വിശ്വാസവോട്ട് (ലേഖനം)

ഇതൊരു വല്യ തമാശയാണ്.. 'വിശ്വാസവോട്ട്'.. ഹ..ഹ..ഹ.. ഒരു വല്യ ജനാധിപത്യ, മതേതര രാഷ്ട്രത്തിലെ ഒരു ചെറു സംസ്ഥാനമായ , അതും ദൈവത്തിന്‍റെ സ്വന്തമാണെന്ന് ദൈവങ്ങളെ പോലും പറഞ്ഞു വിശ്വസിപ്പിച്ച ഒരു നാട്ടില്‍, ഈയിടെ ഉണ്ടായ ഒരു തമാശ..
             
              ആ നാട്ടില്‍ ദൈവ 'വിശ്വാസ'മുള്ളവനെ ഇനി മുതല്‍ വോട്ട് ഉള്ളൂ... അതാണീ വിശ്വാസവോട്ട്.. വിശ്വാസം അതല്ലേ എല്ലാം..

            മലയാള മണ്ണില്‍ കുടികൊണ്ടുപോയ ചില നിരാലംബരായ ഹൈന്ദവ ദൈവങ്ങള്‍ എന്തുണ്ണണം, എന്തുടുക്കണം എന്നൊക്കെ തീരുമാനിക്കുന്ന ഹൈക്കമ്മീഷനായ, സാക്ഷാല്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള മനുഷ്യ ദൈവങ്ങളുടെ തെരഞ്ഞെടുപ്പാണ് ഈപ്പറഞ്ഞ വിശ്വസവോട്ടിന്റെ വേദി..

ഇപ്പറഞ്ഞ പ്രസ്ഥാനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇനിമുതല്‍ ഹിന്ദു ആയാല്‍ മാത്രം പോരാ, താന്‍ ഹൈന്ദവദൈവ വിശ്വാസിയാണെന്ന സര്‍ട്ടിഫിക്കറ്റ് കൂടി കയ്യില്‍ കരുതണം, അല്ലെങ്കില്‍ കഴുത്തില്‍ തൂക്കണം (അത് ഏതു ഗസറ്റഡ് ദൈവത്തിന്‍റെ കയ്യില്‍ നിന്നാണ് വാങ്ങേണ്ടത് എന്ന് നിയമം വന്നാലെ അറിയൂ)

 ഇത് നല്ല തമാശ തന്നെയല്ലേ...? അതും ഇന്ത്യന്‍ ഭരണഘടനയിലെ 'ഹിന്ദു' വിന്‍റെ നിര്‍വചനം തന്നെ പൊളിച്ചെഴുതിയാണീ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പോകുന്നത്.. നമ്മുടെ ഈ സര്‍ക്കാര്‍ ഇങ്ങനെ  ഭരിക്കുകയാണെങ്കില്‍ കുറച്ചു നാള് കഴിയുമ്പോള്‍, 'കുഞ്ഞാലിക്കുട്ടി ഹാജി' 'കൃഷ്ണന്‍കുട്ടി നായര്‍' ആകാനും സാധ്യതയുണ്ട്..


തമാശകള്‍ ഇവിടെ തീരുന്നില്ലാ.. ദേവസ്വം ബോര്‍ഡിലെ സ്ത്രീ സംവരണം ഇപ്പറഞ്ഞ ദൈവങ്ങള്‍ക്ക് അത്ര രസിക്കുന്നില്ലത്രേ.. അതും എടുത്തങ്ങു കളഞ്ഞു.. ദൈവത്തിന്‍റെ കാര്യങ്ങള്‍ ഞങ്ങള്‍ ആണുങ്ങള്‍ തീരുമാനിക്കും.. അതുമതി.. 
            കുറച്ചു കഴിയുമ്പോള്‍ , ദേവീ ക്ഷേത്രങ്ങള്‍ പാടില്ലെന്നോ, ക്ഷേത്രങ്ങളിലെ ദേവീ വിഗ്രഹങ്ങള്‍ നീക്കം ചെയ്യണമെന്നോ ഉള്ള ഒരു ഓര്‍ഡിനന്‍സ് കൂടി ഇറങ്ങിയാല്‍...?! അമ്മേ... ദേവീ... നിന്നെ നീ തന്നെ കാത്തോളണേ.... 

ഇതൊക്കെ തമാശയാണെന്ന് പറഞ്ഞെങ്കിലും ഒട്ടും തന്നെ തമാശയായി കാണേണ്ട കാര്യങ്ങളല്ല എന്നതാണ് സത്യം.

 മതേതരം എന്ന് പറഞ്ഞാല്‍ മതം ഏതു തരത്തിലും വ്യാഖ്യാനിക്കാമെന്നല്ല,..
ഏതു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനൊപ്പം മതവിശ്വാസങ്ങള്‍ ഇല്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണത്..

കാട്ടിലും നാട്ടിലുമായി കുടിയിരുന്ന് സമ്പാദിക്കുന്ന സ്വത്തെല്ലാം ''ഇത് നിങ്ങളെടുത്തോ സര്‍ക്കാരേ..'' എന്ന് പറയുന്ന ദാനധര്‍മിഷ്ടരാണ് ഒട്ടുമിക്ക ഹിന്ദു ദൈവങ്ങളും.. എന്നിട്ടും അവിടെ വിശ്വാസ ഹിന്ദു ഭരിച്ചപ്പോഴോ, അവിശ്വാസ ഹിന്ദു ഭരിച്ചപ്പോഴോ അഴിമതിക്കൊട്ടു കുറവും ഉണ്ടായിരുന്നില്ലാ.. അപ്പോഴാണിനീ തീവ്ര ഹിന്ദു തന്നെ വേണം എന്ന് മുറവിളി കൂട്ടുന്നത്.. എന്തായാലും ദീപസ്തംഭം മഹാശ്ചര്യം തന്നേ...


ഏതൊരു കാര്യത്തിലായാലും കാലക്രമത്തില്‍ ഒരു മാറ്റം അനിവാര്യം തന്നെയാണ്.. പക്ഷെ ഇപ്പറഞ്ഞ പോലുള്ള മാറ്റങ്ങള്‍ , വര്‍ഗീയതയെ പുഷ്ടിപ്പെടുത്തുക മാത്രമേ ചെയ്യു എന്നും , അത് ദൂരവ്യാപകമായ തിക്തഫലങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നും കൂടി ഓര്‍മിപ്പിക്കട്ടേ..

 എന്തോ.. ദൈവങ്ങള്‍ക്കും അത്ര നല്ല സമയം ആണെന്ന് തോന്നുന്നില്ല...
5 comments:

 1. വര്‍ഗീയതയെ പുഷ്ടിപ്പെടുത്തുക മാത്രമേ ചെയ്യു എന്നും , അത് ദൂരവ്യാപകമായ തിക്തഫലങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നും കൂടി ഓര്‍മിപ്പിക്കട്ടേ..

  ആരെ ഓര്‍മ്മിപ്പിക്കും? മദം പൂണ്ട് കിടക്കുകയാണ് ഓര്‍മ്മിക്കേണ്ടവര്‍

  ReplyDelete
 2. എന്താ ചെയ്യാനാകുക.. ആവശ്യം കഴിഞ്ഞാല്‍ പിന്നെ ആവണക്കെണ്ണയ്ക്ക് കൈ നീട്ടുന്ന രാഷ്ട്രീയ മേലാളര്‍.. സ്വന്തം ജാതിക്കുള്ളില്‍ ജാതി കളിക്കുന്ന അഭിനവ ഗുരുവും, നായരും, പിന്നെ കുറെ മത നായാടികളും.. ഇവരെയൊക്കെ നമ്മള്‍ എങ്ങനെ നേരിടാന്‍...?
  ചുടലക്കാട്ടില്‍ നിന്ന് നാരായണ ഗുരുവോ, ചട്ടമ്പി സ്വാമികളോ തന്നെ എണീറ്റു വരണം.. എന്നിട്ട് ഇവനെയൊക്കെ ചെരുപ്പ് കൊണ്ടടിക്കണം..

  ReplyDelete
 3. മലയാള മണ്ണില്‍ കുടികൊണ്ടുപോയ ചില 'നിരാലംബരായ ഹൈന്ദവ ദൈവങ്ങള്‍ എന്തുണ്ണണം, എന്തുടുക്കണം എന്നൊക്കെ തീരുമാനിക്കുന്ന ഹൈക്കമ്മീഷനായ, സാക്ഷാല്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള മനുഷ്യ ദൈവങ്ങളുടെ തെരഞ്ഞെടുപ്പാണ് ഈപ്പറഞ്ഞ വിശ്വസവോട്ടിന്റെ വേദി..'

  ചിരി വരുന്നു ഏട്ടാ. ഇത് വായിച്ച്.!
  ഒരു പരിഹാസ-അവജ്ഞച്ചിരി.

  'റച്ചു കഴിയുമ്പോള്‍ , ദേവീ ക്ഷേത്രങ്ങള്‍ പാടില്ലെന്നോ, ക്ഷേത്രങ്ങളിലെ ദേവീ വിഗ്രഹങ്ങള്‍ നീക്കം ചെയ്യണമെന്നോ ഉള്ള ഒരു ഓര്‍ഡിനന്‍സ് കൂടി ഇറങ്ങിയാല്‍...?!'

  ദേവീ മഹാമായേ കാത്തോളണേ.....

  'മതേതരം എന്ന് പറഞ്ഞാല്‍ മതം ഏതു തരത്തിലും വ്യാഖ്യാനിക്കാമെന്നല്ല,..
  ഏതു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനൊപ്പം മതവിശ്വാസങ്ങള്‍ ഇല്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണത്..'

  ഇതൊക്കെ ആരോടാ പറയുന്നത്. കേട്ട് പഠിച്ചവ തള്ളിക്കളയുന്നവരുടെ നാടാ ഇത്. പിന്നെ ആർക്കാ ? എന്നാത്തിനാ ?
  ഇതൊക്കെ.!
  ആശംസകൾ.

  ReplyDelete
 4. വിശ്വാസം കൂട്ടിയാല്‍ വരുമാനം കൂട്ടാം എന്ന തന്ത്രമാണ്‌ തീവ്ര വിശ്വാസികള്‍ സ്വീകരിച്ചുവരുന്നത്.
  ഭക്തിയേക്കാള്‍ ഇവര്‍ക്ക് ഇതൊന്നുമല്ല കാര്യം തനിക്കും സ്വന്തക്കാര്‍ക്കും സുഭിക്ഷമായി വരേണം...
  ആശംസകള്‍

  ReplyDelete
 5. ഏതിന്റേയും തീവ്രതയാണല്ലോ തീവ്രവാദത്തിലേക്ക് വഴികാട്ടുന്നത് അല്ലേ

  ReplyDelete