതുന്നു.


          പഠിപ്പിച്ചിട്ടുള്ളവരില്‍ വളരെ കുറച്ചു മാത്രം 'അധ്യാപകന്‍'മാര്‍ ഉണ്ടായിരുന്നതിനാലാകാം , ഓര്‍മ്മയില്‍ നില്‍ക്കുന്നവരെല്ലാം 'അദ്ധ്യാപിക'മാരായത്. എന്‍റെ കൌമാരത്തില്‍ എന്നെ സ്വാധീനിച്ച ഒരുപാട് അധ്യാപകര്‍ ഇനിയുമുണ്ട്. അവര്‍ ഓരോരുത്തരെയും ഞാന്‍ മനസ്സാസ്മരിക്കുന്നു.  പത്തും പതിനൊന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും പലരും പല വഴിക്ക് പിരിഞ്ഞുപോയിട്ടും, അന്നത്തെ ആ ആത്മബന്ധം അതെ ആഴത്തില്‍ ഇവരിലോരോരുത്തരോടും ഇന്നും നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നത് ഇവരുടെയൊക്കെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രം ആണ്.

         അദ്ധ്യാപകനാകുന്ന കുശവന്‍റെ കൈയ്യിലെ കറങ്ങുന്ന ചക്രത്തിലെ കളിമണ്ണ്‍ പോലെയാണ് നമ്മുടെ ബാല്യകൌമാരങ്ങള്‍. ഭാവിയില്‍ അതിന്‍റെ ഏറ്റവും അനുയോജ്യമായ ഉപയോഗത്തിന് ഉതകും വിധം വിവിധപ്രകൃതങ്ങളില്‍ ഭംഗിയോടും ഒതുക്കത്തോടും  സുദൃഢമായ ജീവിതപ്പാനയായി അതിനെ രൂപപ്പെടുത്താന്‍ സമര്‍ത്ഥനായ ഒരധ്യാപകനെ കഴിയൂ.

        അറിവിന്‍റെ കമണ്ഡലുവും സ്നേഹത്തിന്‍റെ തീര്‍ത്ഥവുമായി, ക്ഷമയുടെ  വ്യാഘ്രചര്‍മ്മങ്ങളില്‍ തപസ്സിരുന്ന ഒരുകൂട്ടം യഥാര്‍ത്ഥ ഗുരുവര്യന്മാര്‍ എനിക്കുണ്ടായിരുന്നു എന്നത് എത്രവലിയ സത്യമാണ്. എന്നെ ഞാനാക്കിയവര്‍. അവരുടെ ശിഷ്യസാഗരത്തിലെ ഒരു തിരമാലയെങ്കിലും ആകാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യം.

തുടർന്ന് വായിക്കുക...