Wednesday, 11 December 2013

കടലില്‍ നിന്നുത്ഭവിച്ച് (കവിത)പ്രബോധനം വാരിക


കടലില്‍ നിന്നും
ആ പൊഴിയുടെ വശത്തൂടെ
തിരികെ ഒഴുകണം.


ഗ്രീഷ്മത്തിന്‍റെ കുളിര്
തിരിച്ചു നല്‍കി
ശിശിരത്തിന്‍റെ ചൂട് വാങ്ങണം.


മുങ്ങിക്കയറിപ്പോയ
തീര്‍ത്ഥാടകനെ തിരികെ വിളിച്ച്
ആദ്യം പൊങ്ങുകയും
പിന്നെ മുങ്ങുകയും ചെയ്യിക്കണം.


എന്നില്‍ ചാടിമരിച്ച പെണ്‍കുട്ടിക്ക്
ജീവന്‍ മാത്രം തിരികെ നല്‍കി
കണ്ണീരെന്നോടൊപ്പം കൊണ്ടുപോണം.


ചൂണ്ടക്കൊളുത്തില്‍ നിന്നും
ചെകിള വിടുവിച്ച്
ആദ്യ അവതാരത്തെയും
അണ്ഡത്തിലൊതുക്കണം.


വൈദ്യുതോല്‍പാദന മുറിയുടെ
ഇടുങ്ങിയ ഇരുട്ടിലൂടെ
മേലേക്കൊഴുകി
ജലച്ചക്രത്തെ തിരിച്ചുകറക്കണം.
അണക്കെട്ടില്‍ കെട്ടിനില്‍ക്കാതെ
ആ വിനോദനൌകയേക്കാള്‍
വേഗത്തിലൊഴുകണം.


എന്നില്‍ നിന്നും ആയിരം
കൈവഴികള്‍ ജനിപ്പിച്ച്
പിന്നാലെ ഒഴുക്കണം.


ഭാവിയില്‍ ഭൂമിയുടെ ജഡം
കീറിപ്പഠിക്കുന്ന കവിയ്ക്കെഴുതാന്‍
ഒരു കൊച്ചു കവിതയാകണം.


കടലില്‍ നിന്നുത്ഭവിച്ച്
വന്മരങ്ങള്‍ക്കിടയിലൂടെ
കാടുകയറി, യുറവയി-
ലേക്കൊഴുകി മറഞ്ഞൊരു  
മിഴിനനഞ്ഞ കവിത.


തുടർന്ന് വായിക്കുക...

Wednesday, 9 October 2013

ജോസ്സൂട്ടിയുടെ ദിവ്യഗര്‍ഭം (കഥ)


        
       "അച്ചോ..കര്‍ത്താവിനെ ഞാന്‍ ആദ്യമായി കാണുന്നത് ഈ പള്ളിയുടെ മുകളില്‍,ആകാശത്ത് നിക്കുന്ന തിരുരൂപമായിട്ടാ.. അതുകൊണ്ട് കര്‍ത്താവെനിക്ക് എല്ലാത്തിനും മേലെ തന്നാ.. പക്ഷേങ്കില് കര്‍ത്താവ് ദിവ്യഗര്‍ഭംപൂണ്ട് പിറന്നവനാണെന്നു ഞാന്‍ വിശ്വസിക്കൂല.. അങ്ങനെ സംഭവിക്കില്ലച്ചോ..!"

      അച്ചന്‍ ചെറുതായൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. ജോസിനോട് തിരിച്ചെന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. അവനൊരു കാര്യം മനസ്സിലുറപ്പിച്ചാല്‍ പിന്നെ മാറ്റാന്‍ പ്രയാസമാണ്. മാത്രമല്ല,കര്‍ത്താവ് ദിവ്യഗര്‍ഭത്തില്‍ പിറന്നവനാണെന്ന് തെളിയിക്കാന്‍ തന്‍റെ കൈയ്യില്‍ തെളിവുമില്ലാ, ബൈബിളില്‍ അങ്ങനെ എഴുതിയിട്ടുണ്ടെങ്കിലും.

         ജോസ് പള്ളിയുടെ വശത്ത്, മുകളിലെ ഗോപുരത്തിലെ തിരുരൂപത്തിനടുത്തേക്കുള്ള കോണിപ്പടിയിലെ ഇളകിയ പലകകളില്‍ ആണി കയറ്റിക്കൊണ്ട് തന്നെ സംസാരം തുടര്‍ന്നൂ,

        "അല്ലെങ്കി അച്ചന്‍ തന്നെ പറ, അങ്ങനെയുണ്ടാകുമോ എന്ന്.? നമ്മുടെ കര്‍ത്താവ് പെഴച്ചുപെറ്റതാണച്ചോ.."


വര- അംബരീഷ് ഹരിദാസ്‌


           കാലപ്പഴക്കം ഉണ്ടെങ്കിലും  നാട്ടിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ആ പള്ളി തന്നെയാണ്. പഞ്ചായത്താഫീസിനും സ്കൂളിനും പഴയ സിനിമാതിയറ്ററിനും അരികിലായി ഉയര്‍ന്ന് നില്‍കുന്ന പള്ളിയുടെ ഗോപുരത്തിന് മുകളില്‍, ഇരുവശങ്ങളിലേക്കും കൈകള്‍ വിടര്‍ത്തി നാടിനെ മുഴുവന്‍ ആശിര്‍വദിച്ചുകൊണ്ട് കര്‍ത്താവിന്‍റെ വെള്ളിപൂശിയ പ്രതിമയുമുണ്ട്. രാത്രിയാകുമ്പോള്‍ ചുറ്റുമുള്ള ഇരുട്ടിനെ നെടുകെകീറി, ആ തിരുരൂപം മാത്രം ആകാശത്ത് തിളങ്ങി നില്‍ക്കും. ഒരു നാടിന്‍റെ തന്നെ വെളിച്ചമായി.

          ജോസും,ഊമയായ സഹോദരി അന്നയും പഞ്ചായത്തീന്നു കിട്ടിയ രണ്ടു ആട്ടിന്‍കുട്ടികളും ഒരു വെളുത്ത പൂച്ചയും ഈയിടെ മരിച്ച അപ്പന്‍ ഔസേപ്പിന്‍റെ ഓര്‍മ്മകളും പള്ളീന്ന്‍ ഒരു കിലോമീറ്റര്‍ മാറി ഒരു കൊച്ചു വീട്ടിലാണ് കുടികിടപ്പ്. അന്ന ജനിച്ചപ്പോള്‍ തന്നെ ജോസിന്‍റെ അമ്മ മരിച്ചു. അന്നയ്ക്ക് സംസാരശേഷി ഉണ്ടാകാന്‍ കേട്ടുകേള്‍വിയുള്ള സകല പുണ്യാളന്മാര്‍ക്കും കര്‍ത്താവിനും മാതാവിനും എന്നുവേണ്ട, നടവരമ്പിനോരത്തെ ആല്‍ത്തറയിലെ നാഗത്താനു പോലും ഔസേപ്പ് നേര്‍ച്ചയിട്ടിട്ടുണ്ട്. ദൈവങ്ങളെല്ലാം ഒരേഭാവത്തില്‍ കൈമലര്‍ത്തി. തള്ളേം കൊന്ന് ജന്മം കൊണ്ടവളെന്ന വിളി നാട്ടുകാരുടെ വക വേറെയും. പക്ഷെ അന്നയുടെ ചെവികളും ജന്മനാ പണിമുടക്കിലായതിനാല്‍ അവള്‍ അതൊന്നും കേട്ടില്ല. കേട്ടത് മുഴുവന്‍ ജോസായിരുന്നു.

        അന്ന ഒരു കുഞ്ഞരുവിയായിരുന്നു. സുന്ദരിയായ ഒരു അരുവിയായി നിശബ്ദമായി അവള്‍ ഒഴുകി നടന്നു. സ്നേഹത്തിന്‍റെ വടവൃക്ഷങ്ങളാലും വാത്സല്യത്തിന്‍റെ വള്ളിച്ചെടികളാലും ജോസെന്ന കാട് അവളെ പൊതിഞ്ഞു നിന്നു. അരുവിയുടെ കുളിരില്‍ ഒരു കാടും കാടിന്‍റെ തണലില്‍ അരുവിയും കാലത്തിന്‍റെ പടവുകള്‍ പതറാതെ കയറി.

      "മനസ്സിലെ നന്മകൊണ്ടും കര്‍മ്മം കൊണ്ടും നീ ദൈവത്തിനു പ്രിയപ്പെട്ടവനാണ് ജോസ്സൂട്ടീ.. നിന്നെപ്പോലൊരാള്‍ കര്‍ത്താവിനെ പറ്റി ഇങ്ങനൊന്നും പറയരുത്.."

        ജോസിനോടുള്ള സ്നേഹവും കൂടെ ഒരു താക്കീതെന്ന പോലെയും അച്ചന്‍ പറഞ്ഞു. ജോസിനെ ജോസ്സൂട്ടി എന്ന് വിളിച്ചിരുന്നതും അച്ചന്‍ മാത്രമായിരുന്നു. ജോസ് അപ്പോഴും കോണിപ്പടിയിലെ പലകയില്‍ ആണി വച്ച്, ചുറ്റിക കൊണ്ട് അടിച്ചു കയറ്റുകയായിരുന്നു. ചെത്തതാണ്. ഉറയ്ക്കുന്നില്ലാ.

        "അച്ചോ.. യുക്തിക്ക് നിരക്കാത്തതൊന്നും ജോസ് വിശ്വസിക്കില്ല.. ജോസ് ദൈവവിശ്വാസിയാ.. അന്ധവിശ്വാസിയല്ല.."

        അച്ചന്‍ തര്‍ക്കിക്കാന്‍ നിന്നില്ല. അല്ലെങ്കിലും യുക്തിയും വിശ്വാസവും പലപ്പോഴും ഒരുമിച്ചു പോകാറില്ലല്ലോ. യുക്തി ഇപ്പോഴും വിശ്വാസത്തിന്‍റെ കുരിശ്ശില്‍ തറയ്ക്കപ്പെട്ട് ഉയിര്‍ത്തെഴുന്നേല്‍ക്കാനാകാതെ മനസ്സിന്‍റെ കല്ലറയില്‍ വീര്‍പ്പുമുട്ടിക്കഴിയുന്നുവെന്നു താനൊരിക്കല്‍ ഞായറാഴ്ചപ്രസംഗം എഴുതുന്ന  ഡയറിയില്‍ കുറിച്ചത് അച്ചന്‍ ഓര്‍ത്തുപോയി. കര്‍ത്താവ്‌ ഉണ്ടായിരുന്നു എന്നത് പോലും വെറും വിശ്വാസമല്ലേ എന്ന് തനിക്കുതന്നെ പലപ്പോഴും തോന്നിയിട്ടുണ്ടല്ലോ.

       ജോസ് കോണിപ്പടിയിലെ ചെത്തപലകകള്‍ മാറ്റി പുതിയ പലക വച്ചു.പള്ളിക്ക് മുകളിലെ കര്‍ത്താവിന്‍റെ അടുത്തെത്താനുള്ള ഈ കോണിപ്പടി ഇരുമ്പുകൊണ്ട് പുതുക്കിപ്പണിയണമെന്നു ജോസും ഇടവകയിലെ പലരും പലപ്രാവശ്യം പറഞ്ഞതാണ്. പക്ഷെ പള്ളി പണിത വിദേശീയരായ പൂര്‍വികരുടെ ഓര്‍മ്മകളില്‍, പഴകിയ വിശ്വാസത്തോടൊപ്പം ആ പടികളും ചിതലരിച്ചു കിടന്നു.

         "ദാവീദ് രാജാവിന്‍റെ പരമ്പരയിലുള്ള കര്‍ത്താവ് എങ്ങനെയാണച്ചോ ഒരു മരപ്പണിക്കാരന്‍റെ മോനായത്‌?! "

കോണിപ്പടിക്കുമേലെ കര്‍ത്താവ് അന്തംവിട്ടുനിന്ന് താഴേക്ക് നോക്കി.

 "പിഴച്ചു ഗര്‍ഭിണിയായ പെണ്ണിനെ ഗതിമുട്ടിയ ഒരു മരപ്പണിക്കാരനെ കൊണ്ട് കെട്ടിച്ചു നാടുവിടുവിച്ചതല്ലേ.?" 

ജോസ് ഒരു നിമിഷം നിര്‍ത്തി എന്തോ ആലോചിച്ച ശേഷം ആത്മഗതംപോലെ പറഞ്ഞു, 

     "അങ്ങനെ ആകാനെ തരോള്ളൂ.. "

      അച്ചന്‍ തെല്ലൊരത്ഭുതത്തോടെ ജോസിനെ നോക്കി നിന്നു. ജോസിന്‍റെ മനസ്സ് സഞ്ചരിക്കുന്ന വഴിയില്‍, തട്ടിയും തടഞ്ഞും അതിന്‍റെ പാതി വേഗതയില്‍ പോലും സഞ്ചരിക്കാന്‍ അച്ചനു കഴിഞ്ഞില്ല. അല്‍പനേരം അച്ചന്‍ ജോസിനെ അങ്ങനെ നോക്കി നിന്നു. പിന്നെ സ്വബോധം വീണ്ടെടുത്ത പോലെ പറഞ്ഞു,

    "നീ വേഗം പണി തീര്‍ത്ത് വീട്ടില്‍ പോകാന്‍ നോക്ക്.. അന്നയ്ക്ക് വയ്യാത്തതല്ലേ..."

     ജോസിന്‍റെ മുഖത്തെ പ്രകാശം പെട്ടന്ന് മങ്ങി. ജോസ് സംസാരം നിര്‍ത്തി. പലകകളില്‍ ആണികള്‍ തുളഞ്ഞു കയറി.

       അന്നയ്ക്ക് ചെറിയ പനിപിടിച്ചു. നിര്‍ത്താതെ ചര്‍ദ്ദിച്ചു. ദിവസം മുഴുവനും ചര്‍ദ്ദിച്ചു. പിന്നെ അതിനുപോലും വയ്യാതെ തളര്‍ന്നുകിടന്നു. അടുത്തുള്ള ആശുപത്രിയില്‍ കാണിച്ച് ജോസ് മരുന്ന്‍ വാങ്ങിക്കൊടുത്തു. അതും ചര്‍ദ്ദിച്ചു. അന്ന തളര്‍ന്ന്‍ വിവശയായി കിടന്നു. 

        ജോസ് കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിലൂടെ വേഗത്തില്‍ നടന്നു. ഒരുപറ്റം തെരുവുപട്ടികളും ലക്ഷ്യമില്ലാതെ അതുവഴി പോകുന്നുണ്ടായിരുന്നു. ഒരു പെണ്‍പട്ടിയും നാലു ആണ്‍പട്ടികളും. അവയെല്ലാം പെണ്‍പട്ടിയെ മാറിമാറി മണപ്പിക്കുന്നു. ഇണചേരാനുള്ള കൊതി അറിയിക്കുന്നു. കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോള്‍ ഒരാണ്‍പട്ടിയെ അത് അതിന്‍റെ ഇണയായി സ്വീകരിക്കുകയും മറ്റുള്ളവ നഷ്ടബോധത്തോടെ പരസ്പരം നോക്കി, പലവഴി പിരിഞ്ഞു പോകുകയും ചെയ്തു. ജോസ് ഒരു കല്ലെടുത്ത് ആ ഇണകളുടെ നേരെ എറിഞ്ഞു. അവ തിരിഞ്ഞുനോക്കാതെ രണ്ടുവഴികളിലായി ഓടി മറഞ്ഞു. 

       ജോസ് വേഗം നടന്നു വീട്ടിലെത്തി. ജോസിന്‍റെ സാന്നിധ്യം അറിഞ്ഞ ആട്ടിന്‍കുട്ടികള്‍ മുന്‍കാലുകള്‍ ഉയര്‍ത്തി സന്തോഷാരവം മുഴക്കി നിന്നു. അന്ന ക്ഷീണിച്ചു കിടക്കുകയാണ്.ഗര്‍ഭിണിയായ പൂച്ചയും. ജോസിനെ കണ്ടപ്പോള്‍ രണ്ടുപേരും എഴുന്നേറ്റു. അന്നയും ജോസും ആട്ടിന്‍കുട്ടികളും പൂച്ചയും പരസ്പരം സംസാരിച്ചു. പുറത്തിറങ്ങുമ്പോള്‍ വാ തോരാതെ സംസാരിക്കുന്ന ജോസിനു വീട്ടില്‍ ഭാഷയേ വേണ്ടായിരുന്നു. എന്തിനു ശബ്ദങ്ങള്‍ പോലും വേണ്ടായിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചു.

        ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ ക്ഷീണിതയായി കാണപ്പെട്ട അന്നയുടെ വയറിന്‍റെ വലിപ്പം കൂടി വരുന്നതായി ജോസ് കണ്ടു. ജോസ് അത്ഭുതത്തോടെയും അരിശത്തോടെയും അന്നയുടെ വയര്‍ കണ്ടുനിന്നു. ജോസിന്‍റെ നെഞ്ചിനുള്ളിലേക്ക് പലപല ചിന്തകളുടെ കൂര്‍ത്ത ആണികള്‍ തുളഞ്ഞുകയറി. മനസ്സില്‍ വെള്ളിപൂശിയ കര്‍ത്താവിനെ നിനച്ചു നിലവിളിച്ചു. മനസ്സ് പറിഞ്ഞുപോയി. ജോസ് ഗര്‍ഭിണിയായ അന്നയെ കണ്ടു. അവള്‍ മുഖം കുനിച്ചു നിന്നു.

        ജോസ് അരിശം പൂണ്ടുനിന്നു വിറച്ചു. ജോസന്നാദ്യമായി അന്നയോട്‌ നാക്കുകൊണ്ടും വാക്കുകൊണ്ടും സംസാരിച്ചു. പക്ഷെ ജോസിന്‍റെ വാക്കുകള്‍ അന്നയുടെ അടഞ്ഞ കാതുകളില്‍ തട്ടിത്തെറിച്ച് അയല്‍പക്കങ്ങളില്‍ ചിതറി വീണു. അടുക്കളപ്പുറത്ത് പെറ്റുകിടന്ന വെളുമ്പിപ്പൂച്ചയും തൊഴുത്തിലെ ആട്ടിന്‍കുട്ടികളും വിറങ്ങലിച്ചു നിന്നു. ജോസ് അലറി. പിന്നെ തലതല്ലി കരഞ്ഞു. ഇടയ്ക്കിടെ അന്നയെ പിടിച്ചു കുലുക്കി എന്തെക്കെയോ ചോദിച്ചു. അന്ന ഒന്നും കേട്ടില്ല. അവളുടെ കണ്ണുകള്‍ അലറിക്കരഞ്ഞു.

       അന്ന ഇരുകൈകളും അഞ്ചാറുമാസം ഗര്‍ഭമുള്ള വയറിനുമുകളില്‍ കൊരുത്തുവച്ച്, കുനിഞ്ഞു നിന്ന് കരഞ്ഞു. അടുക്കളവാതിലില്‍ ഒളിഞ്ഞു നിന്ന പൂച്ച കുട്ടികളുടെ അടുത്ത് പോയി കണ്ണടച്ച് കിടന്നു. ജോസെത്ര ചോദിച്ചിട്ടും അന്ന പ്രതികരിച്ചില്ല. പക്ഷെ അന്ന ഗര്‍ഭിണിയാണ്. ആരാണെന്നാര്‍ക്കറിയാം? ജോസിന്‍റെ മനസ്സിലൂടെ ആരുടേയും മുഖം കടന്നു വന്നില്ല. അന്ന മണിക്കൂറുകളോളം കരഞ്ഞു. ജോസും. പിന്നെ എന്തോ മനസ്സിലോര്‍ത്ത് പെട്ടന്ന് വീടുവിട്ടിറങ്ങി. അയല്‍പക്കങ്ങളിലെ വേലിക്കകത്ത് ഒളിഞ്ഞു കണ്ട കണ്ണുകളിലെ ആകാംക്ഷ ജോസ് കണ്ടില്ലാന്നു നടിച്ചു വേഗം നടന്നു.


വര-വിജിത്ത് വിജയന്‍


       ആകാശം പള്ളിക്ക് മുകളില്‍ പഴുത്ത് പാകമായി നിന്നു. പിന്നെപ്പൊഴോ ഞെട്ടറ്റ് പള്ളിപ്പറമ്പില്‍ വീണു. പള്ളിക്കു മുകളിലെ ഇരുട്ടില്‍ തിളങ്ങുന്ന കര്‍ത്താവിന്‍റെ തിരുരൂപവും താഴത്തെ ഇരുട്ടില്‍ മേലേക്ക് നോക്കി ജോസും നിന്നു. എത്രയോ നേരം നിന്നു. കരഞ്ഞു ചുമന്ന കണ്ണുകളെ സങ്കടനീരുകൊണ്ട് വീര്‍ത്ത പോളകള്‍ പാതിയും അടച്ചുപിടിച്ചു. കാതുകളില്‍ പലകയുടയുന്നതിന്‍റെ ശബ്ദങ്ങള്‍ വീണപ്പോള്‍ ജോസ് ചുറ്റും നോക്കി. കാഴ്ചകള്‍ പാതിയും മങ്ങിക്കഴിഞ്ഞിരുന്നു.

       അവിശ്വസനീയമായ കാഴ്ചകളുടെ ചതുപ്പിലേക്ക് ജോസിന്‍റെ കണ്ണുകള്‍ മുങ്ങിത്താഴുകയായിരുന്നു. പള്ളിമുറ്റത്തെ അരണ്ടവെളിച്ചത്തില്‍, ഇടവഴിയില്‍ താനന്ന് കല്ലെറിഞ്ഞപ്പോള്‍ ഇണചേരാനാകാതെ ഓടിപ്പോയ പെണ്‍നായ വിരിഞ്ഞ വയറും വിടരാറായ മുലക്കണ്ണുകളുമായി നിന്ന്‍ കിതയ്ക്കുന്നു. പെറ്റുകൂട്ടിയ പൂച്ചക്കുട്ടികളോടൊപ്പം വീട്ടിലെ വെളുമ്പിപ്പൂച്ച പള്ളിക്കകത്തുനിന്നും പതിയെ നടന്ന് പള്ളിമുറ്റത്തെ കല്‍പ്പടിയില്‍ വന്നു കിടന്നു. ചുറ്റും ഇരുട്ടേറിവന്നു. കാഴ്ചകള്‍ കൂടുതല്‍ മങ്ങി.

       കര്‍ത്താവിനടുത്തേക്കുള്ള കോണിപ്പടിയിലെ പലകകളില്‍ താനടിച്ച ആണികള്‍ തടിയിലുറയ്ക്കാതെ ഇളകിമാറുന്ന ശബ്ദങ്ങള്‍ ജോസിന്‍റെ കാതുകളെ അലോസരപ്പെടുത്തും വിധം ഉച്ചത്തിലായി. പടികളിലൂടെ വെള്ളിപൂശിയ കര്‍ത്താവിന്‍റെ രൂപം ഇറങ്ങി വന്നു. ചുറ്റുമുള്ള തണുത്ത ഇരുട്ടിലും ജോസിന്‍റെ മങ്ങിയ കണ്ണുകള്‍ ആ കാഴ്ച കണ്ടു. കര്‍ത്താവിന്‍റെ കൈയ്യും പിടിച്ചു സുന്ദരിയായ അന്നയും പടിയിറങ്ങി വരുന്നു. അവളുടെ ഒരു കൈ അപ്പോഴും, നിമിഷംതോറും വികസിക്കുന്ന തന്‍റെ ഗര്‍ഭോദരത്തില്‍ തഴുകിക്കൊണ്ടിരുന്നു.

        ജോസിന്‍റെ കാഴ്ച പൂര്‍ണ്ണമായും മറഞ്ഞു. കുര്‍ബാന വേളയില്‍ കപ്യാരുടെ കൈയ്യിലെ ധൂപക്കുറ്റിയില്‍ നിന്നുയരുന്ന ധവളധൂമത്തിന്‍റെ മറ, പ്രാര്‍ത്ഥനാപൂര്‍ണമായ അസംഖ്യം മൌനനിശ്വാസങ്ങളില്‍ അലിഞ്ഞകലുമ്പോള്‍  ല്‍ത്താരയിലുറപ്പിച്ച വെള്ളിക്കുരിശിന്‍റെ മിനുത്ത പ്രതലത്തില്‍ ഉടയാന്‍ വെമ്പുന്ന മെഴുതിരിനാളത്തിന്‍റെ പ്രഭ പ്രതിഫലിക്കുന്നത് പോലെ, ഉള്‍ക്കണ്ണിലെ നേര്‍ത്ത തിരിവെട്ടത്തില്‍ ജോസ് കണ്ടതൊക്കെ സത്യമായി തീരുകയായിരുന്നു. അതേ, ല്‍ത്താരയിലെ തുറന്നുവച്ച വിശുദ്ധ ഗ്രന്ഥം പോലെ, അച്ചന്‍റെ മുഖത്തെ സ്ഥായിയായ ശാന്തത പോലെ, ആട്ടിന്‍ക്കൂട്ടിലെ മനംപുരട്ടുന്ന മുശിട് ഗന്ധം പോലെ ദിവ്യഗര്‍ഭങ്ങള്‍  അമ്പരപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നു.

ജോസ് മുഷ്ടിചുരുട്ടി സ്വന്തം തുടയിൽ ആഞ്ഞിടിച്ചു. ശേഷം, ആർത്തലറിക്കൊണ്ട് പള്ളിക്കുള്ളിലേയ്ക്ക് ഒറ്റ ഓട്ടമായിരുന്നു.

തുടർന്ന് വായിക്കുക...

Tuesday, 10 September 2013

ഓണം- ഒരോര്‍മ്മപ്പെടുത്തല്‍ (ലേഖനം)


[വെള്ളനാട്,'ആചാര്യ'യില്‍ 'തൂലിക'യുടെ ഓണപ്പതിപ്പില്‍ 2013 സെപ്റ്റംബര്‍ 5-നു പ്രസിദ്ധീകരിച്ചത്]    ഇപ്രാവശ്യം ഇടവപ്പാതിയില്‍  ഇടഞ്ഞപ്രകൃതിയെ ആണ് നമ്മള്‍ കണ്ടത്. അതിന്‍റെ കഷ്ടതകള്‍ കര്‍ക്കിടകത്തിലും തുടര്‍ന്നൂ. ഏതൊരു കഷ്ടതയിലും മലയാളികളെ എക്കാലവും മുന്നോട്ടു നയിക്കുന്ന ഒരു കാര്യമുണ്ട്. ഇടവപ്പാതിയുടെ ഈറനുമായി കര്‍ക്കിടകത്തിന്‍റെ പടവുകള്‍ കയറി ചെല്ലുമ്പോള്‍ അവിടെ വരുംവര്‍ഷത്തിന്‍റെ മുഴുവന്‍ ഐശ്വര്യവുമായി ചിങ്ങവും ഓണവും കാത്തുനില്‍ക്കുന്നുണ്ടാകുമെന്ന പ്രതീക്ഷ. പക്ഷെ ഇക്കൊല്ലം ചിങ്ങം വന്നിട്ടും ഓണം വന്നില്ല. മനുഷ്യനും പ്രകൃതിയും എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ഒരു നൂലില്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന പോലെ,ഓണവും ചിങ്ങത്തിന്‍റെ വാലില്‍ തൂങ്ങി കന്നിയുടെ കൂടെ പോയി. നഷ്ടപ്പെട്ടുപോകുന്ന, കൈവിട്ടുപോകുന്ന എന്തോ ഒന്നിനെ ഓര്‍മ്മിപ്പിക്കും പോലെ.
    
         ജന്മംകൊണ്ട് അസുരനെങ്കിലും കര്‍മ്മംകൊണ്ട് ദേവകളെക്കാളും ആദരിക്കപ്പെട്ടിരുന്ന മഹാബലി എന്ന മഹാരാജാവിന്‍റെ കഥ, വെറും കഥമാത്രമാണ്. പക്ഷെ ഒരസുരന്‍ ഭരിച്ചിരുന്ന രാജ്യം പോലും കള്ളവും ചതിയുമില്ലാതെ, കൊള്ളയും അഴിമതിയുമില്ലാതെ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ വിഭാവനം ചെയ്യപ്പെട്ടിരുന്നു എന്നത്, ഇന്നത്തെ കാലത്ത് നിന്ന് നോക്കുമ്പോള്‍ അതിശയോക്തി തന്നെയല്ലേ? എല്ലാ അതിശയോക്തികള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറം ഓണം ഇന്നും ആഘോഷിക്കപ്പെടുമ്പോള്‍, ആ നന്മയുടെ നുറുങ്ങുവെട്ടം നമ്മുടെയൊക്കെ മനസ്സുകളില്‍ ഇനിയും ശേഷിക്കുന്നുണ്ട് എന്ന് ചേര്‍ത്തു വായിക്കണോ? അതോ ഇഹലോകത്തിലെ അവസാനനന്മയും ഏതോ ഒരു ബാലന്‍ തന്‍റെ കാലടികളാല്‍ ചവിട്ടിത്താഴ്ത്തിയതിന്‍റെ ആണ്ടോര്‍മ്മയോ ഓണം?
     
           ഓണം നന്മയുടെ മാത്രമല്ല, ഒരായിരം വര്‍ണങ്ങളുടെ, ഗന്ധങ്ങളുടെ, രുചിയുടെ ആഘോഷം കൂടിയാണ്. തുമ്പപ്പൂവിലും ചിങ്ങനിലാവിലും പ്രകൃതി നന്മയുടെ പൂക്കളം വരയ്ക്കുമ്പോള്‍, നൂറായിരം വര്‍ണപുഷ്പങ്ങള്‍ കൊണ്ട് പൂക്കളമൊരുക്കി നമ്മള്‍ പ്രകൃതിയെയും അതിശയിപ്പിക്കും. പച്ചനിറത്തിലുള്ള തൂശനിലയില്‍ വിവിധ വര്‍ണങ്ങളില്‍, നാവൂറുന്ന ഗന്ധങ്ങളില്‍, വിവിധ രുചിഭേദങ്ങളില്‍ വിഭവസദ്യയൊരുക്കി, കളിച്ചും ചിരിച്ചും പങ്കുവച്ചും നമ്മള്‍ ഓണം കൊണ്ടാടുന്നു.
     
            ഒരുപാട് പ്രായമൊന്നും ആയില്ലെങ്കിലും എനിക്കിപ്പോള്‍ ഓണം പഴയ ഓര്‍മകളുടെ ഒരു മേളമാത്രമാണ്. ഇന്നേത് ഓണംകേറാമൂലയിലും ഓണമുണ്ട്. പക്ഷെ യഥാര്‍ത്ഥ ഓണത്തിനു കേറാന്‍മാത്രം മൂലയില്ലാ. അതിന്‍റെ സ്ഥാനം ടി.വി. ചാനലുകളും, വസ്ത്ര-ആഭരണ-ഗൃഹോപകരണ ശാലകളും കയ്യടക്കി. ഓണക്കാലത്ത് ഏറ്റവും തിരക്കുള്ള ഹാസ്യതാരമായി മാവേലിയും മാറി. ഓണം ഓണവും, ആഘോഷങ്ങള്‍ ആഘോഷങ്ങളായും രണ്ടു ധ്രുവങ്ങളില്‍ മിഴിച്ചു നില്‍ക്കുന്നു. മുഴച്ചു നില്‍ക്കുന്നു.
     
         എങ്കിലും ഓണം ഓരോര്‍മ്മപ്പെടുത്തലാണ്.. മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്‍റെ, ഇനിയും വറ്റാത്ത നന്മയുടെ, പങ്കുവക്കലിന്‍റെ, ഒരുമയുടെ ഒക്കെ ഒരു ഓര്‍മ്മപ്പെടുത്തല്‍. ഓരോ ആഘോഷവും അതിന്‍റെ ശരിയായ അര്‍ത്ഥം ഉള്‍ക്കൊണ്ട് ഘോഷിക്കുമ്പോഴാണ്, അര്‍ത്ഥവത്താകുന്നത്. ജീവിതമൊട്ടുക്കും ഓര്‍ത്തിരിക്കാവുന്ന നല്ലനല്ല ഓര്‍മ്മകളുടെ പ്രഭവകേന്ദ്രമാകണം ഓരോ ഓണക്കാലവും. 

'വെള്ളനാടന്‍ ഡയറി'യുടെ ഓരോ വായനക്കാര്‍ക്കും സര്‍വൈശ്വര്യ സമ്പൂര്‍ണമായ ഒരോണക്കാലം ആയിരിക്കട്ടെ ഇത് എന്ന പ്രാര്‍ത്ഥനയോടെ, എന്‍റെ ഒരായിരം ഓണാശംസകള്‍`. 


                                                                       

മറ്റൊരു ഓണവിശേഷം വായിക്കാന്‍
ഓണത്തിന്‍റെ ഓര്‍മ്മപ്പെരുക്കംതുടർന്ന് വായിക്കുക...

Tuesday, 3 September 2013

വിരഹകവിതകള്‍ (കവിത)

                                                             1
നിന്‍റെ പച്ചപ്പാവാടയിലും
ഉടയാത്ത കുപ്പിവളയിലും
എന്തിനെന്നെ പച്ചകുത്തി?
നിണമൊട്ടു ചീന്താതെന്‍റെ നോവ്‌
പൊട്ടിയ കുപ്പിവളയ്ക്കൊപ്പം
കൊട്ടിയടച്ചോരോര്‍മ്മപ്പെട്ടിയില്‍
പൊടിപിടിച്ചെത്ര നാള്‍?

                                                            
                                         2
ഞാനൊഴുകിയത് എന്നും നിന്നിലേക്ക്.
വറ്റിയും, കാഴ്ച്ചയില്‍ വളഞ്ഞും
നിറഞ്ഞും, ഓര്‍മ്മകള്‍ നുകര്‍ന്നും
ഒരായിരം കൈവഴികളില്‍
പിടഞ്ഞും പിളര്‍ന്നും.
എന്‍റെ തീരങ്ങളില്‍ ഇപ്പോഴും
നീയായി നനഞ്ഞ കിളികള്‍.

                                         
                                          3
എന്നെ കവിയാക്കിയവളേ.
എന്‍റെ കവിതേ.
എന്‍റെ കവിതയില്‍ പിടഞ്ഞു
നീയെത്രയോ വട്ടം മരിച്ചു.
ഇനിയും മരിക്കും.
നമ്മളൊരുമിക്കും വരെ.


                                           4
നമ്മുടെ ഇരുചുണ്ടുകള്‍ക്കുമിടയിലെ
ഇരുനില മന്ദിരത്തില്‍
പ്രണയത്തില്‍ വെന്തവരെത്ര?
അമ്മയും മകനും,
യുവാവും കാമുകിയും,
ആണും പെണ്ണും,
നീയും ഞാനും.
നമ്മുടെ ചുംബനങ്ങളില്‍
പിടഞ്ഞവരെത്ര.?
ഇന്നിവിടെ, മുഖമില്ലാത്തവരുടെ
അജ്ഞാതമായ ഏതോ ഭാഷ.
തുടർന്ന് വായിക്കുക...

Thursday, 15 August 2013

ഡെത്ത് ഡിക്ലറേഷന്‍


         ഐ.സി.യു. മുറിയിലെ ആദ്യബെഡിൽ വെന്റിലേറ്റർ സഹായത്തോടെ ശ്വസിച്ചുകൊണ്ട് കിടക്കുന്ന ആ പയ്യനെ ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് നല്ല മുഖപരിചയം തോന്നി. പക്ഷെ എവിടെയാണ് കണ്ടിട്ടുള്ളതെന്നോ ആരാണെന്നോ ഒരു ഊഹവും കിട്ടുന്നില്ല. കേസ് ഷീറ്റ് എടുത്തു പേരും അഡ്രസ്സും നോക്കി. 18 വയസ്സ് മാത്രം പ്രായമുള്ള അവനെ ഇലക്ട്രിക്‌ ഷോക്കേറ്റാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞാന്‍ കഴിഞ്ഞ രണ്ടു ദിവസം ലീവ് ആയിരുന്നതിനാല്‍ ഇന്നാണ് കാണുന്നത്. രണ്ടുവട്ടം ഹൃദയസ്തംഭനം വന്നതിനാല്‍ മരുന്നിന്‍റെ സഹായത്തിലാണ് ഹൃദയം പ്രവര്‍ത്തിക്കുന്നത്. അവന്‍റെ തലച്ചോറിന്‍റെ പ്രവര്‍ത്തനം എത്രത്തോളമുണ്ടെന്ന് പരിശോധിക്കുന്ന EEG ടെസ്റ്റ്‌ നടക്കുകയായിരുന്നു അപ്പോഴവിടെ. ഞാനാ ലാപ്‌ടോപ്പിന്‍റെ മോണിട്ടറില്‍ മിഴിനട്ടു നിന്നൂ. ഇല്ലാ, അവന്‍റെ തലച്ചോറില്‍ നിന്നും ജീവന്‍റെ തരംഗങ്ങള്‍ ഒന്നുംതന്നെ ആ ജീവമാപിനിയില്‍ തെളിയുന്നില്ല. അവന്‍റെ തലച്ചോര്‍ മരിച്ചിരിക്കുന്നു. ബ്രയിൻ ഡഡ്. ഇനി  എപ്പോള്‍ വേണമെങ്കിലും ഹൃദയവും നില്‍ക്കാം. പക്ഷെ മരണത്തിന്‍റെ വാതില്‍പ്പടിയില്‍ ഒരുകാല്‍ അപ്പുറത്തും മറ്റൊന്ന് ഇപ്പുറത്തുമായി അബോധനായി കിടക്കുന്ന ഈ പരിചിതമുഖം ആരുടേതാണെന്നു മാത്രം എനിക്ക് ഓര്‍മ്മ വരുന്നില്ലാ. ഞാനങ്ങനെ ഓര്‍ത്ത് മറ്റ് രോഗികളുടെ അടുത്തേക്ക് പോകുമ്പോള്‍ വാതില്‍ക്കല്‍ കരഞ്ഞു വീര്‍ത്ത കണ്ണുകളോടെ ഒരു സ്ത്രീ നിൽക്കുന്നത് കണ്ടു. ഒരു ഞെട്ടലോടെ ഞാനവരെ തിരിച്ചറിഞ്ഞു. ഒരു മാസം മുമ്പ് റോഡപകടത്തില്‍ തലയ്ക്കുപരിക്കേറ്റ് ഈ ആശുപത്രിയില്‍ കിടന്നു മരിച്ച ഒരാളുടെ ഭാര്യ. അന്നും ഞാന്‍ തന്നെയാണ് ആ മരണവും അവരോടു വെളിപ്പെടുത്തിയത്. അന്ന് ഞാനത് പറയുമ്പോള്‍ കൂടെ അവരുടെ മകനും ഉണ്ടായിരുന്നു. എന്‍റെ മനസ്സിനുള്ളില്‍ ആരോ ഒരുപിടി തീക്കനല്‍ വാരി വിതറിയത് പെട്ടന്നായിരുന്നു. ഞാനാ പയ്യന്‍ കിടക്കുന്ന കട്ടിലിലേക്ക് വീണ്ടും നോക്കി. ആ മകനാണ് മരിച്ചിട്ടും മരിക്കാതെ എന്‍റെ മരണപ്രഖ്യാപനവും കാത്ത് ഈ കിടക്കുന്നത്.


        ഒരുപറ്റം ബലിക്കാക്കകള്‍ അന്നം തേടി അലയുന്ന ഒരു ബലിപറമ്പ് ആണ്  ന്യൂറോ സര്‍ജറി ഐ.സി.യു.കള്‍ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പലരും മരണത്തെ തൊട്ടു തൊട്ടില്ലാ എന്ന മട്ടില്‍ കിടക്കുന്നവര്‍. ജീവനുള്ള കുറെ യന്ത്രങ്ങള്‍ മാത്രമാണ് പലരും. ഐ.സി.യു.വിനുള്ളിലെ ഓരോ സ്പന്ദനത്തിലും മരണം ഒളിച്ചിരിക്കുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ പ്രാണന്‍ ഡോക്ടറെ ഏല്‍പ്പിച്ചു പ്രതീക്ഷയും നിരാശയും സമംചേര്‍ത്ത മുഖഭാവത്തോടെ ഒരുകൂട്ടം ബന്ധുക്കള്‍ ഐ.സി.യു.വിനു പുറത്തും ചുറ്റിലുമായി എപ്പോഴും ഉണ്ടാകും. പലപ്പോഴും അവരോടാണ് നമുക്ക് വിളിച്ചു പറയേണ്ടത്,"നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ഇനി തിരികെ വരില്ലാ" എന്ന്. ജോലിയുടെ ഭാഗമായി എന്നെ ഏറ്റവും ധര്‍മ്മസങ്കടത്തിലാക്കുന്ന സാഹചര്യവും ഇത് തന്നെ. മരണം പ്രഖ്യാപിക്കുക. ഡെത്ത് ഡിക്ലറേഷന്‍.. ഓരോ മരണത്തിലും ഈ ബലിക്കാക്കകള്‍ എന്‍റെ തലച്ചോറിന്‍റെ ഒരംശവും കൂടി ആര്‍ത്തിയോടെ കൊത്തിവലിയ്ക്കാറുണ്ട്.

  മരിച്ചുകിടക്കുന്ന മകന് വേണ്ടി ഒരു തൂക്കുപാത്രത്തില്‍ കരിക്കിന്‍വെള്ളവുമായി വന്ന എഴുപതുവയസുള്ള അമ്മ എന്നോട് പറഞ്ഞു, "അവനു ബോധം വരുമ്പോ കൊടുക്കണേ മക്കളെ..." എന്ന്. ഞാന്‍ സ്തബ്ധനായി, നിസ്സഹായനായി  നിന്നൂ. മരണത്തെക്കാള്‍  വലിയൊരു സത്യമില്ലെങ്കിലും, പലപ്പോഴും അതിനു നമ്മുടെ അംഗീകാരത്തിനായി ക്ഷമയോടെ കാത്തിരിക്കേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പതറരുതെന്നു  പലവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും  ചിലപ്പോഴെങ്കിലും പതറിപ്പോകാറുണ്ട്. ഞാന്‍ ആ പാത്രം വാങ്ങി നേഴ്സിനെ ഏല്‍പ്പിച്ചിട്ട്, ആ മകന്‍റെ അടുത്തേക്ക് വച്ചേക്കാന്‍ പറഞ്ഞു. അവിവാഹിതനായ ആ മകന് അമ്മയും , അമ്മയ്ക്ക് മകനും മാത്രമേ ഉള്ളു. അയാള്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലായെന്നും, ഏതുനിമിഷവും മരണം സംഭവിക്കാമെന്നും പലവട്ടം പറഞ്ഞു മനസ്സിലാക്കിയതാണെങ്കിലും ഒരമ്മ മനസ്സിന് അത് അംഗീകരിക്കാന്‍ കഴിയാത്തതില്‍ എനിക്ക് അത്ഭുതമില്ലാ. പക്ഷെ ഒരമ്മയുടെ പ്രാര്‍ത്ഥനക്കും വിശ്വാസ്സത്തിനും അപ്പുറം, പരമമായ സത്യം മരണമാണെന്ന് ഞാനെന്നേ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട് എനിക്കത് അവരോട് പറഞ്ഞേ പറ്റൂ. പിന്നെയും രണ്ടുമണിക്കൂറിലധികം സമയമെടുത്ത്‌, പല പ്രാവശ്യമായി, മകന്‍റെ അവസ്ഥ പറഞ്ഞു മനസ്സിലാക്കി, ഇനി അയാള്‍ തിരിച്ചുവരില്ലാ എന്ന് പറയാതെ പറഞ്ഞു ഞാന്‍.

 ജനനവും മരണവും ജീവിതവും-മൂന്നും മൂന്നു അത്ഭുതങ്ങളായി തന്നെ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ഓരോന്നിനെ പറ്റിയും കൂടുതല്‍ അറിയുന്തോറും അത്ഭുതവും ഏറി വന്നു. എത്രയെത്ര ജനനങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. അതിലും എത്രയോ അധികം മരണങ്ങള്‍ക്ക് കഴിഞ്ഞ രണ്ടുകൊല്ലത്തെ ന്യൂറോ സര്‍ജറിയിലെ അനുഭവം എന്നെ സാക്ഷിയാക്കിയിട്ടുണ്ട്. പക്ഷെ ഇപ്പോഴും ഓരോ മരണത്തിനും മുന്നിലും പിന്നിലും ജീവിതമെന്ന അത്ഭുതം അതിന്‍റെ എരിയുന്ന കണ്ണുകളുമായി എന്നെ തുറിച്ചുനോക്കി നില്‍ക്കാറുണ്ട്. കാരണം, ഒരു മരണവും ഒരാളുടേത് മാത്രം അല്ലല്ലോ.

 ഇരുപതുവയസ്സുള്ള മകനെ ബൈക്കപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ്, വെന്‍റിലേറ്ററില്‍ ഐ.സി.യു.വിലേക്ക് മാറ്റുന്നതിനിടയില്‍  അവന്‍റെ അച്ഛന്‍ കണ്ണീരോടെ വന്നു പറഞ്ഞു,

      

           "ഡോക്ടര്‍,അവനെ രക്ഷപ്പെടുത്താന്‍ സാധിക്കില്ലെങ്കില്‍ അവന്‍റെ അയവങ്ങള്‍ ആര്‍ക്കെങ്കിലും  ദാനം ചെയ്യണം.. അവന്‍റെ ആഗ്രഹമായിരുന്നു അത്. അതെങ്കിലും ഡോക്ടര്‍ ചെയ്ത് തരണം.."

        അയാള്‍ക്ക് സാരമായ പരിക്കുണ്ട്. എന്നാലും മരിച്ചുപോകും എന്ന് ഉറപ്പും പറയാന്‍ പറ്റില്ല. ഞാന്‍ പറഞ്ഞു,
          
"ജീവന്‍ രക്ഷിക്കാന്‍ പറ്റുമോന്നു പരമാവധി ശ്രമിക്കാം. മാത്രമല്ല ഇന്‍റേണല്‍ ഓര്‍ഗന്‍സിനും കാര്യമായ ക്ഷതമുണ്ട്. ദാനം ചെയ്യുന്നതിനെ പറ്റി ഇപ്പോഴേ ചിന്തിക്കണ്ടാ. മാക്സിമം നോക്കാം."

            മികച്ച ചികിത്സയില്‍  ആ പയ്യനെ രക്ഷിക്കാന്‍ നമുക്ക് സാധിച്ചു. അപ്രതീക്ഷിതമായി പലരെയും സ്വീകരിക്കുമ്പോഴും, പ്രതീക്ഷിച്ചിരുന്ന ചിലരെ തന്‍റെ കോമാളിച്ചിരിയോടെ ഉപേക്ഷിച്ചു പോകുന്ന മരണമെന്ന പാറാവുകാരനെയും ഐ.സി.യു.വിന്‍റെ വാതിലില്‍ ഞാന്‍ കണ്ടിട്ടുണ്ട്. മരുന്നിനുള്ളിലെ രസതന്ത്രത്തോട് നിര്‍ദ്ദയം തോറ്റു പിന്മാറുന്ന മരണത്തെ എത്രയോ വട്ടം അതിശയത്തോടെ ഞാന്‍ നോക്കി നിന്നിട്ടുമുണ്ട്. അപ്പോഴൊക്കെയും ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു. മരണത്തില്‍ നിന്നും ഒരുവനെ രക്ഷിക്കുന്നതിലും എത്രയോ വലിയ പരീക്ഷണമാണ് ഈ "ഡെത്ത് ഡിക്ലറേഷന്‍ "

       നാലിന്‍റെ ബാല്യവും ഇരുപത്താറിന്‍റെ യൌവനവും ഒരേ ആര്‍ത്തിയോടെ കൊത്തിപ്പറക്കുന്ന മരണത്തിനു മുന്നില്‍ നിസ്സഹായനായി നില്‍കേണ്ടി വന്ന ഒരു വൈകുന്നേരം, ഞാന്‍  ആശുപത്രിയില്‍ നിന്നിറങ്ങി അടുത്തുള്ള വിമാനത്താവളത്തിന്‍റെ കവാടം നോക്കി നടന്നു. ഇതുപോലെ അസ്വസ്ഥനാകുന്ന ചില ദിവസങ്ങളില്‍ അവിടെ പോയിരിക്കുക പതിവാണ്. അഴുക്കുവെള്ളത്തിനു മുകളില്‍ ഓര് പടര്‍ന്നു തിളങ്ങുന്നത് പോലെ , ഒഴുക്ക് നിലച്ച മനസ്സിനു മുകളില്‍ ദുര്‍ബലമായ ചിരിയുടെ മുഖംമൂടിയും അണിഞ്ഞു ഞാന്‍ നടന്നു.

   അപ്പോള്‍ ആകാശത്തിന്‍റെ അരുകിലൊരു ചെരുവില്‍  അര്‍ക്കന്‍ അന്ത്യശ്വാസം വലിച്ചു തുടങ്ങിയിരുന്നു. മുഖത്തേക്ക് രക്തം ഇരമ്പി ചുവന്നു തുടുത്തിരിക്കുന്നു. വൈകാതെ കടലിനുള്ളിലേതോ പട്ടടയില്‍ ദഹിച്ചസ്തമിച്ചു. ആകാശം അരയില്‍ ചെമ്പട്ട് ചുറ്റി കര്‍മ്മങ്ങള്‍ ചെയ്തു. ആ ചുമപ്പിനെ നെടുകെ ഭേദിച്ചുകൊണ്ട് ഒരുകൂട്ടം ബലിക്കാക്കകള്‍ അടുത്ത ഇരയെയും തേടി പറന്നു. ഒരു മരണവും ഒന്നിന്‍റെയും അവസാനം അല്ലെന്നു ഓര്‍മ്മിപ്പിച്ചു പ്രപഞ്ചം പതിയെ കണ്ണടച്ചു, പുതിയൊരു നാളെ ഉണരാനായി. ഈ  മങ്ങിയ ഇരുട്ടിലും, ബാക്കിയായ ബലിച്ചോറുകള്‍ ആകാശപ്പറമ്പില്‍ ചിതറിക്കിടക്കുന്നതും നോക്കി ഞാന്‍ നിന്നു. അപ്പോഴും കൂടണയാന്‍ മടിക്കുന്ന ഒരുപറ്റം ബലിക്കാക്കകള്‍  എന്‍റെ നെഞ്ചിനുള്ളില്‍ ചിറകിട്ടടിച്ചു കൊണ്ടേയിരുന്നു.


 
(ആരോഗ്യപത്മം മാഗസിന്‍, ഏപ്രില്‍ 2014)

തുടർന്ന് വായിക്കുക...

Friday, 1 March 2013

പുരുഷന്‍ കണ്ട കാണാക്കാഴ്ചകള്‍ (കഥ)

നിങ്ങളെങ്കിലും ഇത് വിശ്വസിക്കണം. ഞാന്‍ കള്ളം പറയാറില്ല. സത്യം.. അതിന്‍റെ ആവശ്യം എനിക്കില്ലാ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരും കാണാത്തതും കേള്‍ക്കാത്തതുമായ പലതും ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഞാന്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. കാരണം എന്‍റെ കയ്യില്‍ തെളിവില്ല എന്നത് തന്നെ.


         രണ്ടു ദിവസം മുമ്പ് ഞാനൊരു മധ്യവയസ്കയായ സ്ത്രീയെ കണ്ടകാര്യം എന്‍റെ  ആത്മാര്‍ത്ഥ സുഹൃത്തെന്നും മനസാക്ഷി സൂക്ഷിപ്പുകാരനെന്നും ഞാന്‍ കരുതിയവനോട് പറഞ്ഞൂ. സംഭവം ഇതായിരുന്നു.

          അവരൊരു കാന്‍സര്‍ രോഗിയാണ്‌. അവരുടെ ഇടത് സ്തനത്തില്‍ കാന്‍സര്‍ ബാധിച്ചു. പക്ഷെ അവര്‍ ചികിത്സിക്കാന്‍ തയ്യാറല്ല. അവര്‍ പറയുന്നു അവര്‍ കണ്ട കാന്‍സര്‍ ചികിത്സകരെല്ലാം പുരുഷന്മാരാണ്. തന്‍റെ  ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനും തന്‍റെ  മുലകളില്‍ സ്പര്‍ശിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല. എന്തായാലും മരിക്കും. അപ്പോള്‍ ഒരു പതിവ്രതയായി തന്നെ മരിക്കണമെന്ന്.

          ഇത് കേട്ടുകഴിഞ്ഞപ്പോള്‍ എന്‍റെ  മനസാക്ഷി സൂക്ഷിപ്പുകാരനായ സുഹൃത്ത്, ഒരു മനസാക്ഷിയുമില്ലാതെ എന്നെക്കളിയാക്കി. പൊട്ടിച്ചിരിച്ചു. എന്നിട്ട് തീര്‍ത്തും പുച്ഛത്തോടെ എന്നോട് പറഞ്ഞൂ,

      "പോടാപ്പാ.. ഇക്കാലത്തും ഇങ്ങനെ ചിന്തിക്കണ പെണ്ണുങ്ങളാ ?! ഇതെന്താ മഹാഭാരതം സീരിയലാ"

         ഞാന്‍ ഉറപ്പിച്ചു തന്നെ പറഞ്ഞു. അല്ലാ. അങ്ങനൊരാളെ ഞാന്‍ കണ്ടു. എന്നോട് സംസാരിച്ച കാര്യങ്ങളാണിതെല്ലാം. പക്ഷെ , അവരാരാണ്..? എവിടെ വച്ചുകണ്ടു..? എങ്ങനെ കണ്ടു മുട്ടി..? എന്തുകൊണ്ടാണ് അവരെന്നോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.? സത്യത്തില്‍ സ്തനാര്‍ബുദ ചികിത്സകരെല്ലാം ആണുങ്ങളാണോ..? തുടങ്ങിയ അവന്‍റെ  ചോദ്യങ്ങള്‍ക്കൊന്നും എനിക്ക് മറുപടിയില്ലായിരുന്നു.. സത്യം.. എനിക്കൊന്നും ഓര്‍മ്മയില്ലാ. അങ്ങനോരാളെ കണ്ടു. അവരെന്നോട് സംസാരിച്ചു. എവിടെ വച്ച്? എങ്ങനെ? ആര്? എന്നൊന്നും എനിക്ക് ഓര്‍മ്മയില്ല.

         അവനെന്നെ ഒരു മനസക്ഷിയുമില്ലാതെ അവിശ്വസ്സിച്ചു. കളിയാക്കി. പക്ഷെ ഞാന്‍ പറഞ്ഞത് പരമസത്യമാണ്. ഞാന്‍ അങ്ങനൊരു പതിവ്രതയായ സ്ത്രീയെ കണ്ടു. അവരുടെ കാന്‍സര്‍ ബാധിച്ച സ്തനങ്ങള്‍ എന്‍റെ  കണ്ണുകളില്‍ നിന്നുപോലും അവര്‍ മറച്ചുവയ്ക്കുന്നുണ്ടായിരുന്നു. 

         പിന്നീടും ഞാനെത്ര വിചിത്രമായ കാഴ്ചകള്‍ കണ്ടു. തീവ്രവാദിയായ അച്ഛനുപിറന്ന മകനെ അമ്മ വിഷം നല്‍കി കൊന്നതും എന്‍റെ  മുന്നില്‍ വച്ചല്ലേ. അല്ലെങ്കില്‍ അവനും ഒരു തീവ്രവാദിയാകുമെന്നോ , പൊതുജനം അവനെ തീവ്രവാദിയുടെ മകനെന്നു പറഞ്ഞു തല്ലിക്കൊല്ലുമെന്നൊക്കെ അവര്‍ ആ സമയത്ത് പുലമ്പുന്നുണ്ടായിരുന്നു.

        തനിക്ക് കിട്ടിയ എയിഡ്സ് രോഗം , തന്നെ വേശ്യാവൃത്തിയിലെക്ക് വലിച്ചിഴച്ച എല്ലാ കാപാലികന്മാരെയും തേടിപ്പിടിച്ചു അവരോടൊപ്പം അഭിരമിച്ചു അവര്‍ക്കും നല്‍കി പ്രതികാരം ചെയ്ത കഥ, ആ പെണ്‍കുട്ടി എന്നോട് മാത്രമല്ലെ പറഞ്ഞുള്ളൂ.  പക്ഷെ ഇതൊന്നും തെളിവിന്‍റെ  അഭാവം കൊണ്ടും , ഒരിക്കല്‍ എന്നെ അവിശ്വസ്സിച്ചു കളിയാക്കിയ സങ്കടം കൊണ്ടും ഞാന്‍ എന്‍റെ  മനസ്സാക്ഷി സൂക്ഷിപ്പുകാരനോട് പോലും പറഞ്ഞില്ല. 

           പക്ഷെ ഇന്നത്തെ ഈ സംഭവം നിങ്ങള്‍ വിശ്വസിക്കും. കാരണം അതിനുള്ള തെളിവ് ദാ.. എന്‍റെ  അടുത്ത് നില്‍ക്കുന്നു..

           ഇന്ന് കാലത്ത് നടക്കാനിറങ്ങിയ ഞാന്‍ കവലയില്‍ ശങ്കരേട്ടന്‍റെ  മുറുക്കാന്‍ കടയുടെ അടുത്ത് എത്തിയപ്പോള്‍ അതാ.. സുന്ദരിയായ ഒരു പെണ്‍കുട്ടി ആ കടയില്‍ നിന്നും ഇറങ്ങി നടന്നു പോകുന്നു. ഹോ! എന്തൊരു സൌന്ദര്യം! ഞാന്‍ അന്തംവിട്ടു നിന്നു. 

           ശങ്കരേട്ടന്‍. ശങ്കരേട്ടനെ അറിയില്ലേ. E.M.ശങ്കരേട്ടന്‍. പഴയ കമ്മ്യുണിസ്റ്റ്. ഇപ്പോള്‍ മുറുക്കാന്‍ കട നടത്തുന്നാ. ആ ശങ്കരേട്ടന്‍ തന്നെ. ശങ്കരേട്ടന്‍ വെറ്റിലയും അടക്കയും ചുണ്ണാമ്പും പൊകയിലയും ഒക്കെ ചേര്‍ത്ത്, നല്ലവണ്ണം ചവച്ചരച്ച് പതപ്പിച്ചു, നല്ല കടുംചുമപ്പു നിറത്തില്‍ ഒറ്റ തുപ്പല്‍. ബേ.. എനിക്ക് ശര്‍ദ്ദിക്കാന്‍ വന്നൂ. പഴയ വിപ്ലവവീര്യം കറുത്തു കറപിടിച്ച് മോണയിലും പല്ലിലും നാവിലും ഇപ്പോഴും കാണാം.

           ഞാനാ പെണ്‍കുട്ടിയുടെ പിറകേപോയി. എന്‍റെ  കണ്ണുകളെ അവളുടെ സൌന്ദര്യം അടിമയാക്കി കഴിഞ്ഞിരുന്നു. അവള്‍ പോയ വഴിയെ ഞാനും നടന്നൂ.

         തൊട്ടടുത്ത കവലയിലെത്തിയതും ഒരുകൂട്ടം ചെറുപ്പക്കാര്‍ അവള്‍ക്ക് ചുറ്റും കൂടി. എന്‍റെ  കാലുകള്‍ക്ക് ഞാനറിയാതെ വേഗത കൂടി. ഞാന്‍ അവളുടെ അടുത്ത് എത്താറായതും എന്‍റെ  കാതുകളെ എനിക്ക് വിശ്വസിക്കാന്‍ ആയില്ലാ!

          ആ ചെറുപ്പക്കാര്‍ , എന്‍റെ  പ്രായമുള്ളവരോ ഇളയവരോ ഒക്കെയാണ്. അവള്‍ക്ക് ചുറ്റും കൂടി നിന്ന് ഉച്ചത്തില്‍ കുരക്കുന്നു! ബൌ... ബൌ ബൌ... ബൌ...  പലരും പല ഭാഷയില്‍, പല പല ശബ്ദ വ്യതിയാനങ്ങളോടെ കുരച്ചു! അവളുടെ പാദങ്ങള്‍ വളരെ വേഗത്തില്‍ ചലിച്ചു കൊണ്ടിരുന്നു. കണ്‍പീലികള്‍ക്കിടയിലെ സുന്ദര ഗോളങ്ങള്‍ അതിലും വേഗതയില്‍ പല വശങ്ങളിലേക്കും ഓടിക്കൊണ്ടിരുന്നു.

           "നിര്‍ത്തിനെടാ നായിന്‍റെ  മക്കളെ.." എന്ന് ഞാന്‍ ഉച്ചത്തില്‍ ആക്രോശിച്ചു. പക്ഷെ എന്‍റെ  വായില്‍ നിന്നും ഒരു ശീല്കാരം പോലും പുറത്തു വന്നില്ല! ഞാന്‍ അതിശയിച്ചു പോയി. ഞാന്‍ കൈ കൊണ്ട് എന്‍റെ  നാവ് തൊട്ടുനോക്കി. എന്‍റെ  വായില്‍ നാക്ക് ഉണ്ടായിരുന്നില്ലാ! ഞാന്‍ അണ്ണാക്കില്‍ വരെ വിരലുകൊണ്ട് തൊട്ടു. ഇടക്കെങ്ങും എന്‍റെ  നാക്ക് ഉണ്ടായിരുന്നില്ല. എന്‍റെ  തല പെരുത്തു. എന്‍റെ  നാക്ക്. അയ്യോ! കരയാന്‍ എനിക്ക് നാക്കില്ല..

            ആ പെണ്‍കുട്ടി അവരില്‍ നിന്നെങ്ങനെയോ രക്ഷപ്പെട്ട് കുറച്ചകലെ എത്തിയിരുന്നു. യുവാക്കള്‍ കുര നിര്‍ത്തി. ചിലര്‍ മാത്രം ഇടയ്ക്കിടെ മുരളുന്നുണ്ടായിരുന്നു. ചിലര്‍ ഇടം കാലുകൊണ്ട് തറയിലെ മണ്ണ് ചവിട്ടി പിന്നിലേക്ക് തെറിപ്പിച്ചു. ചിലര്‍ വലം കൈകൊണ്ട് തല ചൊറിഞ്ഞു.
എന്നിട്ടവര്‍ ഇലക്ട്രിക്‌ പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് ചത്ത ഒരു കാക്കയുടെ ശവശരീരം എടുത്തുകൊണ്ടുപോയി മാറിയിരുന്നു തീകൂട്ടി ചുടാന്‍ തുടങ്ങി. ഞാന്‍ അതിശയിച്ചു പോയി. ഇപ്പോഴവര്‍ മനുഷ്യരെ പോലെ പാട്ടുപാടുന്നു!

            എന്‍റെ  മനസ്സ് പെട്ടന്ന് ആ പെണ്‍കുട്ടിയെ പിന്തുടര്‍ന്നു. തുടര്‍ന്ന് എന്‍റെ  കാലുകളും. വേഗത്തില്‍ ഓടുന്ന വഴിക്ക് ഞാന്‍ പിന്നെയും വായില്‍ വിരലിട്ടു. അതിശയം, എനിക്ക് പിന്നെയും നാവ് മുളച്ചിരിക്കുന്നു!

            ഞാനോടി , അവളുടെ മുന്നിലെത്തി തടഞ്ഞു നിര്‍ത്തി. അവളൊന്നു ഞെട്ടി. ഞെട്ടലോടെ തന്നെ ചോദിച്ചു,

           "എന്താ!?"

           അവളുടെ മുഖത്തേക്ക് നോക്കിയതും ഞാന്‍ പിന്നെയും അന്തം വിട്ടു പോയി. ഒട്ടും സുന്ദരിയല്ലാത്ത ഒരു പെണ്‍കുട്ടി. ശവത്തിന്‍റെത് പോലെ ഉണങ്ങിയ കണ്ണുകള്‍. കരിവാളിച്ച മുഖം. പൊരിവെയിലത്ത് റോഡ്‌ പണി കഴിഞ്ഞു ക്ഷീണിച്ചു കിതപ്പോടെ വിശ്രമിച്ചിരുന്ന, അന്ന് കണ്ട ആ പൂര്‍ണഗര്‍ഭിണിയെ പോലെ തോന്നിച്ചു അവളുടെ മുഖം. ഞാന്‍ വസ്ത്രങ്ങളിലേക്ക് നോക്കി. അതെ വസ്ത്രം. മുമ്പ് കണ്ട സുന്ദരിക്കുട്ടിയുടെ അതെ വസ്ത്രം. എന്‍റെ  ആശ്ചര്യവും ആപാദചൂഢമുള്ള നോട്ടവും കണ്ടപ്പോള്‍ തന്നെ അവള്‍ പറഞ്ഞു,

           "നിങ്ങള്‍ തേടി വന്നത് എന്നെ തന്നെ.."

      ഞാന്‍ വീണ്ടും അന്തം വിട്ടു ചോദിച്ചു,
           "ഞാന്‍ തേടി വന്നെന്നോ?!"

      അവള്‍ കിതപ്പോടെ വികൃതമായ മോണകള്‍ കാട്ടി പറഞ്ഞു,

          "അതേ.. ശങ്കരേട്ടന്‍റെ  പീടിക മുതല്‍ നിങ്ങളെന്നെ പിന്തുടരുകയല്ലേ..? കവലയിലെ കുരക്കുന്ന യുവാക്കള്‍ക്കിടയിലും ചത്തുമലച്ച കാക്കച്ചിറകിലും നിങ്ങള്‍ കണ്ടത് എന്നെ തന്നെ."

       എന്‍റെ  മനസ്സിനുള്ളില്‍ അപ്പോഴേക്കും ഒരു കാക്ക ഷോക്കേറ്റ് ചത്ത്‌ നിശ്ചലമായി കഴിഞ്ഞിരുന്നു. എന്‍റെ  ശ്വാസം വീണ്ടെടുത്ത് ഞാന്‍ പെട്ടന്ന്‍ ചോദിച്ചു,

          "നിന്‍റെ  പേര്.?"

    അവള്‍ വളരെ ശാന്തയായി പറഞ്ഞു,
         "പെണ്‍കുട്ടി.."

         "എഹ്.. പെണ്‍കുട്ടിയോ!? 

         "അതേ.." അവള്‍ അപ്പോഴും ശാന്തയായിരുന്നു. ഞാന്‍ അവളെ തന്നെ മിഴിച്ചു നോക്കി നിന്നു.

         "ഈ സ്ഥലത്തിന്‍റെ  പേരെന്താ?" അവള്‍ ചോദിച്ചു.

      സത്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല. പക്ഷെ ഞാനെത്ര ആലോചിച്ചിട്ടും ഈ സ്ഥലത്തിന്‍റെ  പേര് എനിക്ക് ഓര്‍മ്മ വന്നില്ല. ഈശ്വരാ! എന്താണിത്? കുറച്ചു മുമ്പ് എന്‍റെ  നാക്ക് കാണാതായി. ഇപ്പോഴെന്‍റെ  ഓര്‍മ്മയും!
ഞാനെന്‍റെ  പേര് ഓര്‍ക്കാന്‍ ശ്രമിച്ചു. പുരുഷന്‍. ശങ്കരേട്ടന്‍റെ  പേര് ഓര്‍ത്തു. പക്ഷെ സ്ഥലത്തിന്‍റെ  പേര് എത്ര ശ്രമിച്ചിട്ടും ഓര്‍മ്മ വന്നില്ല.

       പെണ്‍കുട്ടി തുടര്‍ന്ന് പറഞ്ഞു,

            "ആ പേരിന്‍റെ  കൂടെ പെണ്‍കുട്ടി എന്ന് കൂടി ചേര്‍ത്ത് വിളിച്ചാ മതി. എന്നെ എല്ലാവരും അങ്ങനെയാ വിളിക്കുന്നെ."

       എന്ന് പറഞ്ഞ് അവള്‍ പോകാനൊരുങ്ങി. ഞാനവളെ തടഞ്ഞു.

           "നില്‍ക്കൂ.. സ്ഥലത്തിന്‍റെ  പേര് എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല പെണ്‍കുട്ടീ.. അത് നമുക്ക് പൂര്‍ണബോധമുള്ളവരെ ഏല്‍പ്പിക്കാം. ഇപ്പോള്‍ എന്‍റെ  കൂടെ ഒരു സ്ഥലം വരെ ഒന്ന് വരണം. ഒരു തെളിവിനു വേ.."

         ഞാന്‍ പറഞ്ഞു തീരുന്നതിനു മുന്നേ അവള്‍ സമ്മതിച്ചു

       ഞാന്‍ ആദ്യമേ പറഞ്ഞില്ലേ. ഞാന്‍ കള്ളം പറയില്ലാ. എനിക്ക് അതിന്‍റെ  ആവശ്യം ഇല്ലെന്ന്. അതിനിപ്പോള്‍ എന്‍റെ  പക്കലുള്ള ഏക തെളിവ് ഇവളാണ്‌.. ഞാന്‍ പറഞ്ഞതൊക്കെ സത്യമാണ്. സംശയം ഉണ്ടെങ്കില്‍ ഇവളോട് ചോദിക്കൂ. പറ്റുമെങ്കില്‍ ഇവള്‍ക്കൊരു പേരും നല്‍കൂ..

തുടർന്ന് വായിക്കുക...

Wednesday, 13 February 2013

ഗുരുസ്മരണകള്‍ (ഓര്‍മ്മക്കുറിപ്പ്)

പ്രകൃതിയില്‍ നിശ്ചേഷ്ടമായി കിടക്കുന്ന ഒരു കരിങ്കല്ല്, ആരും ആരാധിക്കുന്ന ഒരു വിഗ്രഹമാക്കി മാറ്റാനും ആര്‍ക്കും ചവിട്ടിയരയ്ക്കാവുന്ന ചവിട്ടുപടി ആക്കാനും, രണ്ടിനുമിടയില്‍ മുള്ളുവേലിയിലെ തൂണോ അതിരുകാക്കുന്ന കുറ്റിയോ ഒക്കെ ആക്കി മാറ്റാനും  സാധിക്കും. ആ കല്ല്‌ ഏതു രൂപത്തില്‍ പ്രകൃതിയില്‍ നിലനില്‍ക്കണമെന്ന് തീരുമാനിക്കുന്നത് ആരാണ്?  ഉള്ളിലാരൂപങ്ങള്‍ പേറിയിരുന്ന കല്ലോ അതോ അതിനെ രൂപപ്പെടുത്തിയ ശില്പിയോ, ആരാണ് കേമന്‍? തീര്‍ച്ചയായും ശില്പി തന്നെ അല്ലെ. അതുപോലെ നമ്മെ ഇന്ന് കാണുന്ന നാമാക്കി മാറ്റുന്നതില്‍ ഏറ്റവുമധികം പങ്കുവഹിച്ചത് നമ്മുടെ മാതാപിതാക്കളോ ഗുരുക്കന്മാരോ സുഹൃത്തുക്കളോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ആയിരിക്കും. ഓരോ ശില്‍പ്പത്തിനും പുറകില്‍ ഒരു ശില്‍പ്പി ഒളിഞ്ഞിരിക്കുന്നതുപോലെ ഓരോ വ്യക്തിത്വത്തിനു പിന്നിലും ഉണ്ടാകും അതിനെ രൂപപ്പെടുത്തുന്ന ഒരു ശില്‍പ്പി. അതാരുമാകാം. എന്‍റെ കാര്യത്തില്‍ തികച്ചും അചഞ്ചലമായി തന്നെ ഞാന്‍ പറയും 'അത് വെള്ളനാട് സ്കൂളിലെ എന്‍റെ ഗുരുക്കന്മാരാണ്' എന്ന്.

വെള്ളനാട് സ്കൂള്‍


              നാലാം തരം വരെ വീടിനടുത്തുള്ള ചാങ്ങ എല്‍.പി.സ്കൂളിലും, ശേഷം പന്ത്രണ്ടാം തരം വരെ വെള്ളനാട് ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളിലും പഠിച്ച ഞാന്‍ പഠിത്തത്തിലോ പാഠ്യേതരവിഷയങ്ങളിലോ കേമനോ അധ്യാപകരുടെ കണ്ണിലുണ്ണിയോ ഒന്നും ആയിരുന്നില്ല. ശിഥിലവും ശുഷ്കവുമായ ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയെയും അല്ലറചില്ലറ കുസൃതിത്തരങ്ങളെയും മാത്രം കാര്യമാക്കിയിരുന്ന ഞാന്‍ , ആദ്യകാലങ്ങളില്‍ പഠനത്തെയോ , അതുകൊണ്ട് തന്നെ അധ്യാപകരെയോ കാര്യമായി ഗൌനിച്ചതുമില്ലാ.


             ജീവിതത്തിന്‍റെ കുറ്റിച്ചെടിയില്‍ അവിടവിടെ പൂക്കള്‍ വിടരുന്ന കൌമാരത്തില്‍, പത്തു വര്‍ഷത്തെ സ്കൂള്‍ ജീവിതത്തിന്‍റെ അവസാന പാദത്തിലാണ് യഥാര്‍ത്ഥ ഗുരുക്കന്മാരെ ഞാന്‍ കണ്ടെത്തുന്നത്. തിരിച്ചറിയുന്നത് എന്ന് പറയുന്നതാകും ശരി. ഞാന്‍ തിരിച്ചറിയാതെ പോയ എത്രയോ നല്ല ഗുരുക്കന്മാര്‍ ഉണ്ടായിരുന്നിരിക്കണം. എന്നെ തിരിച്ചറിഞ്ഞ, ഞാന്‍ തിരിച്ചറിഞ്ഞ ഗുരുക്കന്മാരുടെ ആ സ്നേഹവും അനുഗ്രഹവുമാണ് ഇന്നത്തെ ഞാന്‍.

           സ്നേഹം എത്രത്തോളം ശക്തിമത്തായ ഒന്നാണ്. അത് ആനയെ പോലെ സുദൃഢവും, കടല്‍ പോലെ ആഴമേറിയതും, വന്‍മലയിലെ ഉള്‍ക്കാട് പോലെ ഈ പ്രപഞ്ചം തന്നെ ഉള്‍ക്കൊള്ളുന്നതുമാണെന്ന് തിരിച്ചറിയുകയായിരുന്നു. സ്നേഹം കൊണ്ട് കീഴ്പെടാത്തത് എന്താണ് ഈ ഭൂമിയിലുള്ളത്. ഏതെങ്കിലും വിധത്തിലുള്ള സ്നേഹം ലഭിക്കാതെ ഏതു ജീവിക്കാണ് ഈ ഭൂമിയില്‍ നിലനില്‍ക്കാന്‍ സാധിക്കുക?

          എന്‍റെ കൌമാരത്തില്‍ എന്നെ ഏറ്റവുമധികം ത്രസ്സിച്ചതും, പവിത്രമായ ഏതോ നദീജലം പോലെ മനസ്സിന്‍റെ ആഴങ്ങളില്‍ ഇപ്പോഴും പതഞ്ഞു പൊന്തുന്നതും അധ്യാപകരുടെ സ്നേഹം തന്നെ ആണ്. ആ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഞാന്‍ ഇപ്പോഴും നമ്രശിരസ്കനാണ്. പ്രത്യേകിച്ചും പത്താംതരത്തില്‍ എന്‍റെ ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്ന ബേബി പ്രസന്ന ടീച്ചറുടെ നിസ്വാര്‍ത്ഥവും നിസീമവുമായ സ്നേഹത്തിനു മുന്നില്‍. ടീച്ചറുടേതുപോലെ ചുണ്ടുകളില്‍ പുഞ്ചിരി ഒളിപ്പിച്ച ശാന്തവും സൌമ്യവുമായ ഒരു മുഖം മറ്റൊരധ്യാപകനിലും ഞാന്‍ പിന്നീട് കണ്ടിട്ടില്ല. ഒരിക്കല്‍ ടീച്ചര്‍ ക്ലാസില്‍ എല്ലാപേരോടുമായി പറഞ്ഞു,

          "എപ്പോഴും എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രം ഇടപെടണം. നിങ്ങള്‍ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നവരോട് ചിരിച്ചുകൊണ്ട് മാത്രം പെരുമാറണം, അവര്‍ തിരിച്ചു അങ്ങനെ ചെയ്താലും ഇല്ലെങ്കിലും. രണ്ടാമതും അയാളെ കാണുമ്പോള്‍ പുഞ്ചിരിക്കുക. മൂന്നാമതും നിങ്ങള്‍ പുഞ്ചിരിച്ചിട്ടും അവര്‍ തിരിച്ചു പുഞ്ചിരിക്കുന്നില്ലെങ്കില്‍ , അവരോടു ദേഷ്യം തോന്നരുത്. അവര്‍ക്ക് നിങ്ങളുടെ സൌഹൃദത്തിനു അര്‍ഹതയില്ലാ എന്ന് മാത്രം കരുതുക." തികച്ചും അന്തര്‍മുഖനായിരുന്ന എന്നെ ഇന്നത്തെ ഈ  ബൃഹത് സൌഹൃദങ്ങളിലേക്ക് പിടിച്ചു നടത്തിയ വാക്കുകള്‍.

           ടീച്ചറിന് എന്നോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നത് SSLC പരീക്ഷക്ക് ഒരു മാസം മുമ്പാണ്. ടീച്ചര്‍ എന്‍റെ അമ്മയെ സ്കൂളില്‍ വിളിപ്പിച്ചിട്ടു പറഞ്ഞു, "പരീക്ഷ കഴിയുന്നത് വരെ ഇവനെ ഞാന്‍ എന്‍റെ വീട്ടില്‍ കൊണ്ട് പൊയ്ക്കോട്ടേ..? അതാകുമ്പോള്‍ അവന്‍റെ പഠിത്തത്തില്‍ എനിക്കും ശ്രദ്ധിക്കാം, അവനു സംശയങ്ങള്‍ തീര്‍ക്കാന്‍ അവിടെ രണ്ടു ചേച്ചിമാരുമുണ്ട്.."

          പക്ഷെ എന്തിന്‍റെ പേരിലായാലും ഒറ്റമകനെ, കുറച്ചു കാലത്തെക്കാണെങ്കിലും മറ്റൊരാളുടെ കയ്യിലേല്‍പ്പിക്കാന്‍ അമ്മക്ക് മനസ്സുണ്ടായില്ല . അല്ലെങ്കില്‍ മാതൃസ്നേഹത്തിനു മുന്നില്‍ ശിഷ്യവാത്സല്യം  തോറ്റതുമാകാം.

          അതുപോലെയാണ് ഗീതടീച്ചര്‍. പത്താം ക്ലാസ്സില്‍ എന്നെ പഠിപ്പിച്ചതാണ്. ഞാന്‍ പ്ലസ് 2-വില്‍ എത്തിയപ്പോള്‍ ടീച്ചറും പ്രമോഷനായി അവിടെയെത്തി, അതും ക്ലാസ് ടീച്ചറായിട്ട്. എന്‍റെ സമപ്രായക്കാരനായ ടീച്ചറിന്‍റെ മകനും അതെ സ്കൂളില്‍ പഠിച്ചിരുന്നു. +2 വില്‍ പഠിക്കുമ്പോള്‍ എന്‍ട്രന്‍സ്‌ പരീക്ഷയ്ക്കുള്ള അപേക്ഷ മകനുവേണ്ടി വാങ്ങിയപ്പോള്‍ ടീച്ചര്‍ എന്നെയും മറന്നില്ല. ടീച്ചറിനറിയാം എന്‍റെ കൈയ്യില്‍ കാശൊന്നും ഉണ്ടാകില്ലാന്ന്. അത് വാങ്ങി വന്നതിനു ശേഷമാണു ഞാന്‍ പോലും അറിയുന്നത്. ആ അപേക്ഷ പൂരിപ്പിക്കുന്നതിനായി ഞാന്‍ ടീച്ചറിന്‍റെ വീട്ടില്‍ ഒരു ദിവസം താമസ്സിച്ചിട്ടുമുണ്ട്.

          ഗുരുശിഷ്യബന്ധത്തിനപ്പുറം സൌഹൃദത്തിന്‍റെ ആത്മാംശമുള്ള ബന്ധമായിരുന്നു രാധികടീച്ചറും ഞാനും തമ്മില്‍. സ്വന്തം വീട്ടില്‍ ഒരംഗത്തെപോലെ സ്വാതന്ത്ര്യം തന്ന, ഏതുകാര്യവും എപ്പോ വേണമെങ്കിലും ഒരു സുഹൃത്തിനോടെന്നപോലെ സംസാരിക്കാവുന്ന, എന്‍റെ കെമിസ്ട്രി റെക്കോര്‍ഡ്‌ ബുക്കില്‍ പടങ്ങള്‍ വരച്ചു തന്നിരുന്ന, കണക്ക്  അദ്ധ്യാപിക. ഇടയ്ക്കെപ്പോഴോ അഹങ്കാരത്തിന്‍റെ  കടുകുമണികള്‍ എന്നില്‍ പൊട്ടിത്തുടങ്ങിയ ഒരു വേളയില്‍ ടീച്ചര്‍ എന്നോട് പറയുകയുണ്ടായി - "കൂടുതല്‍ കായ്ക്കുന്ന കൊമ്പ്, എപ്പോഴും ചാഞ്ഞേ നില്‍ക്കൂ." എന്ന്. എന്‍റെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞതും, കുറച്ചു നാള്‍ എന്നെ ഇരുത്തിചിന്തിപ്പിച്ചതുമായ വാക്കുകള്‍. ഇപ്പോഴും ആ വാക്കുകളുടെ ശക്തി എന്നില്‍ നിലനില്‍ക്കുന്നു എന്നത് ആ സ്നേഹം പോലെ സത്യം.


പഴയ +2 ബ്ലോക്ക്‌


           എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്ത മാലിനിടീച്ചറെയും ഞാനീ ഓര്‍മ്മക്കുറിപ്പില്‍ ചേര്‍ക്കട്ടെ. ടീച്ചറിന് എന്നോടുള്ള സ്നേഹം, ആത്മാര്‍ത്ഥത എല്ലാം ഞാന്‍ ഇപ്പോഴും എന്‍റെ ഒരു സ്വകാര്യ അഹങ്കാരമായി തന്നെ കരുതുന്നു.


          പഠിപ്പിച്ചിട്ടുള്ളവരില്‍ വളരെ കുറച്ചു മാത്രം 'അധ്യാപകന്‍'മാര്‍ ഉണ്ടായിരുന്നതിനാലാകാം , ഓര്‍മ്മയില്‍ നില്‍ക്കുന്നവരെല്ലാം 'അദ്ധ്യാപിക'മാരായത്. എന്‍റെ കൌമാരത്തില്‍ എന്നെ സ്വാധീനിച്ച ഒരുപാട് അധ്യാപകര്‍ ഇനിയുമുണ്ട്. അവര്‍ ഓരോരുത്തരെയും ഞാന്‍ മനസ്സാസ്മരിക്കുന്നു.  പത്തും പതിനൊന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും പലരും പല വഴിക്ക് പിരിഞ്ഞുപോയിട്ടും, അന്നത്തെ ആ ആത്മബന്ധം അതെ ആഴത്തില്‍ ഇവരിലോരോരുത്തരോടും ഇന്നും നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നത് ഇവരുടെയൊക്കെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രം ആണ്.

         അദ്ധ്യാപകനാകുന്ന കുശവന്‍റെ കൈയ്യിലെ കറങ്ങുന്ന ചക്രത്തിലെ കളിമണ്ണ്‍ പോലെയാണ് നമ്മുടെ ബാല്യകൌമാരങ്ങള്‍. ഭാവിയില്‍ അതിന്‍റെ ഏറ്റവും അനുയോജ്യമായ ഉപയോഗത്തിന് ഉതകും വിധം വിവിധപ്രകൃതങ്ങളില്‍ ഭംഗിയോടും ഒതുക്കത്തോടും  സുദൃഢമായ ജീവിതപ്പാനയായി അതിനെ രൂപപ്പെടുത്താന്‍ സമര്‍ത്ഥനായ ഒരധ്യാപകനെ കഴിയൂ.

        അറിവിന്‍റെ കമണ്ഡലുവും സ്നേഹത്തിന്‍റെ തീര്‍ത്ഥവുമായി, ക്ഷമയുടെ  വ്യാഘ്രചര്‍മ്മങ്ങളില്‍ തപസ്സിരുന്ന ഒരുകൂട്ടം യഥാര്‍ത്ഥ ഗുരുവര്യന്മാര്‍ എനിക്കുണ്ടായിരുന്നു എന്നത് എത്രവലിയ സത്യമാണ്. എന്നെ ഞാനാക്കിയവര്‍. അവരുടെ ശിഷ്യസാഗരത്തിലെ ഒരു തിരമാലയെങ്കിലും ആകാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യം.

തുടർന്ന് വായിക്കുക...

Wednesday, 9 January 2013

കരള്‍ രോഗങ്ങള്‍മറ്റു ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് തന്‍റെ അറിവുകളും സംസ്കാരവും ഭാഷയും വേഷവിധാനങ്ങളും പകര്‍ന്നു നല്‍കുന്നുണ്ട്. പക്ഷെ , തലമുറകള്‍ മാറുമ്പോള്‍ അവന്‍റെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടേ ഇരുന്നു. അതുകൊണ്ട് തന്നെ മറ്റു ജീവികളില്‍ കാണാത്ത പല ജീവിതശൈലീ രോഗങ്ങളും മനുഷ്യായുസ്സിന്‍റെ ഒഴിവാക്കാനാകാത്ത സഹചാരിയായി മാറുകയും ചെയ്യുന്നു. അമിതരക്തസമ്മര്‍ദവും പ്രമേഹവും ഹൃദയാഘാതവും പോലെ തന്നെ പ്രധാനപ്പെട്ട ജീവിതശൈലീരോഗങ്ങളില്‍ കരള്‍ രോഗവും പെടും. ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന വളരെ സാധാരണമായ ചില കരള്‍രോഗങ്ങളിലേക്ക് ഒരു എത്തിനോട്ടം.

കരള്‍
       മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. വലിപ്പം പോലെ തന്നെ ശരീരത്തിന്‍റെ സുഗമവും ആരോഗ്യകരവുമായ പ്രവര്‍ത്തനത്തിന് ഒരുപാട് ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നുണ്ട് കരള്‍.


കരളിന്‍റെ ധര്‍മ്മങ്ങള്‍
           കരള്‍ ഒരു ഫാക്ടറി പോലെ ആണ്. ആഹാരത്തിലൂടെ ലഭിക്കുന്ന ഭക്ഷണ ഘടകങ്ങള്‍ ശേഖരിച്ചു, ഉപയോഗമില്ലാത്തവയെ പുറംതള്ളി, മറ്റുള്ളവ വിവിധ ശരീര കോശങ്ങള്‍ക്ക് വേണ്ട വൈവിധ്യമാര്‍ന്ന ഘടകങ്ങളാക്കി മാറ്റുന്നത് കരളാണ്. കരളിന്‍റെ ചില പ്രധാന ധര്‍മ്മങ്ങള്‍ ഇവയാണ്.


 1. ആഹാരത്തിലെ കൊഴുപ്പിന്‍റെ ദഹനത്തിനും ആഗിരണത്തിനും അത്യാവശ്യമായ ബൈലിന്‍റെ നിര്‍മ്മാണം
 2. മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാനും , രക്തക്കുഴലിനുള്ളില്‍ വച്ച് രക്തം കട്ടപിടിക്കാതിരിക്കാനും ഉള്ള വിവിധ ഘടകങ്ങളുടെ നിര്‍മ്മാണം
 3. ദൈനംദിന ആവശ്യങ്ങള്‍ കഴിഞ്ഞുള്ള ഊര്‍ജ്ജം ഗ്ലൈക്കൊജനാക്കി സൂക്ഷിക്കുകയും, ആവശ്യമുള്ളപ്പോള്‍ ഗ്ലുക്കോസ് രൂപത്തില്‍ തിരികെ നല്‍കുകയും ചെയ്യുക.
 4. രോഗപ്രതിരോധശേഷി നല്‍കുന്ന വിവിധ ഘടകങ്ങളുടെ നിര്‍മാണം. ഉദാ: ഗ്ലോബുലിന്‍
 5. കൊളസ്ട്രോള്‍ നിര്‍മ്മാണം
 6. ശരീരത്തിന് ഹാനികരമായ വിസര്‍ജ്യവസ്തുക്കളെ ഹാനികരമല്ലാതാക്കി അവയുടെ പുറംതള്ളല്‍ എളുപ്പമാക്കുക. ഉദാ: അമ്മോണിയ യൂറിയ ആക്കുന്നു.
 7. കഴിക്കുന്ന എല്ലാ മരുന്നുകളുടെയും അപചയം.
 8. ശരീരത്തിലെത്തുന്ന വിഷപദാര്‍ത്ഥങ്ങള്‍ പുറംതള്ളുക.
                   കരളിനെ ബാധിക്കുന്ന ചെറിയ രോഗങ്ങള്‍ പോലും ഈ പ്രക്രിയകളെ എല്ലാം താളം തെറ്റിക്കുകയും മറ്റു അവയവങ്ങളുടെ കാര്യക്ഷമതയെയും അത് ബാധിക്കുമെന്നും ഇപ്പോള്‍ മനസ്സിലായില്ലേ.


കരള്‍ രോഗികളില്‍ പൊതുവായി കാണുന്ന ലക്ഷണങ്ങള്‍
 • വിശപ്പില്ലായ്മ
 • ഓക്കാനം
 • ശര്‍ദ്ദി
 • വയറിന്‍റെ വലത് ഭാഗത്ത് വേദന
 • മഞ്ഞപ്പിത്തം(Jaundice)
 • സ്ഥിരമായ ക്ഷീണം
 • ഭാരം കുറയുക

പ്രധാന കരള്‍ രോഗങ്ങളും കാരണവും


1.Alcoholic Liver Disease(മദ്യപാനം മൂലം ഉണ്ടാകുന്ന കരള്‍രോഗം)
                 അമിത മദ്യപാനമാണ് ഇന്ന് കരള്‍ രോഗങ്ങള്‍ വരാനുള്ള ഏറ്റവും പ്രധാന കാരണം. മദ്യപാനത്തിന്റെ കാലദൈർഘ്യമനുസരിച്ച് കരളിലുണ്ടാകുന്ന അപായകരമായ മാറ്റങ്ങളെ ഇങ്ങനെ തരം തിരിക്കാം.
               
                   a)Alcoholic Fatty Liver
                                  മദ്യപാനത്തിന്റെ ആദ്യകാലങ്ങളിൽ കരളില്‍ കൊഴുപ്പടിഞ്ഞു കൂടി ഉണ്ടാകുന്ന അവസ്ഥയാണിത്. ഈ അവസ്ഥയില്‍ മദ്യപാനം നിര്‍ത്തുകയും ആവശ്യം വേണ്ട മരുന്നുകള്‍ കഴിക്കുകയും ചെയ്താല്‍ കരളിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായി പഴയ സ്ഥിതിയിലേക്ക് കൊണ്ട് വരാവുന്നതാണ്.


                   b)Alcoholic Hepatitis
                                 രോഗത്തിന്‍റെ രണ്ടാമത്തെ ഘട്ടമാണിത്. കരളിലെ കോശങ്ങള്‍ നശിച്ചു തുടങ്ങുന്ന ഈ അവസ്ഥയില്‍ കരളിന്‍റെ പ്രവര്‍ത്തനക്ഷമതയെ അത് ബാധിക്കുകയും മുമ്പ് പറഞ്ഞ രോഗലക്ഷണങ്ങളിൽ പലതും പ്രകടമായി തുടങ്ങുകയും ചെയ്യും. ചികിത്സിക്കേണ്ടത് അത്യന്താപേക്ഷിതമാണ് ഈ ഘട്ടത്തിൽ. ഈ ഘട്ടത്തിൽ തുടർന്നും മദ്യപിക്കുന്നത് ജീവനുതന്നെ ഭീഷണിയുമാണ്


                   c)Cirrhosis Liver
                                  കരള്‍ കോശങ്ങള്‍ എല്ലാം നശിച്ചു കരള്‍ ഒരു പാഴ്വസ്തുവായി മാറുന്ന അവസ്ഥ. കരളിലെ കാന്‍സറിനും ഇത് കാരണം ആയേക്കാം. കരൾ മാറ്റി വയ്ക്കുകയൊക്കയാണ്
 ഈ ഘട്ടത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ.

2.വൈറല്‍ ഹെപ്പറ്റൈറ്റിസ്
                      വിവിധ തരം വൈറസ്‌ അണുബാധ കാരണം കരള്‍ കോശങ്ങള്‍ നശിക്കുന്ന അവസ്ഥയാണിത്. അഞ്ചുതരം ഹെപ്പറ്റൈറ്റിസ് വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. Hepatitis A, B,C,D,E എന്നിങ്ങനെ. കൂടാതെ ഡെങ്കിപ്പനിയോ ജപ്പാൻ ജ്വരമോ പോലുള്ള വൈറൽ അസുഖങ്ങളിലും കരളിന് വീക്കം സംഭവിക്കാറുണ്ട്.
                     Hepatitis-A, Hepatitis-E എന്നിവ മലിനമായ ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങള്‍ ആണ്. സാധാരണയായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇത് മൂലം ഉണ്ടാകാറില്ല. പാചകം ചെയ്യുമ്പോഴുള്ള വൃത്തിയും, മലമൂത്ര വിസര്‍ജനത്തിനു ശേഷവും, ആഹാരം കഴിക്കുന്നതിനു മുമ്പും സോപ്പിട്ട് കൈ കഴുകുന്നതും ഇത് പകരുന്നത് തടയാന്‍ സഹായിക്കും. Hepatitis-A ക്ക് എതിരെ പ്രതിരോധ കുത്തിവയ്പ്പും ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് E സാധാരണഗതിയിൽ ഗുരുതരമല്ലെങ്കിലും, ഗർഭിണികളിൽ അതീവഗരുതരമാകാറുണ്ട്.

                     Hepatitis-B, Hepatitis-C, Hepatitis-D എന്നിവ ശരീര സ്രവങ്ങളിലൂടെ പകരുന്നവയാണ്. അതായത് അണുവിമുക്തമാക്കാത്ത  സൂചി, അസുഖമുള്ള രക്തം, ലൈംഗിക വേഴ്ച എന്നിവയിലൂടെ. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും സിറോസിനും കാന്‍സറിനും വരെ ഇവ കാരണമാകുന്നു. Hepatitis B ഉള്ള ആളിനു മാത്രമേ Hepatitis D രോഗബാധ ഉണ്ടാകുകയുള്ളൂ.


Hepatitis-B വാക്സിനേഷന്‍ എടുക്കുന്നത് വഴി Hepatitis-B,Hepatitis-D ഒക്കെയും തടയാവുന്നതാണ്.

വൈറസ് കാരണം മാത്രമല്ലാ, എലിപ്പനി, ടൈഫോയിഡ് പോലുള്ള ബാക്ടീരിയൽ രോഗങ്ങളിലും അമീബ, ഷിസ്റ്റോസോമ പോലുള്ള പരാദങ്ങൾ (Parasites) ഉണ്ടാക്കുന്ന രോഗങ്ങളിലും കരൾ വീക്കം (Hepatitis) സാധാരണമാണ്.


3.Non-Alcoholic SteatoHepatitis (മദ്യപിക്കാത്തവരിലെ കരള്‍ വീക്കം)
                   മറ്റുപല കാരണങ്ങള്‍ കൊണ്ടും (അമിത വണ്ണം, പ്രമേഹം, രക്തത്തില്‍ കൊഴുപ്പിന്‍റെ അളവ് കൂടുതല്‍) കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടി , കരളിന്‍റെ പ്രവര്‍ത്തനക്ഷമത കുറയുന്ന അവസ്ഥയാണ്‌ ഇത്. പലപ്പോഴും ജനിതകപരമായ പ്രശ്നങ്ങളാണ് ഇവിടെ വില്ലനാകാറുള്ളത്.


4.കാന്‍സര്‍
                 ശരീരത്തിന്‍റെ ഏതു ഭാഗത്ത്‌ വരുന്ന കാന്‍സറും കരളിലേക്ക് പടരാനുള്ള സാധ്യത (metastasis) കൂടുതലാണ്.


                അമിത മദ്യപാനവും, Hepatitis-B, Hepatitis-C പോലുള്ള രോഗാണുക്കളും കരളില്‍ തന്നെ കാന്‍സര്‍ രൂപപ്പെടാന്‍ കാരണമാകുന്നു.
    
                 ഇവമാത്രം അല്ല. മരുന്നുകളുടെ അമിത ഉപയോഗം മൂലവും, മറ്റു പലതരം രോഗാണുക്കള്‍ കാരണവും , ഇരുമ്പ്, കോപ്പര്‍ തുടങ്ങിയവ അടിഞ്ഞു കൂടിയും ജന്മനാലുള്ള പ്രവര്‍ത്തന വൈകല്യങ്ങള്‍ കാരണവും ധാരാളം കരള്‍ രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്.


മദ്യപാനം മൂലം ഉണ്ടാകുന്ന കരള്‍ രോഗങ്ങള്‍, Hepatitis-B, Hepatitis-A തുടങ്ങിയ ഗുരുതരമായ കരള്‍ രോഗങ്ങള്‍ ഒക്കെത്തന്നെ ഒരല്പം ശ്രദ്ധിച്ചാല്‍ വരാതെ നോക്കാവുന്ന രോഗങ്ങള്‍ മാത്രം ആണ്.


കരള്‍ രോഗങ്ങള്‍ തടയുവാനുള്ള മാര്‍ഗങ്ങള്‍
 1. ആരോഗ്യകരമായ ജീവിതരീതി
 2.          *ശരിയായ ഭക്ഷണം
 3.          *ആവശ്യത്തിനു വ്യായാമം
 4.          *ശരീര ഭാരം നിയന്ത്രിക്കുക.
 5. മദ്യപാനം പൂര്‍ണമായും നിര്‍ത്തുക
 6. പുകവലി പാടില്ല
 7. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക.


         നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും ചുവടെ ചേര്‍ക്കാം.

തുടർന്ന് വായിക്കുക...