അച്ഛന്‍ മരിച്ചെങ്കില്‍.. (കവിത)മുറ്റത്തിരുട്ടത്തതെന്തോ കിലുങ്ങിയോ?,
യെന്റമ്മേ..! യച്ഛന്‍ നേരത്തെയെത്തിയോ!?
മദ്യത്തിന്‍ മണമില്ല,തിളംകാറ്റിലിലയാട്ട-
മാശ്വാസ,മെന്‍ ശ്വാസഗതിയിലും മനസിലും.

അച്ഛനെന്നും മദ്യമാണതു ജീവിതം,
അച്ഛനെന്തെന്നെനിക്കൊട്ടുമറിയില്ല,
അച്ഛനെന്നച്ഛനെന്നച്ഛനുമോര്‍ക്കില്ല,
അച്ഛനെന്നും മദ്യമാണതു സര്‍വതും.

പിഞ്ചുനാള്‍ തൊട്ടു ഞാന്‍ കാണുന്ന കാഴ്ച-
യിലമ്മയ്ക്കു കണ്ണീരു,മച്ഛന് കള്ളുമാ-
ണച്ഛന്റെ കണ്ണുകള്‍ക്കെന്ത്‌ ചുമപ്പെന്നോ,
അമ്മയ്ക്കതുള്‍ നീറുമുയിരിന്‍റെ ചുടലയും.

താതന്‍ വിഷജന്യ തീര്‍ത്ഥം നുണഞ്ഞെന്നു-
മിരുകാലുമുറയ്ക്കാതൊരു കാലമെത്തി-
യിട്ടമ്മതന്‍ നെഞ്ചത്തെരിയുന്ന നെരിപ്പോടി-
ലമിട്ടു പൊട്ടിച്ചാര്‍ത്തലറുമോരന്തികള്‍.

ഭാഷയ്ക്കറപ്പുള്ള ഭാഷയും ചൊല്ലിയി-
ട്ടനിയത്തിയെക്കാട്ടിയിട്ടി,താരുടെ ബീജ-
മെന്നാവര്‍ത്തിച്ചോതിയു,മെന്നെയും
തല്ലിയിട്ടെന്നുമുറങ്ങാതിരിക്കുന്നോന്‍.

ഉച്ചക്ക് പച്ചരിച്ചോറുണ്ട് പശിമാറ്റി,
പഞ്ചാരതൂകിയിട്ടൊരു നേരമൊരു കാപ്പി,
അമ്മതന്‍ കണ്ണീരുപ്പൊട്ടു കലരാതെ-
യെന്നെങ്കിലും എന്‍റെ ദാഹം ശമിക്കുമോ?

മദ്യം വിഷമെങ്കിലച്ഛന്‍ മരിക്കില്ലേ?
അച്ഛന്‍ മരിച്ചാലെന്‍ ദുഃഖം ശമിക്കില്ലേ?
അച്ഛന്‍ മരിച്ചിട്ടെന്നമ്മയെ പോറ്റണം,
അച്ഛന്‍ മരിച്ചിട്ടെന്‍ പെങ്ങളെ കാക്കണം.
മദ്യം വിഷമെങ്കിലച്ഛന്‍ മരിക്കില്ലേ?
അച്ഛന്‍ മരിക്കട്ടെ,യച്ഛന്‍ മരിച്ചെങ്കില്‍.31 comments:

 1. കവിത ആസ്വദിക്കാന്‍ ഞാന്‍ മോശമാണ്. എങ്കിലും ആ ചോദ്യം നന്നായിട്ടുണ്ട്
  മദ്യം വിഷമെങ്കിലച്ഛന്‍ മരിക്കില്ലേ?
  ആശംസകള്‍

  ReplyDelete
 2. കൂട്ടിക്കെട്ടലുകൾ കൊണ്ട് ഇച്ചിരി ബുദ്ധിമുട്ടിച്ചെങ്കിലും വായിച്ചു തീർത്തു... നന്നായിട്ടുണ്ട്...

  ‘അച്ഛനെന്നച്ഛനെന്നച്ഛനുമോര്‍ക്കില്ല’ ....
  അച്ഛനാണെന്നച്ഛനുമോർക്കില്ല എന്നൊക്കെ ഒന്നു പരിമിതപ്പെടുത്താമായിരുന്നു... വായിച്ചു നാക്കുളുക്കിപ്പോയി... :-(
  കുറച്ച് മയപ്പെടുത്തിയാൽ വായനാസുഖം കിട്ടും..

  ReplyDelete
  Replies
  1. വളരെ നന്ദി .. വായനക്കും അഭിപ്രായത്തിനും.. ആദ്യവായനയില്‍ അല്പം ഉളുക്കിയാലും ഒന്ന് കൂടി വായിക്കുമ്പോള്‍ ശരിയകുന്നില്ലേ... ചൊല്ലൂവാനുള്ള സുഖം പിരിച്ച് എഴുതി നോക്കിയപ്പോള്‍ കിട്ടിയില്ല.. അതാ ഇങ്ങനെ തന്നെ പോസ്റ്റ്‌ ചെയ്തെ.. വീണ്ടും വീണ്ടും വായിക്കൂ.. അപ്പൊ ഇഷ്ടപ്പെടും.. ;)

   Delete
  2. ‘അച്ഛനെന്നച്ഛനെന്നച്ഛനുമോര്‍ക്കില്ല’ ....
   അച്ഛനാണെന്നച്ഛനുമോർക്കില്ല

   രണ്ടും തമ്മില്‍ എത്രയോ വ്യത്യാസം വിവക്ഷു?
   വാക്കുകള്‍ കൊണ്ട് ഇങ്ങനെ കൌതുകം കാട്ടണമെങ്കില്‍ അസാമാന്യസിദ്ധി വേണം

   മനോജിന് അഭിനന്ദനങ്ങള്‍

   Delete
  3. ഒരുപാട് സന്തോഷം അജിത്തേട്ടാ... ;)

   Delete
  4. അച്ഛനെന്ന്‌അച്ഛനെന്നച്ഛനുമോർക്കില്ല’ ... എന്നായിരുന്നു മുൻപ് വായിച്ചത്
   ‘അച്ഛനെൻ‌അച്ഛനെന്നച്ഛനുമോർക്കില്ല’..... എന്നായിരുന്നല്ലെ....
   :-(
   അർത്ഥം വ്യത്യാസമുണ്ടെന്ന് പറഞ്ഞപ്പൊഴാണ് ശ്രദ്ധിച്ചു നോക്കിയത്...
   നന്ദി.... തിരുത്തലിന്

   Delete
  5. അച്ചനാണെന്നച്ചനെന്നച്ചനോര്ക്കില്ല!( അച്ഛനാണ് എന്റെ അച്ഛന്‍ എന്ന് അച്ഛന്‍ ഓര്‍ക്കില്ല!) beautiful word craft!

   Delete
 3. adipoliyaayittund. nalla aashayangal. vivakshu paranja pole vayana ichiri kaduppamaanu. uyarnna nilavaaram. aashamsakal

  ReplyDelete
 4. ഒരുപാട് കുടുംബങ്ങളുടെ നേര്‍ പകര്‍പ്പ്പ്പു....

  ReplyDelete
 5. സമൂഹത്തിനെ തന്നെ കാർന്നു തിന്നുന്ന ഒരു വൻ വിപത്താണ് മദ്യം,
  അതിന്റെ അവാലാതി ഒരു അഛനിലൂടെ വരച്ചു കാട്ടിയതിന്ന് നന്ദി,
  അതെ കുടുബത്തിന്റെ അത്താണിയായ് അഛൻ തന്നെ ഇതിന്ന് അടിമപെടിമ്പോൽ ആ വീട് നെടുവീർപ്പിൽ തന്നെയാകും

  ReplyDelete
 6. ഇങ്ങനെയൊരവസ്ഥയില് ഏതു മകനും അങ്ങനെ ചിന്തിച്ചു പോകും...
  ജീവിതം ജീവിച്ചു തീര്‍ക്കാതെ കുടിച്ചു തീര്‍ക്കുന്ന അച്ഛന്മാര്‍ക്കുള്ള സമര്‍പ്പണം തന്നെയാവട്ടെ ഈ കവിത.. അവരും അറിയട്ടെ കുടുമ്പം എന്താണ് ആഗ്രഹിക്കുന്നത് എന്ന്...?
  അഭിനന്ദനങ്ങള്‍..എല്ലാ ഭാവുകങ്ങളും നേരുന്നു...സസ്നേഹം..


  www.ettavattam.blogspot.com

  ReplyDelete
 7. നെഞ്ചിലെ കനല്‍ ചൂളയില്‍ ചുട്ടെടുത്ത കവിത..! കുടുംബനാഥന്‍ മദ്യത്തിനു അടിമയായ ഒരു കുടുംബത്തിന്‍റെ ചിത്രമാണ് കവിതയില്‍ ഉള്ളതെങ്കിലും, ഓരോ വരിയിലും താങ്കളുടെ തീഷ്ണമായ തൂലികക്കൊണ്ട് അനുവാചകരില്‍ കുറെ പൊള്ളുന്ന ചോദ്യങ്ങളും അനുഭവവും സൃഷ്ടിക്കാന്‍ താങ്കള്‍ക്കു സാധിക്കുന്നുണ്ട്..
  പ്രത്യേകിച്ചും
  മദ്യം വിഷമെങ്കിലച്ഛന്‍ മരിക്കില്ലേ?
  അച്ഛന്‍ മരിച്ചാലെന്‍ ദുഃഖം ശമിക്കില്ലേ..
  അച്ഛന്‍ മരിച്ചിട്ടെന്നമ്മയെ പോറ്റണം,
  അച്ഛന്‍ മരിച്ചിട്ടെന്‍ പെങ്ങളെ കാക്കണം..!
  എന്ന വരികള്‍ ഒരു പ്രതിലോമ ചിന്ത യാണെങ്കിലും, ഇത്തരം സാഹചര്യത്തില്‍ ജീവിക്കപെടുവാന്‍ വിധിക്കപ്പെട്ട ഒരു ശരാശരി പിഞ്ചു ഹൃദയത്തിന്‍റെ വേദനയാണ് അതില്‍ പ്രതിഫലിക്കുന്നത്.! മദ്യത്തില്‍ മുങ്ങി, മദ്യത്തില്‍ അലിഞ്ഞു ,മദ്യമേ ശരണമെന്നു കരുതുന്ന അതിന്നു വേണ്ടി ധനവും ജീവിതവും നശിപ്പിക്കുന്ന ജനവും; മദ്യ വില്പനയിലൂടെ ലാഭം നേടാന്‍ ശ്രമിക്കുന്ന സര്‍ക്കാരും ഈ കവിത വായിക്കട്ടെ..!അഭിനന്ദനങ്ങള്‍..!
  സതിഷ് കൊയിലത്ത്

  ReplyDelete
 8. ഇത് വായിച്ചു ഒരുപാട് വിലയേറിയ അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി... :)

  ReplyDelete
 9. മനസ്സിനെ തൊട്ടു മനോജ്‌, നല്ല എഴുത്ത്, നല്ല കയ്യടക്കം.
  മറ്റൊരച്ചനെ വായിക്കാന്‍ എന്റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു
  http://deeputtandekavithakal.blogspot.com/2012/11/blog-post_11.html

  ReplyDelete
 10. ഇതൊക്കെ എഴുതുമ്പോഴും പറയുമ്പോഴും മദ്യാസക്തി വര്‍ധിക്കുന്നു..എന്റെ സ്ഥലത്ത്, കരുനാഗപള്ളിയില്‍ അടുത്തിടെ ചില ഡോക്ടര്‍ മാര്‍ അകലത്തില്‍ മരിച്ചത് അമിത മദ്യപാനം മൂലമത്രേ! ഡോക്ടര്‍ മാരുടെ കോണ്‍ഫറന്‍സ് ഇനും മദ്യം വിളംബുന്ന്നുണ്ടത്രേ..

  ReplyDelete
 11. അറിയാത്ത ബാല്യം അനുഭവിച്ച വേദനകളില്‍ നിന്നുല്‍ഭവിച്ച ചിന്തകള്‍
  ആശംസകള്‍;

  ReplyDelete
 12. മദ്യം വിഷമെങ്കിലച്ഛന്‍ മരിക്കില്ലേ?
  അച്ഛന്‍ മരിച്ചാലെന്‍ ദുഃഖം ശമിക്കില്ലേ..


  കവിത നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞു .....

  ReplyDelete

 13. അച്ഛനെന്നച്ഛനെന്നച്ഛനുമോര്‍ക്കില്ല’ ....
  അച്ഛനാണെന്നച്ഛനുമോർക്കില്ല
  ***
  മദ്യം വിഷമെങ്കിലച്ഛന്‍ മരിക്കില്ലേ?
  അച്ഛന്‍ മരിച്ചാലെന്‍ ദുഃഖം ശമിക്കില്ലേ..
  അച്ഛന്‍ മരിച്ചിട്ടെന്നമ്മയെ പോറ്റണം,
  അച്ഛന്‍ മരിച്ചിട്ടെന്‍ പെങ്ങളെ കാക്കണം..

  മദ്യം വിഷമെങ്കിലച്ഛന്‍ മരിക്കില്ലേ..?

  അതി മനോഹരം,

  ReplyDelete
 14. കവിതയെക്കുറിച്ച് കൂടുതൽ പറയാൻ അറിയില്ല. കവിതയിലെ സന്ദേശം അറിയുന്നു....

  ReplyDelete
 15. മദ്യത്തിന്റെ തേര്‍വാഴ്ചയില്‍ കരിഞ്ഞുണങ്ങുന്ന ബാല്യം... മറ്റൊരു നോവനുഭവം വായിക്കാന്‍ എന്റെ ബ്ലോഗിലേക്ക് വരുമോ?...
  http://saumyadharsanam.blogspot.in/2012/05/blog-post_22.html?showComment=1362631512777

  ReplyDelete
 16. manassilevideyo oru nombaram,,,ingane prarthikkunna ethrayo perundakum alle???

  ReplyDelete
 17. "അച്ഛനെന്തെന്നെനിക്കൊട്ടുമറിയില്ല,
  അച്ഛനെന്നച്ഛനെന്നച്ഛനുമോര്‍ക്കില്ല,...."

  അഭിനന്ദനങ്ങള്‍ മനോജ്‌

  ReplyDelete
 18. ഉള്ളിൽ എവിടെയോ തട്ടിയത് പോലെ !!!!!!!!!!!!!!!!

  ReplyDelete
 19. അച്ഛന്‍ ഇങ്ങനെയായാല്‍ ഏതു മകനും പ്രാര്‍ത്ഥിച്ചു പോകും ഈ അച്ഛന്‍ ഒന്ന് മരിച്ചു പോയെങ്കില്‍ എന്ന്.നല്ല വിഷയം

  ReplyDelete
 20. മദ്യം തന്നെ അച്ഛനാകുന്ന അവസ്ഥ
  മദ്യം മരിക്കട്ടെ അച്ഛൻ ജീവിച്ചിരിക്കട്ടെ മകന്റെ അച്ഛനായി തന്നെ
  ഹൃദയസ്പർശിയായി വാക്കും വരികളും

  ReplyDelete
 21. നല്ല പ്രമേയം,
  നല്ല പദപ്രയോഗം.
  ആശംസകൾ.

  ReplyDelete
 22. അസൂയ തോന്നി ഈ വരികളോട്, ഈ എഴുത്തിനോട്..
  നന്നായിരിക്കുന്നു.
  മദ്യം മരിക്കട്ടെ.. അച്ഛൻ വീണ്ടും ജനിക്കട്ടെ.
  ആശംസകൾ..

  ReplyDelete
 23. മദ്യം കാരണം ചിലരെങ്കിലും ഇങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ടാവും.

  കാലിക പ്രസക്തിയുള്ള നല്ലൊരു കവിത

  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


  ശുഭാശംസകൾ....

  ReplyDelete