അനാവൃതം

അനാവൃതം


ആതിരയെ അമ്മ തന്‍റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു.രണ്ടു പേരും മുറ്റത്ത് പുറം തിരിഞ്ഞു നിന്നു ഫോണില്‍ സംസാരിക്കുന്ന വേണു മാഷിനെ തന്നെ നോക്കി നിന്നു.
             
              "മാഷിനു ചായയോ എന്തേലും കൊടുക്കണ്ടേ..? നാണക്കേടല്ലേ..?" അമ്മ മെല്ലെ ആതിരയോടു ചോദിച്ചു.
             
                "മാഷിനു പെട്ടന്ന് പോണംന്ന്.. ഞാന്‍ നിര്‍ബന്ധിച്ചിട്ടാ കേറിയത്‌.. ഇപ്പൊ പോകും..." ആതിര അതിലും മെല്ലെ അമ്മയോട് പറഞ്ഞു.
        
               രണ്ടു പേരും വേണുമാഷിനെ തന്നെ നോക്കി നിന്നു.ആതിരയുടെ സ്കൂളിലെ കണക്കുമാഷാണ് വേണുഗോപാലന്‍ നായര്‍ എന്ന വേണു മാഷ്.അവിവാഹിതനായ മാഷിന് നാല്‍പതു വയസ്സിനു മുകളില്‍ പ്രായം വരും.ആതിരയുടെ ക്ലാസ്സ്‌ ടീച്ചറുമാണ്.ആതിരയുടെ പ്രിയപ്പെട്ട വിഷയം കണക്ക് ആയതിനാലാകാം ആതിരക്ക് മാഷിനോട് പ്രത്യേക സ്നേഹവും ബഹുമാനവുമാണ്.എല്ലാ കുട്ടികളോടും ഒരുപോലെ സൗമ്യമായി പെരുമാറുന്ന മാഷിനെ ആതിരക്ക് മാത്രമല്ല സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും പ്രിയമായിരുന്നു.ആതിരയും അമ്മയും മാഷിന്‍റെ ഫോണ്‍ സംഭാഷണത്തില്‍ ശ്രദ്ധിച്ചു.
          
                  "ഇല്ലാ.. ഞാനിപ്പോ എത്തും.. നമ്മുടെ ദാമോദരന്‍ മാഷിന്‍റെ  വീട്ടില്‍ പോയിട്ട് വരണ വഴി ക്ലാസ്സിലെ ഒരു കുട്ടിയെ കണ്ടു. അവളോട്‌ വര്‍ത്താനം പറഞ്ഞോണ്ട് നിക്കുവാ. ഒരരമണിക്കൂറിനുള്ളില്‍ ഞാനെത്തും.."

               മാഷ് ഫോണ്‍ കട്ട്‌ ചെയ്തിട്ട് ആതിരയുടെ നേര്‍ക്ക് തിരിഞ്ഞു. എന്നിട്ട് അമ്മയോടായി സൗമ്യനായി പുഞ്ചിരിയോടെ,
            
             "ആതിര നിര്‍ബന്ധിച്ചത് കൊണ്ട് കേറിയതാ. പോയിട്ട് കുറച്ച് കാര്യമുണ്ടായിരുന്നു. ഒരു പുസ്തകപ്രകാശനം. വായനശാലയില്‍.."
       
            "ഇത് വരെ വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ....."അമ്മ വളരെ സ്വാഭാവികമായിട്ടു മാഷിന് മുന്നില്‍ അഭിനയിക്കുന്നത് ആതിര അതിശയത്തോടെ നോക്കി നിന്നു.
      
             "ഇല്ലാ.. പിന്നൊരിക്കലാകാം... ഇനി നടന്നു കടവിലെത്തി വള്ളം പിടിച്ചു അക്കരെ എത്തണ്ടേ.." മാഷിന്‍റെ  സ്ഥിരം സൗമ്യഭാവം ആതിര സാകൂതം നോക്കി നിന്നു. മാഷിന്‍റെ  ഈ സുന്ദരമായ താടിയാണു മാഷിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് എന്ന് അവള്‍ക്കു തോന്നി. ചിലപ്പോഴൊക്കെ ക്ലാസ്സില്‍ ആതിരയും കൂട്ടുകാരും ചേര്‍ന്ന് മാഷിന്‍റെ താടിയില്‍ അവിടവിടെ കാണുന്ന നരച്ച രോമങ്ങളുടെ കണക്കെടുക്കാറുമുണ്ട്. മാഷ് തുടര്‍ന്നു,

             "എനിക്കാണെങ്കില്‍ ഇവിടുത്തെ ഈ ഊട് വഴികളൊന്നും അത്ര നിശ്ചയോല്ലാ.. എന്തായാലും ഇറങ്ങുവാ.."

അമ്മ ശരിയെന്നു തലയാട്ടി. മാഷ് ആതിരയോടും യാത്ര ചോദിക്കാനായി അവളുടെ മുഖത്തേക്ക് നോക്കി എന്തേലും പറയുന്നതിന് മുന്നേ അവള്‍ പറഞ്ഞൂ,

              "ഞാനും വരാം മാഷെ കടവ് വരെ.." കൂടെ ചാടി മുറ്റത്തേക്ക് ഇറങ്ങുകയും ചെയ്തു. എന്നിട്ട്‌ അമ്മയോടായി,

              "അമ്മേ ഞാനിപ്പോ വരാം.. എഹ്..?"
അമ്മ സന്തോഷപൂര്‍വ്വം സമ്മതിച്ചു. എന്നിട്ട്‌ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ മാഷിനോടായി,

                "ഇവളു പഠിക്കുന്നൊക്കെ ഉണ്ടല്ലോ ല്ലേ മാഷേ..?"

മാഷ് തിരിഞ്ഞു അടുത്ത് നിന്ന ആതിരയുടെ തലയില്‍ തലോടിക്കൊണ്ട് പറഞ്ഞു,

              "ഇവളു നമ്മുടെ ഏഴാംക്ലാസ്സിന്‍റെ റാണിയല്ലേ..."

ആതിരയുടെ മുഖം നാണവും സന്തോഷവും കൊണ്ട് ചുവന്നു തുടുത്തു. അവള്‍ ചിരിച്ചു കൊണ്ട് ഓടി പുറത്തെ വഴിയില്‍ പോയി നിന്നു.

                "എനിക്ക് ആകെ ഇവളു മാത്രേ ഉള്ളൂ.. നല്ലോണം നോക്കിക്കോളണേ മാഷേ..." അമ്മ അപേക്ഷിക്കുന്ന രീതിയില്‍ ഇത്രയും പറഞ്ഞുകൊണ്ട് മുറ്റത്തേക്കിറങ്ങി.
     
               "അവളു മിടുക്കിയല്ലേ.. അപ്പൊ ശരി.. ഇറങ്ങുവാ.." 


              മാഷും ആതിരയും ഇടവഴിയിലൂടെ മെല്ലെ നടന്നു. 
സ്കൂളിലെത്തിയാല്‍ എപ്പോഴും ഒരു വായാടിക്കുട്ടിയാണ് ആതിര.അവളുടെ ചില നിസ്സാര സംശയങ്ങള്‍ പോലും പലപ്പോഴും അധ്യാപകരെ ചിന്തിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും അവളെ വല്യ കാര്യവുമാണ്. എന്നാലിപ്പോ തന്‍റെ  പ്രിയപ്പെട്ട വേണുമാഷിനെ തൊട്ടടുത്ത് കിട്ടിയിട്ടും അവള്‍ ഒന്നും മിണ്ടാതെ നടന്നു.
മാഷാണ് സംഭാഷണത്തിന് തുടക്കമിട്ടത്..

              "മോള്‍ടെ അച്ഛനെവിടെ പോയി.?" മാഷ് സൗമ്യനായി ചോദിച്ചു.

        മോളെ എന്നുള്ള വിളിയോ,അതോ ആ ചോദ്യമോ,ആതിരയുടെ മനസ് ഒരു നിമിഷം നിശ്ചലമായി ശൂന്യമായി നിന്നു. പക്ഷെ തന്‍റെ  സഹജമായ ഉത്സാഹത്തോടെ തന്നെ അവള്‍ ചോദിച്ചു,

               "എനിക്ക് അച്ഛനില്ലാന്നു മാഷിനറിയില്ലേ...?"

         വേണു മാഷ് ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ സ്തബ്ധനായിപ്പോയി. തനിക്കത് അറിയില്ലായിരുന്നു എന്ന് ആതിരയോടു എങ്ങനെ പറയുമെന്നതിനെക്കാള്‍, ആ ചോദ്യം ചോദിച്ചല്ലോ എന്ന ചിന്തയില്‍ മാഷ് അല്‍പനേരം നിര്‍നിമേഷനായി. ഈ കുട്ടിയോട് ഞാനെന്തു പറയണം, എന്ത് പറ്റിയതാണെന്ന് ചോദിച്ചാല്‍ വിഷമമായാലോ എന്നൊക്കെ ചിന്തിച്ചു മാഷ് നില്‍ക്കുന്നതിനിടയില്‍ ആതിര തുടര്‍ന്നു,

               "അച്ഛനു വേറെ ഭാര്യേം മക്കളും ഉണ്ട്. എവിടെയാണ് എന്നറിയില്ലാ. ഞാന്‍ കണ്ടിട്ടില്ലാ.. അച്ഛനേം ആരേം..."

യാതൊരു വിധ ഭാവവ്യത്യാസവും ഇല്ലാതെ അവള്‍ തുടര്‍ന്നു കൊണ്ടിരുന്നൂ. ഒരു ഏഴാം ക്ലാസ്സുകാരിയുടെ അതിപക്വതയാര്‍ന്ന മനസ് ഒരു സ്ഫടികപ്പാത്രത്തിലെന്ന പോലെ മാഷിനു മുന്നില്‍ അനാവൃതമാകുകയായിരുന്നു.

                 "മാഷ് നിരീശ്വര വാദിയാണോ..?" തീരെ പ്രതീക്ഷിക്കാത്തൊരു ചോദ്യം. മാഷ് ഒരു നിമിഷം ചിന്തിച്ചു. ആതിര നടക്കുന്നതിനിടയില്‍ മാഷിനെ തന്നെ നോക്കിക്കൊണ്ടിരുന്നു.

                 " അല്ലാ.. എന്തേയ്...?" മാഷ് ആതിരയെ സസ്സൂക്ഷ്മം നോക്കി.

                "ഈ നിരീശ്വരവാദികള്‍ സത്യസ്സന്ധരും സ്നേഹമുള്ളവരും ആയിരിക്കുമെന്ന് ഞാന്‍ ഈയിടയ്ക്ക് വായിച്ചു. മാഷിനെ പോലെ.." അവള്‍ മാഷിനെ ഒരു ചെറു പുഞ്ചിരിയോടെ  നോക്കി.

             മാഷിനു ആതിരയോടു പ്രത്യേകിച്ചൊരു വാത്സല്യം തോന്നി. മാഷ് നടക്കുന്നതിനിടയില്‍ അവളുടെ തലയില്‍ മെല്ലെ തലോടുകയും ചെയ്തു. 
ഇടവഴിയുടെ അങ്ങേയറ്റത്ത് ഒരു ചെറിയ മുറുക്കാന്‍ കട കാണാറായി. അവിടുന്ന് അല്പം കൂടി നടന്നാല്‍ കടവ് ആയി. മുറുക്കാന്‍ കടയുടെ മുന്നിലെ തടിച്ചുമരില്‍ ഏതോ സിനിമാപോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത് കാണാം.

                "ഈ കാവ്യാമാധവനെന്താ മാഷേ പിന്നേം കല്യാണം കഴിക്കാത്തെ...?"

             മാഷ് തെല്ലൊന്നു ഞെട്ടി. ആതിര എപ്പോഴുമിങ്ങനെയാണ്. എപ്പോള്‍ എന്ത് ചോദിക്കുമെന്ന് അവള്‍ക്കു തന്നെ നിശ്ചയമുണ്ടാകില്ല. മാഷ് എന്ത് പറയണമെന്നറിയാതെ അവളുടെ കയ്യില്‍ ഒന്ന് മുറുകെ പിടിക്കുക മാത്രം ചെയ്തു. ഈ ചോദ്യങ്ങള്‍ക്കെല്ലാം അവള്‍ ഉത്തരം പ്രതീക്ഷിക്കുന്നുണ്ടോ? മാഷ് മനസ്സില്‍ ഓര്‍ത്തു.

              "മാഷെന്താ കല്യാണം കഴിക്കാത്തെ...?" നിഷ്കളങ്കമായ അടുത്ത ചോദ്യം. 
അവളുടെ ചോദ്യങ്ങള്‍ക്കൊന്നും തന്നെ മാഷിന്‍റെ കയ്യില്‍ ഉത്തരമില്ലായിരുന്നു.

              "എന്‍റെ  അമ്മേം കല്യാണം കഴിച്ചിട്ടില്ലാ.." 

അത്രയും നേരം ഇല്ലാതിരുന്ന ഒരു ഉത്സാഹക്കുറവു അത് പറഞ്ഞപ്പോ അവളുടെ ശബ്ദത്തിനുണ്ടായിരുന്നു. വേണുമാഷിനു എന്ത് പറയണം എന്നറിയില്ലായിരുന്നു. ഈ കുട്ടിയോട് വായടച്ചു മിണ്ടാതിരിക്കാന്‍ പറഞ്ഞാലോ എന്ന് മാഷോര്‍ത്തു. പക്ഷെ അവളുടെ ഓരോ പറച്ചിലിനും ഓരോ തലോടല്‍ കൊണ്ട് മാത്രം മാഷ് മറുപടി പറഞ്ഞു.

                "അച്ഛന്‍ അമ്മയുടെ കാമുകനായിരുന്നു.. ഞാന്‍ ജനിക്കും മുന്‍പേ അച്ഛന്‍ എങ്ങോട്ടോ പോയി..." 

         അവള്‍ കരയറായോ? മാഷ് ആതിരയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഏയ്‌.. ഇല്ല.. അവളങ്ങനെ പെട്ടന്നൊന്നും കരയുന്ന കൂട്ടത്തിലല്ല. മാഷിന്‍റെ പരിചിതമല്ലാത്ത നോട്ടം കണ്ട അവള്‍ തിരിച്ചു ചോദിച്ചു,
  
                   "എന്താ മാഷേ...?"

         മാഷ് ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു, "ഒന്നുമില്ലാ.. കടവെത്താറായി.. ഇനി മോള് പൊയ്ക്കോ.. അമ്മ ഒറ്റയ്ക്കല്ലേ ഉള്ളൂ.." മാഷ് അവളുടെ തലയില്‍ തലോടിക്കൊണ്ടിരുന്നു.

                   "അത് സാരമില്ല.. മാഷ് വള്ളത്തില്‍ കേറി പോയിട്ടേ ഞാന്‍ പോണൊള്ളൂ. അമ്മ  ഒന്നും പറയില്ലാ.. എന്‍റെ  അമ്മ പാവമാ..."
മാഷ് അവളുടെ കയ്യും പിടിച്ചു നടന്നു.

          പിന്നെ കടവിലേക്കുള്ള പടിക്കെട്ട് എത്തുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല. മാഷിനു അവളോട്‌ എന്തെങ്കിലും സംസാരിക്കാനുള്ള വിഷയം ആലോചിച്ചിട്ടു കിട്ടിയതുമില്ല. മനസ്സില്‍ ഒരു കടല്‍ ഇരമ്പിക്കൊണ്ടിരിന്നു. അവര്‍ അവിടെ എത്തിയപ്പോഴേക്കും ഒരു വള്ളം അക്കരെ പോകാന്‍ തയ്യാറെടുക്കുന്നുണ്ടായിരുന്നു.

        വേണു മാഷ് ആതിരയുടെ കവിളില്‍ മെല്ലെ തട്ടിക്കൊണ്ട് പറഞ്ഞു, 

                  "ഇനി മോള് പൊയ്ക്കോ.. നാളെ സ്കൂളില്‍ കാണാം.. "

         ആതിര ഒന്നും മിണ്ടിയില്ല. ശരിയെന്നു  തലയാട്ടുക മാത്രം ചെയ്തു. അവളുടെ മുഖത്ത് സ്ഥിരമുള്ള ആ പുഞ്ചിരി അപ്പോള്‍ കണ്ടില്ല. മാഷ് അത് ശ്രദ്ധിച്ചുവെങ്കിലും കാണാത്ത ഭാവത്തില്‍ ചിരിച്ചുകൊണ്ട് പടികളിറങ്ങി. നാലഞ്ചു പടികളിറങ്ങിയതെയുള്ളൂ, പുറകില്‍ നിന്നും ആതിരയുടെ ശബ്ദം,

                 "മാഷെ..."

          മാഷ് തിരിഞ്ഞു നോക്കി .ആതിരയുടെ വിടര്‍ന്ന കണ്ണുകള്‍ കണ്ണുനീര്‍ നിറഞ്ഞു തിളങ്ങുന്നു. അവള്‍ അല്പം ഇടറിയ ശബ്ദത്തില്‍ ചോദിച്ചു,

                  "മാഷിനു എന്‍റെ  അമ്മയെ കല്യാണം കഴിച്ചൂടെ....?"

                 
©മനോജ്‌ വെള്ളനാട്38 comments:

 1. ചെറിയ വായിലെ വലിയ ചോദ്യങ്ങള്‍ ..നല്ല കഥ .പ്രമേയത്തെക്കാള്‍ ഇഷ്ടായത് അവതരണമാണ് .:)

  ReplyDelete
  Replies
  1. വളരെ സന്തോഷം അനാമിക.. ഇനിയും വരണം.. ;)

   Delete
 2. വായനക്കാദ്യം തന്നെ എന്റെ മനസ്സില്‍ തോന്നിയിരുന്നു ഇങ്ങനെ ഒരു ചോദ്യം .ഉത്തരം കിട്ടാതെ ചോദ്യം അവസാനിച്ചിരിക്കുന്നു...ഭാവനപോലെ ഉത്തരങ്ങള്‍ മെനയാം വായനക്കാരന് അല്ലെ ...നല്ല വരികള്‍ ആശംസകള്‍ ....

  ReplyDelete
  Replies
  1. എതൊരു വായനക്കാരനും എഴുത്തുകാരനും മുന്‍പേ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.. വിജയിച്ചു അല്ലെ... ;) വളരെ സന്തോഷം.. വായനക്കും, അഭിപ്രായത്തിനും..

   Delete
 3. നല്ല കഥ
  അവസാനം ഇങ്ങനെയായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല
  അവിടെ കഥാകാരനും വിജയിച്ചു

  ReplyDelete
  Replies
  1. ;) ;) നന്ദി അജിത്തേട്ടാ.. ;)

   Delete
 4. उस अध्यापक के उत्तर क्या होगा?..................बहुत अच्छा कहानी है जी। बच्चे ऐसे ही है,बिलकुल निष्कट........।

  ReplyDelete
 5. ശുഖ്രിയ വിനോദ്.. ഉത്തരം എനിക്കും അറിയില്ല.. ;)

  ReplyDelete
 6. ഒന്നും പറയാനില്ല ......മനസ്സൊന്നു പിടഞ്ഞു ....!!!! ഭാവുകങ്ങള്‍ ......തുടരുക ...!!!!

  ReplyDelete
  Replies
  1. സന്തോഷം അരുണ്‍.. ഇനിയും വരണം..

   Delete
  2. ഭാവുകങ്ങള്‍ ......തുടരുക ...!!!!

   Delete
  3. ;) വളരെ നന്ദി സന്ദീപ്‌ സര്‍... ;)

   Delete
 7. ആതിരയുടെ ചോദ്യങ്ങള്‍ വീണ്ടും തുടരട്ടെ ...........നല്ല വായനാ സുഖം ......ആശംസകള്‍ .

  ReplyDelete
  Replies
  1. നന്ദി Karan... വീണ്ടും വരണം.. ;)

   Delete
 8. വളരെ സാധാരണമായി പോയേക്കാവുന്ന കഥ അവസാന ചോദ്യത്തോടെ മിഴിവുറ്റതാക്കി. ആശംസകള്‍ മനോജ്‌

  ReplyDelete
  Replies
  1. നന്ദി നിസ്സാരന്‍.. ;) ;)

   Delete
 9. അതിരയപ്പോലെ ഒരുപാട് കുട്ടികളേ നമുക്കിടയിൽ കാണം അല്ലേ
  നല്ല എഴുത്ത്

  ReplyDelete
 10. ഇതു വായിച്ചപ്പോള്‍ മനസ്സിലൂടെ ഒരായിരം ചോദ്യങ്ങള്‍ കടന്നു പോയി ഗുരു ശിഷ്യ ബന്ധതിന്‍റ് ,അനാഥയായ ഒരു കുട്ടിയുടെ ,.ഏതോ സാഹചര്യത്തില്‍ അമ്മയകേണ്ടി വന്ന ഒരു യുവതിയുടെ ,മനസ്സിന്റെ തേങ്ങലുകള്‍ .,.,എല്ലാം നൂറു ശധമാനം പൂര്‍ണമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു ,കണ്മുന്നില്‍ ഈ രംഗങ്ങള്‍ പലകുറി മിന്നി മറിഞ്ഞു .അഭിനന്ദനങ്ങള്‍ മനോജ്‌ ,.,.,ക്ലൈമാക്സ് സൂപ്പെര്‍ .,.,.,കീപ്‌ ഇറ്റ്‌ അപ് .,.,.,

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷം അസിഫ്.. ഈ എളിയ രചനകള്‍ മറ്റൊരാളുടെ മനസ്സിനെ സ്പര്‍ശിച്ചു എന്നത് തന്നെ ഒരുപാട് പ്രചോദനം നല്‍കുന്നു.. സ്നേഹത്തോടെ...

   Delete
 11. ഒരൊറ്റ ചോദ്യം കൊണ്ട് സുന്ദരമായൊരു കഥ

  ReplyDelete
 12. അവസാനം നന്നായില്ല എന്നാണ്‌ തോന്നുന്നത്. എന്തോ എനിക്ക് അങ്ങനെയാണ് തോന്നുന്നത്. അതുവരെ വളരെ ഇഷ്ടമായി. അഭിനന്ദനങ്ങള്‍.........

  ReplyDelete
 13. നല്ല കഥ.. ഇടയ്ക്കെപ്പോളേ എനിക്കും തോന്നി ഇങ്ങനെ ഒരു ചോദ്യമുണ്ടാകുമെന്ന്

  ReplyDelete
 14. orupadu nobarangal undakunna onnu valare saralamayi avatharipichu. manasil sankadangal pinneyum bhakiyayi....

  ReplyDelete
 15. മനോഹരമായ അവതരണം. നല്ല കഥ. പക്ഷേ ആ അവസാന ചോദ്യം വേണ്ടായിരുന്നുവെന്ന്‍ തോന്നി...

  ReplyDelete
 16. സുന്ദരമായ ഒരൊഴുക്കുപോലെ ഒരു കഥ

  ReplyDelete
 17. ക്ലീഷേ പ്ലോട്ട്.പക്ഷെ അവതരണം മിഴിവുറ്റതായി :)

  ReplyDelete
 18. വളരെ നല്ല കഥയായിരുന്നു,നല്ല വായന തന്നു.
  ഞാൻ വായിച്ച് വന്ന് ആ മാഷും അമ്മയും അവിവാഹിതരാ ന്ന് വെളിപ്പെട്ടപ്പോൾ മുതൽ ഞാൻ ഇങ്ങനൊരു ചോദ്യം അവളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു. കാരണം അവൾ വായാടിയാണ് എന്ന് അറ്റ്ഹിലാദ്യം സൂചിപ്പിച്ചിരുന്നു. എനിക്ക് പക്ഷെ ആ അവതരണം നല്ല ഇഷ്ടമായി. നല്ല രസമായി ഒഴുക്കോടെ പറഞ്ഞു പോയി.
  ആശംസകൾ.

  ReplyDelete
 19. സ്വന്തം അമ്മക്ക് ഒരു ജീവിതം വേണമെന്ന് ആഗ്രഹിക്കുന്ന ഒരു കുട്ടി
  ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നതില്‍ ന്യായം ഉണ്ട് ..

  "ഈ കാവ്യാമാധവനെന്താ മാഷേ പിന്നേം കല്യാണം കഴിക്കാത്തെ...?"

  ഈ ചോദ്യം തന്നെ ആ കുട്ടിയുടെ മനോവിചാരങ്ങള്‍ വെളിവകുന്നുന്ദ് .
  ഈ ചോദ്യം കൊണ്ട് കഥയുടെ സ്വഭാവം മൊത്തം അങ്ങ് മാറി ..
  നന്നായിരിക്കുന്നു ..കഥ ഗ്രൂപ്പില്‍ നിന്നാണ് ലിങ്ക് കിട്ടിയത്

  ReplyDelete
 20. നന്നായിരിക്കുന്നു .. കുട്ടിക്കാലത്തിന്റെ ഓര്‍മകളിലൂടെ എഴുതുന്നത്‌ ഒരു സുഖമാണ് .. ആശംസകള്‍ ...

  പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഷീല ടീച്ചര്‍ ആണെന്ന് തോന്നുന്നു സൂര്യഗ്രഹണം, എന്താണെന്നും , അതിന്റെ വിശദാംശങ്ങള്‍ പറഞ്ഞു തന്നതും ..അന്നെല്ലാം രവി ശ്രദ്ധിച്ചിരുന്നത് സൂര്യനും , സൌരയൂധത്തെക്കാളുപരി ടീച്ചറുടെ ചുവന്ന വലിയ കുങ്കുമ പൊട്ടും , എപ്പോഴും ഇമ വെട്ടിക്കൊണ്ടിരിക്കുന്ന കണ്‍ പീലികളുമായിരുന്നു ..
  try my blog
  http://vallavanad.blogspot.in/2013/02/blog-post_17.html

  ReplyDelete
 21. ആതിരയുടെ ചോദ്യങ്ങളെ കുറിച്ചുള്ള മാഷിന്‍റെ ആശങ്ക പങ്കു വെച്ചപ്പോള്‍ തന്നെ കഥയുടെ അവസാനം ഇങ്ങിനെ ആയിരിക്കുമെന്ന് ഊഹിച്ചു. നല്ല അവതരണം മനോജ്‌....

  ആശംസകള്‍

  ReplyDelete
 22. നിഷ്കളങ്കമായ ചോദ്യങ്ങള്‍ പലപ്പോഴും ജീവിതത്തെ പിടിച്ച്ചുലയ്ക്കും ..
  ശരിയായ ചോദ്യങ്ങള്‍ പലപ്പോഴും ബാലമനസുകളിലാണ്‌ ഇടം പിടിക്കുന്നത്‌ , നമ്മുടെ ചോദ്യങ്ങള്‍ പലപ്പോഴും കാപട്യങ്ങളല്ലേ ...അല്ലെങ്കില്‍ സമൂഹത്തിന്റെ തടവറകളില്‍ നിന്ന് അവയെ സ്വതന്ത്രമാക്കാന്‍ നാം മടിക്കുന്നു ....

  ReplyDelete
 23. 101 ചോദ്യങ്ങൾ എന്നൊരു പുതിയ സിനിമ യില്ലേ.. അത് കണ്ടെന് ശേഷം തലേന്ന് പോണില്ല.. ഇത് വായിച്ചപ്പൊ അതുപോലെ തോന്നി..

  ReplyDelete
 24. അവസാനത്തെ ചോദ്യം ആതിരയുടെ പക്വതയില്ലായ്മയാണ് കാട്ടിത്തരുന്നത്.

  ReplyDelete
 25. മാനോജ് കുമാറിന്റെ കഥ 'അനാവൃതം' മനോഹരമായ ഒരു കഥയാണ്‍. സുഗമവും സുതാര്യവുമായ ആഖ്യാനം. തെളിഞ്ഞ ഭാഷ. പുഴയെപ്പോലെ ആഖ്യാനം ഒഴുകുമ്പോഴും മാഷിന്റെയും അമ്മയുടെയും ബന്ധത്തിലെ ഭാവനാപൂർണ്ണമായ സാദ്ധ്യതകളും തുറവികളും അതിനെ ആഴപ്പെടുത്തുന്നുണ്ട്. കുട്ടിയുടെ ഒടുവിലെ നിഷ്ക്കളങ്കമായ ചോദ്യം ഒരപൂർവ്വ ചാരുത ആഖ്യാനത്തില് കലര്ത്തുന്നു. എഴുത്തിലെ ഈ മികാവുകള് കുടുതല് സങ്കീർണ്ണമായ ജീവിത യാഥാർത്ഥ്യന്ങളിലേക്ക് കടന്നുനിൽക്കാൻ എഴുത്തുകാരനു പ്രേരണയാകട്ടെ.

  pjjantony

  ReplyDelete
 26. പിതൃസഹജമായ വേണുമാഷിന്‍റെ പെരുമാറ്റം അച്ഛന്‍റെ സ്നേഹത്തിനായി ദാഹിച്ചുമോഹിച്ചിരുന്ന ആതിരയില്‍ പ്രതീക്ഷയുണര്‍ത്തി.അതാണ്‌ ഉത്തരം തേടുന്ന
  വാക്കുകളായി പുറത്തുചാടിയത്‌...
  നന്നായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 27. അവസാനം ഊഹിച്ചെങ്കിലും, കഥ ഇഷ്ടമായി

  ReplyDelete
 28. മനസ്സിനെ സ്പര്‍ശിക്കുന്ന അവതരണം . വായനക്കാരന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കഥയുടെ അവസാനം ..ഈ കഥയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍ സര്‍ ..

  ReplyDelete
 29. ഒരു കഥയിൽ എത്രത്തോളം വൈകാരികത ഉൾക്കൊള്ളിക്കാമോ അത്രയും..സാഹചര്യത്തിന് അനുസരിച്ച് വളരെ മികവോടെ അവതരിപ്പിച്ചു. ശരിക്കും ഹൃദയ സ്പർശിയായ കഥ... സൂപ്പർ

  ReplyDelete