കാതില്ലാത്ത പാമ്പുകളും കാതുള്ള സുരേഷും

വാവ സുരേഷ് പാമ്പ് പിടുത്തം നിർത്താൻപോകുന്നുവെന്ന് ഒരിക്കൽ പ്രഖ്യാപിച്ചതാണ്, കുറച്ച് മാസങ്ങൾക്കു മുമ്പ്. സോഷ്യൽ മീഡിയ വഴി തന്റെ പാമ്പുപിടിത്ത രീതിയെ പറ്റി വിമർശനങ്ങൾ വന്നപ്പോൾ നിർത്തിയേക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ, അതേ സോഷ്യൽ മീഡിയയിലെ ഫാൻസിന്റെ നിർബന്ധം കാരണം ഈ മരണക്കളി നിർത്തണ്ടാ എന്ന് ഉടനെ തന്നെ തീരുമാനിക്കുകയും ചെയ്തു.

അന്നേ പലരും അഭിപ്രായപ്പെട്ടതാണ്, തികച്ചും നിർഭാഗ്യകരമായ തീരുമാനമാണതെന്ന്. കാരണം, വാവ സുരേഷിന്റെ പാമ്പ് പിടിത്തം അശാസ്ത്രീയവും പാമ്പിനും വാവയ്ക്കും അവിടെ കൂടി നിൽക്കുന്ന മനുഷ്യർക്കും ജീവനു തന്നെ ഭീഷണിയും പാമ്പിന്റെ പ്രദർശനവും ട്രാൻസ്പോർട്ടേഷനും നിയമ വിരുദ്ധവുമാണ്.

അണലിയുടെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ നിന്നും വാവ സുരേഷിപ്പോൾ തിരിച്ചുവരുന്നുണ്ട്. പാമ്പു കടിയേറ്റ് നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായ ചികിത്സ (ASV + സപ്പോർട്സ്) ലഭ്യമാക്കിയാൽ നമുക്കൊരാളെ രക്ഷിക്കാം. അത് ശാസ്ത്രത്തിൻ്റെയും നമ്മുടെ ആരോഗ്യമേഖലയുടെയും നേട്ടമാണ്. ഇതെത്രാമത്തെ പ്രാവശ്യമാണ്, വാവ സുരേഷ് പാമ്പിൻ വിഷമേറ്റിട്ട് ശാസ്ത്രീയമായ ചികിത്സയിലൂടെ രക്ഷപ്പെടുന്നത്? അദ്ദേഹത്തെ കടിയേൽക്കുമ്പോ കൊണ്ടുപോയി രക്ഷിക്കാൻ മാത്രമുള്ളതല്ലാ, ശാസ്ത്രീയരീതികൾ. കടിയേൽക്കാതിരിക്കാനും കൂടിയാണ്.

പക്ഷെ അതെന്താണെന്ന് നൂറുവട്ടം പറഞ്ഞാലും സുരേഷോ ഫാൻസോ അതുമാത്രം മനസിലാക്കില്ല.

💥അപ്പൊ വാവ സുരേഷ് പാമ്പ് പിടുത്തം നിർത്തണമെന്നാണോ?
    അല്ല. അല്ലേയല്ലാ. വാവ സുരേഷ് ശാസ്ത്രീയമായ പാമ്പ് പിടിത്ത രീതി പരിശീലിച്ച് ഈ മേഖലയിൽ തുടരട്ടെ. പക്ഷെ, അദ്ദേഹം പാമ്പിന്റെ പ്രദർശനവും അതിനെ കയ്യിൽ പിടിച്ചുള്ള ഷോയും നിർത്തണം.

💥എന്താണീ ശാസ്ത്രീയമായ പാമ്പ് പിടിത്തം?
      പാമ്പിനും ചുറ്റുമുള്ള മനുഷ്യർക്കും ഒരു പോലെ സുരക്ഷ ഉറപ്പുവരുത്തിയുള്ളതാണത്. അതിനായുള്ള ഹൂക്ക്, പൈപ്പ്, ബാഗ് ഒക്കെ ഉപയോഗിച്ചു വേണമത് ചെയ്യാൻ.
   
💥ഇത്രയധികം വിമർശനങ്ങൾ ഉണ്ടായിട്ടും എന്തായിരിക്കും വാവ സുരേഷ് ശാസ്ത്രീയ രീതി പരിശീലിക്കാത്തത്?
        വാവ സുരേഷിന്റെ പാമ്പ് പിടിത്തം ഒരു ചലച്ചിത്രം പോലെയാണ്. ബാഹുബലി പോലെ കണ്ടിരിക്കാം. ശാസ്ത്രീയ രീതിയിലുള്ള പാമ്പ് പിടിത്തം ഒരു സിനിമാ ഷൂട്ടിംഗ് കാണുന്ന പോലെ വിരസമാണ്. അവിടെ പാമ്പിനെ വച്ച് ഷോ കാണിക്കാനുള്ള ഓപ്‌ഷനില്ല. കാഴ്ചക്കാരൻ്റെ കൈയടി നേടാനവിടെ സ്കോപ്പില്ല.  അല്ലാതൊരു കാരണവും കാണുന്നില്ല.

💥വാവ സുരേഷിനെ അനുകൂലിക്കുന്നവരെ ഫാൻസ് എന്ന് വിളിക്കുന്നതെന്തിനാണ്?
         എന്തിനെയും ലോജിക്കില്ലാതെ, വരും വരായ്കകളെ പറ്റി ആകുലതകളില്ലാതെ, ശരി തെറ്റുകൾ തിരിച്ചറിയാതെ അനുകൂലിക്കുന്നവരെ വിളിക്കുന്നതാണ് ഫാൻസ് എന്ന്. അതിവിടെ ആപ്റ്റാണ്. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നിൽ കയറി നിൽക്കുന്നവൻ്റെ 'ധൈര്യ'ത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന മണ്ടന്മാർ.

💥വാവ സുരേഷ് പാമ്പ് പിടിത്തം നിർത്തുമെന്ന് പറഞ്ഞപ്പോൾ ഫാൻസിന്റെ വാദങ്ങൾ എന്തായിരുന്നു?
       1. വാവ പാമ്പു പിടിത്തം നിർത്തിയാൽ പിന്നാര് കേരളത്തിൽ പാമ്പിനെ പിടിക്കും?
       2. നാളെ മുതൽ അദ്ദേഹത്തെ ശാസ്ത്രീയത പഠിപ്പിക്കാൻ നടന്നവർ പോയി പാമ്പ് പിടിക്കട്ടെ. കാണാല്ലോ.
       3. വാവ സുരേഷിന് പത്മശ്രീ കൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴുള്ള അസൂയയാണ് എല്ലാർക്കും.
       4. അയ്യോ സുരേഷേട്ടാ പോവല്ലേ..

💥ഈ ഫാൻസിനോടൊരു ചോദ്യം -
        നാളെ ഒരു പാമ്പുകടിയേറ്റ് വാവ സുരേഷിന് അപകടം പറ്റിയാൽ, മറ്റന്നാൾ മുതൽ ആര് പാമ്പിനെ പിടിക്കും? ഒരു ഷോ കാണണം എന്ന ഉദ്ദേശമല്ലാതെ അയാളുടെയോ അയാൾക്കുചുറ്റും കാഴ്ച കാണാൻ നിൽക്കുന്നവരുടെയോ ജീവനെ നിങ്ങൾ അൽപ്പമെങ്കിലും വിലമതിക്കുന്നുണ്ടോ? എത്ര പ്രാവശ്യം അദ്ദേഹത്തിന് പാമ്പു കടിയേറ്റിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? എല്ലായ്പ്പോഴും രക്ഷപ്പെടാൻ ചാൻസുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒപ്പം ശാസ്ത്രീയമായി ഇത് ചെയ്യുന്നവർക്ക് കടിയേറ്റിട്ടുള്ള, കടിയേൽക്കാനുള്ള സാധ്യത കൂടി അന്വേഷിക്കണേ.

💥ഇങ്ങനെ എഴുതുന്നതുവഴി അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുകയല്ലേ?
       അല്ല. അദ്ദേഹത്തിന്റെ പാമ്പു പിടിത്തരീതിയെ മാത്രമാണ് വിമർശിക്കുന്നത്. വ്യക്തിപരമായി അദ്ദേഹത്തോട് എന്ത് വിരോധം. അദ്ദേഹത്തോടല്ലാതെ, പാമ്പിനോട് കടിക്കരുതെന്ന് പറയാൻ പറ്റില്ലല്ലോ.

💥മേഖലയിൽ ഇത്രയും എക്സ്പീരിയൻസുള്ള ഒരാൾ ഇനിപ്പോയി ശാസ്ത്രീയത പഠിക്കണമെന്ന് പറയുന്നത് കഷ്ടമാണ്.
         ഒരു ഡ്രൈവറുണ്ട്. വണ്ടിയോടിക്കലിൽ 25 വർഷത്തെ എക്സ്പീരിയൻസുമുണ്ട്. ഫുട് പാത്തിലൂടെയും റെഡ് സിഗ്നലിലും വൺ വേയിലുമൊക്കെ ഓടിക്കാനാണ് പുള്ളിക്കിഷ്ടം. നിയമം പാലിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമേയല്ലാ. പത്ത് നൂറ് ആക്സിഡന്റിന്റെ സർട്ടിഫിക്കറ്റും കയ്യിലുണ്ട്. അദ്ദേഹത്തെ നിങ്ങളുടെ ഡ്രൈവറാക്കുമെങ്കിൽ വാവയും ജോലി തുടരണമെന്ന് പറയാം.

ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തൻ്റെ മണ്ടത്തരങ്ങൾ തിരിച്ചറിയണമെന്നും, അല്ലെങ്കിൽ ഇത്തിരി ബോധമുള്ള ആരെങ്കിലും അദ്ദേഹത്തെയത് ബോധ്യപ്പെടുത്തണമെന്നും ആഗ്രഹിച്ചു പോകുന്നു..©മനോജ്‌ വെള്ളനാട്

കാഷ്വാലിറ്റിയിലെ ചൊറിച്ചില്‍

കഴിഞ്ഞ ഞായറാഴ്ച രാത്രി. സമയം 10:30- 11. സ്ഥലം തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി കാഷ്വാലിറ്റി. ഒരു പ്രാവശ്യമെങ്കിലും അതുവഴി കടന്നു പോയിട്ടുള്ളവർക്ക് അവിടുത്തെ ആ സമയത്തെ തിരക്കൂഹിക്കാം. നെഞ്ചിൽ ട്യൂബിട്ടവരും വായിലൂടെയും മൂക്കിലൂടെയും ട്യൂബിട്ടവരും ട്യൂബുകളൊന്നുമിടാത്തവരും ആക്സിഡന്റിലും അക്രമത്തിലും മുറിവേറ്റവരുമൊക്കെയായി 15-ലധികം പേർ അവിടെയുണ്ട്. എല്ലാ ഡോക്ടർമാരും തിരക്കിലാണ്.

പാരിപ്പള്ളി മെഡിക്കൽ കോളേജീന്ന് റെഫർ ചെയ്ത് വന്ന ഒരു രോഗിയെ ഞാനന്തം വിട്ടു നോക്കുകയായിരുന്നു. അന്തം വിടാൻ കാരണം, ആ അമ്മച്ചി വളരെ കൂളായിട്ട് നടന്നാണ് കാഷ്വാലിറ്റിയിലേക്ക് വന്നത്. അവിടുന്ന് കൊടുത്തുവിട്ട വയറിന്റെ X-ray യിൽ അമ്മച്ചിയുടെ കുടലിലെവിടെയോ ദ്വാരം വീണിട്ടുണ്ടെന്നതിന്റെ തെളിവുണ്ടായിരുന്നു. ഇതും വച്ചിട്ടാണവർ നടന്നു വരുന്നത്! അവരെ ഉള്ള സ്ഥലത്തുടനേ പിടിച്ചു കിടത്തിയിട്ട്, ഒരു ജൂനിയർ ഡോക്ടറെ ഏൽപ്പിച്ചു. എത്രയും വേഗം അഡ്മിറ്റാക്കി, അക്കമ്പനി ചെയ്ത് വാർഡിലെത്തിക്കാൻ പറഞ്ഞു. കാരണമത്, നടന്നാണ് വന്നതെങ്കിലും എമർജൻസി ഓപറേഷൻ വേണ്ട രോഗിയാണ്.

തിക്കിത്തിരക്കുന്ന വീൽ ചെയറുകൾക്കും ട്രോളികൾക്കും അവയെ അനുഗമിക്കുന്ന മനുഷ്യർക്കുമിടയിലൂടെ ഉന്തിത്തള്ളി രണ്ടുപേർ എന്റെ അടുത്തെത്തി, അപ്പോഴേക്കും. അച്ഛനും മകനുമാണ്. മകനാണ് രോഗി.

'എന്തു പറ്റിയതാണ്?' ഞാൻ ചോദിച്ചു.

'അതെന്റെ കാല്, ചെരിപ്പിട്ടപ്പൊ ഒന്നു പൊള്ളി' രോഗി ചെരുപ്പൂരി കാല് കാണിച്ചു. ശരിയാണ് കാൽ പാദത്തിൽ ചെറിയൊരു പാടുണ്ട്. പൊള്ളലുണ്ടാക്കിയ പുതിയ ചെരുപ്പ് മാറ്റിയിട്ടുണ്ട്.

ചെരുപ്പിട്ട് വരുന്ന പൊള്ളൽ കാണിക്കാനുള്ള സ്ഥലമല്ല സർജറി കാഷ്വാലിറ്റി. എന്നാലും രാത്രിയൊക്കെ വരുമ്പോ കാര്യമായ ബുദ്ധിമുട്ട് കാണണമല്ലോ. ഞാൻ ചോദിച്ചു,

'എത്ര ദിവസമായി?'

'ഇതിപ്പൊ രണ്ടു ദിവസമായി..'

'അപ്പൊ, ഈ നേരത്തിപ്പൊ വരാൻ കാര്യം?'

'ഞങ്ങളപ്പുറത്തൊരു സ്ഥലം വരെ വന്നതാ. അപ്പൊ ഇതൊന്ന് കാണിച്ചിട്ട് പോകാമെന്ന് വിചാരിച്ചു.' അച്ഛനാണ് മറുപടി പറഞ്ഞത്.

'ചേട്ടാ, ഇത് കാഷ്വാലിറ്റിയാണ്. ആക്സിഡൻറും എമർജൻസി കേസുകളും നോക്കുന്ന സ്ഥലം. നിങ്ങൾ നാളെ രാവിലെ ഓപിയിൽ വന്ന് കാണിക്ക്.'

'നാളെയോ? ഇതൊന്ന് നോക്കാനെന്താണിത്ര പാട്?' അച്ഛൻ ചൂടായി തുടങ്ങി.

'അതാണ് പറഞ്ഞത്, ഇത് അലർജി ചികിത്സിക്കുന്ന സ്ഥലമല്ലാ. ഈ കിടക്കുന്നവരും ഇരിക്കുന്നവരുമൊക്കെ കാര്യമായ പ്രശ്നങ്ങളുള്ളവരാണ്. ഇതവരെ നോക്കാനുള്ള സ്ഥലമാണ്.' ഞാൻ പറഞ്ഞു.

ഞാനടുത്ത രോഗിയിലേക്ക് തിരിഞ്ഞു. അപ്പോഴാ അച്ഛന്റെ ശബ്ദം വീണ്ടും ഉയർന്നു,

'അലർജി നോക്കാൻ പറ്റൂലങ്കി പുറത്ത് ബോർഡെഴുതി വയ്ക്കണം, നോക്കാൻ പറ്റൂലാന്ന്. അപ്പൊ പിന്നെ മനുഷ്യൻ മെനക്കെട്ട് വരൂല്ലല്ലോ. ഓരോരോ പത്രാസുകള്..'

'കാര്യമായ വേദനയോ മറ്റോ ഉണ്ടെങ്കിൽ തൽക്കാലം അതിനുള്ള മരുന്നെഴുതി തരാം. എന്തായാലും ഇതിന് ചികിത്സിക്കുന്ന സ്ഥലമല്ലാ ഇത്.'

'എന്നാ താൻ ചികിത്സിക്കണ്ടാ..'

അയാളാ ഓപി ടിക്കറ്റും വലിച്ചെടുത്തു കൊണ്ട് ഒറ്റ പോക്ക്. അടി കിട്ടാത്തതിലുള്ള ആശ്വാസത്തിൽ, ഒന്ന് നെടുവീർപ്പെട്ട് ഞാനടുത്ത രോഗിയെ നോക്കിത്തുടങ്ങി.

അടി കിട്ടിയിരുന്നെങ്കിൽ പിറ്റേന്ന് പത്രത്തിൽ വെണ്ടയ്ക്കാ വലിപ്പത്തിൽ 5 കോളം വാർത്ത വന്നേനെ, ചികിത്സ നിഷേധിച്ചെന്നും പറഞ്ഞ്. രോഗമെന്താണ്? ചെരുപ്പിട്ടപ്പൊ കാലിലെ തൊലി അടർന്നത്. കാണിക്കാൻ വന്നത്, സർജറി കാഷ്വാലിറ്റിയിൽ. അതൊന്നും ആരും വായിക്കില്ല. വായിച്ചാലൊട്ടു മനസിലാക്കുകേമില്ല.

മേൽ വിവരിച്ചതിൽ വാക്കുപോലും ഞാൻ എക്സ്ട്രാ ചേർത്തിട്ടില്ല. 100% റിയൽ. ആ നടന്നു വന്ന അമ്മച്ചി ഒരു കോയിൻസിഡന്റായിരുന്നെങ്കിലും അതിനും പ്രസക്തിയുണ്ട്. കാരണം, രോഗി നടന്നു വന്നതാണെങ്കിലും അതൊരു എമർജൻസിയാണെങ്കിൽ തിരിച്ചറിയാൻ നമുക്ക് കഴിയുമെന്നതിന്റെ ഉദാഹരണമാണത്.

കാഷ്വാലിറ്റിയിൽ വെറുതേയിരിക്കുന്ന നേരത്താണെങ്കിൽ രണ്ടു വർഷം പഴക്കമുള്ള അരിമ്പാറയാണെങ്കിക്കൂടി നോക്കി വിടാറുണ്ട്. ഇനി ഓപിയിലോടിച്ച് മെനക്കെടുത്തണ്ടല്ലോന്ന് വിചാരിച്ച് മാത്രം. പക്ഷെ തിരക്കുള്ള സമയത്ത്, ഇതുപോലെ വെറുതേ ഒന്ന് കാണിച്ചിട്ട് പോകാൻ വരുന്നവരുണ്ടാക്കുന്ന ഇറിറ്റേഷൻ ചില്ലറയല്ലാ. പറഞ്ഞാ പോലും മനസിലാവാതെ തർക്കിക്കാൻ നിക്കുന്നവർ അന്നത്തെ മൊത്തം മൂഡും നശിപ്പിക്കും.

ഇത്രയും പറഞ്ഞത് ഇമ്മാതിരിയൊരു പത്രവാർത്ത ഇപ്പൊ വായിച്ചതു കൊണ്ടു കൂടിയാണ്. പത്രക്കാർക്ക് എത്തിക്സ് പാടില്ലാന്നുള്ളതുകൊണ്ട്, അവർക്ക് എന്തും കൊടുക്കാല്ലോ. സെൻസേഷൻ മാത്രം നോക്കിയാ മതി. അതോണ്ട് അവരോടൊന്നും പറയാനില്ല. മറ്റുള്ളവരോടാണ്,

കാഷ്വാലിറ്റിയെന്നത് വെറുതേ പോകുമ്പോ കേറീട്ട് പോകാനുള്ളതോ, ദിവസങ്ങളായുള്ള രോഗങ്ങളോ, ജലദോഷവും ചുമയും തൊണ്ടവേദനയും ചെരുപ്പിന്റെ അലർജിയും കാണിക്കാനുള്ളതോ ആയ സ്ഥലമല്ലാ. അവിടെ ഓരോ 10-15 മിനിട്ടിലും ഒരാളുടെയെങ്കിലും ജീവനോ ജീവിതമോ രക്ഷിക്കപ്പെടുന്ന സ്ഥലമാണ്. അതിനുവേണ്ടിയുള്ളതാണ്. അതിനെ തടസപ്പെടുത്താതിരിക്കേണ്ടത് നിങ്ങടെ കടമയാണ്.

ഓപ്പിയിലെ പോലെ രോഗിയെ നോക്കി മരുന്നെഴുതൽ മാത്രമല്ലാ അവിടെ നടക്കുന്നത്. അടിപിടിയോ ആക്സിഡന്റോ പൊള്ളലോ ആത്മഹത്യാ ശ്രമമോ ഒക്കെയായി വരുന്നവരുടെയൊക്കെ ഭാവി തന്നെ തീരുമാനിക്കാവുന്ന മെഡിക്കോലീഗൽ പേപ്പർ വർക്കുകളും (Wound certificate, Police intimation etc) ഇതിനൊപ്പം തന്നെ നടക്കുന്നുണ്ട്. അപൂർവ്വം അവസരങ്ങളിലല്ലാതെ അവിടാരും വിശ്രമിക്കാറുമില്ല.

അതിനാൽ ഇനിമുതൽ ഈ വക കാര്യങ്ങൾ മനസിലാക്കി സ്വയം ചിന്തിച്ച ശേഷം മാത്രം, അല്ലെങ്കിൽ പരിചയമുള്ള ഡോക്ടർമാരെയോ നഴ്സുമാരെയോ വിളിച്ചു ഒരഭിപ്രായം ചോദിച്ചതിന് ശേഷം മാത്രം, സർക്കാർ ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്ക് പോകുമല്ലോ..©മനോജ്‌ വെള്ളനാട്

മാസ്ക് ധരിക്കുമ്പോൾ...

നിരവധി തരം മാസ്കുകൾ ഉണ്ട്. സാധാരണയായി ലഭ്യമായ ഒന്ന് നീലയും വെള്ളയും ഉള്ള ശസ്ത്രക്രിയാ മാസ്ക് ആണ്. അതാണ് ചിത്രത്തിൽഈ മാസ്കിന് 3 ലെയറുകളുണ്ട്. നീലയ്ക്കും വെള്ളയ്ക്കും ഇടയിൽ നമ്മൾ കാണാത്ത ഒരു പാളി ഉണ്ട്. ഇതാണ് ശരിക്കും ബാക്ടീരിയയോ വൈറസോ പുറത്തേക്കോ അകത്തേക്കോ പോകുന്നത് തടയുന്നത്. അതെത്രത്തോളം ഇഫക്റ്റീവാണെന്നത് ഒരു ചോദ്യമാണ്.

ഇനി മാസ്കിലെ ആ നീല നിറമുള്ള ഭാഗം തൊട്ടു നോക്കിയാൽ മെഴുകിൽ തൊട്ടപോലിരിക്കും. അത് പുറമേ നിന്നുള്ള ഡ്രോപ്ളെറ്റുകൾ അകറ്റുന്നതിനുള്ളതാണ്. മുന്നിലൊരാൾ നിന്ന് സംസാരിക്കുമ്പോൾ തെറിക്കുന്ന തുള്ളികൾ അതിൽ വന്ന് തട്ടി നമ്മുടെ മൂക്കിലെത്താതെ അവ തെറിച്ചു പോകും. അതോണ്ട് മാസ്ക് കെട്ടുമ്പോൾ നിറമുള്ള ഭാഗം പുറത്താണ് വരാനുള്ളത്.

വെള്ളപ്പാളി തൊട്ടാൽ നല്ല സോഫ്റ്റാണ്. അതിൽ വന്ന് വീഴുന്നതിനെ ഒക്കെ അതങ്ങ് വലിച്ചെടുത്തോളും. നമ്മൾ തുമ്മുമ്പോൾ, സംസാരിക്കുമ്പോൾ ഒക്കെ തെറിക്കുന്ന സൂക്ഷ്മതുള്ളികൾ ആ ലെയറിൽ പറ്റിപ്പിടിച്ച് പുറത്തു പോകാതിരുന്നോളും. എന്നുവച്ചാ നിറമില്ലാത്ത ഭാഗം അകത്തു വരുന്ന വിധമാണ് മാസ്ക് ധരിക്കേണത്.

യഥാർത്ഥത്തിൽ N95 മാസ്കുകളാണ് ഈ അവസരങ്ങളിൽ ഉപയോഗിക്കേണ്ടത്. പക്ഷെ അവ അത്ര എളുപ്പമല്ലാ കിട്ടാൻ. അതോണ്ട് ഈ മാസ്കുകൾ തന്നെ പലപ്പോഴും നമുക്കാശ്രയം. അതിനിടയിൽ ഈ മാസ്ക് ധരിക്കുന്നതിനെ പറ്റി വരെ ഹോക്സുകൾ പ്രചരിക്കുന്നുണ്ട്. എന്താല്ലേ..? അതോണ്ടെഴുതിയതാണിത്.

ഇത്രേം മാത്രം ഓർത്താ മതി, നിറമുള്ള വശം മറ്റുള്ളവർക്ക് കാണാനുള്ളതാണ്. നമ്മളെ കളർഫുളായി മറ്റുള്ളവർ കാണുന്നതല്ലേ നമുക്കിഷ്ടം. അത്രേള്ളൂ..

©മനോജ്‌ വെള്ളനാട്