Wednesday, 9 January 2013

കരള്‍ രോഗങ്ങള്‍ (ആരോഗ്യം)മറ്റു ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് തന്‍റെ അറിവുകളും സംസ്കാരവും ഭാഷയും വേഷവിധാനങ്ങളും പകര്‍ന്നു നല്‍കുന്നുണ്ട്. പക്ഷെ , തലമുറകള്‍ മാറുമ്പോള്‍ അവന്‍റെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടേ ഇരുന്നു. അതുകൊണ്ട് തന്നെ മറ്റു ജീവികളില്‍ കാണാത്ത പല ജീവിതശൈലീ രോഗങ്ങളും മനുഷ്യായുസ്സിന്‍റെ ഒഴിവാക്കാനാകാത്ത സഹചാരിയായി മാറുകയും ചെയ്യുന്നു. അമിതരക്തസമ്മര്‍ദവും പ്രമേഹവും ഹൃദയാഘാതവും പോലെ തന്നെ പ്രധാനപ്പെട്ട ജീവിതശൈലീരോഗങ്ങളില്‍ കരള്‍ രോഗവും പെടും. ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന വളരെ സാധാരണമായ ചില കരള്‍രോഗങ്ങളിലേക്ക് ഒരു എത്തിനോട്ടം.

കരള്‍
       മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. വലിപ്പം പോലെ തന്നെ ശരീരത്തിന്‍റെ സുഗമവും ആരോഗ്യകരവുമായ പ്രവര്‍ത്തനത്തിന് ഒരുപാട് ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നുണ്ട് കരള്‍.


കരളിന്‍റെ ധര്‍മ്മങ്ങള്‍
           കരള്‍ ഒരു ഫാക്ടറി പോലെ ആണ്. ആഹാരത്തിലൂടെ ലഭിക്കുന്ന ഭക്ഷണ ഘടകങ്ങള്‍ ശേഖരിച്ചു, ഉപയോഗമില്ലാത്തവയെ പുറംതള്ളി, മറ്റുള്ളവ വിവിധ ശരീര കോശങ്ങള്‍ക്ക് വേണ്ട വൈവിധ്യമാര്‍ന്ന ഘടകങ്ങളാക്കി മാറ്റുന്നത് കരളാണ്. കരളിന്‍റെ ചില പ്രധാന ധര്‍മ്മങ്ങള്‍ ഇവയാണ്.


 1. ആഹാരത്തിലെ കൊഴുപ്പിന്‍റെ ദഹനത്തിനും ആഗിരണത്തിനും അത്യാവശ്യമായ ബൈലിന്‍റെ നിര്‍മ്മാണം
 2. മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാനും , രക്തക്കുഴലിനുള്ളില്‍ വച്ച് രക്തം കട്ടപിടിക്കാതിരിക്കാനും ഉള്ള വിവിധ ഘടകങ്ങളുടെ നിര്‍മ്മാണം
 3. ദൈനംദിന ആവശ്യങ്ങള്‍ കഴിഞ്ഞുള്ള ഊര്‍ജ്ജം ഗ്ലൈക്കൊജനാക്കി സൂക്ഷിക്കുകയും, ആവശ്യമുള്ളപ്പോള്‍ ഗ്ലുക്കോസ് രൂപത്തില്‍ തിരികെ നല്‍കുകയും ചെയ്യുക.
 4. രോഗപ്രതിരോധശേഷി നല്‍കുന്ന വിവിധ ഘടകങ്ങളുടെ നിര്‍മാണം.
 5. ഉദാ: ഗ്ലോബുലിന്‍
 6. കൊളസ്ട്രോള്‍ നിര്‍മ്മാണം
 7. ശരീരത്തിന് ഹാനികരമായ വിസര്‍ജ്യവസ്തുക്കളെ ഹാനികരമല്ലാതാക്കി അവയുടെ പുറംതള്ളല്‍ എളുപ്പമാക്കുക. ഉദാ: അമ്മോണിയ യൂറിയ ആക്കുന്നു.
 8. കഴിക്കുന്ന എല്ലാ മരുന്നുകളുടെയും അപചയം.
 9. ശരീരത്തിലെത്തുന്ന വിഷപദാര്‍ത്ഥങ്ങള്‍ പുറംതള്ളുക.
                   കരളിനെ ബാധിക്കുന്ന ചെറിയ രോഗങ്ങള്‍ പോലും ഈ പ്രക്രിയകളെ എല്ലാം താളം തെറ്റിക്കുകയും മറ്റു അവയവങ്ങളുടെ കാര്യക്ഷമതയെയും അത് ബാധിക്കുമെന്നും ഇപ്പോള്‍ മനസ്സിലായില്ലേ.


കരള്‍ രോഗികളില്‍ പൊതുവായി കാണുന്ന ലക്ഷണങ്ങള്‍
 • വിശപ്പില്ലായ്മ
 • ഓക്കാനം
 • ശര്‍ദ്ദി
 • വയറിന്‍റെ വലത് ഭാഗത്ത് വേദന
 • മഞ്ഞപ്പിത്തം(Jaundice)
 • സ്ഥിരമായ ക്ഷീണം
 • ഭാരം കുറയുക എന്നിവ

പ്രധാന കരള്‍ രോഗങ്ങളും കാരണവും


1.Alcoholic Liver Disease(മദ്യപാനം മൂലം ഉണ്ടാകുന്ന കരള്‍രോഗം)
                 അമിത മദ്യപാനമാണ് ഇന്ന് കരള്‍ രോഗങ്ങള്‍ വരാനുള്ള പ്രധാന കാരണം
               
                   a)Alcoholic Fatty Liver
                                  മദ്യപാനികളില്‍ ആദ്യകാലങ്ങളില്‍ കരളില്‍ കൊഴുപ്പടിഞ്ഞു കൂടി ഉണ്ടാകുന്ന അസുഖമാണിത്. ഈ അവസ്ഥയില്‍ മദ്യപാനം നിര്‍ത്തുകയും ആവശ്യം വേണ്ട മരുന്നുകള്‍ കഴിക്കുകയും ചെയ്താല്‍ കരളിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായി പഴയ സ്ഥിതിയിലേക്ക് കൊണ്ട് വരാവുന്നതാണ്.


                   b)Alcoholic Hepatitis
                                 രോഗത്തിന്‍റെ രണ്ടാമത്തെ ഘട്ടമാണിത്. കരളിലെ കോശങ്ങള്‍ നശിച്ചു തുടങ്ങുന്ന ഈ അവസ്ഥയില്‍ കരളിന്‍റെ പ്രവര്‍ത്തനക്ഷമതയെ അത് ബാധിക്കുകയും മുമ്പ് പറഞ്ഞ രോഗലക്ഷണങ്ങള്‍ പ്രകടമാകുകയും ചെയ്യും.


                   c)Cirrhosis Liver
                                  കരള്‍ കോശങ്ങള്‍ എല്ലാം നശിച്ചു കരള്‍ ഒരു പാഴ്വസ്തുവായി മാറുന്ന അവസ്ഥ. കരളിലെ കാന്‍സറിനും ഇത് കാരണം ആയേക്കാം.


2.വൈറല്‍ ഹെപ്പറ്റൈറ്റിസ്
                      വിവിധ തരം വൈറസ്‌ അണുബാധ കാരണം കരള്‍ കോശങ്ങള്‍ നശിക്കുന്ന അവസ്ഥയാണിത്.


                     Hepatitis-A, Hepatitis-E എന്നിവ മലിനമായ ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങള്‍ ആണ്. സാധാരണയായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇത് മൂലം ഉണ്ടാകാറില്ല. പാചകം ചെയ്യുമ്പോഴുള്ള വൃത്തിയും, മലമൂത്ര വിസര്‍ജനത്തിനു ശേഷവും, ആഹാരം കഴിക്കുന്നതിനു മുമ്പും സോപ്പിട്ട് കൈ കഴുകുന്നതും ഇത് പകരുന്നത് തടയാന്‍ സഹായിക്കും. Hepatitis-A ക്ക് എതിരെ പ്രതിരോധ കുത്തിവയ്പ്പും ലഭ്യമാണ്.


                     Hepatitis-B, Hepatitis-C, Hepatitis-D എന്നിവ ശരീര ശ്രവങ്ങളിലൂടെ പകരുന്നവയാണ്. അതായത് അണുവിമുക്തമാക്കാത്ത  സൂചി, അസുഖമുള്ള രക്തം, ലൈംഗിക വേഴ്ച എന്നിവയിലൂടെ. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും സിറോസിനും കാന്‍സറിനും വരെ ഇവ കാരണമാകുന്നു.


Hepatitis-B വാക്സിനേഷന്‍ എടുക്കുന്നത് വഴി Hepatitis-B,Hepatitis-D ഒക്കെയും തടയാവുന്നതാണ്.


3.Non-Alcoholic SteatoHepatitis (മദ്യപിക്കാത്തവരിലെ കരള്‍ വീക്കം)
                   മറ്റുപല കാരണങ്ങള്‍ കൊണ്ടും (അമിത വണ്ണം, പ്രമേഹം, രക്തത്തില്‍ കൊഴുപ്പിന്‍റെ അളവ് കൂടുതല്‍) കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടി , കരളിന്‍റെ പ്രവര്‍ത്തനക്ഷമത കുറയുന്ന അവസ്ഥയാണ്‌ ഇത്.


4.കാന്‍സര്‍
                 ശരീരത്തിന്‍റെ ഏതു ഭാഗത്ത്‌ വരുന്ന കാന്‍സറും കരളിലേക്ക് പടരാനുള്ള സാധ്യത (metastasis) കൂടുതലാണ്.


                അമിത മദ്യപാനവും, Hepatitis-B, Hepatitis-C പോലുള്ള രോഗാണുക്കളും കരളില്‍ തന്നെ കാന്‍സര്‍ രൂപപ്പെടാന്‍ കാരണമാകുന്നു.
    
                 ഇവമാത്രം അല്ല. മരുന്നുകളുടെ അമിത ഉപയോഗം മൂലവും, മറ്റു പലതരം രോഗാണുക്കള്‍ കാരണവും , ഇരുമ്പ്, കോപ്പര്‍ തുടങ്ങിയവ അടിഞ്ഞു കൂടിയും ജന്മനാലുള്ള പ്രവര്‍ത്തന വൈകല്യങ്ങള്‍ കാരണവും ധാരാളം കരള്‍ രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്.


മദ്യപാനം മൂലം ഉണ്ടാകുന്ന കരള്‍ രോഗങ്ങള്‍, Hepatitis-B, Hepatitis-A തുടങ്ങിയ ഗുരുതരമായ കരള്‍ രോഗങ്ങള്‍ ഒരല്പം ശ്രദ്ധിച്ചാല്‍ വരാതെ നോക്കാവുന്ന രോഗങ്ങള്‍ മാത്രം ആണ്.


കരള്‍ രോഗങ്ങള്‍ തടയുവാനുള്ള മാര്‍ഗങ്ങള്‍
 1. ആരോഗ്യകരമായ ജീവിതരീതി
 2.          *ശരിയായ ഭക്ഷണം
 3.          *ആവശ്യത്തിനു വ്യായാമം
 4.          *ശരീര ഭാരം നിയന്ത്രിക്കുക.
 5. മദ്യപാനം പൂര്‍ണമായും നിര്‍ത്തുക
 6. പുകവലി പാടില്ല
 7. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക.


         നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും ചുവടെ ചേര്‍ക്കാം.

തുടർന്ന് വായിക്കുക...