Sunday, 25 November 2012

അയ്യപ്പനും സ്ത്രീകളും പ്രബുദ്ധകേരള മതവിശ്വാസികളും (ലേഖനം) ശബരിമലയില്‍ സ്ത്രീകളെ കയറ്റിയാല്‍ വ്രതമെടുത്ത് മല കയറുന്ന അയ്യപ്പന്മാര്‍ക്ക് കാമിത താല്പര്യങ്ങള്‍ ഉണ്ടാകുമോ? എന്ന് ആദ്യം ചോദിച്ചത് നമ്മുടെ മുന്‍ ദേവസ്വം മന്ത്രി ശ്രീ . ജി.സുധാകരനാണ് (രണ്ടു മൂന്ന് കൊല്ലം മുമ്പ്) .  ഇത് ഒരു ദേവസ്വം മന്ത്രിക്ക് ബ്രഹ്മചാരിയായ ഒരു ദേവനോടുള്ള അസഹിഷ്ണുതയോ, താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ ആദര്‍ശങ്ങള്‍ക്ക് പൊതുവേ ദൈവങ്ങളോടുള്ള  പൊരുത്തക്കേടോ ആണെന്ന് തോന്നുന്നില്ല. എന്തായാലും പരവൃത്താന്തദാഹികളായ നമ്മള്‍ പ്രബുദ്ധമലയാളികള്‍ക്ക് മുന്നില്‍ ഇത്തരമൊരു ചോദ്യം ചോദിയ്ക്കാന്‍ അദ്ദേഹം ധൈര്യം കാട്ടിയല്ലോ.. എനിക്കും അതെ ചോദ്യം തന്നെയാണ് ചോദിക്കാനുള്ളത്..
 
                ശബരിമലയില്‍, വ്രതവുമെടുത്തു, ഇരുമുടിയുമേന്തി കയറി ചെല്ലുന്ന ഒരു യുവതിയെ കണ്ട മാത്രയില്‍ പഞ്ചലോഹ നിര്‍മിതമായ, ജിതകാമ ചൈതന്യമായ, ശ്രീ അയ്യപ്പ ഭഗവാന്‍റെ ബ്രഹ്മചര്യം ആ കാനനമേട്ടില്‍ ഉരുകിയൊഴുകുമോ..? ഒന്ന് കൈയ്യെത്തി തൊടാന്‍ ദൂരത്തു, ഒരു മതില്‍ കെട്ടിനപ്പുറം ,പരവശയും സദാ സംഗമസന്നദ്ധയും സര്‍വോപരി നിത്യ കന്യകയുമായ മാളികപ്പുറത്തമ്മ കാത്തിരുന്നിട്ടും ശ്രീധര്‍മ്മശാസ്താവിനെ അത് മഥിച്ചില്ല. മദിക്കുകയുമില്ല.. അപ്പോള്‍ പഴംപുരാണങ്ങളിലെ ബ്രഹ്മചര്യ കഥകളല്ല, മജ്ജാമാംസനിര്‍മ്മിതവും, നിത്യേന, നിമിഷംപ്രതി അവയവ ധര്‍മ്മങ്ങളുടെ വേട്ടമൃഗമായ , പതിനാറു നാഴികയ്ക്കപ്പുറം പെണ്ണിന്‍റെ ചൂരടിച്ചാല്‍ പുകഞ്ഞു പുറത്തു ചാടുന്ന ബ്രഹ്മചര്യവും പേറി നടക്കുന്ന ആധുനിക അയ്യപ്പന്മാരുടെ കപട സദാചാര ബോധ്യമല്ലേ, ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനനിരോധനം...?


ആചാരം എന്നാണ് പറയുന്നതെങ്കില്‍, ആ ആചാരങ്ങള്‍ വലിച്ചെറിയേണ്ട സമയം കഴിഞ്ഞു എന്നാണ് എന്‍റെ മതം. അല്ലെങ്കില്‍ ശബരിമല അയ്യപ്പന് മാത്രേ ഉള്ളോ ഈ സ്ത്രീ വിരോധം? മറ്റു അയ്യപ്പ ക്ഷേത്രങ്ങളിലെയോ..?


ചോദ്യങ്ങള്‍ വരുന്നതേയുള്ളൂ. നമ്മള്‍ നമ്മോട് തന്നെ ചോദിക്കാനറച്ചു മനപ്പൂര്‍വം മറന്ന ചോദ്യങ്ങള്‍. ചോദിയ്ക്കാന്‍ ഭയപ്പെടുന്ന ചോദ്യങ്ങള്‍..


ശബരിമലയിലെയും ഗുരുവായൂരിലേയും തന്ത്രാവകാശങ്ങള്‍ തന്ത്രി ചേന്നാസിന്‍റെയും താഴമണ്‍ കണ്ഠരരുടെയും താവഴിപ്പെരുമയുടെ പൂണൂലിലേക്ക് ലോകാവസാനം വരെ ഏത് ദൈവം എപ്പോ തീറെഴുതിക്കൊടുത്തു എന്ന ചോദ്യം.


ഈഴവനും പുലയനും നായര്‍ക്കും സവര്‍ണ്ണബ്രാഹ്മണനേക്കാള്‍ സംഘബലവും സമുദായബലവുമുള്ള ഈ നാട്ടില്‍ ഈഴവന്‍റെയും പുലയന്‍റെയും സകലമാന ഹിന്ദുവിന്‍റെയും വിയര്‍പ്പൊട്ടിയ കാണിക്കപ്പണംകൊണ്ട് ദേവീദേവന്മാരും ദേവസ്വം യജമാനന്മാരും ശാന്തി-തന്ത്രാദികളും അവിലും പഴവും നറുവെണ്ണയും മൃഷ്ടാന്നമുണ്ണുന്ന ഈ നാട്ടില്‍ എതുവിശ്വസിക്കും എന്തുകൊണ്ട് ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചുകൂടാ എന്ന ചോദ്യം. എന്തുകൊണ്ട് വിഗ്രഹം തൊട്ടുകൂടാ, പൂജ ചെയ്തുകൂടാ എന്ന ചോദ്യം..


ചെന്നാസിനു പകരം ചോവന്‍ ഉരുട്ടികൊടുത്താല്‍ കാലിക്കിടാത്തനായ കണ്ണന്‍ ഗുരുവായൂരപ്പന് ചോറിറങ്ങില്ലേ എന്ന ചോദ്യം..


കാട്ടില്‍ കുടിയേറി വാസം ചെയ്ത ശ്രീധര്‍മ്മശാസ്താവിനു ആദിവാസികള്‍ നെയ്യഭിഷേകം നടത്തിയാല്‍ ചൈതന്യഭ്രംശം സംഭവിക്കുമോ എന്ന ചോദ്യം..


ഈ ചോദ്യങ്ങളൊന്നും നമ്മള്‍ ചോദിക്കില്ല. നമ്മളോട് പോലും. കാരണം നമുക്ക് ഭയമാണ്. ചെത്തുകാരന്‍റെ മകനുമാത്രമേ ചെത്തിനവകാശമുള്ളൂ എന്ന് പറഞ്ഞാല്‍, ക്ഷുരകന്‍റെ മാത്രം താവഴി അവകാശമാണ് ക്ഷൌരം എന്ന് തീര്‍പ്പുണ്ടായാല്‍, ഭിഷഗ്വരന്‍റെ ബീജപരമ്പരയ്ക്കെ വൈദ്യശാസ്ത്രം പാടുള്ളൂ എന്ന് നിഷ്കര്‍ഷയുണ്ടായാല്‍ "പോടാ പുല്ലേ.." എന്ന് നമ്മള്‍ മലയാളികള്‍ മുഖമടച്ചു ആട്ടും. പക്ഷെ തന്ത്രിയുടെ സന്തതിപരമ്പരയ്ക്കെ തന്ത്രാവകാശം പാടുള്ളൂ എന്ന് ഏത് പോഴന്‍ വിധിച്ചാലും നമ്മള്‍ അനുസരിക്കും. ആചാരങ്ങള്‍ മാറാന്‍ പാടില്ലായെന്ന് ഏതെങ്കിലും സവര്‍ണ്ണസമുദായനേതാവ് ഗര്‍ജ്ജിച്ചാല്‍ നമ്മള്‍ പഞ്ചപുച്ഛമടക്കി അനുസരിക്കും..


ആചാരങ്ങള്‍ അനാവശ്യമെങ്കില്‍ അത് മാറുക തന്നെ ചെയ്യും. അതാണ് നമ്മുടെ ചരിത്രവും.


              ആചാരങ്ങള്‍ മാറിക്കൂടായിരുന്നു എങ്കില്‍, ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി ഇന്നു കൊച്ചി മെട്രോക്ക് വേണ്ടി ഡല്‍ഹിയില്‍ പോകേണ്ട ആവശ്യമില്ല. പകരം, അരയ്ക്ക് തോര്‍ത്തും ചുറ്റി പട്ടം കൊട്ടാരത്തിലോ കവടിയാര്‍ കൊട്ടാരത്തിലോ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‍റെ മുന്നില്‍ ഓച്ചാനിച്ചു നിന്നാല്‍ മതിയായിരുന്നു.


            ആചാരങ്ങള്‍ മാറുകയില്ലെങ്കില്‍ വെള്ളാപ്പള്ളി നടേശന്‍ സുകുമാരന്‍ നായരെ 'തംബ്രാ..' എന്ന് വിളിക്കുമായിരുന്നു.


            ആചാരങ്ങള്‍ നിലനിന്നിരുന്നു എങ്കില്‍ അത്താഴം കഴിഞ്ഞു, മുറുക്കി, അന്തിചൂട്ടും കത്തിച്ചു , എന്‍റെയും ഇത് വായിക്കുന്ന സകലമാന നായന്മാരുടെയും വീട്ടില്‍ നമ്പൂതിരിമാര്‍ സംബന്ധത്തിനു വരുമായിരുന്നു.


             മാറാത്ത ആചാരങ്ങളെ പുറം കാലു കൊണ്ട് തട്ടി മാറ്റാന്‍ മലയാളികള്‍ക്ക് നട്ടെല്ല് ഇല്ലായിരുന്നു എങ്കില്‍ കീഴ്ജാതി പെണ്ണുങ്ങള്‍ ഇന്നും നാഷണല്‍ ഹൈവെയില്‍ മുല മറക്കാതെ നടക്കേണ്ടി വരുമായിരുന്നു.


             വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും ക്ഷേത്രപ്രവേശനവിളമ്പരവും സംഭവിച്ച നാടാണിത്. പുലപ്പേടിയും മണ്ണാപ്പേടിയും എന്നെന്നേക്കുമായി തൂത്തു കളഞ്ഞു അയിത്തോച്ഛാടനവും സംഭവിച്ച നാടാണിത്. ഏതൊരു അനാചാരവും മാറും അഥവാ തൂത്തെറിയപ്പെടും എന്ന് കാലം തെളിയിച്ച നാടാണിത്. അതെല്ലാം ഇനിയും സംഭവിക്കും.


അതിനുപക്ഷേ ആചാരങ്ങള്‍ മാറുവാന്‍ മുറവിളി ഉയരുമ്പോള്‍ ആവണക്കെണ്ണയ്ക്ക് കൈനീട്ടുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ മതിയാകില്ല. ആചാരങ്ങള്‍ക്ക് "സ്റ്റാറ്റസ് കോ" പ്രഖ്യാപിക്കുന്ന നീതിപീഠങ്ങള്‍ മതിയാകില്ല. പത്രങ്ങളും ചാനലുകളും ദിവസേന വച്ചുനീട്ടുന്ന അഴിമതിക്കഥകളില്‍ അഭിരമിച്ചും, മന്ത്രിമാരുടെയും സിനിമാക്കാരുടേയും വ്യഭിചാരക്കഥകളില്‍ സുരതമൂര്‍ച്ചയറിഞ്ഞും ദിവസം തള്ളിനീക്കുന്ന ശരാശരി മലയാളിക്ക് അതിനുള്ള തണ്ടെല്ലുറപ്പില്ലാ. കാരണം, നമുക്ക് ഭയമാണ്.. നമുക്ക് നാണമില്ല..

അങ്ങനെ സംഭവിക്കണമെങ്കില്‍ ഒരുപക്ഷെ കാലത്തിന്‍റെ ചുടലയില്‍ നിന്നും അയ്യങ്കാളിയോ നാരായണഗുരുവോ മന്നത്ത് പത്മനാഭനോ ഉയര്‍ത്തെഴുന്നേറ്റു വരണം. എന്നിട്ട് മലയാളിയെ ചെരുപ്പൂരി അടിക്കണം.

       


തുടർന്ന് വായിക്കുക...

Friday, 16 November 2012

BELLS PALSY

BELLS PALSY
(മുഖം ഒരു വശത്തേക്ക് കോടുന്ന അവസ്ഥ)

               കഴിഞ്ഞ ദിവസം ഓ.പി.യില്‍ ഒരു 24  വയസ്സുള്ള ഐ.ടി. യുവാവ് വന്നിരുന്നു. ചുണ്ടുകള്‍ ഒരു വശത്തേക്ക് കോടുകയും മറുവശത്തെ കണ്ണ് പൂര്‍ണമായി അടയ്ക്കാന്‍ പറ്റാത്തതുമായിരുന്നു അസുഖം. അതിന് ഒരാഴ്ച മുന്നേ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഇതേ പ്രശ്നവുമായി വന്നിരുന്നു. ബെല്‍സ് പാള്‍സി എന്നാണീ അസുഖത്തിന്‍റെ പേര്. ഈ രോഗം ഏതു പ്രായത്തിലും വരാവുന്നതും, തുടക്കത്തിലെ ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കവുന്നതുമാണെങ്കിലും , ഈ അറിവില്ലായ്മ അവരില്‍ വല്ലാത്തൊരു ഉത്കണ്ഠയും നിരാശയും ഉണ്ടാക്കിയിരുന്നു. ഈ ലേഖനം ഈ രോഗത്തെ കുറിച്ചുള്ള ചില പ്രാഥമിക വിവരങ്ങള്‍ തരാൻ വേണ്ടിയുള്ളതാണ്..
BELLS PALSY
               പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ മുഖത്തിന്‌ ഒരു വശത്തുള്ള പേശികളുടെ ചലനശേഷി നഷ്ടപ്പെടുന്ന (PARALYSIS) അവസ്ഥയാണ്‌ BELLS PALSY

മുഖപേശികളിലേയ്ക്കുള്ള ഞരമ്പുകളുടെ വിതരണം മനസിലാക്കിയാലേ ഈ അസുഖത്തിന്റെ വരവ് മനസിലാകൂ. തലച്ചോറിൽ നിന്നും പുറപ്പെടുന്ന 7-ആം നമ്പർ ക്രേനിയൽ നെർവായ ഫേഷ്യൽ നെർവാണ് ആ ഞരമ്പ്. അതിന്റെ പാത വളരെ ഇടുങ്ങിയതും ധാരാളം വളവുകളും തിരിവുകളും നിറഞ്ഞതുമാണ്. പാതയുടെ ഈ ഞെരുക്കമാണ് പലപ്പോഴും ബെൽസ് പാൾസി പോലുള്ള രോഗങ്ങൾക്ക് കാരണവും. മാത്രമല്ല, ചെവിയിലെ കർണപുടത്തിനോട് ചേർന്ന് പെട്ടന്ന് ക്ഷതം സംഭവിക്കാവുന്ന വിധത്തിലാണതിന്റെ കീഴോട്ടുള്ള പോക്ക്.

ഈ ഇടുങ്ങിയ പാതയിലുണ്ടാകുന്ന ചെറിയ നീർവീക്കം പോലും ഞരമ്പിനെ ഞെരുക്കും. ഞരമ്പ് തളരും. ആ ഞരമ്പിന്റെ നിയന്ത്രണത്തിലുള്ള മുഖപേശികൾ പ്രവർത്തിക്കാതാകും.  അതാണ് ബെൽസ് പാൽസി.

 • തലച്ചോറില്‍ നിന്നും മുഖത്തെ പേശികളിലെക്കുള്ള മേൽപ്പറഞ്ഞ ഞരമ്പില്‍ വൈറസ്‌ ബാധ ഉണ്ടാകുകയോ, അതിന്‍റെ പാതയില്‍ നീര് വയ്ക്കുകയോ ചെയ്യുന്നതാണ് ഈ രോഗം വരാനുള്ള പ്രധാനകാരണം.
 • ട്രെയിനിലോ ബസിലോ രാത്രിയിൽ സൈഡ് സീറ്റിലിരുന്ന് യാത്രചയ്യുന്നവരിൽ, ഒന്ന് ഉറങ്ങിയെണീക്കുമ്പോൾ മുഖം ഇതുപോലെ കോടിയിരിക്കാം. കാറ്റിന്റെ തണുപ്പുകൊണ്ട് ഈ ഞരമ്പിന്റെ ചെവിയുടെ ഭാഗത്തെ പാതയിൽ ഞെരുക്കമുണ്ടായതാണ്.
 • HERPES എന്ന വൈറസിനെ ആണ് സാധാരണയായി രോഗകാരിയായി കരുതുന്നതെങ്കിലും മറ്റ് ചില അസുഖങ്ങളുടെ ഭാഗമായും ഇതേ രോഗ ലക്ഷണങ്ങള്‍ കാണാറുണ്ട്. ഉദാ:    

 1. പ്രായമായവരില്‍ പക്ഷാഘാതത്തോടൊപ്പം (HEMIPLEGIA)
 2. ചെവിയില്‍  പഴുപ്പ് ഉണ്ടാകുന്ന അവസ്ഥ (MIDDLE EAR INFECTION)
 3. ആക്സിഡെന്റിലോ മറ്റോ ചെവിയുടെ ഭാഗത്തെ എല്ലിനു (TEMPORAL BONE FRACTURE) പൊട്ടല്‍ ഉണ്ടാകുക, തുടങ്ങിയവ..

  (ലക്ഷണങ്ങള്‍ ഒരുപോലെ ആണെങ്കിലും ഈ മൂന്നും ബെല്‍സ് പാള്‍സിയുടെ കൂട്ടത്തില്‍ പെടില്ല.)
ലക്ഷണങ്ങള്‍
 •  രോഗലക്ഷണങ്ങള്‍  മുഖത്തിന്റെ ഒരു വശത്ത് മാത്രമേ കാണൂ 
 •  ഗർഭിണികളിലും പ്രമേഹരോഗികളിലും ഇതു വരാനുള്ള സാധ്യത കൂടുതലാണ്. 
 •  ഈ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ജലദോഷമോ ചെവി വേദനയോ ചിലരിലെങ്കിലും കാണാറുണ് .

 1. വായ ഒരു വശത്തേക്ക് (അസുഖമുള്ളതിന് എതിർദിശയിലേക്ക്) കോടിയിരിക്കുക
 2. അസുഖമുള്ള വശത്തെ കണ്ണ്‍ പൂര്‍ണമായും അടക്കുവാനുള്ള ബുദ്ധിമുട്ട്.
 3. ഉമിനീരും കഴിക്കുന്ന ഭക്ഷണവും വെള്ളവും വായുടെ ഒരു വശത്ത് കൂടെ ഒലിച്ചിറങ്ങുക
 4. ചവക്കാനോ, ചിരിക്കാനോ, വിസിലടിക്കാനോ ഉള്ള ബുദ്ധിമുട്ട്.
 5. നെറ്റി ചുളിക്കുമ്പോൾ അസുഖമുള്ള വശത്തെ പാതി നെറ്റി ചുളിയില്ലാ.
   ചിലരില്‍ തലവേദന, രുചിയില്ലായ്മ, കണ്ണുകള്‍ എപ്പോഴും തുറന്നിരിക്കുന്നത് കൊണ്ടുള്ള അസ്വസ്ഥത എന്നിവയും കാണാറുണ്ട്..

രോഗനിര്‍ണയം
               ഈ പറഞ്ഞ രോഗ ലക്ഷണങ്ങള്‍ നോക്കി , മറ്റു പരിശോധനകള്‍ ഇല്ലാതെ തന്നെ രോഗനിര്‍ണയം നടത്താവുന്നത് ആണ്. എന്നാല്‍ പ്രയമായവരിലും മറ്റു രോഗങ്ങൾ സംശയിക്കുന്നവരിലും ഒരു സി.ടി അല്ലെങ്കിൽ MRI സ്കാന്‍ വഴി മറ്റു രോഗങ്ങളുടെ ഭാഗമല്ല ഇത് എന്ന് ഉറപ്പിക്കാവുന്നതാണ്.

ചികിത്സ
             ചികിത്സ ഇല്ലാതെ തന്നെ ഇത് ഭേദമാകാറുണ്ടെങ്കിലും അതിനു ദീര്‍ഘനാള്‍ വേണമെന്നതിനാല് തുടക്കത്തിലേ തന്നെ ഡോക്ടറെ കാണുന്നതാണ് ഉചിതം.

 • ഹ്രസ്വകാലത്തേക്കുള്ള STEROID THERAPY ആണ് പ്രധാനമായും ഇതിന്‍റെ ചികിത്സ.
 • രോഗകാരണം ഹെര്‍പസ് വൈറസ്‌ ആയതിനാല്‍ ANTIVIRAL മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയും ഫലപ്രദമാണ്.
 • കണ്ണുകളുടെ സുരക്ഷയ്ക്ക് കൃത്രിമ കണ്ണുനീര്‍ തുളളികൾ ഉപയോഗിക്കാം.
 • മുഖപേശികള്‍ക്ക് വ്യായാമം (FACIAL PHYSIOTHERAPY) കൊടുക്കുന്നത് ചികിത്സ ത്വരിതപ്പെടുത്താന്‍ സഹായിക്കും.

മനസ്സിലാക്കേണ്ടത്,

 1. ഏതു പ്രായത്തിലും വരാവുന്ന ഒരു സാധാരണ രോഗം മാത്രമാണ്‌ BELLS PALSY
 2. ഇത് കാന്‍സറിന്‍റെയോ ഞരമ്പ് സംബന്ധമായ മാരക രോഗങ്ങളുടെയോ ഭാഗമല്ല.
 3. തുടക്കത്തിലേ ചികിത്സിച്ചാല്‍ വളരെ വേഗം , പൂര്‍ണമായും ഭേദപ്പെടുത്താവുന്ന രോഗമാണ്.
തുടർന്ന് വായിക്കുക...

Tuesday, 13 November 2012

അച്ഛന്‍ മരിച്ചെങ്കില്‍.. (കവിത)മുറ്റത്തിരുട്ടത്തതെന്തോ കിലുങ്ങിയോ?,
യെന്റമ്മേ..! യച്ഛന്‍ നേരത്തെയെത്തിയോ!?
മദ്യത്തിന്‍ മണമില്ല,തിളംകാറ്റിലിലയാട്ട-
മാശ്വാസ,മെന്‍ ശ്വാസഗതിയിലും മനസിലും.

അച്ഛനെന്നും മദ്യമാണതു ജീവിതം,
അച്ഛനെന്തെന്നെനിക്കൊട്ടുമറിയില്ല,
അച്ഛനെന്നച്ഛനെന്നച്ഛനുമോര്‍ക്കില്ല,
അച്ഛനെന്നും മദ്യമാണതു സര്‍വതും.

പിഞ്ചുനാള്‍ തൊട്ടു ഞാന്‍ കാണുന്ന കാഴ്ച-
യിലമ്മയ്ക്കു കണ്ണീരു,മച്ഛന് കള്ളുമാ-
ണച്ഛന്റെ കണ്ണുകള്‍ക്കെന്ത്‌ ചുമപ്പെന്നോ,
അമ്മയ്ക്കതുള്‍ നീറുമുയിരിന്‍റെ ചുടലയും.

താതന്‍ വിഷജന്യ തീര്‍ത്ഥം നുണഞ്ഞെന്നു-
മിരുകാലുമുറയ്ക്കാതൊരു കാലമെത്തി-
യിട്ടമ്മതന്‍ നെഞ്ചത്തെരിയുന്ന നെരിപ്പോടി-
ലമിട്ടു പൊട്ടിച്ചാര്‍ത്തലറുമോരന്തികള്‍.

ഭാഷയ്ക്കറപ്പുള്ള ഭാഷയും ചൊല്ലിയി-
ട്ടനിയത്തിയെക്കാട്ടിയിട്ടി,താരുടെ ബീജ-
മെന്നാവര്‍ത്തിച്ചോതിയു,മെന്നെയും
തല്ലിയിട്ടെന്നുമുറങ്ങാതിരിക്കുന്നോന്‍.

ഉച്ചക്ക് പച്ചരിച്ചോറുണ്ട് പശിമാറ്റി,
പഞ്ചാരതൂകിയിട്ടൊരു നേരമൊരു കാപ്പി,
അമ്മതന്‍ കണ്ണീരുപ്പൊട്ടു കലരാതെ-
യെന്നെങ്കിലും എന്‍റെ ദാഹം ശമിക്കുമോ?

മദ്യം വിഷമെങ്കിലച്ഛന്‍ മരിക്കില്ലേ?
അച്ഛന്‍ മരിച്ചാലെന്‍ ദുഃഖം ശമിക്കില്ലേ?
അച്ഛന്‍ മരിച്ചിട്ടെന്നമ്മയെ പോറ്റണം,
അച്ഛന്‍ മരിച്ചിട്ടെന്‍ പെങ്ങളെ കാക്കണം.
മദ്യം വിഷമെങ്കിലച്ഛന്‍ മരിക്കില്ലേ?
അച്ഛന്‍ മരിക്കട്ടെ,യച്ഛന്‍ മരിച്ചെങ്കില്‍.തുടർന്ന് വായിക്കുക...

Friday, 9 November 2012

അനാവൃതം (കഥ)

അനാവൃതം


ആതിരയെ അമ്മ തന്‍റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു.രണ്ടു പേരും മുറ്റത്ത് പുറം തിരിഞ്ഞു നിന്നു ഫോണില്‍ സംസാരിക്കുന്ന വേണു മാഷിനെ തന്നെ നോക്കി നിന്നു.
             
              "മാഷിനു ചായയോ എന്തേലും കൊടുക്കണ്ടേ..? നാണക്കേടല്ലേ..?" അമ്മ മെല്ലെ ആതിരയോടു ചോദിച്ചു.
             
                "മാഷിനു പെട്ടന്ന് പോണംന്ന്.. ഞാന്‍ നിര്‍ബന്ധിച്ചിട്ടാ കേറിയത്‌.. ഇപ്പൊ പോകും..." ആതിര അതിലും മെല്ലെ അമ്മയോട് പറഞ്ഞു.
        
               രണ്ടു പേരും വേണുമാഷിനെ തന്നെ നോക്കി നിന്നു.ആതിരയുടെ സ്കൂളിലെ കണക്കുമാഷാണ് വേണുഗോപാലന്‍ നായര്‍ എന്ന വേണു മാഷ്.അവിവാഹിതനായ മാഷിന് നാല്‍പതു വയസ്സിനു മുകളില്‍ പ്രായം വരും.ആതിരയുടെ ക്ലാസ്സ്‌ ടീച്ചറുമാണ്.ആതിരയുടെ പ്രിയപ്പെട്ട വിഷയം കണക്ക് ആയതിനാലാകാം ആതിരക്ക് മാഷിനോട് പ്രത്യേക സ്നേഹവും ബഹുമാനവുമാണ്.എല്ലാ കുട്ടികളോടും ഒരുപോലെ സൗമ്യമായി പെരുമാറുന്ന മാഷിനെ ആതിരക്ക് മാത്രമല്ല സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും പ്രിയമായിരുന്നു.ആതിരയും അമ്മയും മാഷിന്‍റെ ഫോണ്‍ സംഭാഷണത്തില്‍ ശ്രദ്ധിച്ചു.
          
                  "ഇല്ലാ.. ഞാനിപ്പോ എത്തും.. നമ്മുടെ ദാമോദരന്‍ മാഷിന്‍റെ  വീട്ടില്‍ പോയിട്ട് വരണ വഴി ക്ലാസ്സിലെ ഒരു കുട്ടിയെ കണ്ടു. അവളോട്‌ വര്‍ത്താനം പറഞ്ഞോണ്ട് നിക്കുവാ. ഒരരമണിക്കൂറിനുള്ളില്‍ ഞാനെത്തും.."

               മാഷ് ഫോണ്‍ കട്ട്‌ ചെയ്തിട്ട് ആതിരയുടെ നേര്‍ക്ക് തിരിഞ്ഞു. എന്നിട്ട് അമ്മയോടായി സൗമ്യനായി പുഞ്ചിരിയോടെ,
            
             "ആതിര നിര്‍ബന്ധിച്ചത് കൊണ്ട് കേറിയതാ. പോയിട്ട് കുറച്ച് കാര്യമുണ്ടായിരുന്നു. ഒരു പുസ്തകപ്രകാശനം. വായനശാലയില്‍.."
       
            "ഇത് വരെ വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ....."അമ്മ വളരെ സ്വാഭാവികമായിട്ടു മാഷിന് മുന്നില്‍ അഭിനയിക്കുന്നത് ആതിര അതിശയത്തോടെ നോക്കി നിന്നു.
      
             "ഇല്ലാ.. പിന്നൊരിക്കലാകാം... ഇനി നടന്നു കടവിലെത്തി വള്ളം പിടിച്ചു അക്കരെ എത്തണ്ടേ.." മാഷിന്‍റെ  സ്ഥിരം സൗമ്യഭാവം ആതിര സാകൂതം നോക്കി നിന്നു. മാഷിന്‍റെ  ഈ സുന്ദരമായ താടിയാണു മാഷിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് എന്ന് അവള്‍ക്കു തോന്നി. ചിലപ്പോഴൊക്കെ ക്ലാസ്സില്‍ ആതിരയും കൂട്ടുകാരും ചേര്‍ന്ന് മാഷിന്‍റെ താടിയില്‍ അവിടവിടെ കാണുന്ന നരച്ച രോമങ്ങളുടെ കണക്കെടുക്കാറുമുണ്ട്. മാഷ് തുടര്‍ന്നു,

             "എനിക്കാണെങ്കില്‍ ഇവിടുത്തെ ഈ ഊട് വഴികളൊന്നും അത്ര നിശ്ചയോല്ലാ.. എന്തായാലും ഇറങ്ങുവാ.."

അമ്മ ശരിയെന്നു തലയാട്ടി. മാഷ് ആതിരയോടും യാത്ര ചോദിക്കാനായി അവളുടെ മുഖത്തേക്ക് നോക്കി എന്തേലും പറയുന്നതിന് മുന്നേ അവള്‍ പറഞ്ഞൂ,

              "ഞാനും വരാം മാഷെ കടവ് വരെ.." കൂടെ ചാടി മുറ്റത്തേക്ക് ഇറങ്ങുകയും ചെയ്തു. എന്നിട്ട്‌ അമ്മയോടായി,

              "അമ്മേ ഞാനിപ്പോ വരാം.. എഹ്..?"
അമ്മ സന്തോഷപൂര്‍വ്വം സമ്മതിച്ചു. എന്നിട്ട്‌ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ മാഷിനോടായി,

                "ഇവളു പഠിക്കുന്നൊക്കെ ഉണ്ടല്ലോ ല്ലേ മാഷേ..?"

മാഷ് തിരിഞ്ഞു അടുത്ത് നിന്ന ആതിരയുടെ തലയില്‍ തലോടിക്കൊണ്ട് പറഞ്ഞു,

              "ഇവളു നമ്മുടെ ഏഴാംക്ലാസ്സിന്‍റെ റാണിയല്ലേ..."

ആതിരയുടെ മുഖം നാണവും സന്തോഷവും കൊണ്ട് ചുവന്നു തുടുത്തു. അവള്‍ ചിരിച്ചു കൊണ്ട് ഓടി പുറത്തെ വഴിയില്‍ പോയി നിന്നു.

                "എനിക്ക് ആകെ ഇവളു മാത്രേ ഉള്ളൂ.. നല്ലോണം നോക്കിക്കോളണേ മാഷേ..." അമ്മ അപേക്ഷിക്കുന്ന രീതിയില്‍ ഇത്രയും പറഞ്ഞുകൊണ്ട് മുറ്റത്തേക്കിറങ്ങി.
     
               "അവളു മിടുക്കിയല്ലേ.. അപ്പൊ ശരി.. ഇറങ്ങുവാ.." 


              മാഷും ആതിരയും ഇടവഴിയിലൂടെ മെല്ലെ നടന്നു. 
സ്കൂളിലെത്തിയാല്‍ എപ്പോഴും ഒരു വായാടിക്കുട്ടിയാണ് ആതിര.അവളുടെ ചില നിസ്സാര സംശയങ്ങള്‍ പോലും പലപ്പോഴും അധ്യാപകരെ ചിന്തിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും അവളെ വല്യ കാര്യവുമാണ്. എന്നാലിപ്പോ തന്‍റെ  പ്രിയപ്പെട്ട വേണുമാഷിനെ തൊട്ടടുത്ത് കിട്ടിയിട്ടും അവള്‍ ഒന്നും മിണ്ടാതെ നടന്നു.
മാഷാണ് സംഭാഷണത്തിന് തുടക്കമിട്ടത്..

              "മോള്‍ടെ അച്ഛനെവിടെ പോയി.?" മാഷ് സൗമ്യനായി ചോദിച്ചു.

        മോളെ എന്നുള്ള വിളിയോ,അതോ ആ ചോദ്യമോ,ആതിരയുടെ മനസ് ഒരു നിമിഷം നിശ്ചലമായി ശൂന്യമായി നിന്നു. പക്ഷെ തന്‍റെ  സഹജമായ ഉത്സാഹത്തോടെ തന്നെ അവള്‍ ചോദിച്ചു,

               "എനിക്ക് അച്ഛനില്ലാന്നു മാഷിനറിയില്ലേ...?"

         വേണു മാഷ് ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ സ്തബ്ധനായിപ്പോയി. തനിക്കത് അറിയില്ലായിരുന്നു എന്ന് ആതിരയോടു എങ്ങനെ പറയുമെന്നതിനെക്കാള്‍, ആ ചോദ്യം ചോദിച്ചല്ലോ എന്ന ചിന്തയില്‍ മാഷ് അല്‍പനേരം നിര്‍നിമേഷനായി. ഈ കുട്ടിയോട് ഞാനെന്തു പറയണം, എന്ത് പറ്റിയതാണെന്ന് ചോദിച്ചാല്‍ വിഷമമായാലോ എന്നൊക്കെ ചിന്തിച്ചു മാഷ് നില്‍ക്കുന്നതിനിടയില്‍ ആതിര തുടര്‍ന്നു,

               "അച്ഛനു വേറെ ഭാര്യേം മക്കളും ഉണ്ട്. എവിടെയാണ് എന്നറിയില്ലാ. ഞാന്‍ കണ്ടിട്ടില്ലാ.. അച്ഛനേം ആരേം..."

യാതൊരു വിധ ഭാവവ്യത്യാസവും ഇല്ലാതെ അവള്‍ തുടര്‍ന്നു കൊണ്ടിരുന്നൂ. ഒരു ഏഴാം ക്ലാസ്സുകാരിയുടെ അതിപക്വതയാര്‍ന്ന മനസ് ഒരു സ്ഫടികപ്പാത്രത്തിലെന്ന പോലെ മാഷിനു മുന്നില്‍ അനാവൃതമാകുകയായിരുന്നു.

                 "മാഷ് നിരീശ്വര വാദിയാണോ..?" തീരെ പ്രതീക്ഷിക്കാത്തൊരു ചോദ്യം. മാഷ് ഒരു നിമിഷം ചിന്തിച്ചു. ആതിര നടക്കുന്നതിനിടയില്‍ മാഷിനെ തന്നെ നോക്കിക്കൊണ്ടിരുന്നു.

                 " അല്ലാ.. എന്തേയ്...?" മാഷ് ആതിരയെ സസ്സൂക്ഷ്മം നോക്കി.

                "ഈ നിരീശ്വരവാദികള്‍ സത്യസ്സന്ധരും സ്നേഹമുള്ളവരും ആയിരിക്കുമെന്ന് ഞാന്‍ ഈയിടയ്ക്ക് വായിച്ചു. മാഷിനെ പോലെ.." അവള്‍ മാഷിനെ ഒരു ചെറു പുഞ്ചിരിയോടെ  നോക്കി.

             മാഷിനു ആതിരയോടു പ്രത്യേകിച്ചൊരു വാത്സല്യം തോന്നി. മാഷ് നടക്കുന്നതിനിടയില്‍ അവളുടെ തലയില്‍ മെല്ലെ തലോടുകയും ചെയ്തു. 
ഇടവഴിയുടെ അങ്ങേയറ്റത്ത് ഒരു ചെറിയ മുറുക്കാന്‍ കട കാണാറായി. അവിടുന്ന് അല്പം കൂടി നടന്നാല്‍ കടവ് ആയി. മുറുക്കാന്‍ കടയുടെ മുന്നിലെ തടിച്ചുമരില്‍ ഏതോ സിനിമാപോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത് കാണാം.

                "ഈ കാവ്യാമാധവനെന്താ മാഷേ പിന്നേം കല്യാണം കഴിക്കാത്തെ...?"

             മാഷ് തെല്ലൊന്നു ഞെട്ടി. ആതിര എപ്പോഴുമിങ്ങനെയാണ്. എപ്പോള്‍ എന്ത് ചോദിക്കുമെന്ന് അവള്‍ക്കു തന്നെ നിശ്ചയമുണ്ടാകില്ല. മാഷ് എന്ത് പറയണമെന്നറിയാതെ അവളുടെ കയ്യില്‍ ഒന്ന് മുറുകെ പിടിക്കുക മാത്രം ചെയ്തു. ഈ ചോദ്യങ്ങള്‍ക്കെല്ലാം അവള്‍ ഉത്തരം പ്രതീക്ഷിക്കുന്നുണ്ടോ? മാഷ് മനസ്സില്‍ ഓര്‍ത്തു.

              "മാഷെന്താ കല്യാണം കഴിക്കാത്തെ...?" നിഷ്കളങ്കമായ അടുത്ത ചോദ്യം. 
അവളുടെ ചോദ്യങ്ങള്‍ക്കൊന്നും തന്നെ മാഷിന്‍റെ കയ്യില്‍ ഉത്തരമില്ലായിരുന്നു.

              "എന്‍റെ  അമ്മേം കല്യാണം കഴിച്ചിട്ടില്ലാ.." 

അത്രയും നേരം ഇല്ലാതിരുന്ന ഒരു ഉത്സാഹക്കുറവു അത് പറഞ്ഞപ്പോ അവളുടെ ശബ്ദത്തിനുണ്ടായിരുന്നു. വേണുമാഷിനു എന്ത് പറയണം എന്നറിയില്ലായിരുന്നു. ഈ കുട്ടിയോട് വായടച്ചു മിണ്ടാതിരിക്കാന്‍ പറഞ്ഞാലോ എന്ന് മാഷോര്‍ത്തു. പക്ഷെ അവളുടെ ഓരോ പറച്ചിലിനും ഓരോ തലോടല്‍ കൊണ്ട് മാത്രം മാഷ് മറുപടി പറഞ്ഞു.

                "അച്ഛന്‍ അമ്മയുടെ കാമുകനായിരുന്നു.. ഞാന്‍ ജനിക്കും മുന്‍പേ അച്ഛന്‍ എങ്ങോട്ടോ പോയി..." 

         അവള്‍ കരയറായോ? മാഷ് ആതിരയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഏയ്‌.. ഇല്ല.. അവളങ്ങനെ പെട്ടന്നൊന്നും കരയുന്ന കൂട്ടത്തിലല്ല. മാഷിന്‍റെ പരിചിതമല്ലാത്ത നോട്ടം കണ്ട അവള്‍ തിരിച്ചു ചോദിച്ചു,
  
                   "എന്താ മാഷേ...?"

         മാഷ് ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു, "ഒന്നുമില്ലാ.. കടവെത്താറായി.. ഇനി മോള് പൊയ്ക്കോ.. അമ്മ ഒറ്റയ്ക്കല്ലേ ഉള്ളൂ.." മാഷ് അവളുടെ തലയില്‍ തലോടിക്കൊണ്ടിരുന്നു.

                   "അത് സാരമില്ല.. മാഷ് വള്ളത്തില്‍ കേറി പോയിട്ടേ ഞാന്‍ പോണൊള്ളൂ. അമ്മ  ഒന്നും പറയില്ലാ.. എന്‍റെ  അമ്മ പാവമാ..."
മാഷ് അവളുടെ കയ്യും പിടിച്ചു നടന്നു.

          പിന്നെ കടവിലേക്കുള്ള പടിക്കെട്ട് എത്തുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല. മാഷിനു അവളോട്‌ എന്തെങ്കിലും സംസാരിക്കാനുള്ള വിഷയം ആലോചിച്ചിട്ടു കിട്ടിയതുമില്ല. മനസ്സില്‍ ഒരു കടല്‍ ഇരമ്പിക്കൊണ്ടിരിന്നു. അവര്‍ അവിടെ എത്തിയപ്പോഴേക്കും ഒരു വള്ളം അക്കരെ പോകാന്‍ തയ്യാറെടുക്കുന്നുണ്ടായിരുന്നു.

        വേണു മാഷ് ആതിരയുടെ കവിളില്‍ മെല്ലെ തട്ടിക്കൊണ്ട് പറഞ്ഞു, 

                  "ഇനി മോള് പൊയ്ക്കോ.. നാളെ സ്കൂളില്‍ കാണാം.. "

         ആതിര ഒന്നും മിണ്ടിയില്ല. ശരിയെന്നു  തലയാട്ടുക മാത്രം ചെയ്തു. അവളുടെ മുഖത്ത് സ്ഥിരമുള്ള ആ പുഞ്ചിരി അപ്പോള്‍ കണ്ടില്ല. മാഷ് അത് ശ്രദ്ധിച്ചുവെങ്കിലും കാണാത്ത ഭാവത്തില്‍ ചിരിച്ചുകൊണ്ട് പടികളിറങ്ങി. നാലഞ്ചു പടികളിറങ്ങിയതെയുള്ളൂ, പുറകില്‍ നിന്നും ആതിരയുടെ ശബ്ദം,

                 "മാഷെ..."

          മാഷ് തിരിഞ്ഞു നോക്കി .ആതിരയുടെ വിടര്‍ന്ന കണ്ണുകള്‍ കണ്ണുനീര്‍ നിറഞ്ഞു തിളങ്ങുന്നു. അവള്‍ അല്പം ഇടറിയ ശബ്ദത്തില്‍ ചോദിച്ചു,

                  "മാഷിനു എന്‍റെ  അമ്മയെ കല്യാണം കഴിച്ചൂടെ....?"

                 
തുടർന്ന് വായിക്കുക...