Monday, 10 December 2012

പ്രണയഋതുക്കള്‍ (കവിത)
ഡിസംബര്‍


എന്‍റെ പ്രണയ വാതായനങ്ങള്‍ക്കപ്പുറം
നീലിച്ച ചില്ലയില്‍ നീ നിന്‍റെ
കൂട് കൂട്ടിക്കാത്തിരുന്നത് എന്നെയായിരുന്നില്ല..


ഈ മഞ്ഞു മഴയില്‍, പക്ഷെ നിനക്ക്
കുളിരാതിരിക്കുവാന്‍ ഇന്ന്
എന്‍റെ ചിറകിന്‍ ചൂട് മാത്രം..ജൂണ്‍


എനിക്ക് നിന്നോടുള്ള പ്രണയം
ഈ ചാറ്റല്‍മഴ പോലെ
സാന്ദ്രമെന്നു, അന്ന് നീ..


പുതുമണ്ണിന്‍ മണം തേടി നീ പോയിട്ടും,
ഈ വിരഹച്ചൂടിലും
എന്‍റെ പ്രണയമരം
പെയ്തുകൊണ്ടേയിരിന്നു..

വീണ്ടും ഡിസംബര്‍


ഈ മരം കോച്ചുന്ന തണുപ്പില്‍,
ഈ പുകമഞ്ഞിന്‍ മറയില്‍,
പിന്നിട്ട പാതയോരക്കാഴ്ചകള്‍
നഷ്ടനൊമ്പരമാകുമ്പോള്‍..


പുല്‍നാമ്പിന്‍ തുമ്പില്‍
തുളുമ്പാന്‍ വെമ്പുന്ന തുള്ളിപോലെ
എന്‍റെ പ്രണയം.
നിന്‍റെ ഓര്‍മകളില്‍
മരവിച്ചു നില്പൂ..

തുടർന്ന് വായിക്കുക...

Tuesday, 4 December 2012

തോല്‍വി (കവിത)

അടുക്കളയില്‍ അടുപ്പുകള്‍ക്ക്
എപ്പോഴും അമ്മയോട് കലഹം..
ഇനിയും എരിയുവാന്‍ വയ്യത്രെ..
അമ്മയുണ്ടോ വിടുന്നൂ,
അറ്റം ഞണുങ്ങിയ കുഴലുകൊണ്ടൂതി
അടുപ്പില്‍ കൊടുങ്കാറ്റുയര്‍ത്തി..
എരിയാന്‍ മടിക്കുന്ന അടുപ്പുകള്‍ക്കിപ്പോഴും
അമ്മയുടെ ശ്വാസകോശത്തെ പേടിയാണ്..


അല്ലെങ്കിലും അമ്മ തോറ്റിട്ടുള്ളത്
അടുക്കള വാതിലിനു പുറത്തല്ലേ..

തുടർന്ന് വായിക്കുക...

Saturday, 1 December 2012

കോളാമ്പി (കഥ)                വൃദ്ധസദനത്തിലെ ബില്ല് കണ്ട് എനിക്ക് പെട്ടന്ന് ദേഷ്യം വന്നു.കഴിഞ്ഞ മാസത്തേക്കാള്‍ അയ്യായിരം രൂപ കൂടുതല്‍.


                      "ഇതെന്താ, ഭാസ്കരന്‍ നായരുടെ ബില്ലില്‍ കഴിഞ്ഞ മാസത്തേക്കാള്‍ അയ്യായിരം രൂപ കൂടുതല്‍ ആണല്ലോ.!" 
             
         ഞാന്‍ ദേഷ്യം പുറത്ത് കാണിക്കാതെ ഗൌരവത്തില്‍ ബില്ലിംഗ് കൌണ്ടറില്‍ ഇരുന്ന പെണ്‍കുട്ടിയോട് ചോദിച്ചു. അവര്‍ മുന്നിലിരുന്ന കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോട്ടമെറിഞ്ഞ്, ലവലേശം കരുണയില്ലാതെ പറഞ്ഞു,

                   "സിസ്റ്റെത്തില്‍ അങ്ങനാ കെടക്കുന്നെ.. സംശയം ഉണ്ടേല്‍ അക്കൌണ്ട്സ് ഓഫീസര്‍ അപ്പുറത്തെ ബില്‍ഡിങ്ങില്‍ ഉണ്ട്. അവരോടു ചോദിക്കൂ."
                          പിന്നെ സംശയം ഇല്ലാതെ. എനിക്ക് പിന്നേം ദേഷ്യം വരുന്നുണ്ടായിരുന്നു. അല്ലാതെ തന്നെ ഓരോ ദിവസവും ചെലവ് ഇരട്ടിയായിക്കൊണ്ടിരിക്കുവാണ്. അതിനിടയില്‍ ഇതും കൂടി. കുറച്ചു സൗകര്യം കൂടുതല്‍ ഉണ്ട്, ഉത്തരവാദിത്തം ഉള്ളവരാണ് എന്നൊക്കെ കണ്ടിട്ടാണ് കാശ് കൂടുതലാണെങ്കിലും  അച്ഛനെ ഇവിടെ തന്നെ കൊണ്ട് വന്നു ആക്കിയത്.

                       "ആ.. ഞാന്‍ ചോദിച്ചോളാം.."
  
                    കുറച്ചു കടുപ്പിച്ചു ഇത്രയും മാത്രം പറഞ്ഞിട്ട് ഞാന്‍ അക്കൌണ്ട്സ്  ഓഫീസറെ കാണാന്‍ തിരിച്ചു. ഇടനാഴിയിലൂടെ നടക്കുമ്പോള്‍ കുറച്ചു ദൂരെ  മുറ്റത്ത് ഒരു പെണ്‍കുട്ടി പ്രായമായ ഒരു സ്ത്രീയോട് ദേഷ്യപ്പെടുന്നത് കണ്ടു.
                   
                         "ഹോ.. ഞാനൊരു നൂറു വട്ടം പറഞ്ഞിട്ടുണ്ട്, ഇവിടിങ്ങനെ ഇതൊന്നും ചവച്ചു തുപ്പരുതെന്ന്. എത്ര പറഞ്ഞാലും മനസിലാകില്ല.. ആരേലും കണ്ടാലെന്നെയല്ലെ കുറ്റം പറയൂ."

           ആ വയസ്സായ സ്ത്രീയുടെ വായുടെ വശത്ത് കൂടെ രക്തം ഒലിച്ചിറങ്ങുന്നത് ഞാന്‍ ദൂരെ നിന്നെ കണ്ടു.

                    "വാ.. മതി കറങ്ങി നടന്നത്.. പോകാം.." 
                       
    ആ പെണ്‍കുട്ടി ആ സ്ത്രീയെയും പിടിച്ചു കൊണ്ട് മറ്റൊരു കെട്ടിടത്തിനുള്ളിലേക്ക് കേറിപ്പോയി.. ഇത്രയും അവശയായ ഒരു സ്ത്രീയോട് ആ കുട്ടി എന്തിനാണ് ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്ന് ഞാനോര്‍ത്തു. അച്ഛനോടും ഇവരൊക്കെ ഇങ്ങനെയാണോ പെരുമാറുന്നത് എന്നൊക്കെ ഓര്‍ത്തുകൊണ്ട് ഞാന്‍ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് കാര്യം മനസിലായത്. മുറ്റം നിറച്ചു വെറ്റില മുറുക്കി തുപ്പിയിട്ടിരിക്കുന്നു.!! മുറ്റത്തവിടവിടെ അലിഞ്ഞ സ്ട്രോബെറി ഐസ്ക്രീം പോലെ പിങ്ക് നിറത്തില്‍ മണ്ണ് പറ്റിക്കിടക്കുന്ന 'മുറുക്കിത്തുപ്പലുകള്‍' കണ്ടപ്പോള്‍ എനിക്ക് അച്ഛനെയാണ് ഓര്‍മ്മ വന്നത്. അച്ഛനും അമ്മയും വേര്‍പിരിയാന്‍ തന്നെ കാരണം ഈ വെറ്റില മുറുക്കാണ്.

                അച്ഛനും പഴയ നായര്‍ തറവാടി തന്നെ ആയിരുന്നു. എന്നാല്‍ അമ്മയുടെ തറവാടിന്‍റെയത്ര പ്രൌഢി ഇല്ലായിരുന്നു താനും. അമ്മയുടെ തറവാട്ടിലെ സ്ത്രീകള്‍ ഉള്‍പെടെയുള്ളവരുടെ പ്രധാന വിനോദം വെറ്റില മുറുക്കലായിരുന്നു. രാവിലെ ഉണര്‍ന്നു എണീക്കുന്നത് മുതല്‍, ഭക്ഷണത്തിനു മുമ്പും ശേഷവും അങ്ങനെ തുടങ്ങി ദിവസം ഒരു ഇരുപത്തഞ്ചു പ്രാവശ്യം എങ്കിലും ഓരോരുത്തരും വെറ്റില മുറുക്കും. അച്ഛന്‍റെ വീട്ടിലുള്ളവരും ആവശ്യത്തിനു വെറ്റില മുറുക്കുമായിരുന്നെങ്കിലും അച്ഛനാശീലം ഇഷ്ടമേ അല്ലായിരുന്നു.

                അമ്മ ആദ്യരാത്രിയില്‍ പോലും മുറുക്കിയിട്ട് ആണത്രേ മുറിയില്‍ ചെന്നത്. അന്നേ അച്ഛനും അമ്മയും തമ്മിലുള്ള കലഹം തുടങ്ങിയിരിക്കണം. അച്ഛന്‍റെ നിര്‍ബന്ധപ്രകാരം അമ്മ അത് നിര്‍ത്താന്‍ ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷെ എത്രയൊക്കെ ശ്രമിച്ചിട്ടും അത് തുടര്‍ന്നുകൊണ്ടിരുന്നു. എനിക്ക് ഒരു വയസ്സാകുന്നതിനു മുന്നേ അച്ഛനും അമ്മയും വേര്‍പിരിഞ്ഞിരുന്നു. എന്നെ അമ്മയ്ക്ക് വിട്ടു കൊടുക്കാന്‍ അച്ഛന്‍ സമ്മതിച്ചില്ലത്രേ. അമ്മയുടെ വീട്ടുകാര്‍ക്കും അതിനോടു താല്പര്യം ഇല്ലായിരുന്നു. അവര്‍ അമ്മയെ വീണ്ടും കല്യാണം കഴിപ്പിച്ചു ദൂരേക്ക് എവിടെയോ വിട്ടു. ഞാന്‍ അമ്മയെ കണ്ടിട്ടില്ല.

              ഈ കഥകളൊക്കെ അച്ഛന്‍ തന്നെയാണ് എനിക്ക് പറഞ്ഞു തന്നത്. ഒരിക്കല്‍ ഞാന്‍ ചോദിക്കുകയും ചെയ്തു,

                "അത്രയും കാലം സഹിച്ചില്ലേ..  പിന്നെന്തിനാ പിരിഞ്ഞേ..?"

അച്ഛന് ദേഷ്യം വന്നൂ,
               
     "ആര് സഹിച്ചു.. നിന്നെ ഗര്‍ഭിണിയിരുന്നതുകൊണ്ടുമാത്രമാണ് അവളെ അത്രയുംകാലം ഞാനവിടെ താമസ്സിപ്പിച്ചത്. കൂടിയാ ഒരു മാസം.. അതീക്കൂടുതല് അവളെ ഞാനെന്‍റെ മുറീപ്പോലും കേറ്റിയിട്ടില്ല."

അച്ഛന്‍റെ കണ്ണുകളിലെ ചുണ്ണാമ്പ് വെണ്മയില്‍ വെറ്റിലക്കറയുടെ ചുമപ്പ് പടരുന്നത് ഞാന്‍ കണ്ടു. അച്ഛന്‍ അമ്മയെ ഒരുപാട് കഷ്ടപ്പെടുത്തിയിരിക്കണം. എന്നാലും..

               "രാജീവ്.."
                
ഞാന്‍ ഞെട്ടിത്തിരിഞ്ഞു ശബ്ദം കേട്ട ദിക്കിലേക്ക് തലചരിച്ചു.

               "നിങ്ങളാണോ രാജീവ്‌?" 

അക്കൌണ്ട്സ്  ഓഫീസറുടെ മുറിയുടെ വാതില്‍ക്കല്‍ നിന്ന് കൊണ്ട് ഒരു സ്ത്രീ ചോദിച്ചു. ഞാന്‍ അതെ എന്ന് തലയാട്ടി.

                "അകത്തേക്ക് വിളിച്ചു.."

         മുപ്പത് മുപ്പത്തഞ്ചു പ്രായം വരുന്ന വെളുത്തു മെലിഞ്ഞ സ്ത്രീയാണ്  അക്കൌണ്ട്സ് ഓഫീസര്‍. കഴിഞ്ഞ ആറേഴു മാസമായി ഞാന്‍ അവരെ കാണുന്നുണ്ടെങ്കിലും ഇത് വരെ ഒന്ന് ചിരിച്ചു കണ്ടിട്ടില്ല. ഞാന്‍ അവരോടു സഗൌരവം എന്‍റെ സംശയം അറിയിച്ചു. ഒരു സ്ത്രീക്ക് യോജിക്കാത്ത ഘനഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ അവര്‍ പറഞ്ഞു,

              "മിസ്റ്റര്‍ രാജീവ്‌.. ഇതൊരു ധര്‍മസ്ഥാപനം അല്ലാന്നു നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങളെ പോലെ കാശുള്ള മക്കളുള്ള അച്ഛനമ്മമാരെ കാശുവാങ്ങി ഞങ്ങള്‍ സംരക്ഷിക്കും. മറ്റാരില്‍ നിന്നും ഞങ്ങള്‍ ഒരു സഹായവും സ്വീകരിക്കാറുമില്ല.."

              "എന്നാലും ഒരുമിച്ചു ഇത്രയൊക്കെ കൂട്ടുമ്പോള്‍.." 

   എന്നെ പറഞ്ഞു മുഴുമിപ്പിക്കാന്‍ അവര്‍ അനുവദിച്ചില്ല.

              "നിങ്ങടെ ഫാദറിനു ഷുഗര്‍,പ്രഷര്‍, കാര്‍ഡിയാക് പ്രോബ്ലം ഒക്കെ ഉള്ളതാണ്. മരുന്നുകള്‍ക്കൊക്കെ ഇപ്പൊ തീപിടിച്ച വിലയാണ്. ഓരോ ആഴ്ചയും അവരെ പരിശോധിക്കാന്‍ വരുന്നതും വേണ്ടിവന്നാല്‍ ചികിത്സിക്കുന്നതും സ്പെഷ്യലൈസ്ഡ് ഡോക്ടര്‍സ് ആണ്. പിന്നെ ഭക്ഷണ സാധനങ്ങളുടെ വില.. ഇതെല്ലാം കൂടി ചേര്‍ത്താണ്.. "

         ഒന്ന് നിര്‍ത്തിയിട്ട് അവര്‍ തുടര്‍ന്നൂ,
              
          "മാത്രമല്ല, പ്രായമായവര്‍ക്ക് മാത്രമുള്ള ഒരു ജിംനെഷ്യം കൂടി ഞങ്ങള്‍ ഉടനെ തുടങ്ങുന്നുണ്ട്.."

         എനിക്ക് കൂടുതലൊന്നും ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല. ശരി, ഞാന്‍ അടച്ചോളാം എന്ന് മാത്രം പറഞ്ഞു ഞാന്‍ ബില്ലിംഗ് കൌണ്ടറിലേക്ക് നടന്നു. തിരികെ നടക്കുമ്പോഴും ആ മുറുക്കിത്തുപ്പലുകള്‍ അവിടെ കിടക്കുന്നത് കണ്ടു. ജീവിതത്തിന്‍റെ പച്ചപ്പും വെണ്മയും നഷ്ടപ്പെടുമ്പോള്‍ ബാക്കിയാവുന്ന ചണ്ടിയും നീരും ചവച്ചെറിയാനുള്ള കോളാമ്പിയാണ് വൃദ്ധസദനങ്ങള്‍ എന്ന് ഉള്ളിലിരുന്നാരോ കരഞ്ഞു. ആരോടും ഒന്നും മിണ്ടാതെ കൌണ്ടറില്‍ മൂന്നു മാസത്തെ കാശ് ഒരുമിച്ചു അടച്ചു. ഇനി മൂന്നു മാസം കഴിഞ്ഞല്ലേ വരൂ.

          അച്ഛനോട് യാത്ര പറയാനായി അച്ഛന്‍ താമസിക്കുന്ന മുറിയിലേക്ക് ചെന്നൂ. അച്ഛന്‍ മുറിയുടെ പുറത്ത് തന്നെ നില്പുണ്ട്. അച്ഛന്‍ കഴിഞ്ഞ മാസത്തെക്കാളും കുറച്ചു കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നി. മുഖത്ത് ഒരു പ്രസന്നതയും വന്നിട്ടുണ്ട്.

            "ഇന്ന് നീ വരുന്ന ദിവസ്സമാണല്ലോ.. കണ്ടില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തതെ ഉള്ളു." 
          
            അച്ഛന്‍ എന്‍റെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു. ഞാന്‍ മെല്ലെ ഒന്ന് ചിരിച്ചു. അച്ഛന് സുഖമാണോ എന്നൊന്നും ഞാന്‍ ചോദിക്കാറില്ല. അത്തരം ഔപചാരികതകള്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടവുമല്ല. ഞാന്‍ പറഞ്ഞു,

           " എന്‍റെ കമ്പനിയുടെ ഒരു പ്രൊജക്റ്റ്‌ . ജപ്പാനില്‍.. നാളെ പോകും.. മൂന്ന് മാസം കഴിഞ്ഞേ വരൂ." ഞാന്‍ അച്ഛന്‍റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. ചെറിയൊരു വിഷമം തളം കെട്ടിയെങ്കിലും അച്ഛനത് വളരെ വിദഗ്ദമായി ഒളിപ്പിച്ചു.

           "ലക്ഷ്മീം മോനും വരുന്നുണ്ടോ.?" അച്ഛന്‍ ചോദിച്ചു.

           "ഉണ്ട്.. മൂന്നു മാസം ഇല്ലേ." അച്ഛന്‍ ശരിയാണ് എന്ന മട്ടില്‍ തലയാട്ടി.

          "എന്നാപ്പിന്നെ പോയിട്ടൊക്കെ വാ.. അച്ഛനിവിടെ ഒരു കുറവും വരാതെ ഇവര് നോക്കുന്നുണ്ട്.." 

            ഞാന്‍ അച്ഛനെ തന്നെ നോക്കി നിന്നൂ..

            "നിന്‍റെ സാഹചര്യവും മനസ്സുമൊക്കെ അച്ഛന് നന്നായി അറിയാം. എന്നെ ഓര്‍ത്തു വിഷമിക്കുകയൊന്നും വേണ്ട." അച്ഛനെന്‍റെ തോളില്‍ പതിയെ തട്ടിക്കൊണ്ടിരുന്നു.

            "പിന്നെ.. നീ എനിക്കൊരു അഞ്ഞൂറ് രൂപ തരണം." 

             ഇവിടെ വന്നശേഷം ഇതുവരെയും അച്ഛനെന്നോട് കാശ് ചോദിച്ചിട്ടില്ല. വൃദ്ധസദനത്തില്‍ അച്ഛന് കാശിന്‍റെ ആവശ്യവും ഇല്ല. ഞാന്‍ പേഴ്സ് തുറന്നു കാശ് എടുക്കുന്നതിനിടയില്‍ ചോദിച്ചു,

              "എന്തിനാ...?"

               "ഒരു കോളാമ്പി വാങ്ങാന്‍.."

              "ഏഹ്!!!" ഞാനൊന്നു ഞെട്ടി.. അച്ചനെന്തിനു കോളാമ്പി. അച്ഛന്‍ ഇനി മുറുക്കാന്‍ തുടങ്ങിയോ. ഞാന്‍ ചോദിച്ചു,

               "അച്ഛനെന്തിനാ കോളാമ്പി?!! അച്ഛനും തുടങ്ങിയോ?!!!"

               "എനിക്കല്ലെടാ.. നിന്‍റെ അമ്മയ്ക്കാ..."

       ഞാന്‍ ആശ്ചര്യചിത്തനായി നില്‍ക്കുന്നതിനിടയില്‍ അച്ഛന്‍ തുടര്‍ന്നു,

               "അവളിവിടുണ്ട്.. ഒരു മാസത്തോളമായി വന്നിട്ട്."

 അച്ഛന്‍ എന്‍റെ കയ്യില്‍ നിന്നും കാശ് പിടിച്ചു വാങ്ങി.

           "എന്നാ നീ ഇനി പൊയ്ക്കോ.. പോയിട്ട് വാ.. "

         ഞാന്‍ ആശ്ചര്യചകിതനായി  അവിടെ നില്‍ക്കുമ്പോള്‍ അച്ഛന്‍ മുറിയില്‍ കേറി വാതില്‍ അടച്ചു കഴിഞ്ഞു..!

തുടർന്ന് വായിക്കുക...