Wednesday, 31 October 2012

വിശ്വമലയാളം (കവിത)
അക്ഷരപ്പായസ്സമൂട്ടിയെന്നമ്മയ-
ന്നാരാമ വനിയില്‍ വിടര്‍ന്നൊരാ
പ്പൂമൊട്ടു കാട്ടിയിട്ടോതി,"യെന്നോമനേ-
യിതുമമ്മ,നല്ലമ്മ, നെഞ്ചോടു ചേര്‍ക്കു നീ."


പൂക്കളും കായ്കളും കിളിക്കൂട്ടുകാരുമാ-
യൊരുപാട് നേരമാ,പ്പൂങ്കാവനമതി-
ലൊരുമിച്ചുല്ലസ്സിച്ചു, ഞാനുമെന്നമ്മയു-
മക്ഷര നികരം തെരഞ്ഞു മകിഴിഞ്ഞു.


അറിവിന്‍റെ ചുനപൊട്ടിയൊഴുകിയപ്പൂ-
വിലന്നമൃതം നിറഞ്ഞൂ, ഞാനൂറ്റിയെ-
ന്നുള്‍ക്കാമ്പിലുറങ്ങുമ,ത്തമസ്സിനെ
നിഹതിച്ച, തുള്‍കാഴ്ച ദീപം തെളിച്ചു.


എന്നമ്മ, നല്ലമ്മ, യെന്‍ മാതൃ ഭാഷ,
എന്നറിവിന്‍റെ മടപ്പുരയിലൊരു നാഴി-
യൊഴിയാതെ കാക്കും, ഞാന്‍ നമിക്കും,
നീ ഒരു കാലവും വിലമതിയാത്ത നീതം.


സഹ്യനഗപതിക്കുറ്റ വധുവായ നങ്ങ,
നിന്നംഗ പ്രകാശം പരക്കട്ടെ, യീ വിശ്വം
നിറഞ്ഞു നീയൊഴുകട്ടെ, വിളങ്ങട്ടെ-
ചിരകാല,മെന്നമ്മയായ്,വിശ്വമലയാളമായി.

തുടർന്ന് വായിക്കുക...

Monday, 29 October 2012

അഭയവത്മീകം (കവിത)അഭയമരുളൂ  താതാ, നിന്‍ പര്‍ണശാലയി-
ലൊരിത്തിരി മയങ്ങുവാ,നിറ്റു നേരം മനഃ-
ഭാണ്ഡമിറക്കുവാ,നുദരം പെരുക്കും
രാമ ബീജം വളര്‍ത്തുവാനഭയമരുളൂ..

ചിതല്‍പുറ്റ് പെറ്റ നിന്നാശ്രമപ്പടിയി-
ലിന്നാശ്രയമിരന്നു ഞാന്‍ മുട്ടുന്നു,വാതി-
ലിന്നോടാമ്പലിളക്കി,യപ്പാനയിലൊരിത്തിരി
ജലതീര്‍ത്ഥമോതിയെന്നധരം നനയ്ക്കൂ..

അറിയുകില്ലേ എന്നെ, ഞാന്‍ നിന്‍റെ നാരായ-
മുനയില്‍ പിറന്നൊരാ പതിതയാം മൈഥിലി.
പേര്‍ത്തും പിറന്നു ഞാന്‍ നാരിയായി തന്നെ-
യെന്നുദരം ചുമക്കുന്നുണ്ടിന്നൊരു രാമബീജം..

മൗനവത്മീകമുടയ്ക്കു നീ മാമുനേ-
യെവിടെ ഈ തമസ്സിന്‍റെ മറയിലുണ്ടോ?അതോ,
അടവിതന്നറ്റത്തൊതുങ്ങിയൊരു ദിക്കിലിരു-
ന്നഭിനവ രാമായണം കുറിക്കയാണോ?

ഇളപെറ്റ പുത്രിയായി നീ തന്നൊരാ ജന്മ-
മിനിയും വെടിയാതെ പേറുന്നു നാരികള്‍.
ഇണചേര്‍ന്ന ശേഷമെന്‍ ജീവനെപ്പഴിചാരി-
യൊഴിയുന്ന ഭൂപാലരിന്നും ഭരിക്കുന്നു..

എവിടെ നീ വാത്മീകീ, യെങ്ങുപോയീ-
രാത്രി,യിന്നാശ്രമ വെളിച്ചം തെളിക്കാതെ-
യരത്തം കലക്കാതെ,യഭയം കൊതിക്കുമീ
സീതയെ കാണാതെ, യെങ്ങു പോയി നീ..

വാക്കുകളറംപറ്റിയെന്നാര്‍ത്താര്‍ത്തു തേങ്ങി-
യിന്നഭയ വത്മീക മറയിലൊളിച്ചിരിക്കുന്നുവോ?
അതോ,ജ്ഞാനവല്‍മീകമഴിച്ചു നീ കലിയുഗ-
ക്കാട്ടാള വേഷമണിഞ്ഞുവോ പിന്നെയും..?

ചൂലിന്‍റെ വില പോലുമില്ലാത്ത ചൂലിതന്‍
ചിത്തത്തിലന്ത്യ പ്രതീക്ഷ നീ, മാഞ്ഞുവോ..?
പെറ്റും പെറാതെയും ഒരുപാടു നാരിമാരൊരു-
നേരമഭയ വത്മീകം തിരക്കുന്നുവോ..?

ആരുണ്ടെനിക്കിന്നൊരുത്തരം നല്‍കുവാന്‍..?
ആരുണ്ടെനിക്കിന്നൊരുത്തരം നല്‍കുവാന്‍..?
ഞാനെന്തു വേണം? നിനക്കെന്നെ അറിയില്ലേ,
ഞാന്‍ സീത, ഞാന്‍ പെണ്ണ്.. ഞാന്‍ പെണ്ണ്..

ഭൂമിക്കു ഭാരമായിനിയും ഞാന്‍ മേവണോ?
ഞാനെന്‍റെ പിരടിയില്‍ പാശം മുറുക്കണോ?
പ്രാണന്നു വിലയിട്ടു ലേലത്തില്‍ വയ്ക്കണോ?
പ്രണയ വത്മീകമുണരും വരെ കാക്കണോ?

ആരുണ്ടെനിക്കിന്നൊരുത്തരം നല്‍കുവാന്‍..?
ആരുണ്ടെനിക്കിന്നൊരുത്തരം നല്‍കുവാന്‍..?
ഞാനെന്തു വേണം? നിനക്കെന്നെ അറിയില്ലേ,
ഞാന്‍ സീത, ഞാന്‍ പെണ്ണ്.. ഞാന്‍ പെണ്ണ്..

തുടർന്ന് വായിക്കുക...

Sunday, 28 October 2012

വിശ്വാസവോട്ട് (ലേഖനം)

ഇതൊരു വല്യ തമാശയാണ്.. 'വിശ്വാസവോട്ട്'.. ഹ..ഹ..ഹ.. ഒരു വല്യ ജനാധിപത്യ, മതേതര രാഷ്ട്രത്തിലെ ഒരു ചെറു സംസ്ഥാനമായ , അതും ദൈവത്തിന്‍റെ സ്വന്തമാണെന്ന് ദൈവങ്ങളെ പോലും പറഞ്ഞു വിശ്വസിപ്പിച്ച ഒരു നാട്ടില്‍, ഈയിടെ ഉണ്ടായ ഒരു തമാശ..
             
              ആ നാട്ടില്‍ ദൈവ 'വിശ്വാസ'മുള്ളവനെ ഇനി മുതല്‍ വോട്ട് ഉള്ളൂ... അതാണീ വിശ്വാസവോട്ട്.. വിശ്വാസം അതല്ലേ എല്ലാം..

            മലയാള മണ്ണില്‍ കുടികൊണ്ടുപോയ ചില നിരാലംബരായ ഹൈന്ദവ ദൈവങ്ങള്‍ എന്തുണ്ണണം, എന്തുടുക്കണം എന്നൊക്കെ തീരുമാനിക്കുന്ന ഹൈക്കമ്മീഷനായ, സാക്ഷാല്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള മനുഷ്യ ദൈവങ്ങളുടെ തെരഞ്ഞെടുപ്പാണ് ഈപ്പറഞ്ഞ വിശ്വസവോട്ടിന്റെ വേദി..

ഇപ്പറഞ്ഞ പ്രസ്ഥാനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇനിമുതല്‍ ഹിന്ദു ആയാല്‍ മാത്രം പോരാ, താന്‍ ഹൈന്ദവദൈവ വിശ്വാസിയാണെന്ന സര്‍ട്ടിഫിക്കറ്റ് കൂടി കയ്യില്‍ കരുതണം, അല്ലെങ്കില്‍ കഴുത്തില്‍ തൂക്കണം (അത് ഏതു ഗസറ്റഡ് ദൈവത്തിന്‍റെ കയ്യില്‍ നിന്നാണ് വാങ്ങേണ്ടത് എന്ന് നിയമം വന്നാലെ അറിയൂ)

 ഇത് നല്ല തമാശ തന്നെയല്ലേ...? അതും ഇന്ത്യന്‍ ഭരണഘടനയിലെ 'ഹിന്ദു' വിന്‍റെ നിര്‍വചനം തന്നെ പൊളിച്ചെഴുതിയാണീ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പോകുന്നത്.. നമ്മുടെ ഈ സര്‍ക്കാര്‍ ഇങ്ങനെ  ഭരിക്കുകയാണെങ്കില്‍ കുറച്ചു നാള് കഴിയുമ്പോള്‍, 'കുഞ്ഞാലിക്കുട്ടി ഹാജി' 'കൃഷ്ണന്‍കുട്ടി നായര്‍' ആകാനും സാധ്യതയുണ്ട്..


തമാശകള്‍ ഇവിടെ തീരുന്നില്ലാ.. ദേവസ്വം ബോര്‍ഡിലെ സ്ത്രീ സംവരണം ഇപ്പറഞ്ഞ ദൈവങ്ങള്‍ക്ക് അത്ര രസിക്കുന്നില്ലത്രേ.. അതും എടുത്തങ്ങു കളഞ്ഞു.. ദൈവത്തിന്‍റെ കാര്യങ്ങള്‍ ഞങ്ങള്‍ ആണുങ്ങള്‍ തീരുമാനിക്കും.. അതുമതി.. 
            കുറച്ചു കഴിയുമ്പോള്‍ , ദേവീ ക്ഷേത്രങ്ങള്‍ പാടില്ലെന്നോ, ക്ഷേത്രങ്ങളിലെ ദേവീ വിഗ്രഹങ്ങള്‍ നീക്കം ചെയ്യണമെന്നോ ഉള്ള ഒരു ഓര്‍ഡിനന്‍സ് കൂടി ഇറങ്ങിയാല്‍...?! അമ്മേ... ദേവീ... നിന്നെ നീ തന്നെ കാത്തോളണേ.... 

ഇതൊക്കെ തമാശയാണെന്ന് പറഞ്ഞെങ്കിലും ഒട്ടും തന്നെ തമാശയായി കാണേണ്ട കാര്യങ്ങളല്ല എന്നതാണ് സത്യം.

 മതേതരം എന്ന് പറഞ്ഞാല്‍ മതം ഏതു തരത്തിലും വ്യാഖ്യാനിക്കാമെന്നല്ല,..
ഏതു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനൊപ്പം മതവിശ്വാസങ്ങള്‍ ഇല്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണത്..

കാട്ടിലും നാട്ടിലുമായി കുടിയിരുന്ന് സമ്പാദിക്കുന്ന സ്വത്തെല്ലാം ''ഇത് നിങ്ങളെടുത്തോ സര്‍ക്കാരേ..'' എന്ന് പറയുന്ന ദാനധര്‍മിഷ്ടരാണ് ഒട്ടുമിക്ക ഹിന്ദു ദൈവങ്ങളും.. എന്നിട്ടും അവിടെ വിശ്വാസ ഹിന്ദു ഭരിച്ചപ്പോഴോ, അവിശ്വാസ ഹിന്ദു ഭരിച്ചപ്പോഴോ അഴിമതിക്കൊട്ടു കുറവും ഉണ്ടായിരുന്നില്ലാ.. അപ്പോഴാണിനീ തീവ്ര ഹിന്ദു തന്നെ വേണം എന്ന് മുറവിളി കൂട്ടുന്നത്.. എന്തായാലും ദീപസ്തംഭം മഹാശ്ചര്യം തന്നേ...


ഏതൊരു കാര്യത്തിലായാലും കാലക്രമത്തില്‍ ഒരു മാറ്റം അനിവാര്യം തന്നെയാണ്.. പക്ഷെ ഇപ്പറഞ്ഞ പോലുള്ള മാറ്റങ്ങള്‍ , വര്‍ഗീയതയെ പുഷ്ടിപ്പെടുത്തുക മാത്രമേ ചെയ്യു എന്നും , അത് ദൂരവ്യാപകമായ തിക്തഫലങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നും കൂടി ഓര്‍മിപ്പിക്കട്ടേ..

 എന്തോ.. ദൈവങ്ങള്‍ക്കും അത്ര നല്ല സമയം ആണെന്ന് തോന്നുന്നില്ല...
തുടർന്ന് വായിക്കുക...